യുവജനങ്ങൾ ചോദിക്കുന്നു
സൃഷ്ടിയോ പരിണാമമോ?—ഭാഗം 1: ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
സൃഷ്ടിയോ പരിണാമമോ?
ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല; പല ചെറുപ്പക്കാർക്കും (മുതിർന്നവർക്കും) നിങ്ങളുടെ അതേ വിശ്വാസമാണുള്ളത്. എന്നാൽ “പരമോന്നതനായ” ഒരാളുടെ സഹായമില്ലാതെ ജീവനും പ്രപഞ്ചവും പരിണമിച്ചുണ്ടായതാണെന്ന് മറ്റു ചിലർ പറയുന്നു.
നിങ്ങൾക്ക് അറിയാമോ? ഈ തർക്കത്തിൽ രണ്ട് പക്ഷത്തുമുള്ള ആളുകൾ തങ്ങൾ എന്തു വിശ്വസിക്കുന്നുവെന്ന് പറയാൻ തിടുക്കം കാണിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ വിശ്വസിക്കുന്നതെന്ന് വിശദീകരിക്കാൻ അവർക്ക് അറിയില്ല.
പള്ളിയിൽനിന്ന് പഠിച്ചതുകൊണ്ടുമാത്രമാണ് ചിലർ സൃഷ്ടിയിൽ വിശ്വസിക്കുന്നത്.
സ്കൂളിൽനിന്ന് പഠിച്ചതുകൊണ്ടുമാത്രമാണ് ചിലർ പരിണാമത്തിൽ വിശ്വസിക്കുന്നത്.
ഈ ലേഖനപരമ്പര സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കാനും അത് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാനും സഹായിക്കും. എന്നാൽ ആദ്യംതന്നെ ഒരു അടിസ്ഥാന ചോദ്യം നിങ്ങൾ സ്വയം ചോദിക്കണം:
ഞാൻ എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നു?
ഈ ചോദ്യം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് അഥവാ “ചിന്താപ്രാപ്തി” ഉപയോഗിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:1) അതിന്റെ അർഥം ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം കേവലം പിൻവരുന്ന കാരണങ്ങൾ ആയിരിക്കരുത് എന്നാണ്:
വികാരങ്ങൾ (നമ്മളെക്കാളെല്ലാം ഉയർന്ന ഒരു ശക്തിയുണ്ടെന്ന് എന്റെ മനസ്സു പറയുന്നു, അത്രമാത്രം)
മറ്റുള്ളവരുടെ സ്വാധീനം (മതഭക്തിയുള്ള ഒരു സമൂഹത്തിലാണു ഞാൻ ജീവിക്കുന്നത്)
സമ്മർദം (ദൈവവിശ്വാസിയായി വളരാൻ മാതാപിതാക്കളാണ് എന്നെ പ്രേരിപ്പിച്ചത്—എനിക്ക് എന്റേതായ തിരഞ്ഞെടുപ്പുകളില്ലായിരുന്നു)
പകരം, ദൈവം ഉണ്ടെന്ന് വ്യക്തിപരമായ ബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം, ആ വിശ്വാസത്തിന് ഈടുറ്റ കാരണങ്ങളും ഉണ്ടായിരിക്കണം.
ദൈവമുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്താണ്? “ഞാൻ എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നു?”എന്ന അഭ്യാസം നിങ്ങളുടെ ബോധ്യം വളരാനിടയാക്കും. മറ്റ് ചെറുപ്പക്കാർ ഈ ചോദ്യത്തിന് ഉത്തരം തന്നത് എങ്ങനെയെന്ന് കാണുന്നതും പ്രയോജനം ചെയ്യും.
“ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസിൽ ടീച്ചർ വിശദീകരിക്കുന്ന കാര്യങ്ങൾ കേട്ടപ്പോൾ ദൈവം ഉണ്ട് എന്ന എന്റെ വിശ്വാസം ഒന്നുകൂടെ ഉറപ്പായി. ഓരോ ശരീരഭാഗത്തിനും അതിന്റേതായ ധർമങ്ങളുണ്ട്, അത് എത്ര സൂക്ഷ്മമായ ഭാഗമായാലും ശരി. ഈ ധർമങ്ങൾ പലതും നമ്മൾ മിക്കപ്പോഴും അറിയുന്നുപോലുമില്ല. മനുഷ്യശരീരം ശരിക്കും ഒരു മഹാത്ഭുതംതന്നെ!”—തെരേസ.
“മാനംമുട്ടെ നിൽക്കുന്ന കെട്ടിടങ്ങളോ ഒരു യാത്രാക്കപ്പലോ കാറോ ഒക്കെ കാണുമ്പോൾ ‘ആരാണ് ഇത് ഉണ്ടാക്കിയത്’ എന്നു ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു കാർ നിർമിക്കാൻ ശരിക്കും ബുദ്ധിശക്തിയുള്ളവർക്കേ പറ്റൂ. കാരണം കാറിലുള്ള കൊച്ചുകൊച്ചു ഭാഗങ്ങൾപോലും ഒത്തിണക്കത്തോടെ പ്രവർത്തിച്ചാലല്ലേ കാർ ഓടൂ! കാർ രൂപകല്പന ചെയ്യാൻ ഒരാൾ ആവശ്യമാണെങ്കിൽ മനുഷ്യരായ നമ്മുടെ കാര്യത്തിലും അങ്ങനെയൊരാൾ വേണ്ടേ?”—റിച്ചാർഡ്.
“ഈ പ്രപഞ്ചത്തിന്റെ ചെറിയൊരു അംശത്തെക്കുറിച്ച് പഠിക്കാൻപോലും ബുദ്ധിശാലികളായ മനുഷ്യർ നൂറുകണക്കിന് വർഷങ്ങളെടുത്തു. അങ്ങനെയുള്ള ഈ പ്രപഞ്ചം ഉണ്ടായതിനുപിന്നിൽ ബുദ്ധിശക്തിയുള്ള ആരുമില്ല എന്നു ചിന്തിക്കുന്നത് എത്ര മണ്ടത്തരമായിരിക്കും!”—കാരെൻ
“ശാസ്ത്രവിഷയങ്ങൾ പഠിക്കുംതോറും പരിണാമത്തിലുള്ള എന്റെ വിശ്വാസം കുറഞ്ഞുകുറഞ്ഞ് വന്നു. ഉദാഹരണത്തിന് പ്രകൃതിയിലെ ഗണിതശാസ്ത്ര കൃത്യതയെക്കുറിച്ചും അതുല്യരായ മനുഷ്യരെക്കുറിച്ചും, നമ്മൾ ആരാണ്, എവിടെനിന്ന് വന്നു, എവിടേക്കു പോകുന്നു, എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. പരിണാമസിദ്ധാന്തം, മൃഗങ്ങളോടുള്ള ബന്ധത്തിലാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്. എന്നാൽ മനുഷ്യർ ഇവയിൽനിന്ന് വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ അതിനു കഴിഞ്ഞിട്ടില്ല. എന്റെ നോട്ടത്തിൽ, ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ വേണ്ടതിലും ‘വിശ്വാസം’ വേണം പരിണാമത്തിൽ വിശ്വസിക്കാൻ.”—ആന്റണി.
ഞാൻ വിശ്വസിക്കുന്നതിന്റെ കാരണം
കാണാൻ കഴിയാത്ത എന്തിലെങ്കിലും വിശ്വസിക്കുന്നതിന്റെപേരിൽ സഹപാഠികൾ നിങ്ങളെ കളിയാക്കുന്നെങ്കിലോ? പരിണാമം സത്യമാണെന്ന് ശാസ്ത്രം “തെളിയിച്ചതായി” അവർ പറയുന്നെങ്കിലോ?
ഒന്നാമതായി, വിശ്വസിക്കുന്ന കാര്യത്തിൽ നിങ്ങൾക്കുതന്നെ ബോധ്യം വേണം. നാണക്കേടോ പേടിയോ തോന്നരുത്. (റോമർ 1:16) കൂടാതെ ഇത് ഓർക്കുക:
നിങ്ങൾ ഒറ്റയ്ക്കല്ല. ഇപ്പോഴും അനേകർ ദൈവത്തിൽ വിശ്വസിക്കുന്നു. അതിൽ വലിയ ബുദ്ധിശാലികളും വിദഗ്ധരായ ആളുകളും ഒക്കെ ഉൾപ്പെടുന്നു. ഉദാഹരണത്തിന് ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാർ ഉണ്ട്.
ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പലരും പറയുമ്പോൾ, അവർക്കു ദൈവത്തെ മനസ്സിലാകുന്നില്ല എന്നായിരിക്കാം അവർ ഉദ്ദേശിക്കുന്നത്. തങ്ങളുടെ വീക്ഷണത്തെ പിന്താങ്ങുന്ന തെളിവു തരുന്നതിനു പകരം, “ദൈവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് ദൈവം ദുരിതങ്ങൾ അനുവദിക്കുന്നത്” എന്നതുപോലുള്ള ചോദ്യങ്ങൾ അവർ ഉന്നയിക്കും. ഫലത്തിൽ ബൗദ്ധികമായ ഒരു വിഷയം വൈകാരികമായ ഒന്നാക്കി മാറ്റുകയാണ് അവർ.
‘ആത്മീയകാര്യങ്ങൾക്കായുള്ള ഒരു ദാഹം’ മനുഷ്യർക്കുണ്ട്. (മത്തായി 5:3) ദൈവത്തെ അറിയാനും വിശ്വസിക്കാനും ഉള്ള ഒരു ദാഹവും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് ദൈവമില്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. നിങ്ങൾക്കല്ല.—റോമർ 1:18-20.
ദൈവത്തിലുള്ള വിശ്വാസം യുക്തിക്കു നിരക്കുന്നതാണ്. ജീവൻ താനേ ഉണ്ടാകുന്നില്ല എന്ന തെളിയിക്കപ്പെട്ട വസ്തുതയുമായി ഇത് ഒത്തുവരുന്നു. ജീവനില്ലാത്ത വസ്തുവിൽനിന്ന് പൊടുന്നനെ ജീവൻ ഉണ്ടായി എന്ന ആശയത്തെ പിന്താങ്ങുന്ന ഒരു തെളിവും നിലവിലില്ല.
അപ്പോൾ, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ആരെങ്കിലും ചോദ്യംചെയ്താൽ നിങ്ങൾക്ക് എന്തു പറയാം? പറയാൻ കഴിയുന്ന ചില കാര്യങ്ങൾ നമുക്കു നോക്കാം.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “അക്ഷരാഭ്യാസമില്ലാത്ത ആളുകൾ മാത്രമേ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.”
നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഇതൊരു സ്ഥിരം പല്ലവിയാണ്. ശരിക്കും ആ അഭിപ്രായമാണോ നിങ്ങൾക്കും? പക്ഷേ എന്റെ അഭിപ്രായം അതല്ല. പല പ്രമുഖ യൂണിവേഴ്സിറ്റികളിൽനിന്നുമുള്ള 1600-ലധികം ശാസ്ത്ര പ്രൊഫസർമാർ പങ്കെടുത്ത ഒരു സർവേയിൽ, മൂന്നിലൊരു ഭാഗം ആളുകൾ നിരീശ്വരവാദികളോ അജ്ഞേയവാദികളോ അല്ലായിരുന്നു. a ദൈവത്തിൽ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താൽ അവരെല്ലാം ബുദ്ധിയില്ലാത്തവരാണെന്നു നിങ്ങൾ പറയുമോ?”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഒരു ദൈവമുണ്ടെങ്കിൽ, ലോകത്ത് ഇത്രയധികം ദുരിതങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്?”
നിങ്ങൾക്ക് ഇങ്ങനെ പറയാം: “ദൈവം ചെയ്യുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല എന്നോ ദൈവം ഒന്നും ചെയ്യുന്നില്ല എന്നോ ആയിരിക്കും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത്. അല്ലേ? (പ്രതികരിക്കാൻ അനുവദിക്കുക.) ഇത്രയധികം ദുരിതങ്ങൾ ഉള്ളത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഞാൻ കണ്ടെത്തി. പക്ഷേ അതു മനസ്സിലാക്കാൻ ബൈബിളിലെ പല പഠിപ്പിക്കലുകളെക്കുറിച്ചും അറിയേണ്ടതുണ്ട്. കൂടുതൽ അറിയാൻ താത്പര്യമുണ്ടോ?”
നമ്മൾ ഇവിടെ എങ്ങനെ വന്നു എന്നതിനു തൃപ്തികരമായ ഒരു വിശദീകരണം പരിണാമസിദ്ധാന്തത്തിനു തരാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു ഈ പരമ്പരയിലെ അടുത്ത ലേഖനം ചർച്ച ചെയ്യും.
a ഉറവിടം: ‘ശാസ്ത്രജ്ഞർക്കിടയിലെ മതവും ആത്മീയതയും,’ ഇലെയ്ൻ ഹവോഡ് എക്ക്ലണ്ട്, സാമൂഹ്യശാസ്ത്ര ഗവേഷണ സമിതി, ഫെബ്രുവരി 5, 2007.