യുവജനങ്ങൾ ചോദിക്കുന്നു
വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?
“ഒരു ദിവസം എനിക്ക് വലിയ സന്തോഷം തോന്നും. പക്ഷേ അടുത്ത ദിവസം ഞാൻ മനസ്സിടിഞ്ഞ ഒരു അവസ്ഥയിലാകും. ഇന്നലെ ഒരു പ്രശ്നവുമില്ല എന്നു വിചാരിച്ച കാര്യങ്ങൾ ഇന്നു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി തോന്നും.”—ക്യാരിസ്സ.
കുണ്ടും കുഴിയും ഉള്ള ഒരു റോഡുപോലെയാണോ നിങ്ങളുടെ വികാരങ്ങൾ? വികാരങ്ങളിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? a അങ്ങനെയെങ്കിൽ, ഈ ലേഖനത്തിന് നിങ്ങളെ സഹായിക്കാനാകും.
ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ട്?
യൗവനാരംഭത്തിലെ മാറ്റങ്ങളോടു ബന്ധപ്പെട്ട്, വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്. നിങ്ങൾക്കു 18-ഓ 19-ഓ വയസ്സായെങ്കിലും പെട്ടെന്ന് നിങ്ങളുടെ വികാരങ്ങൾ മാറിമറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
വികാരങ്ങളുടെ ഈ ഏറ്റക്കുറച്ചിലുകൾ നിങ്ങളെ കുഴപ്പിക്കുന്നെങ്കിൽ, ഒരു കാര്യം ഓർക്കുക: ഈ വികാരങ്ങളിൽ പലതും ഹോർമോണുകളിലെ വ്യതിയാനങ്ങൾ കാരണമാണ്. കൂടാതെ, വളർച്ചയുടെ ഭാഗമായി തോന്നാറുള്ള അരക്ഷിതത്വവും അസ്വസ്ഥവികാരങ്ങളും ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. എന്നാൽ നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും നിങ്ങൾക്ക് കഴിയും.
ഒരു സത്യം: ചെറുപ്പമായിരിക്കുമ്പോഴേ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നത് പ്രധാനമാണ്. കാരണം മുതിർന്നുവരുമ്പോൾ പല സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഈ കഴിവ് ആവശ്യമായി വരും.
നിങ്ങൾക്ക് ചെയ്യാനാകുന്ന മൂന്ന് കാര്യങ്ങൾ
സംസാരിക്കുക. ബൈബിൾ പറയുന്നു: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
“ഞങ്ങൾക്ക് ഒരു നല്ല കുടുംബസുഹൃത്തുണ്ട്. അവർ എനിക്ക് എന്റെ സ്വന്തം ആന്റിയെപ്പോലെയാണ്. ഞാൻ പറയുന്നതെല്ലാം ആന്റി വളരെ ശ്രദ്ധയോടെ കേൾക്കും. അതുകൊണ്ട് എനിക്കെല്ലാം തുറന്നുപറയാൻ തോന്നും. ഞാൻ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കുമ്പോൾ ആന്റി എന്നെ അഭിനന്ദിക്കും. എന്നാൽ, തെറ്റായിരിക്കുമ്പോൾ എന്നെ ഏറ്റവും നല്ല വിധത്തിൽ തിരുത്തും.”—യൊലാൻഡ.
ശ്രമിച്ചുനോക്കാവുന്നത്: സമപ്രായക്കാരോടു മാത്രം സംസാരിക്കുന്നതിനു പകരം മാതാപിതാക്കളോടോ ആശ്രയിക്കാൻ പറ്റുന്ന മറ്റൊരു വ്യക്തിയോടോ സംസാരിക്കുക. കാരണം നിങ്ങളുടെ സമപ്രായക്കാർക്കും ഇതുപോലുള്ള വികാര ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരിക്കാം.
എഴുതുക. തീവ്രവേദനയിലായിരുന്ന ഇയ്യോബ് ഇങ്ങനെ പറഞ്ഞതായി ബൈബിൾ പറയുന്നു: “എന്റെ പരാതികൾ ഞാൻ തുറന്നുപറയും. അതിവേദനയോടെ ഞാൻ സംസാരിക്കും!” (ഇയ്യോബ് 10:1) ആരോടെങ്കിലും ഉള്ളു തുറക്കുന്നത് കൂടാതെ, നിങ്ങൾക്ക് ‘സംസാരിക്കാൻ’ കഴിയുന്ന മറ്റൊരു വിധം നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് എഴുതുക എന്നതാണ്.
“ഞാനൊരു ചെറിയ ഡയറി കൊണ്ടുനടക്കും. എന്നിട്ട്, എന്നെ വിഷമിപ്പിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അതിൽ എഴുതും. ഇങ്ങനെ എഴുതുന്നത് എനിക്ക് വലിയ ആശ്വാസമാണ്.”—ഇല്യാന.
ശ്രമിച്ചുനോക്കാവുന്നത്: നിങ്ങൾക്കു തോന്നുന്ന വികാരങ്ങൾ, അതിനിടയാക്കിയ കാരണങ്ങൾ, അത് എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയെക്കുറിച്ച് എഴുതുന്നതിനായി ഒരു ഡയറി കൈയിൽ സൂക്ഷിക്കുക. ഈ ലേഖനത്തോടൊപ്പം കാണുന്ന അഭ്യാസത്തിന് ഇതിനായി നിങ്ങളെ സഹായിക്കാനാകും.
പ്രാർഥിക്കുക. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.”—സങ്കീർത്തനം 55:22.
“ഞാൻ വിഷമിച്ചിരിക്കുമ്പോൾ, യഹോവയോട് കൂടെക്കൂടെ പ്രാർഥിക്കും. ദൈവത്തോട് ഹൃദയം തുറന്നുസംസാരിച്ചു കഴിയുമ്പോഴൊക്കെ എനിക്ക് ആശ്വാസം തോന്നും.”—ജാസ്മിൻ.
ശ്രമിച്ചുനോക്കാവുന്നത്: നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്നു എങ്കിലും, ദൈവത്തിനു നന്ദി പറയാൻ കഴിയുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. യഹോവയോട് പ്രാർഥിക്കുമ്പോൾ, സഹായത്തിനായി അപേക്ഷിക്കുക. എന്നാൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്കായി നന്ദിയും പറയുക.
a പല യുവജനങ്ങളും നേരിടുന്ന ഇത്തരം മാനസികസംഘർഷങ്ങളെക്കുറിച്ച് ഈ ലേഖനം ചർച്ച ചെയ്യുന്നു. നിങ്ങൾ ഒരു വിഷാദരോഗിയോ കൂടെക്കൂടെ വിഷാദം അനുഭവപ്പെടുന്ന ഒരാളോ ആണെങ്കിൽ, “വിഷാദത്തെ എനിക്ക് എങ്ങനെ വരുതിയിലാക്കാം?” എന്ന ലേഖനം കാണുക.