വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എബ്രായർക്കുള്ള ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ കൈവെപ്പിനെ’ക്കുറിച്ചു പറഞ്ഞല്ലോ. മൂപ്പന്മാരെ നിയമിക്കുന്നതിനെയാണോ അവൻ ഉദ്ദേശിച്ചത്‌? അതോ മറ്റെന്തെങ്കിലുമാണോ?—എബ്രാ. 6:1.

നമുക്ക്‌ ഉറപ്പിച്ചുപറയാനാവില്ലെങ്കിലും ആത്മാവിന്റെ വരം നൽകാനായി കൈവെപ്പു നടത്തുന്നതിനെയാണ്‌ പൗലൊസ്‌ ഉദ്ദേശിച്ചതെന്ന തെളിവുകൾ സൂചിപ്പിക്കുന്നു.

ദിവ്യാധിപത്യ നിയമനങ്ങളോടു ബന്ധപ്പെട്ട്‌ കൈവെപ്പു നടത്തുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്‌. തന്റെ പിൻഗാമിയായ യോശുവയെ നിയമിച്ച സന്ദർഭത്തിൽ മോശെ അവന്റെമേൽ ‘കൈ വെച്ചനുഗ്രഹിച്ചതായി’ നാം കാണുന്നു. (ആവ. 34:9) ആദിമ ക്രിസ്‌തീയ സഭയിൽ യോഗ്യരായ ചില പുരുഷന്മാരെ നിയമിച്ചത്‌ അവരുടെമേൽ കൈവെച്ചാണ്‌. (പ്രവൃ. 6:6; 1 തിമൊ. 4:14) ഒരാളുടെമേൽ തിടുക്കത്തിൽ കൈവെപ്പു നടത്തരുതെന്ന്‌ പൗലൊസ്‌ നിർദേശിച്ചു.—1 തിമൊ. 5:22.

എന്നാൽ ഈ തിരുവെഴുത്തിൽ, ‘അടിസ്ഥാനപരമായ’ ഉപദേശങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞ സ്ഥിതിക്ക്‌ ‘പരിജ്ഞാനപൂർത്തി പ്രാപിക്കാൻ’ അഥവാ പക്വതയിലേക്കു വളരാൻ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുകയാണ്‌. ഇതിനു തൊട്ടുമുമ്പാണ്‌ പൗലൊസ്‌, ‘നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്‌’ എന്നിവ അക്കമിട്ടു നിരത്തിയത്‌. (എബ്രാ. 6:1, 2) ഇവിടെ ‘കൈവെപ്പ്‌’ എന്നത്‌ മൂപ്പന്മാരുടെ നിയമനത്തെയാണു കുറിക്കുന്നതെങ്കിൽ, ‘വിട്ടു പരിജ്ഞാനപൂർത്തി പ്രാപിക്കാൻ’ പൗലൊസ്‌ നിർദേശിച്ച ആ അടിസ്ഥാന സംഗതികളിലൊന്നാണ്‌ അതെന്നു വരും. അതു ശരിയാകുമോ? ഇല്ല. പക്വതയുള്ള പുരുഷന്മാർ എത്തിപ്പിടിക്കേണ്ട ഒരു ലക്ഷ്യമാണ്‌ സഭാമൂപ്പനായിരിക്കാനുള്ള പദവി. അതു ലഭിക്കുന്നവർ അതിനെ വിലമതിക്കുകയും വേണം.—1 തിമൊ. 3:1.

കൈവെപ്പ്‌ മറ്റൊരു ഉദ്ദേശ്യത്തിലും നടത്തിയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ യഹോവ ജഡിക ഇസ്രായേലിനെ തള്ളിക്കളഞ്ഞ്‌ ആത്മീയ ഇസ്രായേലിനെ, അതായത്‌ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ സ്വന്തജനമായി തിരഞ്ഞെടുക്കുകയുണ്ടായി. (മത്താ. 21:43; പ്രവൃ. 15:14; ഗലാ. 6:16) അവർക്കു ലഭിച്ച അന്യഭാഷാവരംപോലുള്ള ആത്മാവിന്റെ അത്ഭുതവരങ്ങൾ അതിനു തെളിവായിരുന്നു. (1 കൊരി. 12:4-11) കൊർന്നേല്യൊസും കുടുംബവും വിശ്വാസികളായിത്തീർന്നപ്പോൾ അവർക്കും പരിശുദ്ധാത്മാവു ലഭിച്ചു, അതിന്റെ തെളിവായിരുന്നു അവർ ‘അന്യഭാഷകളിൽ സംസാരിച്ചത്‌.’—പ്രവൃ. 10:44-46.

ചിലപ്പോഴൊക്കെ കൈവെപ്പിലൂടെ അത്ഭുതവരങ്ങൾ കൈമാറിയിരുന്നു. ഫിലിപ്പൊസിന്റെ പ്രസംഗവേലയുടെ ഫലമായി ശമര്യയിൽ നിരവധിപ്പേർ സ്‌നാനമേറ്റു. തുടർന്ന്‌ ഭരണസംഘം അപ്പൊസ്‌തലന്മാരായ പത്രൊസിനെയും യോഹന്നാനെയും അവിടേക്കയച്ചു. എന്തിനുവേണ്ടിയായിരുന്നു? അപ്പൊസ്‌തലന്മാർ “അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു” എന്ന്‌ ബൈബിൾ വിവരണം പറയുന്നു. ആത്മാവു ലഭിച്ചവർക്കും അത്ഭുതങ്ങൾ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരുന്നിരിക്കണം. ഇങ്ങനെ പറയാൻ കാരണമുണ്ട്‌. മുമ്പ്‌ മന്ത്രവാദിയായിരുന്ന ശിമോൻ പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനം കണ്ടു മോഹിച്ച്‌ ആത്മാവിനെ പകരാനുള്ള കഴിവ്‌ പണംകൊടുത്തുവാങ്ങാൻ തുനിഞ്ഞുവെന്നു നാം കാണുന്നു. താൻ കൈവെപ്പു നടത്തിയാലും ഇങ്ങനെ പരിശുദ്ധാത്മാവ്‌ പകരപ്പെടണം എന്നതായിരുന്നു അവന്റെ ആഗ്രഹം. (പ്രവൃ. 8:5-20) പിന്നീട്‌ എഫെസൊസിൽ 12 പേർ സ്‌നാനമേറ്റു. “പൌലൊസ്‌ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്‌തു” എന്നു രേഖ പറയുന്നു.—പ്രവൃ. 19:1-7; 2 തിമൊഥെയൊസ്‌ 1:6 താരതമ്യം ചെയ്യുക.

അതുകൊണ്ട്‌ പുതുതായി വിശ്വാസികളായവർക്കു പരിശുദ്ധാത്മാവിന്റെ വരം ലഭിക്കേണ്ടതിന്‌ അവരുടെമേൽ കൈവെപ്പു നടത്തുന്നതിനെയാണ്‌ എബ്രായർ 6:1 പരാമർശിക്കുന്നതെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു.