വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

എങ്ങനെയാ പരീക്ഷ​യ്‌ക്കൊ​ന്നു ജയിക്കുക?

എങ്ങനെയാ പരീക്ഷ​യ്‌ക്കൊ​ന്നു ജയിക്കുക?

 “എന്റെ ക്ലാസിലെ ചില കുട്ടികൾ ടെക്‌സ്റ്റ്‌ ബുക്ക്‌ കൊണ്ടു​വ​രില്ല. ടീച്ചർ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഹെഡ്‌ഫോ​ണിൽ പാട്ട്‌ കേട്ടു​കൊ​ണ്ടി​രി​ക്കും. എന്നിട്ട്‌ പരീക്ഷ​യ്‌ക്കു തോറ്റു​ക​ഴി​യു​മ്പോൾ ഒരു ചോദ്യ​വും, ‘ങ്‌ഹേ തോറ്റോ?’ ഇവിടെ മനുഷ്യൻ തലകു​ത്തി​യി​രുന്ന്‌ പഠിച്ചി​ട്ടും മാർക്കില്ല. ഇത്‌ എന്താണ്‌ ഇങ്ങനെ​യെന്ന്‌ ഒരു പിടി​യും​കി​ട്ടു​ന്നില്ല. ഒരാഴ്‌ച മുഴുവൻ രാത്രി കുത്തി​യി​രുന്ന്‌ പഠിച്ചി​ട്ടും മാർക്ക്‌ കിട്ടാതെ വരു​മ്പോൾ സങ്കടം വരും.”​—യൊലാൻഡെ.

 യൊലാൻഡെ​യെ​പോ​ലെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ ഈ പ്രശ്‌നം പരിഹ​രി​ക്കാ​വു​ന്നതേ ഉള്ളൂ. കൂടെ​ക്കൂ​ടെ മോശം ഗ്രേഡ്‌ കിട്ടു​മ്പോൾ ആർക്കാ​ണെ​ങ്കി​ലും വിഷമം തോന്നും.

 തുടർച്ച​യാ​യി തോൽക്കു​മ്പോൾ മനസ്സു​മ​ടു​ക്കുന്ന ചില കുട്ടി​കൾക്കു പഠിക്കാൻതന്നെ മടിയാ​കാ​റുണ്ട്‌. ഇനി മറ്റു ചിലർ, പഠിപ്പു​തന്നെ നിറു​ത്തു​ന്നു. അങ്ങനെ​യൊ​ക്കെ ചെയ്യാൻ തോന്നി​യേ​ക്കാ​മെ​ന്നതു ശരിയാണ്‌. എന്നാൽ ഈ പ്രശ്‌നം പരിഹ​രി​ക്കാൻ മറ്റു ചില വഴിക​ളുണ്ട്‌. അതിനുള്ള ആറു നുറു​ങ്ങു​കൾ ഇതാ.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   ക്ലാസ്‌ കട്ട്‌ ചെയ്യരുത്‌. ഇതാണോ വലിയ കാര്യം! ഇത്‌ എല്ലാവർക്കും അറിയാ​വു​ന്ന​തല്ലേ, എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ അതിൽ അല്‌പം കാര്യ​മുണ്ട്‌. ക്ലാസ്‌ കുറേ കട്ട്‌ ചെയ്‌താൽ മാർക്കി​ന്റെ കാര്യം അവതാ​ള​ത്തി​ലാ​കും!

     “എന്റെ സ്‌കൂ​ളിൽ മാർക്ക്‌ കുറവുള്ള കുട്ടികൾ മിക്കവ​രും ക്ലാസ്‌ കട്ട്‌ ചെയ്യു​ന്ന​വ​രാണ്‌. അതു​കൊണ്ട്‌ കുഴപ്പം വരുന്ന​തും അവർക്കു​ത​ന്നെ​യാണ്‌.”—മാത്യു.

     ബൈബിൾത​ത്ത്വം: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

  •   ക്ലാസി​ലി​രി​ക്കുന്ന സമയം നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. മുടങ്ങാ​തെ ക്ലാസിൽ വരുന്ന​തു​തന്നെ നല്ല കാര്യ​മാണ്‌. എന്നാൽ അതോ​ടൊ​പ്പം ക്ലാസിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ എന്തു ചെയ്യാ​മെന്ന്‌ ചിന്തി​ക്കുക. പ്രധാ​ന​പ്പെട്ട പോയി​ന്റു​കൾ കുറി​ച്ചു​വെ​ക്കാൻ മറക്കരുത്‌. പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്താ​ണെന്ന്‌ ശരിക്കും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ക്ലാസിന്റെ സമയത്ത്‌ ചോദ്യ​ങ്ങൾ ചോദി​ക്കാൻ അനുവാ​ദ​മു​ണ്ടെ​ങ്കിൽ സംശയങ്ങൾ തീർത്തു​പോ​കുക.

     “പഠിപ്പിച്ച കാര്യം ഒരു കുട്ടിക്കു മനസ്സി​ലാ​യി​ട്ടില്ല എന്ന്‌ തോന്നി​യാൽ, ടീച്ചർ അത്‌ കുറച്ചു​കൂ​ടി നന്നായി പറഞ്ഞു​ത​രും. അതു​കൊണ്ട്‌ ക്ലാസിന്റെ സമയത്ത്‌ എനിക്ക്‌ സംശയ​മു​ള്ള​തൊ​ക്കെ ഞാൻ ചോദി​ക്കാൻ തുടങ്ങി.”—ഒലീവിയ.

     ബൈബിൾത​ത്ത്വം: “നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ കൊടു​ക്കുക.”—ലൂക്കോസ്‌ 8:18.

  •   കള്ളത്തരം വേണ്ടാ! സത്യസ​ന്ധ​രാ​യി​രി​ക്കുക. ഇന്ന്‌ കുട്ടികൾ സ്‌കൂ​ളിൽ പല തരത്തിൽ കള്ളത്തരങ്ങൾ കാണി​ക്കു​ന്നു. കോപ്പി​യ​ടി​ക്കു​ന്നത്‌ ഒരു തരം കള്ളത്തര​മാണ്‌. അതു ശരിക്കും നിങ്ങൾക്കു ദോഷമേ ചെയ്യൂ.

     “നിങ്ങൾക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി​ല്ലെ​ങ്കിൽ ഒരിക്ക​ലും മറ്റു കുട്ടികൾ എഴുതി​വെ​ച്ചി​രി​ക്കു​ന്നത്‌ അതേപടി പകർത്ത​രുത്‌. കോപ്പി​യ​ടി​ക്കു​ന്ന​തു​കൊണ്ട്‌ ശരിക്കും നിങ്ങൾക്ക്‌ ഗുണമല്ല ഉണ്ടാകു​ന്നത്‌. ചോദ്യ​ങ്ങൾക്കു സ്വന്തമാ​യിട്ട്‌ ഉത്തരം കണ്ടെത്താൻ ഇപ്പോഴേ പഠിച്ചി​ല്ലെ​ങ്കിൽ ഭാവി​യിൽ നിങ്ങൾക്കു മറ്റുള്ള​വരെ ആശ്രയി​ക്കാ​തെ പറ്റി​ല്ലെന്നു വരും.”—ജോനാ​ഥൻ.

     ബൈബിൾത​ത്ത്വം: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

  •   ആദ്യം​തന്നെ ഹോം​വർക്ക്‌ ചെയ്യുക. ഹോം​വർക്ക്‌ ചെയ്‌ത​തി​നു ശേഷം മാത്രമേ കളിക്കാ​നും മറ്റും പോകൂ എന്ന ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പറ്റുമോ? a ആദ്യം ഹോം​വർക്ക്‌ ചെയ്‌ത്‌ തീർന്നാൽപ്പി​ന്നെ ബാക്കി സമയം മനസ്സമാ​ധാ​ന​ത്തോ​ടെ ഇരിക്കാ​മ​ല്ലോ!

     “ആദ്യം​തന്നെ ഹോം​വർക്ക്‌ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ ചെയ്‌ത​പ്പോൾ എന്റെ മാർക്കും കൂടി. വീട്ടി​ലെ​ത്തി​യാൽ ഒന്ന്‌ കിടക്കാ​നോ പാട്ടു കേൾക്കാ​നോ തോന്നും. പക്ഷേ ഞാൻ ആദ്യം ഹോം​വർക്ക്‌ ചെയ്യാൻ നോക്കും. എന്നിട്ടേ മറ്റു പരിപാ​ടി​ക​ളി​ലേക്കു പോകൂ.”—കാൽവിൻ.

     ബൈബിൾത​ത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

  •   സഹായം ചോദി​ക്കുക. മറ്റുള്ള​വ​രോ​ടു സഹായം ചോദി​ക്കാൻ നാണ​ക്കേട്‌ വിചാ​രി​ക്കേണ്ട. മാതാ​പി​താ​ക്ക​ളോ​ടു ഉപദേശം തേടാം. ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ എന്തു ചെയ്യാ​മെന്ന്‌ ടീച്ച​റോ​ടു ചോദി​ക്കാം. വേണ്ടി​വ​ന്നാൽ ട്യൂഷൻ ടീച്ചറി​ന്റെ സഹായ​വും നിങ്ങൾക്ക്‌ പ്രയോ​ജ​ന​പ്പെ​ടു​ത്താം.

     “ടീച്ചറി​ന്റെ സഹായം തേടുക. മനസ്സി​ലാ​കാത്ത കാര്യങ്ങൾ ഒന്നുകൂ​ടി പറഞ്ഞു​ത​രാ​മോ എന്നും കൂടുതൽ മാർക്ക്‌ എങ്ങനെ വാങ്ങി​ക്കാം എന്നും ടീച്ച​റോ​ടു​തന്നെ ചോദി​ക്കുക. പഠിക്കാ​നുള്ള നിങ്ങളു​ടെ ഉത്സാഹം കാണു​മ്പോൾ അവർക്ക്‌ സന്തോഷം തോന്നും, നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.”—ഡേവിഡ്‌.

     ബൈബിൾത​ത്ത്വം: “അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.”—സുഭാ​ഷി​തങ്ങൾ 15:22.

  •   എല്ലാ അവസര​ങ്ങ​ളും പ്രയോ​ജ​ന​പ്പെ​ടു​ത്തുക. ചില രാജ്യ​ങ്ങ​ളിൽ ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ചില അധിക​ചോ​ദ്യ​ങ്ങൾ ചോദ്യ​പേ​പ്പ​റിൽ കൊടു​ത്തി​ട്ടു​ണ്ടാ​കും. ഇനി കൂടു​ത​ലാ​യി എന്തെങ്കി​ലും അസൈൻമെ​ന്റു​കൾ ഏറ്റെടുത്ത്‌ ചെയ്‌താൽ ഗ്രേഡ്‌ മെച്ച​പ്പെ​ടു​മെ​ങ്കിൽ അതിനു തയ്യാറാ​ണെ​ന്നും നിങ്ങൾക്ക്‌ ടീച്ച​റോ​ടു പറയാം. പരീക്ഷ​യ്‌ക്കു തോറ്റു​പോ​യാൽ ഒരുതവണ കൂടി എഴുതി ജയിക്കാൻ പറ്റുമോ എന്നു നോക്കുക.

    ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നത്‌, ഒരു വാദ്യോ​പ​ക​രണം പഠിക്കാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. കുറച്ച്‌ കഷ്ടപ്പെ​ടേ​ണ്ടി​വ​ന്നാ​ലും അതൊ​രി​ക്ക​ലും വെറു​തേ​യാ​കി​ല്ല

     “ഒരു വിഷയ​ത്തിൽ കൂടുതൽ ഗ്രേഡ്‌ കിട്ടണ​മെ​ന്നു​ണ്ടെ​ങ്കിൽ അതിനു​വേണ്ടി ഞാൻതന്നെ മുൻ​കൈ​യെ​ടു​ക്കണം. ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താ​നുള്ള കൂടു​ത​ലായ എന്തെങ്കി​ലും അസൈൻമെ​ന്റ്‌ ഉണ്ടെങ്കിൽ അത്‌ ചെയ്‌തു​വെ​ച്ചോ​ട്ടേ എന്ന്‌ ഞാൻ ടീച്ചർമാ​രോ​ടു ചോദി​ക്കാ​റുണ്ട്‌. അല്ലെങ്കിൽ ഞാൻ ചെയ്‌തു​വെച്ച അസൈൻമെ​ന്റ്‌ ഒന്നുകൂ​ടി നന്നായി ചെയ്‌തു​വെ​ച്ചോ​ട്ടേ എന്നു ചോദി​ക്കും.”—മെക്കെൻസി.

     ബൈബിൾത​ത്ത്വം: “കഠിനാ​ധ്വാ​നം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും”—സുഭാ​ഷി​തങ്ങൾ 14:23.

a പഠനത്തിലുള്ള നിങ്ങളു​ടെ മികവ്‌ കൂട്ടാൻ സഹായി​ക്കുന്ന വിവര​ങ്ങൾക്കാ​യി “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ‘ഈ ഹോം​വർക്ക്‌ മുഴുവൻ എങ്ങനെ ചെയ്‌തു​തീർക്കാ​നാ?’” എന്ന ലേഖനം കാണുക.