വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹജജ്ഞാനത്തെ വെല്ലുന്ന ദൈവികജ്ഞാനം

സഹജജ്ഞാനത്തെ വെല്ലുന്ന ദൈവികജ്ഞാനം

സഹജജ്ഞാനത്തെ വെല്ലുന്ന ദൈവികജ്ഞാനം

“സ്വന്ത ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമായി ഒരാളുടെ വ്യക്തിപരമായ ധാർമികത ഒതുങ്ങുമ്പോൾ, ആ ചെയ്‌തികൾ ധാർമികമായി ശരിയാണോ എന്നു തീരുമാനിക്കാനുള്ള തത്ത്വങ്ങളൊന്നും ഇല്ലാതിരിക്കെ, സംജാതമാകുന്ന ധാർമിക ശൂന്യത നിയമ നിർമാണം കൊണ്ടു നികത്താൻ [ഭരണകൂടങ്ങൾ] ശ്രമിക്കും.” —⁠ഡോ. ഡാനിയേൽ കല്ലഹൻ.

കല്ലഹൻ ഭയപ്പെട്ടതെന്തോ അതുതന്നെയാണ്‌ നിർഭാഗ്യവശാൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ലോകമെങ്ങും ധാർമിക നിലവാരങ്ങൾ തകർന്നടിയുമ്പോൾ, അസംഖ്യം നിയമങ്ങൾ നിർമിച്ചുകൊണ്ട്‌ കുറ്റകൃത്യങ്ങൾക്കു തടയിടാൻ ഭരണകൂടങ്ങൾ നിർബന്ധിതരാകുന്നു. നൈജീരിയയിലെ അമ്മമാരുടെ ആദ്യ ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിച്ചപ്പോൾ, തന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആഴമായ ഉത്‌കണ്‌ഠ നൈജീരിയൻ പ്രസിഡന്റിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. രാഷ്‌ട്രീയമോ ദാരിദ്ര്യമോ അല്ലായിരുന്നു, അദ്ദേഹത്തിന്റെ മനസ്സിൽ. “അതിനെക്കാൾ സങ്കീർണമായ ഒരു പ്രശ്‌നമായിരുന്നു​—⁠കുടുംബത്തിനുള്ളിലും ജോലിസ്ഥലത്തും സമൂഹത്തിലും രാജ്യത്താകമാനവും അടിസ്ഥാന മൂല്യങ്ങൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ച.”

ബ്രിട്ടനിൽ 1,736 അമ്മമാരിൽ നടത്തിയ ഒരു സർവേ കണ്ടെത്തിയത്‌ “മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ വർധനയും ധാർമികമൂല്യങ്ങളുടെ അധഃപതനവും കാരണം പരമ്പരാഗത കുടുംബങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്നു” എന്നാണ്‌. ചൈനയിലും ധാർമികത മൂക്കുംകുത്തിവീഴുകയാണ്‌. അവിടെ ആളുകൾ താരതമ്യേന ചെറുപ്പത്തിൽത്തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു തുടങ്ങുന്നുവെന്നു മാത്രമല്ല മുമ്പെന്നത്തേതിലും അധികം പങ്കാളികളും ഇന്നവർക്കുണ്ട്‌ എന്ന്‌ ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു. നൂറിലധികം ലൈംഗിക പങ്കാളികളുള്ളതിൽ അഭിമാനം കൊള്ളുന്ന ഒരു ചൈനീസ്‌ യുവതി പറഞ്ഞു: “ഇതെന്റെ ജീവിതമാണ്‌, എനിക്ക്‌ ഇഷ്ടമുള്ളതുപോലെ ഞാൻ ജീവിക്കും.”

ധാർമിക അധഃപതനം അധികാര സ്ഥാനങ്ങളിൽ ഉള്ളവരെയും ബാധിച്ചിരിക്കുന്നു. കാനഡയിലെ ടൊറൊന്റൊ സ്റ്റാർ പത്രത്തിൽ ജാവേദ്‌ അക്‌ബർ എഴുതി: “ധാർമിക നിഷ്‌ഠയുടെ നല്ല ദൃഷ്ടാന്തങ്ങളായി നേതാക്കന്മാരെ മേലാൽ ആളുകൾ വീക്ഷിക്കുന്നില്ല.” രാഷ്‌ട്രീയക്കാർ, വലിയ കമ്പനികളുടെ മേധാവികൾ, എന്തിന്‌, മതനേതാക്കന്മാർപോലും “ധാർമിക നിഷ്‌ഠ ഇല്ലാത്തവരായി കാണപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

ഈ അപചയം എന്തുകൊണ്ട്‌?

കുത്തനെയുള്ള ഈ വീഴ്‌ചയ്‌ക്ക്‌ പല കാരണങ്ങളുണ്ട്‌. പാരമ്പര്യ മൂല്യങ്ങൾക്ക്‌ എതിരെയുള്ള മത്സരമാണ്‌ അതിലൊന്ന്‌. ഉദാഹരണത്തിന്‌ ഐക്യനാടുകളുടെ തെക്കൻ സംസ്ഥാനങ്ങളിൽ നടന്ന ഒരു സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം കോളേജ്‌ വിദ്യാർഥികളുടെയും അഭിപ്രായം ശ്രദ്ധിക്കൂ: “ശരിയും തെറ്റും തികച്ചും വ്യക്തിപരമായ കാര്യമാണ്‌.”

രാഷ്‌ട്രീയ കാര്യങ്ങളെക്കുറിച്ച്‌ എഴുതുന്ന സ്‌ബിഗ്നീവ്‌ ബ്രെയ്‌സ്സിൻസ്‌കീ മറ്റൊരു കാര്യം ചൂണ്ടിക്കാണിച്ചു. അദ്ദേഹം എഴുതി, “വ്യക്തിപരവും സാമൂഹികവുമായ സുഖാസക്തി ആളുകളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ വ്യക്തിപരമായ ആഗ്രഹങ്ങൾ എത്രയും പെട്ടെന്നു തൃപ്‌തിപ്പെടുത്തുന്നതിലാണ്‌ [സമൂഹം] മുഖ്യമായും ശ്രദ്ധിക്കുന്നത്‌.” ധാർമിക കാര്യങ്ങളിലുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം, അത്യാഗ്രഹം, സ്വേച്ഛാനിവൃത്തി എന്നിവയെല്ലാം ഒരു പരിധിവരെ ആകർഷകമായിരുന്നേക്കാം. എന്നാൽ ഇവയൊക്കെ നല്ല ബന്ധങ്ങൾക്കും യഥാർഥ സന്തോഷത്തിനും സംതൃപ്‌തിക്കും വഴിയൊരുക്കുന്നുണ്ടോ?

“ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”വെന്ന്‌ യേശു പറഞ്ഞു. (മത്തായി 11:19) ധാർമിക നിലവാരങ്ങൾ തകരുന്നതുമൂലം ആളുകൾക്കു കൂടുതൽ സന്തോഷവും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടോ, അതോ മറിച്ചാണോ അനുഭവം? പരസ്‌പര വിശ്വാസമില്ലായ്‌മ, അരക്ഷിതാവസ്ഥ, തകരുന്ന ബന്ധങ്ങൾ, മാതാവോ പിതാവോ മാത്രമുള്ള കുട്ടികൾ, ലൈംഗിക രോഗങ്ങളുടെ പ്രളയം, ആഗ്രഹിക്കാത്ത ഗർഭധാരണം, മയക്കുമരുന്ന്‌ ആസക്തി, അക്രമം ഇതൊക്കെയല്ലേ നമുക്കു ചുറ്റുമുള്ള യാഥാർഥ്യങ്ങൾ? ഇവയെല്ലാം വിരൽചൂണ്ടുന്നത്‌ ദുഃഖത്തിലേക്കും പരാജയത്തിലേക്കുമാണ്‌; അല്ലാതെ സന്തോഷത്തിലേക്കും വിജയത്തിലേക്കുമല്ല.​—⁠ഗലാത്യർ 6:7, 8.

തന്റെ ജീവകാലത്ത്‌ സമാനമായ പ്രശ്‌നങ്ങൾ നേരിൽ കണ്ടിട്ടുള്ള, ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവ്‌ നിശ്വസ്‌തതയിൽ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) തീർച്ചയായും, തെറ്റും ശരിയും സ്വയം തീരുമാനിച്ച്‌ ദൈവത്തിൽനിന്നും സ്വതന്ത്രമായി ജീവിക്കാനല്ല അവൻ നമ്മെ സൃഷ്ടിച്ചത്‌. നമുക്കു ശരിയെന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾ വാസ്‌തവത്തിൽ വളരെ ദോഷം ചെയ്യുന്നവ ആയിരിക്കും. “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ” എന്ന്‌ ബൈബിൾ പറയുന്നു.​—⁠സദൃശവാക്യങ്ങൾ 14:12.

നമ്മുടെ ഉള്ളിൽത്തന്നെയുള്ള ഒരു ശത്രു!

ധാർമിക കാര്യങ്ങളിൽ നമുക്ക്‌ മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ ഹൃദയത്തിനു നമ്മെ വഞ്ചിക്കാനാകും എന്നതാണ്‌ അതിന്റെ കാരണം. യിരെമ്യാവു 17:​9 (ഓശാന ബൈബിൾ) പറയുന്നതു ശ്രദ്ധിക്കൂ: “ഹൃദയം എല്ലാറ്റിനെയുംകാൾ കാപട്യപൂർണമാണ്‌; അത്യന്തം ദൂഷിതവും. ആർക്കാണ്‌ അതിനെ ഗ്രഹിക്കാൻ കഴിയുക?” ഒരാൾ കാപട്യമുള്ളവനും എന്തും ചെയ്യാൻ മടിക്കാത്തവനുമാണെന്ന്‌ അറിയാമെങ്കിൽ നിങ്ങൾ അയാളെ വിശ്വസിക്കുമോ? തീർച്ചയായും ഇല്ല! എന്നാൽ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിന്‌ ഇതേ സ്വഭാവവിശേഷങ്ങൾതന്നെ പ്രകടമാക്കാനാകും. അതുകൊണ്ടാണ്‌ ദൈവം വളച്ചുകെട്ടില്ലാതെ, സ്‌നേഹത്തോടെ നമുക്ക്‌ ഈ മുന്നറിയിപ്പു നൽകുന്നത്‌: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.”​—⁠സദൃശവാക്യങ്ങൾ 28:26.

അതേ, നമ്മുടെ വികലമായ പ്രാപ്‌തികളിൽ ആശ്രയിക്കാതെ ദൈവികജ്ഞാനത്തിന്‌ അനുസൃതമായി നടക്കുക; അതാണു നാം ചെയ്യേണ്ടത്‌. അത്‌ അനേകം അപകടങ്ങളിൽനിന്നും വീഴ്‌ചകളിൽനിന്നും നമ്മെ സംരക്ഷിക്കും. ഉത്‌കൃഷ്ടമായ ഈ ജ്ഞാനം, ആത്മാർഥമായി ആഗ്രഹിക്കുന്ന ഏവർക്കും ലഭ്യവുമാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.”​—⁠യാക്കോബ്‌ 1:⁠5.

“പൂർണ്ണഹൃദയത്തോടെ” ദൈവത്തിൽ ആശ്രയിക്ക

നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) അതേ, ഒരു പടുകൂറ്റൻ പാറ പോലെയാണ്‌ യഹോവ. നമുക്കുചുറ്റും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായാലും, പക്വമായ ആത്മീയ-ധാർമിക ബുദ്ധിയുപദേശത്തിനായി നമുക്ക്‌ യഹോവയിൽ പൂർണമായും ആശ്രയിക്കാനാകും. സദൃശവാക്യങ്ങൾ 3:5, 6 പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”

‘[നമ്മുടെ] തലയിലെ ഓരോ മുടിയിഴയും’ എണ്ണിത്തിട്ടപ്പെടുത്തുന്ന നമ്മുടെ സ്രഷ്ടാവിനെക്കാൾ മെച്ചമായി മാർഗനിർദേശങ്ങൾ നൽകാൻ മറ്റാർക്കാണു കഴിയുക? (മത്തായി 10:​30, പി.ഒ.സി. ബൈബിൾ) മാത്രമല്ല, എല്ലായ്‌പോഴും​—⁠സത്യം അംഗീകരിക്കാൻ നമുക്കു ബുദ്ധിമുട്ടുള്ള സമയങ്ങളിൽപ്പോലും​—⁠നമ്മോട്‌ സത്യസന്ധമായി പെരുമാറുന്ന സ്‌നേഹമുള്ള ഒരു യഥാർഥ സുഹൃത്താണ്‌ താനെന്ന്‌ അവൻ തെളിയിച്ചിട്ടുമുണ്ട്‌.​—⁠സങ്കീർത്തനം 141:5; സദൃശവാക്യങ്ങൾ 27:⁠6.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, തന്റെ മാർഗനിർദേശം അനുസരിക്കാൻ അവൻ ആരെയും നിർബന്ധിക്കാറില്ല എന്നതാണ്‌. പകരം അവൻ നമ്മെ സ്‌നേഹപൂർവം പ്രോത്സാഹിപ്പിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന . . . യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:17, 18) ഇത്ര സ്‌നേഹവാനായ ഒരു ദൈവത്തിന്റെ മാർഗനിർദേശം നിങ്ങൾ എപ്പോഴും ആഗ്രഹിക്കില്ലേ? മാത്രവുമല്ല, ലോകത്തിൽ ഏറ്റവും അധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകത്തിലൂടെ, തന്റെ നിശ്വസ്‌തവചനമായ ബൈബിളിലൂടെ അവൻ തന്റെ ജ്ഞാനം നമുക്ക്‌ ലഭ്യമാക്കുകയും ചെയ്‌തിരിക്കുന്നു!​—⁠2 തിമൊഥെയൊസ്‌ 3:​16, 17.

ദൈവവചനം നമ്മുടെ വഴികളെ പ്രകാശിപ്പിക്കട്ടെ

വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ച്‌ സങ്കീർത്തനക്കാരൻ എഴുതി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) കാലിനു വെളിച്ചം നൽകുന്ന ഒരു ദീപം തൊട്ടുമുമ്പിലുള്ള അപകടങ്ങൾ കാണിച്ചുതരുന്നു, എന്നാൽ പാതയ്‌ക്കു പ്രകാശം ചൊരിയുന്ന വെളിച്ചമാകട്ടെ, മുന്നിലുള്ള വഴി നമുക്കു കാണിച്ചു തരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും​—⁠വർത്തമാനകാല കാര്യങ്ങളിൽ മാത്രമല്ല, ഭാവിയിൽ നമ്മെ ബാധിച്ചേക്കാവുന്ന കാര്യങ്ങളിലും​—⁠ജ്ഞാനപൂർണവും ധാർമികമായി ശരിയായതുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചുകൊണ്ട്‌ ദൈവവചനത്തിനു ജീവിതത്തിലുടനീളം നമ്മെ വഴിനയിക്കാൻ സാധിക്കും.

ഉദാഹരണത്തിന്‌ യേശുവിന്റെ ഗിരിപ്രഭാഷണം തന്നെ എടുക്കാം. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ ചെറിയ പ്രഭാഷണത്തിൽ യേശുക്രിസ്‌തു സന്തോഷം, സ്‌നേഹം, വിദ്വേഷം, ദയ, ധാർമികത, പ്രാർഥന, സമ്പത്തു നേടാനുള്ള വ്യഗ്രത എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു. അന്നത്തെപ്പോലെതന്നെ ഇന്നും പ്രസക്തമായ കാര്യങ്ങളാണിവ. ‘പുരുഷാരത്തെ വിസ്‌മയിപ്പിക്കാൻ’ പോന്നത്ര ഉൾക്കാഴ്‌ചയുള്ള വാക്കുകളായിരുന്നു അവന്റേത്‌. (മത്തായി 7:28) അൽപ്പസമയം എടുത്ത്‌ നിങ്ങൾക്ക്‌ അതൊന്നു വായിച്ചു നോക്കാനാകുമോ? നിങ്ങളെയും അത്‌ ആഴമായി സ്വാധീനിച്ചേക്കാം.

ദൈവത്തിന്റെ സഹായത്തിനായി “ചോദിച്ചുകൊണ്ടേയിരിക്കുക”

ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. വാസ്‌തവത്തിൽ പാപത്തിനെതിരെയുള്ള നമ്മുടെ ആന്തരിക പോരാട്ടത്തെ ഒരു യുദ്ധത്തോടാണ്‌ ബൈബിൾ ഉപമിക്കുന്നത്‌. (റോമർ 7:21-24) എന്നിരുന്നാലും ദൈവത്തിന്റെ സഹായത്തോടെ നമുക്ക്‌ ആ യുദ്ധം ജയിക്കാനാകും. യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾ കണ്ടെത്തും . . . ചോദിക്കുന്ന ഏവനും ലഭിക്കും, അന്വേഷിക്കുന്ന ഏവനും കണ്ടെത്തും.” (ലൂക്കൊസ്‌ 11:9, 10, NW) ജീവങ്കലേക്കു പോകുന്ന ഇടുക്കമുള്ള വഴിയിലൂടെ നടക്കാൻ ആത്മാർഥമായ ശ്രമിക്കുന്ന ആരിൽനിന്നും യഹോവ ദൂരെ പോകില്ല.​—⁠മത്തായി 7:13, 14.

ഫ്രാങ്കിന്റെ അനുഭവം അതാണു കാണിക്കുന്നത്‌. യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഫ്രാങ്കിന്‌ കടുത്ത പുകവലി ശീലമുണ്ടായിരുന്നു. 2 കൊരിന്ത്യർ 7:1 വായിച്ചതിനുശേഷം പുകവലി ശീലം ദൈവദൃഷ്ടിയിൽ “ജഡത്തിലെ . . . കന്മഷ”മാണെന്നു മനസ്സിലാക്കിയ ഫ്രാങ്ക്‌ ഈ ദുശ്ശീലം ഉപേക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്‌തു. എന്നാൽ ആ തീരുമാനത്തിനൊത്തു പ്രവർത്തിക്കുക എളുപ്പമായിരുന്നില്ല. ഒരിക്കൽ അവൻ ഒന്നു വലിക്കാൻവേണ്ടി സിഗരറ്റുകുറ്റികൾ തിരഞ്ഞു മുറിമുഴുവൻ മുട്ടിലിഴഞ്ഞുനടന്നു!

താൻ ഈ ദുശ്ശീലത്തിന്‌ എത്ര അടിമപ്പെട്ടിരിക്കുന്നു എന്ന്‌ ലജ്ജാകരമായ ആ സംഭവം ഫ്രാങ്കിനെ ബോധ്യപ്പെടുത്തി. (റോമർ 6:16) സഹായത്തിനായി അവൻ ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിച്ചു, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ സഹോദരങ്ങളുടെ സഹവാസം പൂർണമായി പ്രയോജനപ്പെടുത്തി, ഒടുവിൽ അവന്‌ ആ ദുശ്ശീലം ഉപേക്ഷിക്കാനായി.​—⁠എബ്രായർ 10:24, 25.

ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുക

ബൈബിൾ, ആത്മീയവും ധാർമികവുമായ കാര്യങ്ങളിൽ ഉദാത്തമായ മാർഗനിർദേശങ്ങളും ഒപ്പം അതിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള പ്രേരണയും നൽകുന്നുവെന്നു കാണിക്കുന്ന നിരവധി അനുഭവങ്ങളിൽ ഒന്നുമാത്രമാണ്‌ ഫ്രാങ്കിന്റേത്‌. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു യേശു പറഞ്ഞതിൽ യാതൊരു അതിശയവുമില്ല.​—⁠മത്തായി 4:⁠4.

ദൈവത്തിന്റെ അമൂല്യമായ സത്യങ്ങൾ നാം നമ്മുടെ ഹൃദയത്തിലേറ്റുമ്പോൾ, മാനസികമായും വൈകാരികമായും ആത്മീയമായും ശാരീരികമായും നാം പ്രയോജനം അനുഭവിക്കും. സങ്കീർത്തനം 19:7, 8 പറയുന്നു: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു . . . യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്‌പന നിർമ്മലമായതു; അതു കണ്ണുകളെ [ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള പ്രത്യാശയാലും വ്യക്തമായ വീക്ഷണത്താലും] പ്രകാശിപ്പിക്കുന്നു.”

ശരിയായ ധാർമികബോധം ഉള്ളവരായിരിക്കാനും മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനും തന്റെ വചനത്തിലൂടെ യഹോവ നമ്മെ സഹായിക്കുന്നു. മാത്രമല്ല, ഭാവി സംബന്ധിച്ച്‌ അവൻ നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്നു. (യെശയ്യാവു 42:9) അടുത്ത ലേഖനത്തിൽ കാണാനാകുന്നതുപോലെ ദൈവത്തിന്റെ മാർഗനിർദേശം അനുസരിക്കുന്ന ഏവരുടെയും ഭാവി ഭാസുരമാണ്‌.

[4, 5 പേജുകളിലെ ചതുരം/ചിത്രം]

നിങ്ങളുടെ വ്യക്തിപരമായ ധാർമിക “ദിശാസൂചി”

മനുഷ്യനു വരദാനമായി ലഭിച്ച അമൂല്യമായ ഒന്നുണ്ട്‌​—⁠അവന്റെ മനസ്സാക്ഷി. അതിന്റെ ഫലമായി, എല്ലാ ദേശക്കാർക്കും ഭാഷക്കാർക്കും അവർ ഏതു കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായാലും ശരി, പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം പൊതുവായ ചില സവിശേഷതകളും ഉണ്ടായിരുന്നു. (റോമർ 2:14, 15) എന്നാൽ മനസ്സാക്ഷിയെ കണ്ണുമടച്ചങ്ങ്‌ വിശ്വസിക്കാൻ പറ്റില്ല; വ്യാജമത വിശ്വാസങ്ങൾ, തത്ത്വജ്ഞാനം, മുൻവിധികൾ, തെറ്റായ ആഗ്രഹങ്ങൾ എന്നിവയാലെല്ലാം അത്‌ സ്വാധീനിക്കപ്പെടാം. (യിരെമ്യാവു 17:9; കൊലൊസ്സ്യർ 2:8) അതുകൊണ്ട്‌ ഒരു വൈമാനികൻ തന്റെ നാവിക ഉപകരണങ്ങൾ കാലാകാലം പരിശോധിച്ച്‌ പ്രവർത്തന കൃത്യത ഉറപ്പുവരുത്തുന്നതുപോലെ, നാം നമ്മുടെ ആത്മീയ-ധാർമിക ദിശാസൂചി ‘നമ്മുടെ ന്യായദാതാവായ’ യഹോവയാം ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളോട്‌ ഒത്തുനോക്കുകയും ആവശ്യമെന്നു കണ്ടാൽ വേണ്ട പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും വേണം. (യെശയ്യാവു 33:22) തലമുറകൾ കടന്നുപോകുമ്പോൾ മാറ്റം വരുന്ന മനുഷ്യരുടെ പെരുമാറ്റച്ചട്ടം പോലെയല്ല ദൈവത്തിന്റെ തികവാർന്ന നിലവാരങ്ങൾ, അത്‌ എന്നേക്കും നിലനിൽക്കും. അവൻ അരുളിച്ചെയ്യുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.”​—⁠മലാഖി 3:⁠6.

[7-ാം പേജിലെ ചതുരം]

ജീവിതവിജയത്തിനും സന്തോഷത്തിനുമുള്ള മാർഗനിർദേശങ്ങൾ

സന്തോഷം കണ്ടെത്താൻ

“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.”​—⁠മത്തായി 5:⁠3, NW

“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.”​—⁠പ്രവൃത്തികൾ 20:​35, NW

“ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ.”​—⁠ലൂക്കൊസ്‌ 11:28.

വിശ്വാസം ആർജിക്കാൻ

“ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.”​—⁠എഫെസ്യർ 4:25.

“കള്ളൻ ഇനി കക്കാതെ . . . അദ്ധ്വാനിക്കയത്രേ വേണ്ടത്‌.”​—⁠എഫെസ്യർ 4:28.

“വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ.”​—⁠എബ്രായർ 13:⁠4.

നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”​—⁠മത്തായി 7:12.

“ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്‌നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ബഹുമാനിക്കേണ്ടതാകുന്നു,” NW].”​—⁠എഫെസ്യർ 5:​32, 33.

“അന്യോന്യം . . . ക്ഷമിക്കയും ചെയ്‌വിൻ.”​—⁠കൊലൊസ്സ്യർ 3:13.

പ്രശ്‌നങ്ങൾ ഒഴിവാക്കാനും പരിഹരിക്കാനും

‘ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌.’​—⁠റോമർ 12:17.

“സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്‌നേഹം . . . ദോഷം കണക്കിടുന്നില്ല.”​—⁠1 കൊരിന്ത്യർ 13:4, 5.

“സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌.”​—⁠എഫെസ്യർ 4:⁠26.