വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എല്ലാ പാട്ടും കേൾക്കാൻ കൊള്ളാ​കു​ന്ന​വ​യാ​ണോ?

എല്ലാ പാട്ടും കേൾക്കാൻ കൊള്ളാ​കു​ന്ന​വ​യാ​ണോ?

 “പാട്ട്‌ കേട്ടു​കൊ​ണ്ടാണ്‌ എന്റെ ഒരു ദിവസം തുടങ്ങു​ന്നത്‌. കാറിൽ കയറു​മ്പോ​ഴേ പാട്ട്‌ ഓണാ​ക്കും. ഇനി, വീട്ടി​ലാ​യി​രി​ക്കു​മ്പോൾ വിശ്ര​മി​ക്കു​ക​യോ വൃത്തി​യാ​ക്കു​ക​യോ വായി​ക്കു​ക​യോ ചെയ്യു​മ്പോ​ഴൊ​ക്കെ പിന്നണി​യിൽ പാട്ട്‌ ഉണ്ടായി​രി​ക്കും. പാട്ട്‌ കേൾക്കാത്ത ഒരു സമയം പോലു​മി​ല്ല.”—കാർല

 പാട്ട്‌ കേൾക്കുന്ന കാര്യ​ത്തിൽ കാർല​യെ​പ്പോ​ലെ​യാ​ണോ നിങ്ങൾ? എങ്കിൽ, പാട്ട്‌ കേൾക്കു​ന്ന​തി​ന്റെ ഗുണങ്ങ​ളും പതിയി​രി​ക്കു​ന്ന അപകട​ങ്ങ​ളും മനസ്സി​ലാ​ക്കാ​നും നല്ല പാട്ട്‌ തിര​ഞ്ഞെ​ടു​ക്കാ​നും ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

 ഗുണങ്ങൾ

 പാട്ട്‌ കേൾക്കു​ന്ന​തി​നെ ഭക്ഷണം കഴിക്കു​ന്ന​തി​നോട്‌ താരത​മ്യ​പ്പെ​ടു​ത്താം. ശരിയായ തരവും ശരിയായ അളവും ആണെങ്കിൽ രണ്ട്‌ കാര്യ​വും ഗുണം ചെയ്യും. എങ്ങനെ​യെന്ന്‌ നോക്കാം:

  •   നിങ്ങളു​ടെ മാനസി​കാ​വസ്ഥ മെച്ച​പ്പെ​ടു​ത്തി​യേ​ക്കും.

     “ഏതെങ്കി​ലും ഒരു ദിവസം മോശ​മാ​ണെ​ങ്കിൽ എനിക്ക്‌ ഇഷ്ടപ്പെട്ട പാട്ട്‌ കേൾക്കും, പെട്ടെ​ന്നു​ത​ന്നെ എനിക്ക്‌ ആശ്വാ​സ​വും കിട്ടും.”—മാർക്ക്‌.

  •   മധുര​സ്‌മ​ര​ണ​ക​ളി​ലേക്ക്‌ കൊണ്ടു​പോ​കും.

     “ചില പാട്ടുകൾ പഴയകാല ഓർമകൾ ഉണർത്തും, അത്‌ കേൾക്കു​മ്പോ​ഴൊ​ക്കെ എനിക്ക്‌ സന്തോഷം തോന്നും.”—ഷീല.

  •   ശക്തമായ ഐക്യ​ബോ​ധം സൃഷ്ടി​ക്കാൻ സംഗീ​ത​ത്തി​നു കഴിയും.

     “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നി​ലാ​യി​രു​ന്നു ഞാൻ. എല്ലാവ​രും ചേർന്ന്‌ സമാപ​ന​ഗീ​തം പാടി​യ​പ്പോൾ എന്റെ കണ്ണ്‌ നിറ​ഞ്ഞൊ​ഴു​കി. ഞങ്ങൾ പല ഭാഷക്കാ​രാ​യി​രു​ന്നെ​ങ്കി​ലും ആ പാട്ട്‌ ഞങ്ങളെ ഒന്നിപ്പി​ച്ചു.”—ടാമി.

  •   നല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ സംഗീതം സഹായി​ക്കും.

     “ഒരു സംഗീ​തോ​പ​ക​ര​ണം വായി​ക്കാൻ പഠിക്കു​ന്നത്‌ അച്ചടക്ക​വും ക്ഷമാശീ​ല​വും വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കും. അത്‌, അത്ര പെട്ടെന്ന്‌ പഠി​ച്ചെ​ടു​ക്കാൻ കഴിയു​ന്ന​ത​ല്ലെ​ങ്കി​ലും സ്ഥിരപ​രി​ശ്ര​മ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അതിന്‌ സാധി​ക്കും.”—അന്ന.

 നിങ്ങൾക്ക്‌ അറിയാ​മോ? ബൈബി​ളി​ലെ ഏറ്റവും വലിയ പുസ്‌ത​ക​മാ​യ സങ്കീർത്ത​ന​ങ്ങൾ 150 പാട്ടു​ക​ളു​ടെ സമാഹാ​ര​മാണ്‌.

ഭക്ഷണകാര്യത്തിലെന്നപോലെ പാട്ടു​ക​ളും തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തുണ്ട്‌

 പതിയി​രി​ക്കു​ന്ന അപകടങ്ങൾ

 കേടായ ഭക്ഷണം പോലെ ചില പാട്ടു​ക​ളും ഹാനി​ക​ര​മാണ്‌. എന്തു​കൊണ്ട്‌?

  •   ലൈം​ഗി​ക​കാ​ര്യ​ങ്ങൾ പച്ചയായി വർണി​ക്കു​ന്ന​താണ്‌ ചില പാട്ടുകൾ.

     “ജനപ്രീ​തി​യാർജി​ച്ച മിക്ക പാട്ടു​ക​ളും ലൈം​ഗി​ക​ത​യെ വർണി​ക്കു​ന്ന​വ​യാണ്‌. വന്നുവന്ന്‌ യാതൊ​രു മറയു​മി​ല്ലാ​താ​യി​രി​ക്കു​ന്നു.”—ഹന്ന.

     ബൈബിൾ പറയു​ന്നത്‌: “പരസം​ഗ​ത്തെ​യോ ഏതെങ്കി​ലും അശുദ്ധി​യെ​യോ അത്യാ​ഗ്ര​ഹ​ത്തെ​യോ കുറി​ച്ചു​ള്ള സംസാ​രം​പോ​ലും നിങ്ങളു​ടെ ഇടയിൽ ഉണ്ടാക​രുത്‌.” (എഫെസ്യർ 5:3) ‘ആ ബുദ്ധി​യു​പ​ദേ​ശം പ്രാവർത്തി​ക​മാ​ക്കാൻ പാട്ടുകൾ നിങ്ങൾക്ക്‌ ഒരു തടസ്സമാ​ണോ?’ എന്ന്‌ സ്വയം ചോദി​ക്കു​ക.

  •   ചില പാട്ടു​കൾക്ക്‌ നിങ്ങളെ ദുഃഖ​ത്തി​ലാ​ഴ്‌ത്താൻ കഴിയും.

     “ചില ദിവസ​ങ്ങ​ളിൽ ഞാൻ രാവേ​റു​ന്ന​തു​വ​രെ പാട്ടു​കേ​ട്ടു​കൊ​ണ്ടി​രി​ക്കും, അത്‌ എന്നെ, ദുഃഖി​പ്പി​ക്കു​ന്ന​തും വിഷാ​ദ​ത്തിന്‌ അടിമ​പ്പെ​ടു​ത്തു​ന്ന​തും ആയ കാര്യങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കാൻ പ്രേരി​പ്പി​ക്കും. ശോക​ഗാ​ന​ങ്ങൾക്ക്‌ എന്റെ ഉള്ളിൽ വിഷാ​ദ​ചി​ന്ത​കൾ നിറയ്‌ക്കാൻ കഴിയും.”—ടാമി.

     ബൈബിൾ പറയു​ന്നത്‌: “സകലജാ​ഗ്ര​ത​യോ​ടും​കൂ​ടെ നിന്റെ ഹൃദയത്തെ കാത്തു​കൊൾക.” (സദൃശ​വാ​ക്യ​ങ്ങൾ 4:23) ‘മനസ്സി​ടി​ച്ചു​ക​ള​യു​ന്ന ചിന്തക​ളിൽ മുഴു​കാൻ ഞാൻ തിര​ഞ്ഞെ​ടു​ക്കു​ന്ന പാട്ടുകൾ ഇടയാ​ക്കു​ന്നു​ണ്ടോ?’ എന്ന്‌ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക.

  •   ചില പാട്ടു​കൾക്ക്‌ നിങ്ങളെ കോപാ​കു​ല​രാ​ക്കാൻ കഴിയും.

     “കോപാ​വേ​ശ​വും ആത്മനി​ന്ദ​യും വെറു​പ്പും ഉള്ള പാട്ടുകൾ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒളിഞ്ഞി​രി​ക്കു​ന്ന അപകട​ങ്ങ​ളാണ്‌. അത്തരത്തി​ലു​ള്ള പാട്ടുകൾ എന്റെ മനസ്സിനെ ബാധി​ക്കു​ന്ന​താ​യി എനിക്കു തോന്നി​യി​ട്ടുണ്ട്‌. എന്നിലെ മാറ്റം വീട്ടു​കാ​രും ശ്രദ്ധി​ച്ചി​ട്ടുണ്ട്‌.”—ജോൺ.

     ബൈബിൾ പറയു​ന്നത്‌: “ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവ​യൊ​ക്കെ​യും പാടേ ഉപേക്ഷി​ക്കു​ക. ഒരു അശ്ലീല​ഭാ​ഷ​ണ​വും നിങ്ങളു​ടെ വായിൽനി​ന്നു പുറപ്പെടരുത്‌.” (കൊ​ലോ​സ്യർ 3:8) ‘ഞാൻ കേൾക്കുന്ന പാട്ടുകൾ എന്നിൽ അക്രമ​സ്വ​ഭാ​വം ഉളവാ​ക്കു​ക​യോ മറ്റുള്ള​വ​രോട്‌ പരിഗ​ണ​ന​യി​ല്ലാ​തെ ഇടപെ​ടാൻ പ്രേരി​പ്പി​ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ?’ എന്ന്‌ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക.

 ചുരു​ക്ക​ത്തിൽ, നല്ല പാട്ടുകൾ തിര​ഞ്ഞെ​ടുത്ത്‌ കേൾക്കുക. കൗമാ​ര​ക്കാ​രി​യാ​യ ജൂലി കണ്ടെത്തിയ പരിഹാ​രം ഇതാണ്‌: “ഞാൻ കേൾക്കുന്ന കാര്യങ്ങൾ പതിവാ​യി വിശക​ല​നം ചെയ്യു​ക​യും ഉചിത​മ​ല്ലാ​ത്തവ ശ്രദ്ധയിൽപ്പെ​ട്ടാൽ അപ്പോൾത്ത​ന്നെ നീക്കി​ക്ക​ള​യു​ക​യും ചെയ്യും. ഇത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും അതാണ്‌ ചെയ്യേ​ണ്ട​തെന്ന്‌ എനിക്ക്‌ അറിയാം.”

 സമാന​മാ​യ അഭി​പ്രാ​യ​മാണ്‌ ചെറു​പ്പ​ക്കാ​രി​യാ​യ താരയ്‌ക്കു​ള്ളത്‌. അവൾ പറയുന്നു: “ചില സമയങ്ങ​ളിൽ നല്ല താള​മേ​ള​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ ചില പാട്ടുകൾ റേഡി​യോ​യിൽ കേൾക്കാ​റുണ്ട്‌. എന്നാൽ അതിലെ വരികൾ ഒന്ന്‌ അടുത്ത്‌ ശ്രദ്ധി​ക്കു​മ്പോൾ അത്ര പന്തിയ​ല്ലെ​ന്നും സ്റ്റേഷൻ മാറ്റേ​ണ്ട​താ​ണെ​ന്നും എനിക്ക്‌ മനസ്സി​ലാ​കും. ഇത്‌, വളരെ രുചി​ക​ര​മാ​യ ഒരു കേക്ക്‌ ഒന്നു കടിച്ച​തിന്‌ ശേഷം വേണ്ടെ​ന്നു​വെ​ക്കു​ന്ന​തു പോ​ലെ​യാണ്‌! ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ഒരു പാട്ട്‌ വേണ്ടെ​ന്നു​വെ​ക്കാൻ കഴിഞ്ഞാൽ വിവാ​ഹ​ത്തി​നു​മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ തള്ളിക്ക​ള​യാ​നും എനിക്ക്‌ കഴിയും. അതു​കൊണ്ട്‌, ഞാൻ കേൾക്കുന്ന പാട്ടു​കൾക്ക്‌ എന്റെ മേലുള്ള സ്വാധീ​നം കുറച്ചു​കാ​ണാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല.”