വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാക്ഷീകരണം—ഷോപ്പിങ്‌ സെന്ററുകളിൽ

സാക്ഷീകരണം—ഷോപ്പിങ്‌ സെന്ററുകളിൽ

സാക്ഷീകരണം—ഷോപ്പിങ്‌ സെന്ററുകളിൽ

അഥേനയിൽ ആയിരുന്നപ്പോഴെല്ലാം യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിനായി പൗലൊസ്‌ അപ്പൊസ്‌തലൻ ദിവസവും അവിടത്തെ ചന്തസ്ഥലത്തു പോകുമായിരുന്നു. (പ്രവൃ. 17:17) എന്തുകൊണ്ടാണ്‌ പൗലൊസ്‌ ചന്തസ്ഥലം തിരഞ്ഞെടുത്തത്‌? കാരണം, അഥേനക്കാർ തങ്ങളുടെ സമയത്തിന്റെ നല്ലൊരു ഭാഗം അവിടെ ചെലവഴിച്ചിരുന്നു.

ഇന്ന്‌ ഏതാണ്ട്‌ 2,000 വർഷങ്ങൾക്കുശേഷവും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം അറിയിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ ചന്തസ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നു. അവിടെ അനേകർ വന്നുപോകുന്നു എന്നതാണ്‌ കാരണം. ഇന്നിപ്പോൾ ചന്തസ്ഥലം എന്നുപറയുന്നതിൽ ഷോപ്പിങ്‌ സെന്ററുകളും മറ്റും ഉൾപ്പെട്ടേക്കാം. മാനേജറിൽനിന്നോ ഉടമസ്ഥനിൽനിന്നോ അനുവാദം വാങ്ങിയശേഷം ചില സാക്ഷികൾ ഒരു മേശയിലോ സ്റ്റാൻഡിലോ ബൈബിൾ സാഹിത്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്‌.

യു.എസ്‌.എ.-യിലെ ന്യൂ ജഴ്‌സിയിലുള്ള ഒരു ഷോപ്പിങ്‌ സെന്ററിൽ “കുടുംബ മൂല്യങ്ങൾ സംരക്ഷിക്കുന്നത്‌ എങ്ങനെ?” എന്ന വിഷയത്തിൽ ഒരു സാഹിത്യപ്രദർശനം നടത്തുകയുണ്ടായി. ഫലമോ? ഒറ്റ ദിവസംകൊണ്ട്‌ ആറ്‌ ഭാഷകളിലായി 153 പുസ്‌തകങ്ങൾ സമർപ്പിക്കാനായി.

പ്രദർശന സ്‌റ്റാളിലേക്കു വന്ന ഒരു സ്‌ത്രീ, സാക്ഷികളിൽ ഒരാൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ടു. ജീവിതത്തിലും കുടുംബത്തിലും ദൈവത്തെ കണക്കിലെടുക്കേണ്ടത്‌ പ്രധാനമാണെന്നതിനോട്‌ അവർ യോജിച്ചു. മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക, (മലയാളത്തിൽ ലഭ്യമല്ല) കുടുംബ സന്തുഷ്ടിയുടെ രഹസ്യം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്നീ പ്രസിദ്ധീകരണങ്ങൾ അവർ സ്വീകരിക്കുകയും ചെയ്‌തു.

ഉച്ചതിരിഞ്ഞ്‌, സ്‌റ്റാളിനടുത്തുള്ള കടയിലേക്കു വന്ന ഒരു മനുഷ്യന്റെ കണ്ണുകൾ യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിൽ ഉടക്കി. സ്‌റ്റാളിൽ ഉണ്ടായിരുന്ന സഹോദരി അദ്ദേഹത്തിന്റെ ജിജ്ഞാസ കണ്ടിട്ട്‌, “താങ്കൾക്ക്‌ ഇതിലേതെങ്കിലും പുസ്‌തകം ഇഷ്ടമായോ?” എന്നു ചോദിച്ചു. യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആ പുസ്‌തകം എടുക്കാൻ കൈനീട്ടിയ അദ്ദേഹത്തിനു സഹോദരി അത്‌ എടുത്തുകൊടുത്തു. തനിക്കു മൂന്നു കുട്ടികളുണ്ടെന്നും ആഴ്‌ചയിൽ ഒരിക്കൽ അവരുമായി ചർച്ച നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂത്ത രണ്ടുപേർ കൗമാരക്കാരാണത്രേ. ‘കുടുംബചർച്ചകൾക്കുള്ള ഒരു ഗൈഡായി ഇത്‌ ഉപയോഗിക്കാമല്ലോ’ എന്ന്‌ പുസ്‌തകങ്ങൾ മറിച്ചു നോക്കുന്നതിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകവും പ്രസാധക അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനു സഹായകമായ ചില വിവരങ്ങൾ അദ്ദേഹത്തിനും ഭാര്യക്കും അതിൽ കണ്ടെത്താനാകുമെന്ന്‌ ഉറപ്പുകൊടുക്കുകയും ചെയ്‌തു. അദ്ദേഹം നിർദേശത്തിനു നന്ദി പറഞ്ഞെന്നു മാത്രമല്ല സംഭാവന നൽകുകയും ചെയ്‌തു. യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും തന്നെ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം അതിനു സമ്മതിച്ചു.

ഷോപ്പിങ്‌ സെന്ററിലെ സാക്ഷീകരണത്തെക്കുറിച്ച്‌ ആ സാക്ഷികൾക്ക്‌ എന്താണ്‌ പറയാനുള്ളത്‌? “ഈ സാക്ഷീകരണ രീതി ഞാൻ നന്നായി ആസ്വദിച്ചു. നല്ലൊരു അനുഭവമായിരുന്നു അത്‌!” എന്ന്‌ ഒരു സഹോദരി പറഞ്ഞു. മറ്റൊരു സഹോദരി പറഞ്ഞതിങ്ങനെ: “ഭൂമിയുടെ അറ്റത്തോളം സുവാർത്ത പ്രസംഗിക്കപ്പെടും എന്ന്‌ യഹോവ പറയുന്നു. ന്യൂ ജഴ്‌സിയിലെ പരാമസിൽ വ്യത്യസ്‌ത ഭാഷക്കാരുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ഇന്ന്‌ ഞങ്ങൾക്കു സാധിച്ചു. ഇതിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞത്‌ ഒരു വലിയ കാര്യമാണ്‌. പങ്കെടുത്ത എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഒടുവിൽ, തിരിച്ചുപോകാൻ ആർക്കും ഇഷ്ടമില്ലായിരുന്നു.”

നാം സുവാർത്ത പ്രസംഗിക്കുന്നത്‌ മുഖ്യമായും വീടുതോറുമുള്ള ശുശ്രൂഷയിലൂടെയാണ്‌ എന്നതു ശരിതന്നെ. (പ്രവൃ. 20:20) എന്നാൽ നിങ്ങൾക്ക്‌ മറ്റു മാർഗങ്ങളും പരീക്ഷിച്ചുനോക്കാനാകുമോ? ഷോപ്പിങ്‌ സെന്ററിലും മറ്റും സാക്ഷീകരിക്കുന്നതിനെക്കുറിച്ചെന്ത്‌?