വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ കൂടുതൽ ഉറങ്ങാം?

എനിക്ക്‌ എങ്ങനെ കൂടുതൽ ഉറങ്ങാം?

 കണക്ക്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ കുറച്ചു​കൂ​ടി നന്നായി പഠിക്ക​ണ​മെന്നു നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. ഇനി സ്‌പോർട്‌സി​ലെ പ്രകടനം മോശ​മാ​ണെ​ങ്കിൽ കുറച്ചു​കൂ​ടി പരിശീ​ലി​ക്ക​ണ​മെന്നു വിചാ​രി​ച്ചേ​ക്കാം. പക്ഷേ ഈ രണ്ടു കാര്യ​ത്തി​ലും നിങ്ങൾക്കു ശരിക്കും വേണ്ടതു കൂടുതൽ ഉറക്കമാ​യി​രി​ക്കാം. എന്തു​കൊ​ണ്ടാ​ണെന്നു നോക്കൂ.

 നിങ്ങൾ ഉറങ്ങേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

 കൗമാ​ര​ത്തി​ലു​ള്ള മിക്കവർക്കും എട്ടു മുതൽ പത്തു മണിക്കൂർ വരെ രാത്രി​യിൽ ഉറക്കം ആവശ്യ​മാ​ണെന്നു വിദഗ്‌ധർ പറയുന്നു. ആവശ്യ​ത്തിന്‌ ഉറങ്ങേ​ണ്ടത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  •   ഉറക്കം നിങ്ങളു​ടെ മാനസി​ക​പ്രാ​പ്‌തി​കൾ മെച്ച​പ്പെ​ടു​ത്തും. ഉറക്കത്തെ “തലച്ചോ​റി​ന്റെ ഭക്ഷണം” എന്നു വിളി​ക്കാം. സ്‌കൂ​ളി​ലും സ്‌പോർട്‌സി​ലും മികച്ചു​നിൽക്കാ​നും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താ​നും ഉറക്കം സഹായി​ക്കും.

  •   ഉറക്കം നിങ്ങളു​ടെ മൂഡ്‌ മെച്ച​പ്പെ​ടു​ത്തും. ഉറക്കക്കു​റ​വു​ള്ള​വ​രു​ടെ വികാ​രങ്ങൾ പെട്ടെന്നു മാറി​മ​റി​യും, വിഷമ​മോ വിഷാ​ദ​മോ തോന്നും. മറ്റുള്ള​വ​രു​മാ​യി ഇണങ്ങി​പ്പോ​കാ​നും അവർക്കു പാടാ​യി​രി​ക്കും.

  •   ഉറക്കം നിങ്ങളെ നല്ല ഡ്രൈ​വ​റാ​ക്കും. ഐക്യ​നാ​ടു​ക​ളി​ലെ ഒരു പഠനം കാണി​ക്കു​ന്നത്‌, വണ്ടി ഓടി​ക്കുന്ന സമയത്ത്‌ ഉറങ്ങി​പ്പോ​കു​ന്നതു കാരണം, 40 വയസ്സി​നും 59 വയസ്സി​നും ഇടയിൽ പ്രായ​മുള്ള ഡ്രൈ​വർമാർക്കു സംഭവി​ക്കു​ന്ന​തി​നെ​ക്കാൾ ഏകദേശം ഇരട്ടി​യോ​ളം അപകടങ്ങൾ 16 വയസ്സി​നും 24 വയസ്സി​നും ഇടയിൽ പ്രായ​മു​ള്ള​വർക്കു സംഭവി​ക്കു​ന്നുണ്ട്‌ എന്നാണ്‌.

  •   ഉറക്കം ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തും. ഉറക്കം നിങ്ങളു​ടെ ശരീര​ത്തി​ലെ കോശ​ങ്ങ​ളും കലകളും രക്തക്കു​ഴ​ലു​ക​ളും പരിപാ​ലി​ക്കാ​നും കേടു​പോ​ക്കാ​നും സഹായി​ക്കും. നന്നായി ഉറങ്ങു​ന്നത്‌, പൊണ്ണ​ത്തടി, പ്രമേഹം, മസ്‌തി​ഷ്‌കാ​ഘാ​തം എന്നിവ ഉണ്ടാകാ​നുള്ള സാധ്യത കുറയ്‌ക്കാ​നും സഹായി​ക്കും.

ഒരു ഫോൺ പ്രവർത്തി​ക്കാൻ ചാർജ്‌ ചെയ്യേ​ണ്ട​തു​പോ​ലെ നന്നായി കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആവശ്യ​ത്തിന്‌ ഉറങ്ങണം

  നിങ്ങളു​ടെ ഉറക്കം കളയു​ന്നത്‌ എന്താണ്‌?

 ഉറങ്ങു​ന്ന​തു​കൊണ്ട്‌ ഇങ്ങനെ പല ഗുണങ്ങ​ളു​ണ്ടെ​ങ്കി​ലും കൗമാ​ര​ത്തി​ലുള്ള പലരും ആവശ്യ​ത്തിന്‌ ഉറങ്ങു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ 16 വയസ്സുള്ള എലൈൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌:

 “എല്ലാവ​രും രാത്രി എപ്പോ​ഴാണ്‌ കിടക്കു​ന്ന​തെന്നു ടീച്ചർ ക്ലാസ്സി​ലു​ള്ള​വ​രോ​ടു ചോദി​ച്ചു. മിക്കവ​രും പറഞ്ഞത്‌ രണ്ടു മണി​യെ​ന്നാണ്‌, ബാക്കി​യു​ള്ളവർ അഞ്ചു മണി​യെ​ന്നും. ഒരാൾ മാത്രം ഒൻപത​ര​യെന്നു പറഞ്ഞു.”

 ഏതൊക്കെ കാര്യങ്ങൾ നിങ്ങളു​ടെ ഉറക്കം തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാം?

 കൂട്ടു​കാർ. “ഉറങ്ങാതെ നേരം കളയാൻ നല്ല എളുപ്പ​മാണ്‌. പ്രത്യേ​കിച്ച്‌ കൂട്ടു​കാ​രു​ടെ കൂടെ കറങ്ങാൻ പോകുന്ന രാത്രി​ക​ളിൽ.”—പമേല.

 ഉത്തരവാ​ദി​ത്വ​ങ്ങൾ. “എനിക്ക്‌ ഉറങ്ങാൻ ഇഷ്ടമാണ്‌. പക്ഷേ ഈ തിരക്കി​നി​ട​യ്‌ക്ക്‌ ആവശ്യ​ത്തിന്‌ ഉറങ്ങാൻ വലിയ ബുദ്ധി​മു​ട്ടാണ്‌.”—അന.

 സാങ്കേ​തി​ക​വി​ദ്യ. “എന്റെ ഉറക്കം കളയുന്ന ഏറ്റവും വലിയ സാധനം ഫോണാണ്‌. കിടക്കു​മ്പോൾ അതിൽ നോക്കാ​തി​രി​ക്കാൻ വലിയ പാടാണ്‌.”—അനിസ.

 നിങ്ങൾക്ക്‌ എങ്ങനെ കൂടുതൽ ഉറങ്ങാം?

  •   ഉറക്കത്തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റി​യുക. “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 4:6) ഉറക്കം ഒരു ആവശ്യ​മാണ്‌, ആഡംബ​രമല്ല. അതി​ല്ലെ​ങ്കിൽ നിങ്ങൾക്കു കാര്യങ്ങൾ ശരിക്കു ചെയ്യാൻ പറ്റി​ല്ലെന്നു മാത്രമല്ല, ചില​പ്പോൾ നേരേ ചൊവ്വേ വിനോ​ദം ആസ്വദി​ക്കാൻപോ​ലും പറ്റില്ല.

  •   ഉറക്കം കെടു​ത്തുന്ന പ്രധാ​ന​വി​ല്ലനെ കണ്ടുപി​ടി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ രാത്രി വൈകി​യും കൂട്ടു​കാ​രോ​ടൊ​പ്പം കറങ്ങി​ന​ട​ക്കാ​റു​ണ്ടോ? ഹോം​വർക്കോ മറ്റു ചെറി​യ​ചെ​റിയ പണിക​ളോ നിങ്ങളെ പൊറു​തി​മു​ട്ടി​ക്കു​ന്നു​ണ്ടോ? ഫോൺ കാരണം സമയത്ത്‌ ഉറങ്ങാൻ പറ്റാ​തെ​വ​രു​ക​യോ ഇടയ്‌ക്ക്‌ ഉണരേ​ണ്ടി​വ​രു​ക​യോ ചെയ്യു​ന്നു​ണ്ടോ?

 ചിന്തി​ക്കാ​നാ​യി: നിങ്ങൾക്കുള്ള ഏറ്റവും വലിയ തടസ്സം മറിക​ട​ക്കാൻ കുറച്ച്‌ ബുദ്ധി​മു​ട്ടേ​ണ്ടി​വ​ന്നാ​ലും അതിനു തക്ക പ്രയോ​ജ​ന​മുണ്ട്‌. “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും” എന്നാണു സുഭാ​ഷി​തങ്ങൾ 21:5 പറയു​ന്നത്‌.

 ഒരാൾക്കു ഗുണം ചെയ്‌ത പരിഹാ​രം മറ്റൊ​രാൾക്കു ഗുണം ചെയ്യണ​മെ​ന്നില്ല. പകൽ സമയത്ത്‌ ചെറു​താ​യൊ​ന്നു മയങ്ങു​ന്നതു രാത്രി നന്നായി ഉറങ്ങാൻ സഹായി​ക്കു​മെന്നു ചിലർ പറയുന്നു. പക്ഷേ മറ്റു ചിലർ പറയു​ന്നത്‌ അത്‌ ഉള്ള ഉറക്കം കൂടെ കളയു​ന്നെ​ന്നാണ്‌. അതു​കൊണ്ട്‌ നിങ്ങൾക്കു ഗുണം ചെയ്യു​ന്നത്‌ എന്താ​ണെന്നു കണ്ടുപി​ടി​ക്കുക. താഴെ കൊടു​ത്തി​രി​ക്കുന്ന നിർദേ​ശങ്ങൾ ശ്രദ്ധിക്കൂ:

  •   വിശ്ര​മി​ക്കാൻ സമയം കണ്ടെത്തുക. കിടക്കാൻ പോകു​ന്ന​തി​നു മുമ്പ്‌ വിശ്ര​മി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കു പെട്ടെന്ന്‌ ഉറങ്ങാൻ പറ്റി​യേ​ക്കും.

     “നിങ്ങൾ, ചെയ്യാ​നു​ള്ള​തൊ​ക്കെ നേരത്തേ തീർത്തി​ട്ടാ​ണു കിടക്കു​ന്ന​തെ​ങ്കിൽ പിന്നെ കിടക്കു​മ്പോൾ അതെക്കു​റിച്ച്‌ ഓർത്ത്‌ ടെൻഷ​ന​ടി​ക്കേ​ണ്ടി​വ​രില്ല.”—മരിയ.

  •   കാര്യങ്ങൾ മുൻകൂ​ട്ടി​ക്കണ്ട്‌ പ്രവർത്തി​ക്കുക. സാഹച​ര്യ​ങ്ങൾ നിങ്ങളെ നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്കാ​തെ, ആവശ്യ​ത്തിന്‌ ഉറങ്ങാൻ സമയം കിട്ടുന്ന വിധത്തിൽ ഒരു പട്ടിക ഉണ്ടാക്കുക.

     “എനിക്ക്‌ എട്ടു മണിക്കൂ​റെ​ങ്കി​ലും ഉറങ്ങണം. അതു​കൊണ്ട്‌ എപ്പോ​ഴെ​ങ്കി​ലും നേരത്തേ എഴു​ന്നേൽക്കേ​ണ്ടി​വ​രു​മെ​ങ്കിൽ എപ്പോൾ കിടക്ക​ണ​മെന്നു ഞാൻ കണക്കു കൂട്ടും.”—വിൻസെന്റ്‌.

  •   ചിട്ടയു​ള്ള​വ​രാ​യി​രി​ക്കുക. ചിട്ടയു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങളു​ടെ ഉള്ളിലെ ക്ലോക്ക്‌ നിങ്ങളെ സഹായി​ക്കും, പക്ഷേ നിങ്ങൾ അതിനെ പരിശീ​ലി​പ്പി​ക്ക​ണ​മെന്നു മാത്രം. എല്ലാ ദിവസ​വും ഒരേ സമയത്ത്‌ കിടക്കാ​നും എഴു​ന്നേൽക്കാ​നും ആണ്‌ വിദഗ്‌ധർ പറയു​ന്നത്‌. ഒരു മാസം ഇതു പരീക്ഷി​ച്ചിട്ട്‌ എങ്ങനെ​യു​ണ്ടെന്നു നോക്കൂ.

     “നിങ്ങൾ എല്ലാ ദിവസ​വും ഒരേ സമയത്ത്‌ ഉറങ്ങാൻ പോയാൽ അടുത്ത ദിവസം മനസ്സിനു നല്ല ഉണർവു​ണ്ടാ​യി​രി​ക്കും. കാര്യ​ങ്ങ​ളെ​ല്ലാം നന്നായി ചെയ്യാൻ അതു നിങ്ങളെ സഹായി​ക്കും.”—ജാറെഡ്‌.

  •   കൂട്ടു​കാ​രു​മൊ​ത്തുള്ള പരിപാ​ടി​കൾക്കു പരിധി വെക്കുക. ‘ശീലങ്ങ​ളിൽ മിതത്വം പാലി​ക്കാൻ’ ബൈബിൾ പറയുന്നു. ഒഴിവു​സ​മ​യ​ങ്ങ​ളിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 3:2, 11.

     “കൂട്ടു​കാ​രു​മൊത്ത്‌ വൈകി​ട്ടുള്ള പരിപാ​ടി​ക​ളിൽ പരിധി വെക്കാൻ ഞാൻ പഠിക്ക​ണ​മാ​യി​രു​ന്നു. വിനോ​ദ​ത്തിന്‌ ഒരു സമയപ​രി​ധി വെച്ചി​ല്ലെ​ങ്കിൽ വേറെ എന്തെങ്കി​ലും കുളമാ​കും, മിക്ക​പ്പോ​ഴും എന്റെ ഉറക്കം!”—റിബേക്ക.

  •   നിങ്ങളു​ടെ ഫോണി​നെ​യും “ഉറക്കുക!” ഫോണിൽനി​ന്നും ടാബിൽനി​ന്നും ടിവി-യിൽനി​ന്നും വരുന്ന പ്രകാശം ഉറങ്ങാൻ ബുദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണു വിദഗ്‌ധ​രു​ടെ മുന്നറി​യിപ്പ്‌. അതു​കൊണ്ട്‌ കിടക്കു​ന്ന​തിന്‌ ഒരു മണിക്കൂർ മുമ്പെ​ങ്കി​ലും ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന​തും നേരം വൈകി കൂട്ടു​കാർക്കു മെസ്സേജ്‌ അയക്കു​ന്ന​തും നിറു​ത്തുക.

     “നിങ്ങളെ 24 മണിക്കൂ​റും കിട്ടണ​മെ​ന്നാ​ണു മറ്റുള്ള​വ​രു​ടെ ആഗ്രഹം. പക്ഷേ നന്നായിട്ട്‌ വിശ്ര​മി​ക്ക​ണ​മെ​ങ്കിൽ നിങ്ങൾ ഫോൺ മാറ്റി​വെ​ക്കണം.”—ജുലിസ്സ.