വിവരങ്ങള്‍ കാണിക്കുക

അടിച്ചുപൊളിക്കാൻ മാതാപിതാക്കൾ എന്നെ അനുവ​ദി​ക്കാ​ത്തത്‌ എന്തുകൊണ്ട്‌?

അടിച്ചുപൊളിക്കാൻ മാതാപിതാക്കൾ എന്നെ അനുവ​ദി​ക്കാ​ത്തത്‌ എന്തുകൊണ്ട്‌?

ഈ രംഗം ഒന്നു ഭാവനയിൽ കാണുക:

നിങ്ങൾ ഒരു പാർട്ടിക്കു പോകാൻ ആഗ്രഹി​ക്കു​ന്നു. പക്ഷേ മാതാപിതാക്കൾ സമ്മതി​ക്കു​മോയെന്ന്‌ അറി​യി​ല്ല. ഇതിൽ ഏതായി​രി​ക്കും നിങ്ങളു​ടെ തീരു​മാ​നം:

  1.  ചോദി​ക്കാ​തെ പോകുക

  2.  ചോദി​ക്കു​ന്നി​ല്ല, പോകു​ന്നു​മി​ല്ല

  3.  ചോദി​ച്ചു​നോ​ക്കാം

1. ചോദിക്കാതെ പോകുക

  ഇതു തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാരണം: നിങ്ങൾക്ക്‌ എത്രയ​ധി​കം സ്വാത​ന്ത്ര്യ​മു​ണ്ടെ​ന്നു കൂട്ടു​കാ​രെ കാണിച്ച്‌ ആളാകാൻ ആഗ്രഹി​ക്കു​ന്നു. അല്ലെങ്കിൽ നിങ്ങൾക്കു മാതാപിതാക്കളെക്കാൾ അറിവു​ണ്ടെ​ന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു. അതുമല്ലെങ്കിൽ അവർ പറയു​ന്ന​തി​നു നിങ്ങൾ ഒട്ടും വില കല്‌പി​ക്കു​ന്നി​ല്ല.—സദൃശവാക്യങ്ങൾ 14:18.

 അനന്തരഫലങ്ങൾ: കൂട്ടു​കാ​രു​ടെ മുന്നിൽ ആളാകാൻ കഴി​ഞ്ഞേ​ക്കും. പക്ഷേ, നിങ്ങ​ളെ​ക്കു​റിച്ച്‌ അവർക്കു കിട്ടുന്ന ധാരണ, നിങ്ങളെ വിശ്വസിക്കാൻകൊള്ളില്ല എന്നായി​രി​ക്കും. മാതാ​പി​താ​ക്ക​ളെ പറ്റിക്കാൻ മടിയില്ലാത്തയാൾ കൂട്ടു​കാ​രെ​യും പറ്റിക്കി​ല്ലേ? ഇനി, മാതാപിതാക്കൾ കാര്യം അറിഞ്ഞാ​ലോ, അവർ വല്ലാതെ വിഷമി​ക്കും. ഉള്ള സ്വാത​ന്ത്ര്യം​കൂ​ടെ നഷ്ടപ്പെ​ടാ​നും ഇടയുണ്ട്‌!—സദൃശവാക്യങ്ങൾ 12:15.

2. ചോദിക്കുന്നില്ല, പോകു​ന്നു​മി​ല്ല

  ഇതു തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാരണം: ആ ക്ഷണത്തെ​ക്കു​റിച്ച്‌ ചിന്തിച്ചപ്പോൾ അതു നിങ്ങളു​ടെ നിലവാ​ര​ത്തി​നു ചേരു​ന്ന​ത​ല്ലെന്ന്‌ തോന്നി. അല്ലെങ്കിൽ അവിടെ വരുന്ന ചിലർ കമ്പനി കൂടാൻ പറ്റിയ​വ​ര​ല്ലെ​ന്നു മനസ്സി​ലാ​യി. (1 കൊരിന്ത്യർ 15:33; ഫിലിപ്പിയർ 4:8) അതുമല്ലെങ്കിൽ പോക​ണ​മെ​ന്നുണ്ട്‌, പക്ഷേ വീട്ടിൽ ചോദി​ക്കാ​നു​ള്ള ധൈര്യ​മി​ല്ല.

 അനന്തരഫലങ്ങൾ: അതൊരു നല്ല സംഗതി​യ​ല്ലെന്ന്‌ സ്വയം ബോധ്യം​വ​ന്നി​ട്ടാ​ണു പോകാത്തതെങ്കിൽ കൂട്ടുകാർ ചോദിക്കുമ്പോൾ ഒരു ചമ്മലു​മി​ല്ലാ​തെ കാര്യം വിശദീ​ക​രി​ക്കാ​നാ​കും. എന്നാൽ വീട്ടിൽ ചോദിക്കാൻ ധൈര്യ​മി​ല്ലാ​ഞ്ഞി​ട്ടാ​ണു പോകാത്തതെങ്കിൽ, നിങ്ങൾക്കു മാത്രം അടിച്ചു​പൊ​ളി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മി​ല്ലോ എന്നോർത്ത്‌ വിഷമിച്ച്‌ വീട്ടി​ലി​രി​ക്കും.

3. ചോദിച്ചുനോക്കാം

  ഇതു തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാരണം: മാതാപിതാക്കൾക്കു നിങ്ങളു​ടെ മേൽ അധികാ​ര​മു​ണ്ടെ​ന്നു തിരി​ച്ച​റി​യു​ന്നു, അവർ പറയു​ന്ന​തി​നെ മാനി​ക്കു​ന്നു. (കൊലോസ്യർ 3:20) മാതാ​പി​താ​ക്ക​ളെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു, അവരെ വിഷമിപ്പിക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ അവരുടെ കണ്ണു​വെ​ട്ടിച്ച്‌ ഒന്നും ചെയ്യാൻ ഇഷ്ടമല്ല. (സദൃശവാക്യങ്ങൾ 10:1) നിങ്ങളു​ടെ കാര്യം അവരുടെ മുന്നിൽ തുറന്നുപറയാ​നു​ള്ള സ്വാത​ന്ത്ര്യം തോന്നു​ന്നു.

 അനന്തരഫലങ്ങൾ: നിങ്ങൾ മാതാ​പി​താ​ക്ക​ളെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​കും. മാത്രമല്ല, നിങ്ങളു​ടെ ആവശ്യം ന്യായ​മാ​ണെ​ന്നു കണ്ടാൽ അവർ അനുവാ​ദം തന്നെന്നു​പോ​ലും വരാം.

മാതാപിതാക്കൾ സമ്മതി​ക്കാ​ത്ത​തി​ന്റെ കാരണങ്ങൾ

ബീച്ചിലെ ലൈഫ്‌ ഗാർഡിനെപ്പോലെയാണു മാതാപിതാക്കൾ, നിങ്ങൾക്കു കാണാ​നാ​കാ​ത്ത അപകടങ്ങൾ കാണാൻ അവർക്കാകും

 ഒരു കാരണത്തെ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം: ലൈഫ്‌ ഗാർഡ്‌ ഇല്ലാത്ത ബീച്ചിൽ നീന്തുന്നതിനെക്കാൾ ഉള്ള ബീച്ചിൽ നീന്താ​ന​ല്ലേ നിങ്ങൾ തീരു​മാ​നി​ക്കൂ. കാരണം, വെള്ളത്തിൽ കളിക്കുന്നതിനിടയിൽ അപകട​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ച്ചെ​ന്നുവരില്ല. എന്നാൽ അപകടങ്ങൾ പെട്ടെന്നു കാണാൻ പറ്റിയ ഒരു സ്ഥാനത്താ​ണു ലൈഫ്‌ ഗാർഡ്‌. സമാന​മാ​യി കൂടുതൽ അറിവും അനുഭ​വ​പ​രി​ച​യ​വും ഉള്ളതു​കൊണ്ട്‌ മാതാപിതാക്കൾ, നിങ്ങൾക്കു കാണാ​നാ​കാ​ത്ത അപകടങ്ങൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. ബീച്ചിലെ ലൈഫ്‌ഗാർഡിനെപ്പോലെ, മാതാ​പി​താ​ക്ക​ളു​ടെ​യും ലക്ഷ്യം നിങ്ങളു​ടെ സന്തോഷം കളഞ്ഞു​കു​ളി​ക്കു​ക​യെ​ന്നതല്ല, നിങ്ങളു​ടെ സന്തോഷം നശിപ്പി​ച്ചേ​ക്കാ​വു​ന്ന അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായി​ക്കു​ക​യാണ്‌.

 ഇനി മറ്റൊരു കാരണം: നിങ്ങളു​ടെ മാതാപിതാക്കൾ നിങ്ങളെ സംരക്ഷിക്കാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. സാധിക്കുമ്പോൾ അനുമതി തരുന്ന​തും അല്ലാത്തപ്പോൾ പറ്റി​ല്ലെ​ന്നു പറയു​ന്ന​തും അവർക്കു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌. എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾ അവരുടെ അനുവാ​ദം ചോദിക്കുമ്പോൾ, അനുവാ​ദം തന്നിട്ട്‌ ഉണ്ടാകുന്ന പരിണ​ത​ഫ​ല​വും സഹിച്ച്‌ പിന്നീടു ജീവിക്കാൻ പറ്റുമോ എന്ന്‌ അവർ ചിന്തിച്ചു നോക്കും. നിങ്ങൾക്ക്‌ അപകട​മൊ​ന്നും സംഭവി​ക്കി​ല്ലെന്ന്‌ ഏതാണ്ടു ബോധ്യമായാൽ മാത്രമേ അവർ അനുവാ​ദം തരൂ.

അനുവാ​ദം നേടാ​നു​ള്ള വഴികൾ

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

 സത്യസന്ധത: നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ശരിക്കും എന്തിനാ​ണു ഞാൻ പോകാൻ ആഗ്രഹി​ക്കു​ന്നത്‌? പരിപാടിയിൽ പങ്കെടു​ക്കാ​നു​ള്ള ആഗ്രഹം​കൊ​ണ്ടാ​ണോ അതോ കൂട്ടുകാർ ചെയ്യു​ന്ന​തൊ​ക്കെ ചെയ്യാ​നു​ള്ള ആഗ്രഹം​കൊ​ണ്ടാ​ണോ? അതല്ലെങ്കിൽ ഞാൻ ഇഷ്ടപ്പെ​ടു​ന്ന ഒരാൾ അവിടെ വരു​മെ​ന്ന​തു​കൊ​ണ്ടാ​ണോ?’ എന്തായാ​ലും മാതാ​പി​താ​ക്ക​ളോ​ടു കാര്യം തുറന്നു​പ​റ​യു​ക. അവരും നിങ്ങളു​ടെ പ്രായം കഴിഞ്ഞുവന്നവരാണ്‌. അവർക്കു നിങ്ങ​ളെ​യും നന്നായി അറിയാം. നിങ്ങൾ പറഞ്ഞില്ലെങ്കിൽപ്പോലും നിങ്ങളു​ടെ ഉള്ളിലി​രിപ്പ്‌ അവർക്കു മനസ്സി​ലാ​കും. നിങ്ങൾ സത്യസ​ന്ധ​മാ​യി കാര്യം പറഞ്ഞാൽ അവർ അതു വിലമ​തി​ക്കും. അവരുടെ അനുഭവപരിചയത്തിൽനിന്ന്‌ നിങ്ങൾക്കു പ്രയോ​ജ​നം നേടാ​നും കഴിയും. (സദൃശവാക്യങ്ങൾ 7:1, 2) എന്നാൽ നിങ്ങൾ സത്യസന്ധരല്ലെങ്കിൽ അവർ പിന്നീടു നിങ്ങളെ വിശ്വ​സി​ക്കാ​താ​കും. നിങ്ങളു​ടെ ആവശ്യങ്ങൾ അനുവ​ദി​ച്ചു​ത​രാ​നു​ള്ള സാധ്യ​ത​യും കുറയും.

 ചോദി​ക്കു​ന്ന സമയം: അവർ ജോലി കഴിഞ്ഞ്‌ വീട്ടി​ലേ​ക്കു വന്നുക​യ​റു​ന്ന ഉടനെ​യോ മറ്റെ​ന്തെ​ങ്കി​ലും കാര്യത്തിൽ മുഴു​കി​യി​രി​ക്കു​മ്പോ​ഴോ നിങ്ങളു​ടെ ആവശ്യ​ങ്ങ​ളു​മാ​യി അവരെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌. അവർ സ്വസ്ഥമാ​യി​രി​ക്കു​ന്ന സമയം നോക്കി കാര്യം അവതരി​പ്പി​ക്കു​ക. അതേസ​മ​യം അവസാ​ന​നി​മി​ഷം​വ​രെ കാത്തി​രു​ന്നിട്ട്‌ പെട്ടെന്ന്‌ ഒരു തീരു​മാ​നം പറയാൻ അവരെ നിർബന്ധിക്കുകയുമരുത്‌. അങ്ങനെ ചെയ്യാൻ അവർക്കു തീരെ താത്‌പ​ര്യം കാണില്ല. അതു​കൊണ്ട്‌ കാര്യം നേരത്തേ പറയുക. ആലോ​ചിച്ച്‌ ഉത്തരം പറയാ​നു​ള്ള സമയം കൊടു​ക്കു​ക.

 വ്യക്തമായ വിവരങ്ങൾ: കാര്യങ്ങൾ വ്യക്തമാ​യി പറയുക. ശരിക്കും എന്തു ചെയ്യാ​നാണ്‌ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവരോ​ടു വിശദ​മാ​യി പറയുക. “ആരൊക്കെ അവിടെ കാണും,” “മുതിർന്ന ആരെങ്കി​ലും കാണു​മോ,” “എപ്പോൾ മടങ്ങി വരും” എന്നതു​പോ​ലു​ള്ള ചോദ്യങ്ങൾക്ക്‌ “എനിക്ക്‌ അറി​യി​ല്ല” എന്നാണു മറുപടി പറയുന്നതെങ്കിൽ അനുവാ​ദം തരാൻ അവർക്കു ബുദ്ധി​മു​ട്ടാ​കും.

 മനോ​ഭാ​വം: മാതാ​പി​താ​ക്ക​ളെ ശത്രു​ക്ക​ളാ​യി കാണരുത്‌. അവരും നിങ്ങളും ഒരു ടീമാ​ണെന്ന്‌ ഓർക്കുക. ഇതുവരെ പറഞ്ഞ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാനത്തിൽ അതു ശരിയല്ലേ? അവരെ സ്‌നേ​ഹി​ത​രാ​യി കണ്ടാൽ അവരോട്‌ എതിത്തുനിൽക്കാൻ നിങ്ങൾക്കു തോന്നില്ല. അതു​പോ​ലെ അവരും നിങ്ങ​ളോ​ടു സഹകരി​ക്കും.

 മാതാ​പി​താ​ക്ക​ളു​ടെ തീരു​മാ​ന​ത്തെ അംഗീ​ക​രി​ക്കാ​നും അതിനെ മാനി​ക്കാ​നു​മു​ള്ള പക്വത നിങ്ങൾക്കുണ്ടെന്നു കാണി​ക്കു​ക. അപ്പോൾ അവർ നിങ്ങ​ളെ​യും ആദരി​ക്കും. അടുത്ത തവണ നിങ്ങളു​ടെ ആവശ്യം അനുവദിച്ചുതരാൻ അവർ കൂടുതൽ സന്നദ്ധരു​മാ​യി​രി​ക്കും.