എനിക്ക് അശ്ലീലം വീക്ഷിക്കുന്ന ഒരു ശീലമുണ്ടെങ്കിലോ?
നിങ്ങൾക്കു ചെയ്യാവുന്നത്
അശ്ലീലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുക. മാന്യവും ആദരണീയവും ആയി കണക്കാക്കാൻ ദൈവം തന്ന ഒരു സമ്മാനത്തെ അശ്ലീലത്തിലൂടെ ഏറ്റവും തരംതാഴ്ന്നതാക്കുന്നു. ഇതു തിരിച്ചറിയുന്നത് ‘ദോഷത്തെ വെറുക്കാൻ’ നിങ്ങളെ സഹായിക്കും.—സങ്കീർത്തനം 97:10.
വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കുക. അശ്ലീലരംഗങ്ങൾ അതിൽ അഭിനയിച്ചിരിക്കുന്നവരെ വിലകെട്ടവരാക്കുന്നു. അതു കാണുന്നവരുടെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ ബൈബിൾ ഈ ഉപദേശം തരുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 22:3.
ഉറച്ച തീരുമാനമെടുക്കുക. “കാമത്തോടെ ഒരു പെൺകുട്ടിയെ നോക്കില്ലെന്ന് ഞാൻ എന്നോടുതന്നെ സത്യം ചെയ്തിരിക്കുന്നു.” (ഇയ്യോബ് 31:1, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം) നിങ്ങൾക്കെടുക്കാവുന്ന ചില ഉറച്ച തീരുമാനങ്ങൾ ഇവയാണ്:
ഒറ്റയ്ക്കായിരിക്കുമ്പോൾ ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കില്ല.
പെട്ടെന്ന് എന്തെങ്കിലും അശ്ലീലരംഗങ്ങളുള്ള ഏതെങ്കിലും ലിങ്കുകളോ സൈറ്റുകളോ പോപ്-അപ്പ് ചെയ്താൽ നോക്കാതെതന്നെ ഞാൻ അതു മാറ്റിക്കളയും.
വീണ്ടും ആ കെണിയിൽ വീണുപോയാൽ പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കും.
പ്രാർഥിക്കുക. ‘വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിക്കേണമേ’ എന്നു സങ്കീർത്തനക്കാരൻ ദൈവമായ യഹോവയോടു കേണപേക്ഷിച്ചു. (സങ്കീർത്തനം 119:37) നിങ്ങൾ വിജയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട്, പ്രാർഥിച്ചാൽ ശരിയായതു ചെയ്യാനുള്ള ശക്തി ദൈവം തരും!—ഫിലിപ്പിയർ 4:13.
ആരോടെങ്കിലും സംസാരിക്കുക. നിങ്ങൾക്കു മനസ്സുതുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സുഹൃത്തുണ്ടായിരിക്കുന്നതു മിക്കപ്പോഴും ഈ ശീലം മറികടക്കുന്നതിനുള്ള സുപ്രധാനമായ ഒരു പടിയാണ്.—സദൃശവാക്യങ്ങൾ 17:17.
ഇതു മനസ്സിൽപ്പിടിക്കുക: ഓരോ തവണ അശ്ലീലം കാണാതിരിക്കുമ്പോഴും നിങ്ങൾ ഒരു സുപ്രധാനവിജയം നേടുന്നു! ആ വിജയത്തെക്കുറിച്ച് ദൈവത്തോടു പറയുക. നിങ്ങൾക്കു ശക്തി തന്ന ദൈവത്തിനു നന്ദി പറയുക. അശ്ലീലം കാണുന്നത് ഒഴിവാക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ഹൃദയം സന്തോഷിപ്പിക്കുകയാണ്!—സദൃശവാക്യങ്ങൾ 27:11.