വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയു​മോ?

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയു​മോ?

“ദൈവത്തെ ആർക്കും മനസ്സി​ലാ​ക്കാ​നാ​വില്ല.” —അലക്‌സാൻഡ്രി​യ​യി​ലെ ഫൈലോ, ഒന്നാം നൂറ്റാ​ണ്ടി​ലെ തത്ത്വചി​ന്തകൻ.

“(ദൈവം) നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല.” —തർസൊ​സി​ലെ ശൗൽ, ഒന്നാം നൂറ്റാ​ണ്ടിൽ ആതൻസി​ലെ തത്ത്വചി​ന്ത​കരെ അഭിമു​ഖീ​ക​രിച്ച് സംസാ​രി​ക്കു​ന്നു.

ഈ രണ്ട് പ്രസ്‌താ​വ​ന​ക​ളിൽ ഏതാണ്‌ നിങ്ങളു​ടെ ചിന്താ​ഗ​തി​യെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌? അനേകർക്ക്, തർസൊ​സി​ലെ ശൗലിന്‍റെ (അപ്പൊസ്‌ത​ല​നായ പൗലോസ്‌ എന്നും അറിയ​പ്പെ​ടു​ന്നു) വാക്കുകൾ ആശ്വാസം നൽകു​ക​യും ആകർഷ​ക​മാ​യി തോന്നു​ക​യും ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 17:26, 27) ഇതി​നോട്‌ സമാന​മായ മറ്റ്‌ വാഗ്‌ദാ​ന​ങ്ങ​ളും ബൈബി​ളിൽ കാണാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്‍റെ പ്രാർഥ​ന​യിൽ തന്‍റെ അനുഗാ​മി​കൾക്ക് ദൈവത്തെ അറിയാ​നാ​കു​മെ​ന്നും അനു​ഗ്രഹം പ്രാപി​ക്കാ​നാ​കു​മെ​ന്നും ഉള്ള ഉറപ്പ് അടങ്ങി​യി​ട്ടുണ്ട്.—യോഹ​ന്നാൻ 17:3.

എന്നാൽ, ഫൈ​ലോ​യെ​പ്പോ​ലുള്ള തത്ത്വചി​ന്ത​കർക്ക് മറ്റൊരു കാഴ്‌ച​പ്പാ​ടാണ്‌ ഉണ്ടായി​രു​ന്നത്‌. നമുക്ക് പൂർണ​മാ​യി ദൈവത്തെ മനസ്സി​ലാ​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട് ദൈവത്തെ ഒരിക്ക​ലും അറിയാ​നാ​വില്ല എന്നതാണ്‌ അവരുടെ വാദം. എന്നാൽ, സത്യം എന്താണ്‌?

മനുഷ്യർക്ക് ദൈവ​ത്തെ​ക്കു​റിച്ച് മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടേ​റിയ കാര്യ​ങ്ങ​ളു​ണ്ടെന്ന് ബൈബിൾ തുറന്നു​സ​മ്മ​തി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സ്രഷ്ടാ​വി​ന്‍റെ ജീവ​ദൈർഘ്യ​വും ബുദ്ധി​യും ജ്ഞാനവും നമുക്ക് അളക്കാ​നോ നിർണ​യി​ക്കാ​നോ അവയുടെ ആഴം മനസ്സി​ലാ​ക്കാ​നോ കഴിയില്ല. അവ മനുഷ്യ​ന്‍റെ ഗ്രഹണ​പ്രാപ്‌തിക്ക് അതീത​മാണ്‌. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്‍റെ ആ സവി​ശേ​ഷ​വ​ശങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച് അറിയു​ന്ന​തിന്‌ ഒരു തടസ്സമല്ല. വാസ്‌ത​വ​ത്തിൽ, അവയെ​ക്കു​റിച്ച് ധ്യാനി​ക്കു​ന്നത്‌ ‘ദൈവ​ത്തോട്‌ അടുക്കാൻ’ സഹായി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌. (യാക്കോബ്‌ 4:8) നമുക്ക് ഇപ്പോൾ ദൈവ​ത്തെ​ക്കു​റിച്ച് ഗ്രഹി​ക്കാൻ കഴിയാത്ത അത്തരം ചില കാര്യങ്ങൾ കാണാം. തുടർന്ന്, ദൈവ​ത്തെ​ക്കു​റിച്ച് യഥാർഥ​ത്തിൽ ഗ്രഹി​ക്കാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും.

ഗ്രഹി​ക്കാൻ കഴിയാത്ത ചില കാര്യങ്ങൾ

സ്രഷ്ടാ​വി​ന്‍റെ നിത്യത: ദൈവം “അനാദി​യാ​യും ശാശ്വ​ത​മാ​യും” സ്ഥിതി​ചെ​യ്യു​ന്ന​വ​നാണ്‌ എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:2) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ദൈവ​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല. മനുഷ്യ​രു​ടെ കാഴ്‌ച​പ്പാ​ടിൽ ദൈവ​ത്തി​ന്‍റെ “വത്സരങ്ങൾ എണ്ണിയാ​ലൊ​ടു​ങ്ങാ​ത്ത​വ​യാണ്‌.”—ഇയ്യോബ്‌ 36:26, ഓശാന ബൈബിൾ.

പ്രയോ​ജ​നം: ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ സമ്പാദി​ക്കു​ന്ന​തി​ലൂ​ടെ നിത്യ​ജീ​വൻ ലഭിക്കു​മെന്ന് ദൈവം വാഗ്‌ദാ​നം ചെയ്യുന്നു. (യോഹ​ന്നാൻ 17:3) ദൈവം നിത്യ​മാ​യി ജീവി​ക്കുന്ന ഒരു വ്യക്തി​യ​ല്ലെ​ങ്കിൽ ആ വാഗ്‌ദാ​നം എങ്ങനെ വിശ്വ​സി​ക്കാ​നാ​കും? ‘നിത്യ​രാ​ജാ​വി​നു’ മാത്രമെ അങ്ങനെ​യൊ​രു വാഗ്‌ദാ​നം നിവർത്തി​ക്കാൻ കഴിയൂ.—1 തിമൊ​ഥെ​യൊസ്‌ 1:17.

ദൈവ​ത്തി​ന്‍റെ മനസ്സ്: ദൈവ​ത്തി​ന്‍റെ “ബുദ്ധി അപ്ര​മേ​യ​മ​ത്രേ” എന്ന് ബൈബിൾ പറയുന്നു. കാരണം, ദൈവ​ത്തി​ന്‍റെ വിചാ​രങ്ങൾ നമ്മുടെ വിചാ​ര​ങ്ങ​ളി​ലും ഉയർന്ന​താണ്‌. (യെശയ്യാ​വു 40:28; 55:9) ബൈബിൾ ഇങ്ങനെ ചോദി​ക്കു​ന്നു: “യഹോ​വയ്‌ക്ക് ആലോചന പറഞ്ഞു​കൊ​ടു​ക്കാൻമാ​ത്രം അവന്‍റെ മനസ്സ് അറിഞ്ഞവൻ ആർ?”—1 കൊരി​ന്ത്യർ 2:16.

പ്രയോ​ജ​നം: ദൈവ​ത്തിന്‌ ഒരേ സമയം കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ പ്രാർഥന ശ്രദ്ധി​ക്കാൻ കഴിയും. (സങ്കീർത്തനം 65:2) എന്തിന്‌, ഒരു ചെറിയ കുരുവി നിലത്തു വീഴു​ന്ന​തു​പോ​ലും ദൈവം ശ്രദ്ധി​ക്കു​ന്നു. നിങ്ങളെ ശ്രദ്ധി​ക്കാ​നും പ്രാർഥ​നകൾ കേൾക്കാ​നും കഴിയാ​ത​വണ്ണം ദൈവ​ത്തി​ന്‍റെ മനസ്സിന്‌ അമിത​ഭാ​രം തോന്നു​മെന്ന് നിങ്ങൾ ചിന്തി​ക്കേ​ണ്ട​തു​ണ്ടോ? വേണ്ട. കാരണം, പരിമി​തി​യുള്ള ഒരു മനസ്സ് അല്ല ദൈവ​ത്തി​ന്‍റേത്‌. മാത്രമല്ല, ‘കുരു​വി​ക​ളെ​ക്കാ​ളും വില​യേ​റി​യ​വ​രാണ്‌’ നിങ്ങൾ.—മത്തായി 10:29, 31.

ദൈവ​ത്തി​ന്‍റെ വഴികൾ: “ദൈവം ആദി​യോ​ടന്തം ചെയ്യുന്ന പ്രവൃ​ത്തി​യെ ഗ്രഹി​പ്പാൻ” മനുഷ്യർക്ക് കഴിവില്ല എന്ന് ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:11) അതു​കൊണ്ട്, ദൈവ​ത്തെ​ക്കു​റിച്ച് എല്ലാ കാര്യ​ങ്ങ​ളും നമുക്ക് ഒരിക്ക​ലും അറിയാൻ കഴിയില്ല. ദൈവ​ത്തിന്‍റ വഴികൾക്കു പിന്നി​ലുള്ള ജ്ഞാനം “ദുർഗ്രഹം” ആണ്‌. (റോമർ 11:33) എന്നിരു​ന്നാ​ലും, തന്നെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക് തന്‍റെ വഴികൾ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ ദൈവം സന്നദ്ധനാണ്‌.—ആമോസ്‌ 3:7.

സ്രഷ്ടാവിന്‍റെ ജീവ​ദൈർഘ്യ​വും ബുദ്ധി​യും ജ്ഞാനവും നമുക്ക് അളക്കാ​നോ നിർണ​യി​ക്കാ​നോ അവയുടെ ആഴം മനസ്സി​ലാ​ക്കാ​നോ കഴിയില്ല.

പ്രയോ​ജ​നം: ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദൈവ​ത്തെ​യും ദൈവ​ത്തി​ന്‍റെ വഴിക​ളെ​യും കുറിച്ച് എന്നും പുതി​യ​പു​തിയ കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാ​നു​ണ്ടാ​യി​രി​ക്കും. അതിന്‍റെ അർഥം, നിത്യ​ത​യി​ലു​ട​നീ​ളം നമ്മുടെ സ്വർഗീ​യ​പി​താ​വി​നോട്‌ കൂടു​തൽക്കൂ​ടു​തൽ അടുത്തു​കൊ​ണ്ടേ​യി​രി​ക്കാൻ കഴിയു​മെ​ന്നാണ്‌.

ഗ്രഹി​ക്കാൻ കഴിയുന്ന കാര്യങ്ങൾ

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ചില കാര്യങ്ങൾ നമുക്ക് ഗ്രഹി​ക്കാൻ കഴിയില്ല എന്ന കാരണ​ത്താൽ യാതൊ​ന്നും അറിയാ​നാ​വില്ല എന്ന് അത്‌ അർഥമാ​ക്കു​ന്നില്ല. ദൈവ​ത്തെ​ക്കു​റിച്ച് കൂടുതൽ മെച്ചമാ​യി അറിയാൻ സഹായി​ക്കുന്ന ധാരാളം വിവരങ്ങൾ ബൈബി​ളിൽ അടങ്ങി​യി​ട്ടുണ്ട്. ചില ഉദാഹ​ര​ണങ്ങൾ കാണുക:

ദൈവ​ത്തി​ന്‍റെ പേര്‌: ദൈവം തനിക്കു​തന്നെ ഒരു പേര്‌ ഇട്ടിരി​ക്കു​ന്ന​താ​യി ബൈബിൾ പറയുന്നു. “ഞാൻ യഹോവ അതുതന്നേ എന്‍റെ നാമം” എന്ന് ദൈവം പറയുന്നു. മറ്റ്‌ ഏതൊരു നാമ​ത്തെ​ക്കാ​ളും അധിക​മാ​യി ദൈവ​ത്തി​ന്‍റെ പേര്‌ ബൈബി​ളിൽ കാണു​ന്നുണ്ട്, ഏതാണ്ട് 7,000-ത്തോളം പ്രാവ​ശ്യം!—യെശയ്യാ​വു 42:8.

പ്രയോ​ജ​നം: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ” എന്ന് മാതൃ​കാ​പ്രാർഥ​ന​യിൽ യേശു പറഞ്ഞു. (മത്തായി 6:9) അങ്ങനെ​യെ​ങ്കിൽ, പ്രാർഥി​ക്കു​മ്പോൾ നിങ്ങൾക്കും ദൈവ​ത്തി​ന്‍റെ നാമം ഉപയോ​ഗി​ക്കാൻ കഴിയു​മോ? തന്‍റെ നാമ​ത്തോട്‌ ആദരവു കാണി​ക്കുന്ന ഏതൊരു വ്യക്തി​യെ​യും രക്ഷിക്കാൻ യഹോവ മനസ്സു​ള്ള​വ​നാണ്‌.—റോമർ 10:13.

ദൈവ​ത്തി​ന്‍റെ വാസസ്ഥലം: രണ്ട് മണ്ഡലങ്ങ​ളു​ണ്ടെന്ന് (വാസസ്ഥലം) ബൈബിൾ പറയുന്നു. ആത്മസൃ​ഷ്ടി​കൾ വസിക്കുന്ന ആത്മമണ്ഡ​ല​വും ഭൂമി​യും പ്രപഞ്ച​വും അടങ്ങുന്ന ഭൗമമ​ണ്ഡ​ല​വും. (യോഹ​ന്നാൻ 8:23; 1 കൊരി​ന്ത്യർ 15:44) ബൈബി​ളിൽ ‘സ്വർഗം’ എന്ന് പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം മിക്ക​പ്പോ​ഴും ആത്മമണ്ഡ​ല​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. സ്വർഗ​മെന്ന ‘വാസസ്ഥ​ല​ത്താണ്‌’ സ്രഷ്ടാവ്‌ വസിക്കു​ന്നത്‌.—1 രാജാ​ക്ക​ന്മാർ 8:43.

പ്രയോ​ജ​നം: നിങ്ങൾക്ക് ദൈവ​ത്തെ​ക്കു​റിച്ച് ശരിയായ ഒരു ചിത്രം ലഭിക്കും. തൂണി​ലും തുരു​മ്പി​ലും സ്ഥിതി ചെയ്യുന്ന നിഗൂ​ഢ​മായ ഒരു ശക്തിയല്ല സ്രഷ്ടാവ്‌. പകരം, യഥാർഥ വാസസ്ഥാ​ന​മുള്ള ഒരു വ്യക്തി​യാണ്‌ യഹോവ. എങ്കിലും, “അവന്‍റെ ദൃഷ്ടി​യിൽനി​ന്നു മറഞ്ഞി​രി​ക്കു​ന്ന​താ​യി ഒരു സൃഷ്ടി​പോ​ലു​മില്ല.”—എബ്രായർ 4:13.

ദൈവ​ത്തി​ന്‍റെ വ്യക്തി​ത്വം: നമ്മെ ആകർഷി​ക്കുന്ന അനേകം ഗുണങ്ങൾ യഹോ​വയ്‌ക്കു​ണ്ടെന്ന് ബൈബിൾ പഠിപ്പി​ക്കു​ന്നു. “ദൈവം സ്‌നേ​ഹ​മാ​കു​ന്നു.” (1 യോഹ​ന്നാൻ 4:8) ദൈവ​ത്തിന്‌ ഭോഷ്‌ക്‌ പറയാൻ കഴിയില്ല. (തീത്തൊസ്‌ 1:1) ദൈവം കരുണ​യു​ള്ള​വ​നും മഹാദ​യ​യു​ള്ള​വ​നും ദീർഘ​ക്ഷ​മ​യു​ള്ള​വ​നും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​നും ആണ്‌. (പുറപ്പാ​ടു 34:6; പ്രവൃ​ത്തി​കൾ 10:34) തന്നെ ആദരി​ക്കാൻ മനസ്സു​ള്ള​വ​രോട്‌ “സഖിത്വം” വളർത്തി​യെ​ടു​ക്കാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു​വെ​ന്നത്‌ അനേക​രെ​യും അതിശ​യി​പ്പി​ച്ചേ​ക്കാം.—സങ്കീർത്തനം 25:14.

പ്രയോ​ജ​നം: നിങ്ങൾക്കും യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയും. (യാക്കോബ്‌ 2:23) അങ്ങനെ, യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച് കൂടുതൽ അറിയു​ന്തോ​റും നിങ്ങൾക്ക് ബൈബിൾവി​വ​ര​ണങ്ങൾ മെച്ചമാ​യി മനസ്സി​ലാ​കും.

‘ദൈവത്തെ അന്വേ​ഷി​ക്കുക’

യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ഒരു വ്യക്തമായ ചിത്രം ബൈബിൾ വരച്ചു​കാ​ട്ടു​ന്നു. നമുക്ക് മനസ്സി​ലാ​ക്കാൻ കഴിയാത്ത ഒരു വ്യക്തിയല്ല ദൈവം. വാസ്‌ത​വ​ത്തിൽ, നിങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച് അറിയ​ണ​മെന്ന് ദൈവം ആഗ്രഹി​ക്കു​ന്നു. ബൈബിൾ ഇങ്ങനെ ഉറപ്പു​നൽകു​ന്നു: “നീ അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃ​ത്താ​ന്തം 28:9) ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച് വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌തു​കൊണ്ട് ദൈവ​ത്തെ​ക്കു​റിച്ച് അറിയാൻ നിങ്ങൾക്കും ശ്രമി​ച്ചു​കൂ​ടേ? അങ്ങനെ ചെയ്‌താൽ ദൈവം “നിങ്ങ​ളോട്‌ അടുത്തു വരും” എന്ന് ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—യാക്കോബ്‌ 4:8.

ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദൈവ​ത്തെ​യും ദൈവ​ത്തി​ന്‍റെ വഴിക​ളെ​യും കുറിച്ച് എന്നും പുതി​യ​പു​തിയ കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാ​നു​ണ്ടാ​യി​രി​ക്കും

ഒരുപക്ഷെ, നിങ്ങൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചുള്ള സകലകാ​ര്യ​ങ്ങ​ളും അറിയി​ല്ലെ​ന്നി​രി​ക്കെ എനിക്ക് എങ്ങനെ സ്രഷ്ടാ​വി​ന്‍റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ കഴിയും?’ ഒന്ന് ചിന്തി​ക്കുക: ഒരു ശസ്‌ത്ര​ക്രി​യാ​വി​ദഗ്‌ധന്‍റെ സുഹൃ​ത്താ​യി​രി​ക്കാൻ വൈദ്യ​ശാസ്‌ത്ര​ത്തിൽ ബിരുദം നേടേ​ണ്ട​തു​ണ്ടോ? വേണ്ട. സുഹൃത്ത്‌, തികച്ചും വ്യത്യസ്‌ത​മായ ഒരു തൊഴി​ലാ​യി​രി​ക്കാം ചെയ്യു​ന്നത്‌. എങ്കിലും, അവർ തമ്മിൽ നല്ല ഒരു സുഹൃദ്‌ബന്ധം സാധ്യ​മാണ്‌. ശസ്‌ത്ര​ക്രി​യാ​വി​ദഗ്‌ധന്‍റെ വ്യക്തി​ത്വ​വും അദ്ദേഹ​ത്തി​ന്‍റെ ഇഷ്ടാനി​ഷ്ട​ങ്ങ​ളും അറിയുക എന്നതാണ്‌ പ്രധാ​ന​സം​ഗതി. അതു​പോ​ലെ, യഹോവ ഏതുതരം വ്യക്തി​യാ​ണെന്ന് ബൈബി​ളിൽനിന്ന് നിങ്ങൾക്ക് പഠിക്കാൻ കഴിയും. അതായത്‌, ദൈവ​വു​മാ​യി ഒരു സുഹൃദ്‌ബന്ധം സ്ഥാപി​ക്കാൻ നിങ്ങൾ യഥാർഥ​ത്തിൽ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ!

സ്രഷ്ടാ​വി​നെ​ക്കു​റിച്ച് ഏതാനും വിവരങ്ങൾ മാത്രം നൽകു​ന്ന​തി​നു​പ​കരം, ദൈവ​ത്തെ​ക്കു​റിച്ച് മനസ്സി​ലാ​ക്കാൻ ആവശ്യ​മായ എല്ലാ വിവര​ങ്ങ​ളും ബൈബി​ളിൽ അടങ്ങി​യി​ട്ടുണ്ട്. അങ്ങനെ​യെ​ങ്കിൽ, യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച് കൂടു​ത​ലാ​യി പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? യഹോ​വ​യു​ടെ സാക്ഷികൾ ഒരു ഭവന ബൈബിൾപഠന പരിപാ​ടി സൗജന്യ​മാ​യി നടത്തി​വ​രു​ന്നു. അതിനാ​യി, നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ www.isa4310.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശി​ക്കു​ക​യോ ചെയ്യുക.▪ (w15-E 10/01)