വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞിരിക്കണം?

സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞിരിക്കണം?

 എന്താണ്‌ സെക്‌സ്‌ മെസേ​ജു​കൾ?

 നഗ്നപടങ്ങളോ അർദ്ധനഗ്നപടങ്ങളോ ലൈം​ഗി​ക​ച്ചു​വ​യു​ളള സന്ദേശ​ങ്ങ​ളോ വീഡി​യോ​ക​ളോ ഒക്കെ ഫോൺ വഴി അയയ്‌ക്കു​ന്ന​താണ്‌ സെക്‌സ്‌ മെസേ​ജു​കൾ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. “ഇക്കാലത്ത്‌ ഇത്‌ വളരെ സാധാ​ര​ണ​മാ​യ ഒരു കാര്യ​മാണ്‌” എന്നാണ്‌ ഒരാൾ പറഞ്ഞത്‌. “ആദ്യ​മൊ​ക്കെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മെസേ​ജു​കൾ അയയ്‌ക്കും. പിന്നെ പതി​യെ​പ്പ​തി​യെ ‘ചൂടൻ’ ഫോ​ട്ടോ​കൾ കൈമാ​റാൻ തുടങ്ങും” എന്ന്‌ അയാൾ പറയുന്നു.

 എന്തിനാണ്‌ ആളുകൾ ഇങ്ങനെ ചെയ്യു​ന്നത്‌? ഒരു സീനിയർ അഭിഭാ​ഷ​കൻ ഒരു പ്രമുഖ അമേരി​ക്കൻ ദിനപ്പ​ത്ര​ത്തി​നു നൽകിയ അഭിമു​ഖ​ത്തിൽ ഇങ്ങനെ പറഞ്ഞു: “അത്‌ ഒരുതരം ഇലക്‌​ട്രോ​ണിക്‌ ‘അടയാ​ള​മാണ്‌.’ കാമു​ക​ന്റെ​യോ കാമു​കി​യു​ടെ​യോ നഗ്നചി​ത്രം ഫോണി​ലു​ണ്ടാ​യി​രി​ക്കു​ന്നത്‌ തങ്ങൾ സെക്‌സിൽ ഏർപ്പെ​ടാ​റു​ണ്ടെ​ന്നു പരസ്യ​പ്പെ​ടു​ത്താ​നു​ള്ള ഒരു മാർഗ​മാ​യാണ്‌” പല ചെറു​പ്പ​ക്കാ​രും കാണു​ന്നത്‌. “സുരക്ഷി​ത​മാ​യ സെക്‌സ്‌” എന്നാണ്‌ ഒരു കൗമാ​ര​ക്കാ​രി അതിനെ വിളി​ച്ചത്‌! “എന്തായാ​ലും അതിലൂ​ടെ ഗർഭി​ണി​യാ​വി​ല്ല, ലൈം​ഗി​ക​രോ​ഗ​ങ്ങൾ പകരു​ക​യു​മി​ല്ല” എന്നായി​രു​ന്നു അവളുടെ അഭി​പ്രാ​യം!

 ചെറുപ്പക്കാർ സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തി​ന്റെ മറ്റു ചില കാരണ​ങ്ങ​ളാണ്‌ താഴെ പറയു​ന്നത്‌:

  •   താൻ പ്രേമി​ക്കാൻ ആഗ്രഹി​ക്കു​ന്ന ഒരാളു​മാ​യി ശൃംഗ​രി​ക്കാൻ.

  •   ഒരാൾ തനിക്ക്‌ സെക്‌സ്‌ മെസേജ്‌ അയയ്‌ക്കു​മ്പോൾ അതിന്‌ ‘പ്രത്യു​പ​കാ​ര​മാ​യി’ തന്റെയും ഒരു ഫോട്ടോ അയയ്‌ക്കാൻ നിർബ​ന്ധി​ത​നാ​കു​ന്നു.

 സെക്‌സ്‌ മെസേ​ജു​കൾ കൈമാ​റു​ന്ന​തി​ന്റെ അപകടങ്ങൾ എന്തെല്ലാം?

 ഫോട്ടോ ഒരിക്കൽ ഫോണിൽനിന്ന്‌ അയച്ചാൽ അതുപി​ന്നെ നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തി​ലല്ല. അത്‌ എങ്ങനെ​യൊ​ക്കെ ആളുകൾ ഉപയോ​ഗി​ക്കു​മെ​ന്നോ നിങ്ങളു​ടെ സത്‌പേ​രി​നെ എങ്ങനെ​യെ​ല്ലാം ബാധി​ക്കു​മെ​ന്നോ ആർക്കും പറയാ​നാ​വി​ല്ല. “തെറ്റു​ക​ളും കുറ്റങ്ങ​ളും മുമ്പൊ​രു​കാ​ല​ത്തും ഇത്ര എളുപ്പ​ത്തിൽ അയയ്‌ക്കാ​നും സൂക്ഷി​ച്ചു​വെ​ക്കാ​നും മറ്റുള്ള​വ​രെ കാണി​ക്കാ​നും കഴിഞ്ഞി​രു​ന്നി​ല്ല” എന്ന്‌ സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ ഒരു റിപ്പോർട്ട്‌ എഴുതിയ ഗവേഷ​ക​യാ​യ അമാൻഡ ലെൻഹർട്ട്‌ പറയുന്നു.

 ചിലപ്പോൾ

  •   നഗ്നചിത്രം കൂട്ടു​കാർക്കൊ​ക്കെ കാണാൻവേ​ണ്ടി അവർക്കെ​ല്ലാം അയയ്‌ക്കും.

  •   വഞ്ചിച്ച കാമു​കി​യോ​ടു പ്രതി​കാ​രം ചെയ്യാൻ ചില ആളുകൾ ഇങ്ങനെ​യു​ള്ള നഗ്നചി​ത്ര​ങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌.

 നിങ്ങൾക്ക്‌ അറിയാമോ? പല കേസു​ക​ളി​ലും, നഗ്നചി​ത്ര​ങ്ങൾ മെസേ​ജു​ക​ളാ​യി അയയ്‌ക്കു​ന്നത്‌ ബാലപീ​ഡ​ന​മാ​യോ ബാല​ലൈം​ഗി​ക​ചി​ത്രീ​ക​ര​ണ​മാ​യോ ആണ്‌ കണക്കാ​ക്കി​യി​ട്ടു​ള്ളത്‌. സെക്‌സ്‌ മെസേ​ജു​കൾ അയച്ച പ്രായ​പൂർത്തി​യാ​കാ​ത്ത വ്യക്തി​ക​ളെ​യും ലൈം​ഗി​ക​കു​റ്റ​വാ​ളി​ക​ളാ​യി​ത്ത​ന്നെ​യാണ്‌ കണക്കാ​ക്കി​യത്‌.

 ബൈബിളിന്‌ എന്താണ്‌ പറയാ​നു​ള്ളത്‌?

 വിവാഹിതരായവർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​ത്തെ ബൈബിൾ അംഗീ​ക​രി​ക്കു​ന്നു. (സുഭാഷിതങ്ങൾ 5:18) എന്നാൽ, വിവാഹം കഴിക്കാ​ത്ത​വർ തമ്മിലുള്ള ലൈം​ഗി​ക​ത​യെ ബൈബിൾ ശക്തമായി കുറ്റം​വി​ധി​ക്കു​ന്നു. താഴെ കൊടു​ത്തി​രി​ക്കു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ നോക്കുക:

  •   “ലൈം​ഗി​ക അധാർമി​കത, എതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്ര​ഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല. . . . നാണം​കെട്ട പെരു​മാ​റ്റം, മൗഢ്യ​സം​സാ​രം, അശ്ലീല​ഫ​ലി​തം ഇങ്ങനെ നിങ്ങൾക്കു ചേരാ​ത്ത​തൊ​ന്നും പാടില്ല.”—എഫെസ്യർ 5:3, 4.

  •   “ലൈം​ഗി​ക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മാ​യ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാ​ഗ്ര​ഹ​മെന്ന വിഗ്ര​ഹാ​രാ​ധന എന്നിങ്ങ​നെ​യു​ള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങ​ളെ കൊന്നുകളയുക.”—കൊ​ലോ​സ്യർ 3:5.

 ഈ വാക്യങ്ങൾ ‘ലൈം​ഗി​ക അധാർമി​ക​ത​യെ’ (വിവാ​ഹ​ത്തി​നു പുറത്തുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളെ) മാത്രമല്ല കുറ്റം​വി​ധി​ക്കു​ന്നത്‌. “അശുദ്ധി,” (എല്ലാത്തരം അസാന്മാർഗി​ക പ്രവൃ​ത്തി​ക​ളെ​യും സൂചി​പ്പി​ക്കു​ന്ന പദം) “കാമാ​വേ​ശം” (വിവാ​ഹി​തർക്കി​ട​യി​ലെ സ്വാഭാ​വി​ക​മാ​യ പ്രണയ​വി​കാ​ര​ങ്ങ​ളെ​യല്ല, പകരം അസാന്മാർഗി​ക​മാ​യ പ്രവൃ​ത്തി​ക​ളി​ലേ​ക്കു നയിക്കുന്ന തരത്തി​ലു​ള്ള കാമവി​കാ​ര​ങ്ങ​ളെ​യാണ്‌ ഈ പദം സൂചി​പ്പി​ക്കു​ന്നത്‌) എന്നിങ്ങ​നെ​യു​ള്ള കാര്യ​ങ്ങൾക്കെ​തി​രെ​യും ഈ വാക്യങ്ങൾ മുന്നറി​യി​പ്പു തരുന്നുണ്ട്‌.

 നിങ്ങളോടുതന്നെ ചോദി​ക്കു​ക:

  •   നഗ്നചിത്രങ്ങൾ അടങ്ങിയ സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്നത്‌ ഒരുതരം “അശുദ്ധി” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

  •   അത്‌ എങ്ങനെ​യെ​ല്ലാ​മാണ്‌ “കാമാ​വേ​ശ​ത്തി​നു” തിരി​കൊ​ളു​ത്തു​ന്നത്‌?

  •   നഗ്നചിത്രങ്ങൾ കാണാ​നോ പ്രചരി​പ്പി​ക്കാ​നോ ഉള്ള ആഗ്രഹം ‘ദുഷി​ച്ച​താ​യി​രി​ക്കു​ന്നത്‌’ എന്തു​കൊ​ണ്ടാണ്‌?

 സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്നത്‌ നിറു​ത്തേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം താഴെ പറയുന്ന ബൈബിൾവാ​ക്യ​ങ്ങൾ വ്യക്തമാ​ക്കു​ന്നു:

  •   “ലജ്ജിക്കാൻ കാരണ​മി​ല്ലാ​ത്ത പണിക്കാരനായി, ദൈവാം​ഗീ​കാ​ര​ത്തോ​ടെ തിരു​സ​ന്നി​ധി​യിൽ നിൽക്കാൻ നിന്റെ കഴിവി​ന്റെ പരമാ​വ​ധി ശ്രമിക്കുക.”—2 തിമൊ​ഥെ​യൊസ്‌ 2:15.

  •   “വിശു​ദ്ധ​മാ​യ പെരു​മാ​റ്റ​രീ​തി​ക​ളി​ലും ഭക്തിപൂർണ​മാ​യ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തി​ലും നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു ചിന്തിച്ചുകൊള്ളുക!”—2 പത്രോസ്‌ 3:11.

 ധാർമികമായി വിശു​ദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​ന്റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ വാക്യങ്ങൾ വിശദീ​ക​രി​ക്കു​ന്നത്‌. നിങ്ങൾ മോശ​മാ​യ​തൊ​ന്നും ചെയ്യു​ന്നി​ല്ലെ​ങ്കിൽ ആരെയും പേടി​ക്കാ​തെ ഒന്നി​നെ​ക്കു​റി​ച്ചും ഓർത്ത്‌ വിഷമി​ക്കാ​തെ സ്വസ്ഥമാ​യി​രി​ക്കാൻ നിങ്ങൾക്കു കഴിയും.—ഗലാത്യർ 6:7.

 നിങ്ങളോടുതന്നെ ചോദി​ക്കു​ക:

  •   ഞാൻ എങ്ങനെ​യു​ള്ള ആളാണ്‌?

  •   മറ്റുള്ളവരുടെ സത്‌പേ​രി​നെ​ക്കു​റിച്ച്‌ എനിക്ക്‌ വിചാ​ര​മു​ണ്ടോ?

  •   മറ്റൊരാളെ ദ്രോ​ഹി​ക്കു​ന്ന എന്തെങ്കി​ലും കണ്ട്‌ ആസ്വദി​ക്കു​ന്ന​തു ശരിയാ​ണോ?

  •   സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്നത്‌ എന്റെ സത്‌പേ​രി​നെ എങ്ങനെ ബാധി​ക്കും?

  •   സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്നത്‌ മാതാ​പി​താ​ക്കൾക്ക്‌ എന്നിലുള്ള വിശ്വാ​സ​ത്തെ എങ്ങനെ ബാധി​ക്കും?

 ജീവിതകഥ “എന്റെ ഒരു കൂട്ടു​കാ​രിക്ക്‌ ഒരു ചെറു​പ്പ​ക്കാ​ര​നു​മാ​യി രഹസ്യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അവൾ സ്വന്തം നഗ്നചി​ത്രം അവന്‌ അയച്ചു, അവനും അവന്റെ നഗ്നചി​ത്രം അവൾക്ക്‌ അയച്ചു. 48 മണിക്കൂ​റു​പോ​ലു​മാ​യില്ല, അവളുടെ അച്ഛൻ അവളുടെ ഫോ​ണെ​ടുത്ത്‌ നോക്കി. ആ മെസേ​ജു​കൾ കണ്ട്‌ അദ്ദേഹം തകർന്നു​പോ​യി! അദ്ദേഹം അവളോട്‌ അതെക്കു​റിച്ച്‌ ചോദി​ച്ചു. അവളെ​ല്ലാം തുറന്നു​പ​റ​ഞ്ഞു. താൻ ചെയ്‌ത​തോർത്ത്‌ അവൾക്ക്‌ കുറ്റ​ബോ​ധ​മുണ്ട്‌. പക്ഷേ പറഞ്ഞിട്ട്‌ എന്തുകാ​ര്യം! അവളുടെ അച്ഛനും അമ്മയ്‌ക്കും അതു വലിയ ഒരു ഷോക്കാ​യി​രു​ന്നു. അവളെ പഴയതു​പോ​ലെ വിശ്വ​സി​ക്കാൻ പിന്നെ അവർക്കു കഴിഞ്ഞി​ട്ടി​ല്ല.”

 ജീവിതയാഥാർഥ്യം: സെക്‌സ്‌ മെസേ​ജു​കൾ അത്‌ അയയ്‌ക്കു​ന്ന​യാ​ളെ​യും സ്വീക​രി​ക്കു​ന്ന​യാ​ളെ​യും കളങ്ക​പ്പെ​ടു​ത്തും. കാമു​ക​ന്റെ നിർബ​ന്ധ​ത്തി​നു വഴങ്ങി നഗ്നചി​ത്ര​ങ്ങൾ അയച്ച ഒരു പെൺകു​ട്ടി പറഞ്ഞത്‌, “എനിക്ക്‌ എന്നോ​ടു​ത​ന്നെ വെറു​പ്പും നിരാ​ശ​യും തോന്നി” എന്നാണ്‌.

 സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തി​ലെ ധാർമി​ക​വും സദാചാ​ര​പ​ര​വും നിയമ​പ​ര​വും ആയ പ്രശ്‌ന​ങ്ങൾ കണക്കി​ലെ​ടു​ത്താൽ, ബൈബി​ളി​ന്റെ ഉപദേശം സ്വീക​രി​ക്കു​ന്ന​താ​യി​രി​ക്കും ഏറ്റവും ഉചിതം:

  •   ‘യൗവന​ത്തി​ന്റേ​താ​യ മോഹങ്ങൾ വിട്ടോ​ടു​ക.’—2 തിമൊ​ഥെ​യൊസ്‌ 2:22.

  •   “ഒരു ഗുണവു​മി​ല്ലാ​ത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണ​മേ.”—സങ്കീർത്ത​നം 119:37.

 നിങ്ങൾ എന്തു ചെയ്യും?

 സ്വന്തം ജീവി​ത​ത്തിൽ ഇങ്ങനെ​യൊ​രു സാഹച​ര്യം വന്നാൽ ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ക. ജാനറ്റ്‌ പറയു​ന്നത്‌ വായി​ക്കു​ക. താഴെ കൊടു​ത്തി​രി​ക്കു​ന്ന​തിൽ ഏതാണ്‌ നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ, ഏറ്റവും നല്ല തീരു​മാ​നം?

 “ഒരിക്കൽ ഞാൻ ഒരു ചെറു​പ്പ​ക്കാ​ര​നെ പരിച​യ​പ്പെ​ട്ടു. ഞങ്ങൾ പരസ്‌പ​രം ഫോൺ നമ്പരുകൾ കൈമാ​റി. ഒരാഴ്‌ച​യാ​യി​ല്ല, അയാൾ എന്നോട്‌ ഒരു ഫോട്ടോ അയയ്‌ക്കാൻ ആവശ്യ​പ്പെ​ട്ടു, അടിവ​സ്‌ത്രം മാത്രം ധരിച്ച ഒരു ഫോട്ടോ.”—ജാനറ്റ്‌.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ജാനറ്റ്‌ എന്താണ്‌ ചെയ്യേ​ണ്ടി​യി​രു​ന്നത്‌? നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്‌തേ​നേ?

  •  എ. ഇങ്ങനെ ചിന്തി​ക്കും: ‘ഇതി​ലെ​ന്താ കുഴപ്പം! ഞങ്ങൾ ബീച്ചിൽ പോയാൽ എന്നെ അവൻ ആ വേഷത്തിൽ കാണില്ലേ?’

  •  ബി. ഇങ്ങനെ ചിന്തി​ക്കും: ‘ഇവൻ എന്താണ്‌ ഉദ്ദേശി​ക്കു​ന്ന​തെ​ന്നു മനസ്സി​ലാ​വു​ന്നി​ല്ല​ല്ലോ. ഏതായാ​ലും അവൻ ആവശ്യ​പ്പെ​ട്ട​തു​പോ​ലുള്ള ഫോട്ടോ അയയ്‌ക്കേ​ണ്ടാ. ശരീര​ഭാ​ഗ​ങ്ങൾ അത്രയ്‌ക്കു കാണാത്ത തരത്തി​ലു​ള്ള ഒരു ഫോട്ടോ തത്‌കാ​ലം അയച്ചു​കൊ​ടു​ക്കാം. എന്നിട്ട്‌, അവൻ എന്താണു പറയു​ന്ന​തെ​ന്നു നോക്കാം.’

  •  സി. ഇങ്ങനെ ചിന്തി​ക്കും: ‘ഇവന്റെ ഉദ്ദേശ്യം അത്ര നല്ലതല്ല. ഞാൻ ഈ മെസേജ്‌ ഡിലീറ്റ്‌ ചെയ്യും.’

 മൂന്നാമത്തെ മാർഗ​മാണ്‌ ഏറ്റവും നല്ലത്‌. അല്ലേ? ബൈബിൾ ഇങ്ങനെ പറയുന്നു: “വിവേ​ക​മു​ള്ള​വൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 22:3.

 സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തുൾപ്പെ​ടെ​യുള്ള മോശ​മാ​യ പ്രവൃ​ത്തി​ക​ളു​ടെ​യെ​ല്ലാം അടിത്ത​ട്ടിൽ ഒളിഞ്ഞു​കി​ട​ക്കു​ന്ന അടിസ്ഥാ​ന​പ്ര​ശ്‌ന​ത്തെ​യാണ്‌ ഈ അഭ്യാസം ഇപ്പോൾ പുറത്തു​കൊ​ണ്ടു​വ​ന്നത്‌: കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന കാര്യ​ത്തിൽ നിങ്ങൾ ശ്രദ്ധി​ക്കാ​റു​ണ്ടോ? (സുഭാഷിതങ്ങൾ 13:20) സാറ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു: “ശരിയ​ല്ലാ​ത്ത ഒരു പെരു​മാ​റ്റ​വും വെച്ചു​പൊ​റു​പ്പി​ക്കാ​ത്ത ആളുക​ളു​മാ​യി മാത്രം കൂട്ടു​കൂ​ടു​ക.” ഡെല്യ എന്ന പെൺകു​ട്ടി​ക്കും അതേ അഭി​പ്രാ​യ​മാണ്‌. അവൾ പറയുന്നു: “കൂട്ടു​കാ​രാ​ണെ​ന്നു പറയുന്ന ചിലർ ധാർമി​ക​നി​ല​വാ​ര​ങ്ങൾ അനുസ​രി​ക്കാൻ സഹായി​ക്കു​ക​യല്ല, അവ ലംഘി​ക്കാൻ പ്രേരി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്കു വിപരീ​ത​മാണ്‌ അവരുടെ പ്രവൃ​ത്തി​ക​ളെ​ങ്കിൽ, സദാചാ​ര​നി​ല​വാ​ര​ങ്ങൾ മുറു​കെ​പ്പി​ടി​ക്കാ​നുള്ള നിങ്ങളു​ടെ നിശ്ചയത്തെ തകർക്കാ​നാ​യി​രി​ക്കും അവർ എപ്പോ​ഴും ശ്രമി​ക്കു​ന്നത്‌. അതാണോ ശരിക്കും നിങ്ങൾക്കു വേണ്ടത്‌?”