അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 20:1-38

20  കലഹം ശമിച്ച​പ്പോൾ, പൗലോസ്‌ ശിഷ്യ​ന്മാ​രെ വിളി​പ്പി​ച്ചു. അവർക്കു ധൈര്യം പകർന്ന​ശേഷം അവരോ​ടു യാത്ര പറഞ്ഞ്‌ മാസി​ഡോ​ണി​യ​യി​ലേക്കു പോയി.+  ആ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്‌ത്‌ അവി​ടെ​യു​ള്ള​വ​രെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പിച്ച്‌ ഒടുവിൽ പൗലോസ്‌ ഗ്രീസിൽ എത്തി.  അവിടെ മൂന്നു മാസം ചെലവ​ഴി​ച്ചു. അതിനു ശേഷം സിറി​യ​യി​ലേക്കു കപ്പൽ കയറാൻ ഒരുങ്ങിയ പൗലോസ്‌, ജൂതന്മാർ തനിക്ക്‌ എതിരെ ഒരു ഗൂഢാ​ലോ​ചന നടത്തുന്നുണ്ട്‌+ എന്ന്‌ അറിഞ്ഞ്‌ മാസി​ഡോ​ണിയ വഴി മടങ്ങി​പ്പോ​കാൻ തീരു​മാ​നി​ച്ചു.  പൗലോ​സി​ന്റെ​കൂ​ടെ ബരോ​വ​യി​ലെ പുറൊ​സി​ന്റെ മകനായ സോപ​ത്രൊ​സും തെസ്സ​ലോ​നി​ക്യ​ക്കാ​രായ അരിസ്‌തർഹോസും+ സെക്കു​ന്തൊ​സും ദർബ്ബെ​ക്കാ​ര​നായ ഗായൊ​സും തിമൊഥെയൊസും+ ഏഷ്യ സംസ്ഥാ​ന​ത്തിൽനി​ന്നുള്ള തിഹിക്കൊസും+ ത്രൊഫിമൊസും+ ഉണ്ടായി​രു​ന്നു.  അവർ ത്രോവാസിൽ+ എത്തി ഞങ്ങൾക്കു​വേണ്ടി കാത്തി​രു​ന്നു.  ഞങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനു+ ശേഷം ഫിലി​പ്പി​യിൽനിന്ന്‌ കപ്പൽ കയറി അഞ്ചു ദിവസം​കൊണ്ട്‌ ത്രോ​വാ​സിൽ അവരുടെ അടുത്ത്‌ എത്തി. അവിടെ ഞങ്ങൾ ഏഴു ദിവസം താമസി​ച്ചു.  ആഴ്‌ച​യു​ടെ ഒന്നാം ദിവസം ഞങ്ങൾ ഭക്ഷണം കഴിക്കാൻ കൂടി​വ​ന്ന​പ്പോൾ, പിറ്റേന്ന്‌ പോകു​ക​യാ​ണ​ല്ലോ എന്ന്‌ ഓർത്ത്‌ പൗലോസ്‌ അവരോ​ടു സംസാ​രി​ക്കാൻതു​ടങ്ങി. പൗലോ​സി​ന്റെ പ്രസംഗം അർധരാ​ത്രി​വരെ നീണ്ടു.  ഞങ്ങൾ കൂടിവന്ന മുകളി​ലത്തെ മുറി​യിൽ കുറെ വിളക്കു​കൾ കത്തിച്ചു​വെ​ച്ചി​രു​ന്നു.  യൂത്തി​ക്കൊസ്‌ എന്ന ഒരു യുവാവ്‌ ജനൽപ്പ​ടി​യിൽ ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു. പൗലോ​സി​ന്റെ പ്രസംഗം നീണ്ടു​പോ​യ​പ്പോൾ യൂത്തി​ക്കൊസ്‌ അവിടെ ഇരുന്ന്‌ ഉറങ്ങി​പ്പോ​യി. ഗാഢനി​ദ്ര​യി​ലായ അവൻ മൂന്നാം നിലയിൽനിന്ന്‌ താഴേക്കു വീണു. ചെന്ന്‌ എടുക്കു​മ്പോ​ഴേ​ക്കും അവൻ മരിച്ചി​രു​ന്നു. 10  പൗലോസ്‌ താഴെ ഇറങ്ങി​ച്ചെന്ന്‌ യൂത്തി​ക്കൊ​സി​ന്റെ മേൽ കിടന്ന്‌ അവനെ കെട്ടി​പ്പി​ടി​ച്ചിട്ട്‌,+ “പേടി​ക്കേണ്ടാ, ഇവന്‌ ഇപ്പോൾ ജീവനുണ്ട്‌”+ എന്നു പറഞ്ഞു. 11  പിന്നെ പൗലോസ്‌ മുകളി​ലത്തെ നിലയി​ലേക്കു പോയി ഭക്ഷണം കഴിച്ചു. നേരം വെളു​ക്കു​ന്ന​തു​വരെ അവരോ​ടു സംസാ​രി​ച്ചിട്ട്‌ അവി​ടെ​നിന്ന്‌ പോയി. 12  യൂത്തി​ക്കൊ​സി​നു ജീവൻ തിരി​ച്ചു​കി​ട്ടി​യ​തു​കൊണ്ട്‌ എല്ലാവർക്കും വലിയ ആശ്വാ​സ​മാ​യി. അവർ യൂത്തി​ക്കൊ​സി​നെ കൂട്ടി​ക്കൊ​ണ്ടു​പോ​യി. 13  ഞങ്ങൾ കപ്പലിൽ യാത്ര ചെയ്‌ത്‌ അസ്സൊ​സി​ലേക്കു പോയി. എന്നാൽ അവിടം​വരെ നടന്നു​വ​രാ​മെ​ന്നും അവി​ടെ​വെച്ച്‌ കപ്പലിൽ കയറാ​മെ​ന്നും പൗലോസ്‌ ഞങ്ങളോ​ടു പറഞ്ഞു. 14  അങ്ങനെ അസ്സൊ​സിൽവെച്ച്‌ ഞങ്ങൾ കണ്ടുമു​ട്ടി. പൗലോ​സി​നെ​യും കയറ്റി​ക്കൊണ്ട്‌ ഞങ്ങൾ മിതു​ലേ​ന​യി​ലേക്കു പോയി. 15  പിറ്റേന്ന്‌ ഞങ്ങൾ അവി​ടെ​നിന്ന്‌ യാത്ര ചെയ്‌ത്‌ ഖിയൊ​സിന്‌ അടുത്ത്‌ എത്തി. അടുത്ത ദിവസം സാമൊ​സി​ലും അതിന​ടുത്ത ദിവസം മിലേ​ത്തൊ​സി​ലും എത്തി. 16  എഫെസൊസിൽ+ ഇറങ്ങാതെ യാത്ര തുടരാൻ പൗലോസ്‌ തീരു​മാ​നി​ച്ചി​രു​ന്നു. ഏഷ്യ സംസ്ഥാ​നത്ത്‌ ഇറങ്ങി സമയം കളയാതെ എങ്ങനെ​യെ​ങ്കി​ലും പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തി​ന്റെ അന്ന്‌+ യരുശ​ലേ​മിൽ എത്താൻ പൗലോസ്‌ ആഗ്രഹി​ച്ചു.+ 17  മിലേ​ത്തൊ​സിൽനിന്ന്‌ പൗലോസ്‌ ആളയച്ച്‌ എഫെ​സൊസ്‌ സഭയിലെ മൂപ്പന്മാ​രെ വിളി​പ്പി​ച്ചു. 18  അവർ വന്നപ്പോൾ പൗലോസ്‌ അവരോ​ടു പറഞ്ഞു: “ഏഷ്യ സംസ്ഥാ​നത്ത്‌ കാലു​കു​ത്തിയ അന്നുമു​തൽ, നിങ്ങൾക്കി​ട​യിൽ ഞാൻ എങ്ങനെ​യാ​ണു ജീവി​ച്ച​തെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ.+ 19  താഴ്‌മ​യോ​ടും കണ്ണീ​രോ​ടും കൂടെ ഞാൻ കർത്താ​വി​നു​വേണ്ടി ഒരു അടിമ​യെ​പ്പോ​ലെ പണി​യെ​ടു​ത്തു.+ എനിക്ക്‌ എതിരെ ഗൂഢാ​ലോ​ചന നടത്തിയ ജൂതന്മാ​രിൽനി​ന്നുള്ള കഷ്ടതക​ളും ഞാൻ സഹിച്ചു. 20  പ്രയോ​ജ​ന​മു​ള്ള​തൊ​ന്നും മറച്ചുവെക്കാതെ* എല്ലാം ഞാൻ നിങ്ങളെ അറിയി​ച്ചു; പരസ്യമായും+ വീടു​തോ​റും നിങ്ങളെ പഠിപ്പി​ച്ചു.+ 21  മാനസാന്തരപ്പെട്ട്‌+ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തി​നെ​ക്കു​റി​ച്ചും നമ്മുടെ കർത്താ​വായ യേശു​വിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും+ ഞാൻ ജൂതന്മാ​രോ​ടും ഗ്രീക്കു​കാ​രോ​ടും നന്നായി വിശദീ​ക​രി​ച്ചു. 22  ഇപ്പോൾ ഇതാ, പരിശു​ദ്ധാ​ത്മാവ്‌ നിർബ​ന്ധി​ച്ചിട്ട്‌ ഞാൻ യരുശ​ലേ​മി​ലേക്കു പോകു​ക​യാണ്‌.+ അവിടെ എനിക്ക്‌ എന്തെല്ലാം സംഭവി​ക്കു​മെന്ന്‌ അറിയില്ല; 23  ജയിൽവാ​സ​വും കഷ്ടതക​ളും എന്നെ കാത്തിരിക്കുന്നെന്നു+ പരിശു​ദ്ധാ​ത്മാവ്‌ ഓരോ നഗരത്തി​ലും​വെച്ച്‌ എനിക്ക്‌ മുന്നറി​യി​പ്പു തരുന്നു എന്നു മാത്രം അറിയാം. 24  എന്നാൽ എന്റെ ജീവനു ഞാൻ ഒരു പ്രാധാന്യവും* കൊടു​ക്കു​ന്നില്ല. എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും+ കർത്താ​വായ യേശു എന്നെ ഏൽപ്പിച്ച ശുശ്രൂഷ+ ചെയ്‌തു​തീർക്ക​ണ​മെ​ന്നും മാത്രമേ എനിക്കു​ള്ളൂ. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി അറിയി​ക്ക​ണ​മെന്നു മാത്ര​മാണ്‌ എന്റെ ആഗ്രഹം. 25  “നിങ്ങൾക്കി​ട​യിൽ വന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗിച്ച എന്നെ ഇനി നിങ്ങൾ ആരും കാണില്ല. 26  അതു​കൊണ്ട്‌ ഒരു കാര്യം ഞാൻ വ്യക്തമാ​യി പറയു​ക​യാണ്‌: ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ഞാൻ കുറ്റക്കാ​രനല്ല.+ 27  ഒന്നും മറച്ചു​വെ​ക്കാ​തെ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​ട്ടുണ്ട്‌.+ 28  നിങ്ങ​ളെ​ക്കു​റി​ച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക.+ സ്വന്തം പുത്രന്റെ രക്തം​കൊണ്ട്‌ ദൈവം വിലയ്‌ക്കു വാങ്ങിയ+ തന്റെ സഭയെ മേയ്‌ക്കാനായി+ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളെ മേൽവിചാരകന്മാരായി+ നിയമി​ച്ചി​രി​ക്കു​ക​യാ​ണ​ല്ലോ. 29  ഞാൻ പോയ​ശേഷം, ആട്ടിൻകൂ​ട്ട​ത്തോട്‌ ആർദ്രത കാണി​ക്കാത്ത ക്രൂരരായ* ചെന്നാ​യ്‌ക്കൾ നിങ്ങൾക്കി​ട​യിൽ കടക്കുമെന്ന്‌+ എനിക്ക്‌ അറിയാം. 30  നിങ്ങൾക്കി​ട​യിൽനി​ന്നു​തന്നെ ചിലർ എഴു​ന്നേറ്റ്‌, ശിഷ്യ​ന്മാ​രെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടു​പോ​കാൻവേണ്ടി ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ക്കും.+ 31  “അതു​കൊണ്ട്‌ ജാഗ്രത പാലി​ക്കുക. മൂന്നു വർഷം+ രാവും പകലും നിറു​ത്താ​തെ നിങ്ങൾ ഓരോ​രു​ത്ത​രെ​യും ഞാൻ കണ്ണീ​രോ​ടെ ഉപദേ​ശി​ച്ചതു മറക്കരുത്‌. 32  ഇപ്പോൾ ഞാൻ നിങ്ങളെ ദൈവ​ത്തി​ലും ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള വചനത്തി​ലും ഭരമേൽപ്പി​ക്കു​ന്നു. ആ വചനം നിങ്ങൾക്കു ശക്തി നൽകു​ക​യും വിശു​ദ്ധീ​ക​രി​ക്ക​പ്പെട്ട സകല​രോ​ടും​കൂ​ടെ നിങ്ങൾക്ക്‌ അവകാശം തരുക​യും ചെയ്യും.+ 33  ആരു​ടെ​യും സ്വർണ​മോ വെള്ളി​യോ വസ്‌ത്ര​മോ ഞാൻ ആഗ്രഹി​ച്ചി​ട്ടില്ല.+ 34  എന്റെയും കൂടെ​യു​ള്ള​വ​രു​ടെ​യും ആവശ്യങ്ങൾ നിറ​വേ​റ്റാൻ എന്റെ ഈ കൈകൾത​ന്നെ​യാണ്‌ അധ്വാനിച്ചിട്ടുള്ളതെന്നു+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 35  ഇങ്ങനെ അധ്വാനിച്ചുകൊണ്ട്‌+ ബലഹീ​നരെ സഹായി​ക്ക​ണ​മെന്നു ഞാൻ നിങ്ങൾക്ക്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കാണി​ച്ചു​ത​ന്നി​ട്ടുണ്ട്‌. ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌’+ എന്നു കർത്താ​വായ യേശു പറഞ്ഞത്‌ ഓർത്തു​കൊ​ള്ളുക.” 36  ഈ കാര്യങ്ങൾ പറഞ്ഞ​ശേഷം പൗലോസ്‌ എല്ലാവ​രോ​ടു​മൊ​പ്പം മുട്ടു​കു​ത്തി​നിന്ന്‌ പ്രാർഥി​ച്ചു. 37  എല്ലാവ​രും കുറെ നേരം കരഞ്ഞു; അവർ പൗലോ​സി​നെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു. 38  അവർ ഇനി ഒരിക്ക​ലും തന്നെ കാണില്ല+ എന്നു പൗലോസ്‌ പറഞ്ഞതാണ്‌ അവരെ ഏറ്റവും സങ്കട​പ്പെ​ടു​ത്തി​യത്‌. അവർ പൗലോ​സി​ന്റെ​കൂ​ടെ കപ്പലിന്റെ അടുത്തു​വരെ ചെന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നിങ്ങൾക്കു നന്മ വരുത്തുന്ന ഒന്നും മറച്ചു​വെ​ക്കാ​തെ.”
അഥവാ “വിലയും.”
അഥവാ “പീഡക​രായ.”

പഠനക്കുറിപ്പുകൾ

ഞങ്ങൾ: പ്രവൃ 16:10; 20:5 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഈ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ ലൂക്കോസ്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ ചില ഭാഗങ്ങ​ളിൽ ‘ഞങ്ങൾ’ (പ്രവൃ 27:20) എന്ന ഉത്തമപു​രുഷ സർവനാ​മം ഉപയോ​ഗി​ച്ചാ​ണു കാര്യങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നത്‌. ഇതു സൂചി​പ്പി​ക്കു​ന്നതു പൗലോസ്‌ നടത്തിയ അനേകം യാത്ര​ക​ളിൽ ചിലതി​ലെ​ങ്കി​ലും ലൂക്കോസ്‌ പൗലോ​സി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഈ വാക്യം മുതൽ പ്രവൃ 28:16 വരെ ഉള്ള ഭാഗത്തും ലൂക്കോസ്‌ “ഞങ്ങൾ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ ലൂക്കോ​സും പൗലോ​സി​ന്റെ​കൂ​ടെ റോമി​ലേക്കു പോയി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം.

ഞങ്ങൾ: ഇവിടെ ലൂക്കോസ്‌, “ഞങ്ങൾ” എന്ന ഉത്തമപു​രുഷ സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ അദ്ദേഹം ഫിലി​പ്പി​യിൽവെച്ച്‌ വീണ്ടും പൗലോ​സി​നോ​ടൊ​പ്പം ചേർന്നു എന്നു മനസ്സി​ലാ​ക്കാം. മുമ്പ്‌ ഫിലി​പ്പി​യിൽവെച്ച്‌ ഇവർ പിരി​ഞ്ഞി​രു​ന്നു. (പ്രവൃ 16:10-17, 40) ഇപ്പോൾ അവർ ഫിലി​പ്പി​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യു​ക​യാണ്‌. യരുശ​ലേ​മിൽവെച്ച്‌ പൗലോസ്‌ പിന്നീട്‌ അറസ്റ്റി​ലാ​കു​ക​യും ചെയ്‌തു. (പ്രവൃ 20:5–21:18, 33) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ, ലൂക്കോസ്‌ തന്നെയും​കൂ​ടെ ഉൾപ്പെ​ടു​ത്തി കാര്യങ്ങൾ വിവരി​ക്കുന്ന രണ്ടാമത്തെ ഭാഗമാണ്‌ ഇത്‌.—പ്രവൃ 16:10; 27:1 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഞങ്ങൾ: പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ, പ്രവൃ 16:9 വരെ പ്രഥമ​പു​രുഷ സർവനാ​മം ഉപയോ​ഗിച്ച്‌ മാത്ര​മാ​ണു കാര്യങ്ങൾ വർണി​ച്ചി​രി​ക്കു​ന്നത്‌. അതായത്‌, എഴുത്തു​കാ​ര​നായ ലൂക്കോസ്‌ മറ്റുള്ളവർ പറഞ്ഞതും ചെയ്‌ത​തും ആയ കാര്യങ്ങൾ മാത്രമേ അതുവരെ എഴുതി​യി​ട്ടു​ള്ളൂ. എന്നാൽ പ്രവൃ 16:10-ൽ ആ ശൈലിക്ക്‌ ഒരു മാറ്റം വരുന്ന​താ​യി കാണാം. തുടർന്നുള്ള ഭാഗത്ത്‌ ലൂക്കോസ്‌ തന്നെയും​കൂ​ടെ വിവര​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ പുസ്‌ത​ക​ത്തി​ലെ പിന്നീ​ടുള്ള ചില വിവര​ണ​ങ്ങ​ളി​ലും ലൂക്കോസ്‌ “ഞങ്ങൾ” എന്ന സർവനാ​മം ഉപയോ​ഗി​ക്കു​ന്നുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സംഭവങ്ങൾ നടക്കു​മ്പോൾ പൗലോ​സി​ന്റെ​യും കൂട്ടാ​ളി​ക​ളു​ടെ​യും കൂടെ ലൂക്കോ​സും ഉണ്ടായി​രു​ന്നു. (പ്രവൃ 1:1-ന്റെ പഠനക്കു​റി​പ്പുംപ്രവൃ​ത്തി​കൾ—ആമുഖം” എന്നതും കാണുക.) ഏതാണ്ട്‌ എ.ഡി. 50-ൽ പൗലോസ്‌ ത്രോ​വാ​സിൽനിന്ന്‌ ഫിലി​പ്പി​യി​ലേക്കു പോയ​പ്പോ​ഴാ​ണു ലൂക്കോസ്‌ ആദ്യമാ​യി പൗലോ​സി​നെ അനുഗ​മി​ക്കു​ന്നത്‌. എന്നാൽ പൗലോസ്‌ ഫിലിപ്പി വിട്ട​പ്പോൾ ലൂക്കോസ്‌ കൂടെ​യി​ല്ലാ​യി​രു​ന്നു.—പ്രവൃ 16:10-17, 40; പ്രവൃ 20:5; 27:1 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം: പദാവലി കാണുക.—അനു. ബി15 കാണുക.

അപ്പം നുറുക്കി: പരന്ന അപ്പമാണു മിക്ക​പ്പോ​ഴും ഉണ്ടാക്കി​യി​രു​ന്നത്‌. അതു നല്ല കട്ടിയാ​കു​ന്ന​തു​വരെ ചുടും. അതു​കൊണ്ട്‌ കഴിക്കു​ന്ന​തി​നു മുമ്പ്‌ അപ്പം നുറു​ക്കു​ന്നത്‌ അന്നത്തെ ഒരു രീതി​യാ​യി​രു​ന്നു.​—മത്ത 15:36; 26:26; മർ 6:41; 8:6; ലൂക്ക 9:16.

ഒരു അപ്പം എടുത്ത്‌ . . . നുറുക്കി: പുരാ​ത​ന​കാല മധ്യപൂർവ​ദേ​ശത്ത്‌ ഉണ്ടാക്കി​യി​രുന്ന അപ്പം സാധാ​ര​ണ​ഗ​തി​യിൽ കനം കുറഞ്ഞ​താ​യി​രു​ന്നു. പുളി​പ്പി​ക്കാ​ത്ത​താ​ണെ​ങ്കിൽ അവ എളുപ്പം ഒടിയു​മാ​യി​രു​ന്നു. യേശു അപ്പം നുറുക്കിയതിന്‌, ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥങ്ങൾ ഉണ്ടായി​രു​ന്നില്ല. സാധാ​ര​ണ​യാ​യി എല്ലാവ​രും അങ്ങനെ​യാണ്‌ അത്തരം അപ്പം പങ്കിട്ടി​രു​ന്നത്‌.​—മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക.

ഭക്ഷണം കഴിക്കാൻ: അക്ഷ. “അപ്പം നുറു​ക്കാൻ (ഒടിക്കാൻ).” പുരാതന മധ്യപൂർവ​ദേ​ശത്തെ പ്രധാ​ന​പ്പെട്ട ആഹാര​മാ​യി​രു​ന്നു അപ്പം. പിൽക്കാ​ലത്ത്‌ എല്ലാ തരം ഭക്ഷണവും ഈ പേരിൽ അറിയ​പ്പെ​ടാൻതു​ടങ്ങി. ആളുകൾ മിക്ക​പ്പോ​ഴും പരന്ന അപ്പമാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. അതു നല്ല കട്ടിയാ​കു​ന്ന​തു​വരെ ചുടും. അതു​കൊണ്ട്‌ അതു കത്തി​കൊണ്ട്‌ മുറി​ക്കു​ന്ന​തി​നു പകരം കൈ​കൊണ്ട്‌ ഒടി​ച്ചെ​ടു​ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. ഇക്കാര​ണ​ത്താൽത്തന്നെ കഴിക്കു​ന്ന​തി​നു മുമ്പ്‌ അപ്പം ഒടിക്കു​ന്നത്‌ അഥവാ നുറു​ക്കു​ന്നത്‌ അന്നത്തെ ഒരു സാധാ​ര​ണ​രീ​തി​യാ​യി​രു​ന്നു. യേശു​വും പലപ്പോ​ഴും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. (മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക; മത്ത 15:36-ഉം ലൂക്ക 24:30-ഉം കൂടെ കാണുക.) യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോൾ അപ്പം എടുത്ത്‌ നുറു​ക്കി​യ​താ​യി നമ്മൾ വായി​ക്കു​ന്നു. യേശു ആ ചെയ്‌ത​തിന്‌ ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല. കാരണം അത്‌ എല്ലാവ​രും ചെയ്‌തി​രുന്ന കാര്യ​മാണ്‌. (മത്ത 26:26-ന്റെ പഠനക്കു​റി​പ്പു കാണുക.) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന ചില സ്ഥലങ്ങളിൽ അതു കർത്താ​വി​ന്റെ അത്താഴ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. (പ്രവൃ 2:42, 46; 20:7, 11) എന്നാൽ സാധാ​ര​ണ​ഗ​തി​യിൽ കർത്താ​വി​ന്റെ അത്താഴ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നി​ട​ത്തെ​ല്ലാം അപ്പം നുറു​ക്കു​ന്ന​തി​നൊ​പ്പം പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും​കൂ​ടെ പറയാ​റുണ്ട്‌. (മത്ത 26:26-28; മർ 14:22-25; ലൂക്ക 22:19, 20; 1കൊ 10:16-21; 11:23-26) ഈ രണ്ടു കാര്യ​വും ഒരു​പോ​ലെ പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌ പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയാതെ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മാത്രം പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ അതു കർത്താ​വി​ന്റെ അത്താഴ​ത്തെയല്ല മറിച്ച്‌ ഒരു സാധാരണ ഭക്ഷണത്തെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. മാത്രമല്ല, തന്റെ മരണത്തി​ന്റെ ഓർമ വർഷത്തിൽ ഒന്നില​ധി​കം പ്രാവ​ശ്യം ആചരി​ക്കാൻ യേശു പ്രതീ​ക്ഷി​ച്ചു​മില്ല. കാരണം വർഷത്തിൽ ഒരു പ്രാവ​ശ്യം മാത്രം ആഘോ​ഷി​ച്ചി​രുന്ന പെസഹ​യു​ടെ സ്ഥാനത്താണ്‌ യേശു അത്‌ ഏർപ്പെ​ടു​ത്തി​യത്‌.

ഇവന്‌ ഇപ്പോൾ ജീവനുണ്ട്‌: അഥവാ “അവന്റെ ദേഹി (അതായത്‌, “ജീവൻ”) അവനി​ലുണ്ട്‌.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ആ ചെറു​പ്പ​ക്കാ​രന്‌ അവന്റെ ജീവൻ തിരി​ച്ചു​കി​ട്ടി. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “ഒരാളു​ടെ ജീവൻ” എന്നാണ്‌ അർഥം. ഇവി​ടെ​യും ആ പദത്തിന്റെ അർഥം അതുത​ന്നെ​യാണ്‌.—മത്ത 6:25; 10:39; 16:25, 26; ലൂക്ക 12:20; യോഹ 10:11, 15; 13:37, 38; 15:13.

ഭക്ഷണം കഴിക്കാൻ: അക്ഷ. “അപ്പം നുറു​ക്കാൻ (ഒടിക്കാൻ).” പുരാതന മധ്യപൂർവ​ദേ​ശത്തെ പ്രധാ​ന​പ്പെട്ട ആഹാര​മാ​യി​രു​ന്നു അപ്പം. പിൽക്കാ​ലത്ത്‌ എല്ലാ തരം ഭക്ഷണവും ഈ പേരിൽ അറിയ​പ്പെ​ടാൻതു​ടങ്ങി. ആളുകൾ മിക്ക​പ്പോ​ഴും പരന്ന അപ്പമാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. അതു നല്ല കട്ടിയാ​കു​ന്ന​തു​വരെ ചുടും. അതു​കൊണ്ട്‌ അതു കത്തി​കൊണ്ട്‌ മുറി​ക്കു​ന്ന​തി​നു പകരം കൈ​കൊണ്ട്‌ ഒടി​ച്ചെ​ടു​ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. ഇക്കാര​ണ​ത്താൽത്തന്നെ കഴിക്കു​ന്ന​തി​നു മുമ്പ്‌ അപ്പം ഒടിക്കു​ന്നത്‌ അഥവാ നുറു​ക്കു​ന്നത്‌ അന്നത്തെ ഒരു സാധാ​ര​ണ​രീ​തി​യാ​യി​രു​ന്നു. യേശു​വും പലപ്പോ​ഴും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. (മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക; മത്ത 15:36-ഉം ലൂക്ക 24:30-ഉം കൂടെ കാണുക.) യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോൾ അപ്പം എടുത്ത്‌ നുറു​ക്കി​യ​താ​യി നമ്മൾ വായി​ക്കു​ന്നു. യേശു ആ ചെയ്‌ത​തിന്‌ ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല. കാരണം അത്‌ എല്ലാവ​രും ചെയ്‌തി​രുന്ന കാര്യ​മാണ്‌. (മത്ത 26:26-ന്റെ പഠനക്കു​റി​പ്പു കാണുക.) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന ചില സ്ഥലങ്ങളിൽ അതു കർത്താ​വി​ന്റെ അത്താഴ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. (പ്രവൃ 2:42, 46; 20:7, 11) എന്നാൽ സാധാ​ര​ണ​ഗ​തി​യിൽ കർത്താ​വി​ന്റെ അത്താഴ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നി​ട​ത്തെ​ല്ലാം അപ്പം നുറു​ക്കു​ന്ന​തി​നൊ​പ്പം പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും​കൂ​ടെ പറയാ​റുണ്ട്‌. (മത്ത 26:26-28; മർ 14:22-25; ലൂക്ക 22:19, 20; 1കൊ 10:16-21; 11:23-26) ഈ രണ്ടു കാര്യ​വും ഒരു​പോ​ലെ പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌ പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയാതെ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മാത്രം പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ അതു കർത്താ​വി​ന്റെ അത്താഴ​ത്തെയല്ല മറിച്ച്‌ ഒരു സാധാരണ ഭക്ഷണത്തെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. മാത്രമല്ല, തന്റെ മരണത്തി​ന്റെ ഓർമ വർഷത്തിൽ ഒന്നില​ധി​കം പ്രാവ​ശ്യം ആചരി​ക്കാൻ യേശു പ്രതീ​ക്ഷി​ച്ചു​മില്ല. കാരണം വർഷത്തിൽ ഒരു പ്രാവ​ശ്യം മാത്രം ആഘോ​ഷി​ച്ചി​രുന്ന പെസഹ​യു​ടെ സ്ഥാനത്താണ്‌ യേശു അത്‌ ഏർപ്പെ​ടു​ത്തി​യത്‌.

ഭക്ഷണം കഴിച്ചു: അക്ഷ. “അപ്പം നുറുക്കി കഴിച്ചു.”—പ്രവൃ 20:7-ന്റെ പഠനക്കു​റി​പ്പു കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌, ഒരു സമൂഹ​ത്തി​ലോ രാഷ്‌ട്ര​ത്തി​ലോ അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാണ്‌. പുരാതന ഇസ്രാ​യേ​ലി​ലെ നഗരങ്ങ​ളിൽ, നേതൃ​ത്വ​മെ​ടു​ക്കാ​നും ഭരണകാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്താ​നും ആത്മീയാർഥ​ത്തിൽ പ്രായ​മേ​റിയ, അഥവാ ആത്മീയ​പ​ക്വ​ത​യുള്ള, പുരു​ഷ​ന്മാ​രു​ടെ സംഘങ്ങൾ ഉണ്ടായി​രു​ന്നു. അതു​പോ​ലെ എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​ക​ളി​ലും ആത്മീയാർഥ​ത്തിൽ പ്രായ​മേ​റിയ, അഥവാ ആത്മീയ​പ​ക്വ​ത​യുള്ള, പുരു​ഷ​ന്മാർ സേവി​ച്ചി​രു​ന്നു. എഫെ​സൊ​സി​ലെ മൂപ്പന്മാ​രു​മാ​യി പൗലോസ്‌ കൂടി​ക്കാഴ്‌ച നടത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള ഈ വിവര​ണ​ത്തിൽനിന്ന്‌, ആ സഭയിൽ ഒന്നില​ധി​കം മൂപ്പന്മാ​രു​ണ്ടാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാം. ഓരോ സഭയി​ലെ​യും മൂപ്പന്മാ​രു​ടെ എണ്ണം അവിടെ ആത്മീയ​പ​ക്വ​ത​യു​ള്ള​വ​രാ​യി യോഗ്യത നേടുന്ന പുരു​ഷ​ന്മാ​രു​ടെ എണ്ണത്തെ ആശ്രയി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. (1തിമ 3:1-7; തീത്ത 1:5-8) പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ ആദ്യത്തെ കത്തിൽ (സാധ്യ​ത​യ​നു​സ​രിച്ച്‌ തിമൊ​ഥെ​യൊസ്‌ അപ്പോൾ എഫെ​സൊ​സി​ലാ​യി​രു​ന്നു.) ‘മൂപ്പന്മാ​രു​ടെ സംഘ​ത്തെ​ക്കു​റിച്ച്‌’ പറയു​ന്ന​താ​യി കാണാം.—1തിമ 1:3; 4:14; അനു. ബി13 കാണുക.

താഴ്‌മ: അഹങ്കാ​ര​വും ഗർവും ഇല്ലാതി​രി​ക്കു​ന്ന​താ​ണു താഴ്‌മ. ദൈവ​ത്തോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള താരത​മ്യ​ത്തിൽ ഒരാൾ തന്നെത്തന്നെ എങ്ങനെ കാണുന്നു എന്നതാണു താഴ്‌മ​യു​ടെ അളവു​കോൽ. അതൊരു ബലഹീ​ന​തയല്ല, പകരം ദൈവം ഇഷ്ടപ്പെ​ടുന്ന ഒരു മാനസി​ക​ഭാ​വ​മാണ്‌. ക്രിസ്‌ത്യാ​നി​കൾ ശരിക്കും താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ അവർക്കു മറ്റുള്ള​വ​രു​മാ​യി യോജി​ച്ചു​പോ​കാ​നാ​കും. (എഫ 4:2; ഫിലി 2:3; കൊലോ 3:12; 1പത്ര 5:5) റ്റപെ​നൊ​ഫ്രൊ​സൂ​നെ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ “താഴ്‌മ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണുന്ന ഈ പദം “എളിയ​താ​ക്കുക” എന്ന്‌ അർഥമുള്ള റ്റപെനോ എന്ന പദത്തിൽനി​ന്നും “മനസ്സ്‌” എന്ന്‌ അർഥമുള്ള ഫ്രെൻ എന്ന പദത്തിൽനി​ന്നും വന്നിരി​ക്കു​ന്ന​താണ്‌. അതു​കൊ​ണ്ടു​തന്നെ ഈ പദത്തിന്റെ അക്ഷരാർഥം “എളിയ മനസ്സുള്ള” എന്നാണ്‌. ഇതി​നോ​ടു ബന്ധമുള്ള റ്റപെ​നൊസ്‌ എന്ന പദത്തെ​യും ‘താഴ്‌മ​യുള്ള’ (മത്ത 11:29; യാക്ക 4:6; 1പത്ര 5:5) എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—മത്ത 11:29-ന്റെ പഠനക്കു​റി​പ്പു കാണുക.

താഴ്‌മ​യു​ള്ള​വൻ: “താഴ്‌മ” എന്നതിന്റെ ഗ്രീക്കു​പദം ഹൃദയ​ത്തിൽ എളിമ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നെ, ഉന്നതഭാ​വം ഇല്ലാതി​രി​ക്കു​ന്ന​തി​നെ ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇതേ പദംത​ന്നെ​യാ​ണു യാക്ക 4:6-ലും 1പത്ര 5:5-ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഒരാളു​ടെ പ്രകൃ​ത​ത്തിൽനി​ന്നും ദൈവ​ത്തോ​ടും മറ്റു മനുഷ്യ​രോ​ടും ഉള്ള മനോ​ഭാ​വ​ത്തിൽനി​ന്നും ആ വ്യക്തി​യു​ടെ ആലങ്കാ​രി​ക​ഹൃ​ദയം എങ്ങനെ​യു​ള്ള​താ​ണെന്നു വായി​ച്ചെ​ടു​ക്കാം.

വീടു​തോ​റും: അഥവാ “പലപല വീടു​ക​ളിൽ.” പൗലോസ്‌ അവരുടെ വീടു​ക​ളിൽ ചെന്നത്‌ “മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തി​നെ​ക്കു​റി​ച്ചും നമ്മുടെ കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും” അവരെ പഠിപ്പി​ക്കാ​നാ​യി​രു​ന്നെന്നു തൊട്ട​ടുത്ത വാക്യം സൂചി​പ്പി​ക്കു​ന്നു. (പ്രവൃ 20:21) അതി​നോ​ടകം വിശ്വാ​സി​ക​ളാ​യി​ത്തീർന്ന സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പൗലോസ്‌ നടത്തിയ സൗഹൃ​ദ​സ​ന്ദർശ​നങ്ങൾ മാത്ര​മാ​യി​രു​ന്നോ അത്‌? അല്ല. കാരണം, ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നവ​രെ​ല്ലാം അതി​നോ​ടകം മാനസാ​ന്ത​ര​പ്പെട്ട്‌ യേശു​വിൽ വിശ്വാ​സ​മർപ്പി​ച്ചി​രു​ന്നു. പുതിയ നിയമ​ത്തി​ലെ വാങ്‌മ​യ​ചി​ത്രങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡോ. എ. ടി. റോബർട്ട്‌സൺ പ്രവൃ 20:20-നെക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സുവി​ശേ​ഷ​ക​രിൽ പ്രമു​ഖ​നായ ഇദ്ദേഹം വീടു​ക​ളിൽ പോയതു വെറു​മൊ​രു സൗഹൃ​ദ​സ​ന്ദർശ​ന​ത്തി​നാ​യി​രു​ന്നില്ല, പകരം സുവി​ശേഷം അറിയി​ക്കാ​നാ​യി​രു​ന്നു.” (1930, വാല്യം III, പേ. 349-350) ഇനി, പ്രവൃ 20:20-ലെ പൗലോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ വ്യാഖ്യാ​ന​ത്തോ​ടു​കൂ​ടിയ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം (ഇംഗ്ലീഷ്‌) (1844) എന്ന ഗ്രന്ഥത്തിൽ അബിയേൽ അബൊട്ട്‌ ലിവർമോർ പറഞ്ഞത്‌ ഇതാണ്‌: “പൊതു​സ​ദ​സ്സു​ക​ളിൽ മാത്രം സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ട്ടി​രുന്ന ആളല്ലാ​യി​രു​ന്നു അദ്ദേഹം. . . . തനിക്കു ചെയ്യാ​നുള്ള മഹത്തായ വേല അദ്ദേഹം തീക്ഷ്‌ണ​ത​യോ​ടെ വീടു​തോ​റും കയറി​യി​റ​ങ്ങി​യും ചെയ്‌തു. അക്ഷരാർഥ​ത്തിൽ അദ്ദേഹം എഫെ​സൊ​സു​കാ​രു​ടെ വീടു​ക​ളി​ലും ഹൃദയ​ങ്ങ​ളി​ലും സ്വർഗീ​യ​സ​ത്യ​ങ്ങൾ എത്തിച്ചു.” (പേ. 270)—കറ്റൊ​യ്‌കോസ്‌ (അക്ഷ. “വീടു​ക​ള​നു​സ​രിച്ച്‌.”) എന്ന ഗ്രീക്കു പദപ്രയോഗത്തിന്റെ വിശദീ​ക​ര​ണ​ത്തി​നാ​യി പ്രവൃ 5:42-ന്റെ പഠനക്കു​റി​പ്പു കാണുക.

വീടു​തോ​റും: ഇവിടെ കാണുന്ന കറ്റൊ​യ്‌കോൻ എന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “വീടു​ക​ള​നു​സ​രിച്ച്‌” എന്നാണ്‌. അതിലെ കറ്റാ എന്ന പദത്തിന്‌ “ഓരോ​ന്നാ​യി” എന്ന അർഥമു​ണ്ടെന്നു പല നിഘണ്ടു​ക്ക​ളും പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം ‘ഒരു വീടിനു ശേഷം മറ്റൊന്ന്‌ എന്ന രീതി​യിൽ . . . വീടു​തോ​റും’ എന്നാ​ണെന്ന്‌ ഒരു നിഘണ്ടു പറയുന്നു. (പുതിയ നിയമ​ത്തി​ന്റെ​യും മറ്റ്‌ ആദിമ ക്രിസ്‌തീയ സാഹി​ത്യ​ത്തി​ന്റെ​യും ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടു, മൂന്നാം പതിപ്പ്‌) കറ്റാ എന്ന പദത്തിന്റെ അർഥം “ഓരോ​ന്നാ​യി [പ്രവൃ 2:46; 5:42: . . . വീടു​തോ​റും/(ഓരോ​രോ) വീടു​ക​ളിൽ . . .]” എന്നുത​ന്നെ​യാ​ണെന്നു മറ്റൊരു ഗ്രന്ഥവും അഭി​പ്രാ​യ​പ്പെ​ടു​ന്നു. [പുതി​യ​നി​യമ വിശദീ​കരണ നിഘണ്ടു (ഇംഗ്ലീഷ്‌), ഹോഴ്‌സ്റ്റ്‌ ബാൾസും ജെറാഡ്‌ ഷ്‌നെ​യ്‌ഡ​റും തയ്യാറാ​ക്കി​യത്‌] ബൈബിൾപ​ണ്ഡി​ത​നായ ആർ. സി. എച്ച്‌. ലെൻസ്‌കി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “അപ്പോ​സ്‌ത​ല​ന്മാർ അനുഗൃ​ഹീ​ത​മായ ആ പ്രവർത്തനം ഒരു നിമി​ഷം​പോ​ലും നിറു​ത്തി​യില്ല. ‘ദിവസ​വും’ അവർ അതു ചെയ്‌തു, അതും ‘ദേവാ​ല​യ​ത്തിൽ’ സൻഹെ​ദ്രി​ന്റെ​യും ദേവാ​ല​യ​പോ​ലീ​സി​ന്റെ​യും കൺമു​ന്നിൽവെച്ച്‌. അതിനു പുറമേ κατ’ οἴκον (കറ്റൊ​യ്‌കോൻ) എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌ അവർ ‘വീടു​തോ​റും’ കയറി​യി​റങ്ങി പ്രസം​ഗി​ക്കു​ക​യും ചെയ്‌തു എന്നാണ്‌. അല്ലാതെ അവർ ഏതെങ്കി​ലും ഒരു ‘വീട്ടിൽവെച്ച്‌’ ആളുക​ളോ​ടു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നില്ല.” (അപ്പോ​സ്‌ത​ല​പ്ര​വൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിന്‌ ഒരു വ്യാഖ്യാ​നം (ഇംഗ്ലീഷ്‌), 1961) ഈ ഗ്രന്ഥങ്ങ​ളെ​ല്ലാം സൂചി​പ്പി​ക്കു​ന്നതു ശിഷ്യ​ന്മാ​രു​ടെ പ്രസം​ഗ​പ്ര​വർത്തനം വീടു​തോ​റും കയറി​യി​റ​ങ്ങി​യാ​യി​രു​ന്നു എന്നാണ്‌. യേശു “നഗരം​തോ​റും ഗ്രാമം​തോ​റും” പ്രസം​ഗ​പ്ര​വർത്തനം നടത്തി​യെന്നു പറയുന്ന ലൂക്ക 8:1-ലും കറ്റാ എന്ന ഗ്രീക്കു​പദം ഇതേ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആളുകളെ വീടു​ക​ളിൽ നേരിട്ട്‌ ചെന്ന്‌ കാണുന്ന ഈ രീതി നല്ല ഫലം കണ്ടു.—പ്രവൃ 6:7; പ്രവൃ 4:16, 17-ഉം 5:28-ഉം താരത​മ്യം ചെയ്യുക.

നിർബ​ന്ധി​ച്ചിട്ട്‌: അഥവാ “ബന്ധിത​നാ​യി.” യരുശ​ലേ​മി​ലേക്കു പോകാൻ ദൈവാ​ത്മാവ്‌ പ്രേരി​പ്പി​ച്ച​പ്പോൾ അതിനു വഴങ്ങാൻ പൗലോ​സി​നു കടപ്പാ​ടും മനസ്സൊ​രു​ക്ക​വും തോന്നി.

എന്റെ ജീവൻ: അഥവാ “എന്റെ ദേഹി.” സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ഒരാളു​ടെ ജീവ​നെ​യാ​ണു കുറി​ക്കു​ന്നത്‌.—പദാവ​ലി​യിൽ “ദേഹി” കാണുക.

ദൈവ​രാ​ജ്യം: അക്ഷ. “രാജ്യം.” മുഴു​ബൈ​ബി​ളി​ന്റെ​യും കേന്ദ്ര​വി​ഷ​യ​മായ ദൈവ​രാ​ജ്യം, പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലു​ട​നീ​ളം തെളി​ഞ്ഞു​നിൽക്കു​ന്ന​താ​യി കാണാം. (പ്രവൃ 1:3; 8:12; 14:22; 19:8; 20:25; 28:23, 31) ലാറ്റിൻ വൾഗേ​റ്റും സുറി​യാ​നി പ്‌ശീ​ത്താ​യും പോലുള്ള ചില ആദ്യകാല പരിഭാ​ഷ​ക​ളി​ലും ഇവിടെ കാണു​ന്നതു “ദൈവ​രാ​ജ്യം” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു എബ്രാ​യ​പ​രി​ഭാ​ഷ​യിൽ (അനു. സി4-ൽ J17 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ആ പദപ്ര​യോ​ഗത്തെ “യഹോ​വ​യു​ടെ രാജ്യം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താം.

പ്രസം​ഗിച്ച: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാ​നാർഥം “പരസ്യ​മാ​യി ഒരു കാര്യം അറിയി​ച്ചു​കൊണ്ട്‌ അതു പ്രസി​ദ്ധ​മാ​ക്കുക” എന്നാണ്‌. സന്ദേശം അറിയി​ക്കുന്ന രീതി​ക്കാണ്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌. ഒരിടത്ത്‌ കൂടി​വ​ന്നി​രി​ക്കുന്ന ഒരു പ്രത്യേ​ക​സ​ദ​സ്സി​നെ മാത്രം അഭിസം​ബോ​ധന ചെയ്‌ത്‌ നടത്തുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കാൾ, ഒരു കാര്യം പരസ്യ​മാ​യി എല്ലാവ​രെ​യും അറിയി​ക്കു​ന്ന​തി​നെ​യാണ്‌ ഇതു പൊതു​വേ അർഥമാ​ക്കു​ന്നത്‌. ക്രിസ്‌ത്യാ​നി​കൾ ആളുകളെ അറിയി​ച്ചു​കൊ​ണ്ടി​രുന്ന സന്ദേശ​ത്തി​ന്റെ കേന്ദ്ര​വി​ഷയം അപ്പോ​ഴും ‘ദൈവ​രാ​ജ്യം’തന്നെയാ​യി​രു​ന്നു.—പ്രവൃ 28:31.

ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ഞാൻ കുറ്റക്കാ​രനല്ല: പൗലോസ്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഒരു വീഴ്‌ച​യും വരുത്താ​ഞ്ഞ​തു​കൊണ്ട്‌ അദ്ദേഹം ദൈവ​മു​മ്പാ​കെ ആരു​ടെ​യും രക്തം സംബന്ധിച്ച്‌ കുറ്റക്കാ​ര​ന​ല്ലാ​യി​രു​ന്നു. സന്തോ​ഷ​വാർത്ത​യിൽ അടങ്ങി​യി​രുന്ന ജീവര​ക്ഷാ​ക​ര​മായ വിവരങ്ങൾ അദ്ദേഹം ആരിൽനി​ന്നും മറച്ചു​വെ​ച്ചില്ല. (പ്രവൃ 18:6; യഹ 33:6-8 താരത​മ്യം ചെയ്യുക.) ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ദി​വ​സ​ത്തിൽ എഫെ​സൊ​സി​ലെ ശിഷ്യ​ന്മാ​രിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ട​രു​തെന്ന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ ‘ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴു​വ​നും’ അവരെ അറിയി​ച്ചു. (പ്രവൃ 20:27) ഒരു ക്രിസ്‌ത്യാ​നി കൊല​പാ​തകം നടത്തു​ക​യോ മറ്റ്‌ ഏതെങ്കി​ലും വിധത്തിൽ ഒരാളു​ടെ ജീവഹാ​നി​ക്കു കാരണ​ക്കാ​ര​നാ​കു​ക​യോ ചെയ്‌താ​ലും അയാൾ ദൈവ​മു​മ്പാ​കെ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം ഏൽക്കേ​ണ്ടി​വ​രും. അതിൽ ‘ബാബി​ലോൺ എന്ന മഹതി’പോലുള്ള സംഘട​ന​ക​ളു​ടെ​യോ (വെളി 17:6; 18:2, 4) നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​ഞ്ഞി​ട്ടുള്ള മറ്റു സംഘട​ന​ക​ളു​ടെ​യോ (വെളി 16:5, 6; യശ 26:20, 21 താരത​മ്യം ചെയ്യുക.) പ്രവർത്ത​ന​ങ്ങളെ നേരി​ട്ടോ അല്ലാ​തെ​യോ പിന്തു​ണ​യ്‌ക്കു​ന്ന​തും ഉൾപ്പെ​ട്ടേ​ക്കാം. ഇനി, രക്തം ഭക്ഷിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യു​ന്ന​തും നമ്മളെ ദൈവ​മു​മ്പാ​കെ രക്തം സംബന്ധിച്ച്‌ കുറ്റക്കാ​രാ​ക്കും.—പ്രവൃ 15:20.

ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ: അഥവാ “ദൈവ​ത്തി​ന്റെ ഉപദേശം മുഴുവൻ.” ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ ചെയ്യാൻ ഉദ്ദേശി​ച്ചി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും​കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. മനുഷ്യർക്കു രക്ഷ നേടാൻ ആവശ്യ​മെന്നു ദൈവം കണ്ടിരി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഈ ഉപദേ​ശ​ത്തിൽ ഉൾപ്പെ​ടും. (പ്രവൃ 20:25) ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കു​പ​ദത്തെ ലൂക്ക 7:30-ന്റെ അടിക്കു​റി​പ്പിൽ ‘ഉപദേശം’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—അനു. ബി13 കാണുക.

ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക: അഥവാ “ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക.” തന്റെ ആട്ടിൻകൂ​ട്ട​ത്തി​ലെ ഓരോ ആടും യഹോ​വ​യ്‌ക്കു പ്രിയ​പ്പെ​ട്ട​താണ്‌. കാരണം ‘സ്വന്തം പുത്രന്റെ രക്തം​കൊ​ണ്ടാണ്‌’ ദൈവം അവരെ വിലയ്‌ക്കു വാങ്ങി​യത്‌. അതിലും വലി​യൊ​രു വില നൽകാൻ യഹോ​വ​യ്‌ക്കാ​കു​മാ​യി​രു​ന്നില്ല. യഹോവ തന്റെ ആടുകളെ ഇത്ര​യേറെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ താഴ്‌മ​യുള്ള മേൽവി​ചാ​ര​ക​ന്മാർ ആട്ടിൻകൂ​ട്ട​ത്തി​ലെ ഓരോ ആടി​ന്റെ​യും ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കും.—1പത്ര 5:1-3.

സ്വന്തം പുത്രന്റെ രക്തം​കൊണ്ട്‌: അക്ഷ. “സ്വന്തം (ആയവന്റെ) രക്തം​കൊണ്ട്‌.” ഇവിടെ കാണുന്ന പദപ്ര​യോ​ഗത്തെ ഗ്രീക്കു​വ്യാ​ക​ര​ണ​മ​നു​സ​രിച്ച്‌ “സ്വന്തം രക്തം​കൊണ്ട്‌” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. എന്നാൽ ഇവിടെ വാക്യ​സ​ന്ദർഭ​വും കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. ഗ്രീക്കിൽ ഹോ ഇഡി​യൊസ്‌ (“സ്വന്തം.”) എന്ന പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പം ഒരു നാമമോ സർവനാ​മ​മോ ഉപയോ​ഗി​ച്ചി​ല്ലെ​ങ്കിൽപ്പോ​ലും അത്‌ ആരെയാണ്‌ ഉദ്ദേശി​ക്കു​ന്ന​തെന്നു വ്യക്തമാ​കും. ആ പദം അത്തരത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌ യോഹ 1:11 (‘സ്വന്തം വീട്‌’); യോഹ 13:1 (“സ്വന്തമാ​യുള്ള”) എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ. ബൈബി​ളേതര ഗ്രീക്കു പപ്പൈ​റസ്‌ രേഖക​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു വളരെ അടുപ്പ​മുള്ള ഉറ്റ ബന്ധുക്കളെ കുറി​ക്കാ​നാണ്‌. ഈ വാക്യ​ത്തി​ന്റെ ഗ്രീക്കു​പാ​ഠം വായി​ക്കുന്ന ഒരാൾക്കു “സ്വന്തം” എന്ന പദത്തിനു ശേഷം ഏകവച​ന​ത്തി​ലുള്ള ഒരു നാമം വരേണ്ട​തു​ണ്ടെന്നു വാക്യ​സ​ന്ദർഭ​ത്തിൽനി​ന്നു​തന്നെ വ്യക്തമാ​കും. ആ നാമപദം ദൈവ​ത്തി​ന്റെ ഏകജാ​ത​മ​ക​നായ യേശു​ക്രി​സ്‌തു​വി​നെ​യാ​ണു കുറി​ക്കു​ന്ന​തെ​ന്നും അവർക്കു മനസ്സി​ലാ​കും. കാരണം രക്തം ചൊരി​ഞ്ഞ​യാൾ യേശു​വാണ്‌. അതു​കൊണ്ട്‌, ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ “പുത്രൻ” എന്നൊരു വാക്ക്‌ ഇല്ലെങ്കി​ലും ഇവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്നതു പുത്ര​നെ​ത്ത​ന്നെ​യാ​ണെ​ന്നും അതിനാൽത്തന്നെ ഈ ഭാഗം “സ്വന്തം പുതന്റെ രക്തം​കൊണ്ട്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​മെ​ന്നും പല പണ്ഡിത​ന്മാ​രും പരിഭാ​ഷ​ക​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദൈവം: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “കർത്താവ്‌” എന്നാണു കാണു​ന്നത്‌. എന്നാൽ “ദൈവം” എന്ന പദം ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാ​ണു കൂടുതൽ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പിന്തു​ണ​യ്‌ക്കു​ന്നത്‌. മൂലപാ​ഠ​ത്തി​ലു​ണ്ടാ​യി​രു​ന്നതു “ദൈവം” എന്ന പദംത​ന്നെ​യാണ്‌ എന്നതി​നോ​ടു പല പണ്ഡിത​ന്മാ​രും യോജി​ക്കു​ന്നു.

മേൽവി​ചാ​ര​ക​ന്മാർ: “മേൽവി​ചാ​രകൻ” എന്ന്‌ അർഥമുള്ള എപീസ്‌കൊ​പൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, “ജാഗ്ര​ത​യോ​ടെ ശ്രദ്ധി​ക്കുക” (എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്ന്‌ അർഥമുള്ള എപീസ്‌കൊ​പെ​യോ എന്ന ക്രിയ​യു​മാ​യും എപീസ്‌കൊ​പെ എന്ന നാമവു​മാ​യും ബന്ധമുണ്ട്‌. എപീസ്‌കൊ​പെ എന്ന നാമപ​ദ​ത്തി​ന്റെ അർഥം “പരി​ശോ​ധന” (ലൂക്ക 19:44; 1പത്ര 2:12), ‘മേൽവി​ചാ​ര​ക​നാ​യി​രി​ക്കൽ’ (1തിമ 3:1), “മേൽവി​ചാ​ര​ക​സ്ഥാ​നം” (പ്രവൃ 1:20) എന്നൊ​ക്കെ​യാണ്‌. അതിൽനിന്ന്‌ ഒരു മേൽവി​ചാ​രകൻ സഭാം​ഗ​ങ്ങളെ സന്ദർശിച്ച്‌, കാര്യങ്ങൾ പരി​ശോ​ധിച്ച്‌, അവർക്കു നിർദേ​ശങ്ങൾ നൽകി​യി​രുന്ന വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാം. “സംരക്ഷ​ണ​മേ​കുക എന്ന ലക്ഷ്യത്തിൽ മേൽനോ​ട്ടം വഹിക്കുക” എന്നാണ്‌ ഈ ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാ​നാർഥം. സഹവി​ശ്വാ​സി​കൾക്ക്‌ ആത്മീയ​സ​ഹാ​യം നൽകാ​നുള്ള ഉത്തരവാ​ദി​ത്വം ക്രിസ്‌തീ​യ​സ​ഭ​യി​ലെ മേൽവി​ചാ​ര​ക​ന്മാർക്കുണ്ട്‌. എഫെ​സൊസ്‌ സഭയിലെ ‘മൂപ്പന്മാ​രോ​ടു’ സംസാ​രിച്ച ഈ സന്ദർഭ​ത്തിൽ പൗലോസ്‌ ‘മേൽവി​ചാ​ര​ക​ന്മാർ’ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. (പ്രവൃ 20:17) ഇനി, പൗലോസ്‌ തീത്തോ​സിന്‌ എഴുതിയ കത്തിൽ, ക്രിസ്‌തീ​യ​സ​ഭ​യി​ലെ മൂപ്പന്മാർക്കു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴും “മേൽവി​ചാ​രകൻ” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (തീത്ത 1:5, 7) അതു​കൊണ്ട്‌, ഈ രണ്ടു പദങ്ങളും ഒരേ സ്ഥാന​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു നമുക്കു മനസ്സി​ലാ​ക്കാം. പ്രെസ്‌ബൂ​റ്റെ​റൊസ്‌ (“മൂപ്പൻ”) എന്ന പദം നിയമി​ത​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ മികച്ച ആത്മീയ​ഗു​ണ​ങ്ങൾക്ക്‌ ഊന്നൽ നൽകു​മ്പോൾ എപീസ്‌കൊ​പൊസ്‌ (“മേൽവി​ചാ​രകൻ”) എന്ന പദം നിയമി​ത​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾക്കാണ്‌ ഊന്നൽ നൽകു​ന്നത്‌. എഫെ​സൊസ്‌ സഭയിൽ ഒന്നില​ധി​കം മേൽവി​ചാ​ര​ക​ന്മാ​രു​ണ്ടാ​യി​രു​ന്നെന്ന്‌, അവിടത്തെ മൂപ്പന്മാ​രു​മാ​യി പൗലോസ്‌ നടത്തിയ കൂടി​ക്കാ​ഴ്‌ച​യെ​ക്കു​റി​ച്ചുള്ള ഈ വിവര​ണ​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. ഓരോ സഭയി​ലെ​യും മൂപ്പന്മാ​രു​ടെ എണ്ണത്തിന്‌ ഒരു നിശ്ചി​ത​പ​രി​ധി​യൊ​ന്നും വെച്ചി​രു​ന്നില്ല. ആത്മീയ​പ​ക്വ​ത​യു​ള്ള​വ​രാ​യി യോഗ്യത നേടുന്ന എല്ലാ പുരു​ഷ​ന്മാർക്കും മൂപ്പന്മാ​രാ​യി സേവി​ക്കാ​മാ​യി​രു​ന്നു. ഇനി, ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു കത്ത്‌ എഴുതി​യ​പ്പോ​ഴും പൗലോസ്‌ ‘മേൽവി​ചാ​ര​ക​ന്മാർ’ എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു. (ഫിലി 1:1) അതു സൂചി​പ്പി​ക്കു​ന്നത്‌, ആ സഭയുടെ കാര്യ​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കാൻ മൂപ്പന്മാ​രു​ടെ ഒരു സംഘമു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌.—പ്രവൃ 1:20-ന്റെ പഠനക്കു​റി​പ്പു കാണുക.

അവന്റെ മേൽവി​ചാ​ര​ക​സ്ഥാ​നം: അഥവാ “മേൽവി​ചാ​ര​ക​നാ​യുള്ള അവന്റെ നിയമനം.” എപീസ്‌കൊ​പെ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “മേൽവി​ചാ​രകൻ” എന്നതിന്റെ ഗ്രീക്കു​പ​ദ​മായ എപീസ്‌കൊ​പൊസ്‌ എന്ന നാമപ​ദ​ത്തോ​ടും എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എപീസ്‌കൊ​പെ​യോ എന്ന ഗ്രീക്ക്‌ ക്രിയാ​പ​ദ​ത്തോ​ടും ബന്ധമുള്ള ഒരു പദമാണ്‌ ഇത്‌. അവിശ്വ​സ്‌ത​നാ​യി​ത്തീർന്ന യൂദാ​സി​ന്റെ സ്ഥാന​ത്തേക്കു മറ്റൊ​രാൾ വരണമെന്ന തന്റെ നിർദേ​ശത്തെ പിന്തു​ണ​യ്‌ക്കാൻ പത്രോസ്‌ ഇവിടെ സങ്ക 109:8-ൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. ആ തിരു​വെ​ഴു​ത്തി​ന്റെ എബ്രാ​യ​പാ​ഠ​ത്തിൽ കാണു​ന്നതു പെക്യു​ഡാ എന്ന വാക്കാണ്‌. ആ പദത്തെ “മേൽവി​ചാ​ര​ക​സ്ഥാ​നം; മേൽവി​ചാ​രണ; മേൽവി​ചാ​ര​ക​ന്മാർ” എന്നൊക്കെ തർജമ ചെയ്യാ​നാ​കും. (സംഖ 4:16; യശ 60:17) സങ്ക 109:8-ന്റെ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യിൽ (108:8, LXX) ആ എബ്രാ​യ​പ​ദ​ത്തി​ന്റെ സ്ഥാനത്ത്‌, പ്രവൃ 1:20-ൽ ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ ഗ്രീക്കു​പദം കാണാം. ദൈവ​പ്ര​ചോ​ദി​ത​നാ​യി പത്രോസ്‌ നടത്തിയ ഈ പ്രസ്‌താ​വ​ന​യിൽനിന്ന്‌, ഓരോ അപ്പോ​സ്‌ത​ല​നും മേൽവി​ചാ​രകൻ എന്ന സ്ഥാനം, അഥവാ നിയമനം, ഉണ്ടായി​രു​ന്നെന്നു വ്യക്തമാണ്‌. അവരെ യേശു നേരിട്ട്‌ നിയമി​ക്കു​ക​യാ​യി​രു​ന്നു. (മർ 3:14) അതു​കൊ​ണ്ടു​തന്നെ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​യ​പ്പോൾ അതിനു 12 മേൽവി​ചാ​ര​ക​ന്മാ​രാണ്‌ ഉണ്ടായി​രു​ന്നത്‌. ആ ഒരൊറ്റ ദിവസം​കൊണ്ട്‌ സഭയുടെ അംഗസം​ഖ്യ ഏതാണ്ട്‌ 120-ൽനിന്ന്‌ 3,000-ത്തോളം ആയി ഉയർന്നു. (പ്രവൃ 1:15; 2:41) അനുദി​നം വളർന്നു​കൊ​ണ്ടി​രി​ക്കുന്ന സഭയെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി തുടർന്ന്‌ മറ്റുള്ള​വ​രെ​യും മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമി​ച്ചു. എങ്കിലും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മേൽവി​ചാ​ര​ക​സ്ഥാ​ന​ത്തിന്‌ അപ്പോ​ഴും ഒരു പ്രത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. കാരണം ഭാവി​യിൽ പുതിയ യരുശ​ലേ​മി​ന്റെ ‘12 അടിസ്ഥാ​ന​ശി​ല​ക​ളാ​കേ​ണ്ടത്‌’ ഈ 12 അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രി​ക്കണം എന്നതാ​യി​രു​ന്നു സാധ്യ​ത​യ​നു​സ​രിച്ച്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം.—വെളി 21:14; പ്രവൃ 20:28-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവം: ചുരുക്കം ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “കർത്താവ്‌” എന്നാണു കാണു​ന്ന​തെ​ങ്കി​ലും ഭൂരി​ഭാ​ഗം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും കാണു​ന്നതു “ദൈവം” എന്നാണ്‌.

കർത്താ​വായ യേശു പറഞ്ഞത്‌: ഈ വാക്യ​ത്തിൽ കാണുന്ന, “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്ന ആശയം വരുന്ന വാക്കുകൾ സുവി​ശേ​ഷ​ങ്ങ​ളി​ലും മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളി​ലും കാണു​ന്നു​ണ്ടെ​ങ്കി​ലും ഇതു യേശു​വി​ന്റെ വാക്കു​ക​ളാ​യി ഉദ്ധരി​ച്ചി​രി​ക്കു​ന്നതു പൗലോസ്‌ അപ്പോ​സ്‌തലൻ മാത്ര​മാണ്‌. (സങ്ക 41:1; സുഭ 11:25; 19:17; മത്ത 10:8; ലൂക്ക 6:38) ഒരുപക്ഷേ ഈ വാക്കുകൾ പൗലോ​സി​നു വാമൊ​ഴി​യാ​യി ലഭിച്ച​താ​യി​രി​ക്കാം. ഒന്നുകിൽ യേശു​വി​ന്റെ ആ വാക്കുകൾ കേട്ട ആരെങ്കി​ലും പൗലോ​സി​നോട്‌ അതു പറഞ്ഞു​കാ​ണും. അല്ലെങ്കിൽ, പൗലോ​സു​തന്നെ അതു പുനരു​ത്ഥാ​ന​പ്പെട്ട യേശു​വിൽനിന്ന്‌ നേരിട്ട്‌ കേട്ടതാ​യി​രി​ക്കാം. അതുമ​ല്ലെ​ങ്കിൽ ഒരു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ​യാ​യിരി​ക്കാം അദ്ദേഹം അത്‌ അറിഞ്ഞത്‌.—പ്രവൃ 22:6-15; 1കൊ 15:6, 8.

പൗലോ​സി​നെ കെട്ടി​പ്പി​ടിച്ച്‌: അക്ഷ. “പൗലോ​സി​ന്റെ കഴുത്തിൽ വീണ്‌.” കരഞ്ഞു​കൊണ്ട്‌ ഒരാളെ കെട്ടി​പ്പി​ടിച്ച്‌ ചുംബി​ക്കു​ന്നതു ഗാഢമായ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​യി​ട്ടാ​ണു തിരു​വെ​ഴു​ത്തു​കൾ വരച്ചു​കാ​ട്ടു​ന്നത്‌. ആ മൂപ്പന്മാർക്കു പൗലോ​സി​നോട്‌ അത്രമാ​ത്രം സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു.—ഉൽ 33:4; 45:14, 15; 46:29; ലൂക്ക 15:20 കൂടെ കാണുക.

സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു: അഥവാ “ആർദ്ര​ത​യോ​ടെ ചുംബി​ച്ചു.” പൗലോസ്‌ സഹോ​ദ​ര​ന്മാ​രെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ച്ച​തു​കൊണ്ട്‌ അവർക്കും പൗലോ​സി​നെ വളരെ ഇഷ്ടമാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ മിക്ക​പ്പോ​ഴും അത്തരം സൗഹൃദം പ്രകടി​പ്പി​ച്ചി​രു​ന്നതു ചുംബി​ച്ചു​കൊ​ണ്ടാണ്‌. (ഉൽ 27:26; 2ശമു 19:39) ചില​പ്പോ​ഴൊ​ക്കെ ചുംബി​ക്കു​ന്ന​തോ​ടൊ​പ്പം കെട്ടി​പ്പി​ടിച്ച്‌ കരയു​ക​യും ചെയ്‌തി​രു​ന്നു. (ഉൽ 33:4; 45:14, 15; ലൂക്ക 15:20) “സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം, ഫിലീ​യോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ തീവ്ര​മായ ഒരു രൂപമാ​ണെന്നു കരുത​പ്പെ​ടു​ന്നു. ചില​പ്പോ​ഴൊ​ക്കെ അതിനെ ‘ചുംബി​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും (മത്ത 26:48; മർ 14:44; ലൂക്ക 22:47) മിക്ക സ്ഥലങ്ങളി​ലും “ഇഷ്ടം തോന്നുക,” “പ്രിയം തോന്നുക” എന്നീ അർഥങ്ങ​ളി​ലാണ്‌ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ (യോഹ 5:20; 11:3; 16:27).—മത്ത 26:49-ന്റെ പഠനക്കു​റി​പ്പു കാണുക.

വളരെ സ്‌നേ​ഹ​ത്തോ​ടെ യേശു​വി​നെ ചുംബി​ച്ചു: “വളരെ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുക്രിയ, മത്ത 26:48-ൽ കാണുന്ന ‘ചുംബി​ക്കുക’ എന്ന ക്രിയ​യു​ടെ തീവ്ര​മായ ഒരു രൂപമാണ്‌. വളരെ ഊഷ്‌മ​ള​ത​യോ​ടെ​യും സൗഹൃ​ദ​ഭാ​വ​ത്തോ​ടെ​യും ഉള്ള ആ അഭിവാ​ദനം യൂദാ​സി​ന്റെ വഞ്ചനയു​ടെ​യും കാപട്യ​ത്തി​ന്റെ​യും ആഴമാണു തുറന്നു​കാ​ട്ടു​ന്നത്‌.

ദൃശ്യാവിഷ്കാരം

വീടുതോറും പ്രസംഗിക്കുന്നു
വീടുതോറും പ്രസംഗിക്കുന്നു

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​നു ശേഷം, യേശു​വി​ന്റെ ശിഷ്യ​ന്മാർ കൂടുതൽ ഉത്സാഹ​ത്തോ​ടെ ആളുക​ളു​ടെ വീടു​ക​ളിൽ ചെന്ന്‌ സന്തോ​ഷ​വാർത്ത അറിയി​ച്ചു. മേലാൽ ഇങ്ങനെ “സംസാ​രി​ക്ക​രു​തെന്ന്‌” ശിഷ്യ​ന്മാ​രെ വിലക്കി​യി​രു​ന്നെ​ങ്കി​ലും “അവർ ദിവസ​വും ദേവാ​ല​യ​ത്തി​ലും വീടു​തോ​റും ക്രിസ്‌തു​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത നിറു​ത്താ​തെ പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും ചെയ്‌തു” എന്നാണു ദൈവ​പ്ര​ചോ​ദി​ത​മായ രേഖ പറയു​ന്നത്‌. (പ്രവൃ 5:40-42) ഏതാണ്ട്‌ എ.ഡി. 56-ൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഫെ​സൊ​സി​ലെ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “പ്രയോ​ജ​ന​മു​ള്ള​തൊ​ന്നും മറച്ചു​വെ​ക്കാ​തെ . . . പരസ്യ​മാ​യും വീടു​തോ​റും (ഞാൻ) നിങ്ങളെ പഠിപ്പി​ച്ചു.” (പ്രവൃ 20:20) പൗലോസ്‌ ഇവിടെ പറയു​ന്നത്‌, അവർ വിശ്വാ​സി​ക​ളാ​കു​ന്ന​തി​നു മുമ്പ്‌ അവരോ​ടു പ്രസം​ഗി​ക്കാൻ താൻ ചെയ്‌ത ശ്രമങ്ങ​ളെ​ക്കു​റി​ച്ചാണ്‌. ‘മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു തിരി​യേ​ണ്ട​തി​നെ​ക്കു​റി​ച്ചോ കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചോ’ അവർക്ക്‌ അറിയാത്ത ഒരു സമയമാ​യി​രു​ന്നു അത്‌. (പ്രവൃ 20:21) ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടു താത്‌പ​ര്യ​മു​ള്ള​വരെ കണ്ടെത്തി​യ​പ്പോൾ അവരെ കൂടു​ത​ലാ​യി പഠിപ്പി​ക്കാൻ പൗലോസ്‌ എന്തായാ​ലും അവരുടെ വീടു​ക​ളിൽ മടങ്ങി​ച്ചെ​ന്നി​ട്ടു​മു​ണ്ടാ​കും. ഇനി, അവർ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നശേ​ഷ​വും അവരെ വിശ്വാ​സ​ത്തിൽ ബലപ്പെ​ടു​ത്താൻവേണ്ടി പൗലോസ്‌ അവരുടെ വീടുകൾ വീണ്ടും സന്ദർശി​ച്ചി​രി​ക്കാം.—പ്രവൃ 5:42; 20:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.