വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“മദ്യപിച്ചു വാഹനമോടിക്കുന്നതാണ്‌ അമേരിക്കയിലെ ഏറ്റവും മാരകമായ കുറ്റകൃത്യങ്ങളിലൊന്ന്‌,” ഗതാഗത വിഭാഗത്തിലെ താത്‌കാലിക നിയമനമുള്ള സെക്രട്ടറി മാരിയ സീനോ പറഞ്ഞു. 2005-ൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 39 ശതമാനവും മദ്യപിച്ചു വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.​—⁠യു.എസ്‌. ഗതാഗത വകുപ്പ്‌.

“18,000-ത്തിലധികം പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌ ഇന്നു സമുദ്രത്തിലെ ഓരോ ചതുരശ്ര കിലോമീറ്ററിലും കിടന്നു കറങ്ങുന്നത്‌.”​—⁠ഐക്യരാഷ്‌ട്ര പരിസ്ഥിതി പരിപാടി.

“ജോലിക്കിടയിൽ 50 കോടി മണിക്കൂറാണ്‌ ഓരോ വർഷവും ഐക്യനാടുകളിലെ തൊഴിലാളികൾ കമ്പ്യൂട്ടർ ഗെയ്‌മുകൾ കളിച്ചു പാഴാക്കിക്കളയുന്നത്‌; തത്‌ഫലമായുണ്ടാകുന്ന നഷ്ടമോ 1,000 കോടി ഡോളറും. വ്യക്തിപരമായ ആവശ്യങ്ങൾക്കായി നെറ്റിൽ പരതുന്ന സമയത്തിനു പുറമേയാണിത്‌.”​—⁠മാനേജ്‌മെന്റ്‌-ഇഷ്യൂസ്‌ വെബ്‌സൈറ്റ്‌.

കുരുന്നുകൾ ഭീതി വലയത്തിൽ

“പല കുട്ടികളെയും സംബന്ധിച്ചിടത്തോളം അക്രമം ഒരു സാധാരണ സംഭവമാണ്‌; ജീവിതത്തിന്റെ ഭാഗമാണ്‌,” ലോകാരോഗ്യ സംഘടന പറയുന്നു. യുഎൻ സെക്രട്ടറി ജനറലിന്റെ അടുത്തകാലത്തെ ഒരു റിപ്പോർട്ടു പറയുന്നത്‌, “ലോകവ്യാപകമായി 2002-ൽ ഏതാണ്ട്‌ 53,000 കുട്ടികൾ നരഹത്യയ്‌ക്ക്‌ ഇരയായി” എന്നാണ്‌. അതിനുപുറമേ, നിർബന്ധിതതൊഴിൽ, ലൈംഗികവൃത്തി, അശ്ലീലം എന്നിവയാൽ ദശലക്ഷക്കണക്കിനു കുട്ടികൾ ദ്രോഹിക്കപ്പെടുന്നു. ഇത്തരം ക്രൂരതകൾ ഒഴിവാക്കാനാകുമോ? സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടു പറയുന്നു: “കുടുംബത്തിലും മറ്റിടങ്ങളിലും കുട്ടികളുടെ സംരക്ഷണത്തിൽ കലാശിക്കുമെന്നു പ്രതീക്ഷിക്കുന്ന ഘടകങ്ങളിൽ ചിലതാണ്‌ മാതാപിതാക്കളുടെ നല്ല പരിപാലനം, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ഇഴയടുപ്പം വളർത്തിയെടുക്കൽ, ഫലപ്രദമായ അക്രമരഹിത ശിക്ഷണം എന്നിവ.”

സുഹൃത്തുക്കൾ ഏറെ, ആയുസ്സും!

ഒരുപാട്‌ നല്ല സുഹൃത്തുക്കളുള്ളത്‌ ആയുർദൈർഘ്യം വർധിപ്പിച്ചേക്കുമെന്നാണ്‌ ദ ജേർണൽ ഓഫ്‌ എപ്പിടിമിയോളജി ആന്റ്‌ കമ്മ്യൂണിറ്റി ഹെൽത്തന്റെ റിപ്പോർട്ട്‌. 70-ഓ അതിലധികമോ പ്രായമുള്ള 1,500-ഓളം ഓസ്‌ട്രേലിയക്കാരെ, പത്തുവർഷത്തെ ഒരു കാലഘട്ടത്തിനുള്ളിൽ പരസ്‌പരബന്ധങ്ങൾ ആയുർദൈർഘ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതു സംബന്ധിച്ച ഒരു പഠനത്തിനു വിധേയമാക്കുകയുണ്ടായി. സുഹൃത്തുക്കളുടെ നല്ലൊരു ശൃംഖലയുണ്ടായിരുന്നവരുടെ മരണ നിരക്ക്‌ അധികം സുഹൃത്തുക്കൾ ഇല്ലാതിരുന്നവരുടേതിനെ അപേക്ഷിച്ച്‌ 22 ശതമാനം കുറവായിരുന്നു. “വിഷാദം, ആത്മധൈര്യം, സ്വാഭിമാനം, വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടൽ, അല്ലെങ്കിൽ ജീവിതത്തെ സധൈര്യം നേരിടാനുള്ള പ്രാപ്‌തി” എന്നിവയോടുള്ള ബന്ധത്തിൽ സുദൃഢമായ സുഹൃദ്‌വലയങ്ങൾ പ്രായമായവരുടെമേൽ പ്രബലമായ സ്വാധീനം ചെലുത്തുന്നതായും പ്രസ്‌തുത റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു.

ബ്രിട്ടൻകാർ കടക്കെണിയിൽ

“ബാങ്ക്‌ അക്കൗണ്ടുള്ള മുതിർന്നവരിൽ മൂന്നിൽ ഒന്നും അത്യാവശ്യ സമയത്ത്‌ പിടിച്ചുനിൽക്കാനായി കണക്കിൽ കവിഞ്ഞ തുക കൈപ്പറ്റുന്ന ഓവർഡ്രാഫ്‌റ്റ്‌ ഉപയോഗപ്പെടുത്തുന്നു” എന്ന്‌ ലണ്ടനിലെ ദ ഡെയ്‌ലി ടെലിഗ്രഫ്‌ പറയുന്നു. അപ്രതീക്ഷിതമായി ഉയർന്നുവരുന്ന അത്യാവശ്യങ്ങൾക്കു മാത്രമുള്ളതാണ്‌ ഓവർഡ്രാഫ്‌റ്റ്‌. എന്നാൽ സ്ഥിരമായി അമിത പണം കൈപ്പറ്റുന്ന 35 ലക്ഷം ബ്രിട്ടൻകാരെ സംബന്ധിച്ചിടത്തോളം അതു ‘തികച്ചും അനിവാര്യമായ’ ഒരു സംഗതിയായി മാറിയിരിക്കുന്നു. “സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന, ആഗ്രഹങ്ങളെ അപ്പപ്പോൾ തൃപ്‌തിപ്പെടുത്താനുള്ള പൊതുവെയുള്ള വ്യഗ്രതയെയാണ്‌” ചാരിറ്റി ക്രെഡിറ്റ്‌ ആക്ഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവായ കീത്ത്‌ ടാൻഡെർ കുറ്റപ്പെടുത്തുന്നത്‌. അദ്ദേഹം ഈ മുന്നറിയിപ്പു നൽകുന്നു: “നമ്മിൽ ദശലക്ഷങ്ങൾ വരവിലധികം ചെലവഴിച്ചാണ്‌ നിത്യേന കഴിയുന്നത്‌. മാത്രമല്ല, പണം എങ്ങനെ ചെലവാക്കണം എന്നതിന്റെ ബാലപാഠങ്ങൾപോലും അറിയാത്ത നാം നമ്മുടെ ജീവിതരീതി എത്ര ചെലവേറിയതാണെന്നും, അതിനായി എത്രത്തോളം പലിശ അടയ്‌ക്കേണ്ടിവരുന്നെന്നും മനസ്സിലാക്കുന്നുമില്ല.”

നിശാവിമാനങ്ങളും ആഗോളതപനവും

ജെറ്റു വിമാനങ്ങളിൽനിന്നു വമിക്കുന്ന ഘനീകൃതവാതകനിര അന്തരീക്ഷ താപനിലയെ ബാധിക്കുന്നതായി സയന്റിഫിക്‌ അമേരിക്കൻ പറയുന്നു. ഇത്തരം ഘനീകൃത വാതകനിര പകൽ സമയത്ത്‌ ഭൂമിയിലെത്തുന്ന സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതിന്റെ ഫലമായി അന്തരീക്ഷം പൊതുവേ തണുക്കുന്നു. എന്നാൽ രാത്രികാലങ്ങളിൽ അവ താഴെയുള്ള അന്തരീക്ഷ താപം തങ്ങിനിൽക്കാൻ ഇടയാക്കുന്നു. “വൈകുന്നേരം 6 മണിമുതൽ രാവിലെ 6 മണിവരെയുള്ള വിമാനയാത്രയാണ്‌ 60 മുതൽ 80 ശതമാനത്തോളം ഘനീകൃത വാതകം മുഖാന്തരമുള്ള അന്തരീക്ഷ തപനത്തിനു കാരണമായിരിക്കുന്നത്‌; എങ്കിലും ഇത്‌ മൊത്തം വിമാനയാത്രയുടെ നാലിലൊന്നേ ആകുന്നുള്ളു” എന്ന്‌ ഇംഗ്ലീഷ്‌ ഗവേഷകർ കണ്ടെത്തിയതായി പ്രസ്‌തുത റിപ്പോർട്ട്‌ കൂട്ടിച്ചേർക്കുന്നു.