വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മാതാപിതാക്കൾ

ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്‌

ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്‌

വെല്ലുവിളി

9 മണിക്കുള്ളിൽ ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്യണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഈ ആഴ്‌ചയിൽ രണ്ടു വട്ടം അർധരാത്രി കഴിഞ്ഞും മകൾ മെസേജ്‌ അയക്കുന്നതായി നിങ്ങൾ കണ്ടെത്തി. 10 മണിക്കുള്ളിൽ വീട്ടിൽ വരണമെന്നു പറഞ്ഞിട്ടും കഴിഞ്ഞ രാത്രിയും നിങ്ങളുടെ മകൻ വന്നപ്പോൾ 11 മണി കഴിഞ്ഞിരുന്നു.

നിങ്ങളെ അനുസരിക്കുന്നതിൽ മെച്ചപ്പെടാൻ മകനോ മകൾക്കോ സാധിക്കും. എന്നാൽ, ആദ്യം നിങ്ങൾ വെച്ചിരിക്കുന്ന നിയമങ്ങൾ അവർ അവഗണിക്കുന്നത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കണം. എന്താണ്‌ അതിന്റെ പ്രയോജനം? തുറന്ന ധിക്കാരമെന്നു നിങ്ങൾ വിചാരിക്കുന്നത്‌ ഒരുപക്ഷേ ഗുരുതരമായ പ്രശ്‌നമല്ലായിരിക്കാം.

എന്തുകൊണ്ട്‌ അതു സംഭവിക്കുന്നു?

അവ്യക്തമായ അതിർവരമ്പുകൾ. തങ്ങൾക്ക്‌ ഏത്‌ അറ്റംവരെ പോകാൻ കഴിയുമെന്ന്‌ അറിയാൻവേണ്ടിയാണു ചില കൗമാരപ്രായക്കാർ നിയമങ്ങൾ അവഗണിക്കുന്നത്‌. ഉദാഹരണത്തിന്‌, ഏതെങ്കിലും തെറ്റായ പ്രവൃത്തി ചെയ്‌താൽ അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു കുട്ടിയോട്‌ മാതാവോ പിതാവോ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ അതു നടപ്പിലാക്കുമോ എന്നറിയാൻ കുട്ടി പരീക്ഷിച്ചു നോക്കിയേക്കാം. ഇങ്ങനെയുള്ള കൗമാരപ്രായക്കാർ മത്സരികളായിത്തീരുകയാണോ? അപ്രകാരമായിരിക്കണമെന്നില്ല. എന്നാൽ, മാതാപിതാക്കൾ ശിക്ഷ നടപ്പാക്കുന്നതിൽ സ്ഥിരതയില്ലാത്തവരും അവർ വെച്ചിരിക്കുന്ന അതിർവരമ്പുകൾ വ്യക്തമല്ലാത്തപ്പോഴും ആണ്‌ നിയമങ്ങൾ അനുസരിക്കുന്നതിൽ സാധാരണഗതിയിൽ കൗമാരപ്രായക്കാർ മടി കാണിക്കുന്നത്‌.

വഴക്കമില്ലായ്‌മ. ചില മാതാപിതാക്കൾ തങ്ങളുടെ കൗമാരക്കാരെ അന്തമില്ലാത്ത നിയമങ്ങൾകൊണ്ടു നിയന്ത്രിക്കാൻ ശ്രമിക്കുന്നു. കുട്ടികൾ അനുസരിക്കാതെവരുമ്പോൾ മാതാപിതാക്കൾ കോപിഷ്‌ഠരാകുകയും കൂടുതൽ നിയമങ്ങൾ വെക്കുകയും ചെയ്യുന്നു. എന്നാൽ, പലപ്പോഴും ഇതു കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഒരു പുസ്‌തകം (Parent/Teen Breakthrough) പറയുന്നപ്രകാരം “നിങ്ങൾ കൗമാരക്കാരെ എത്രമാത്രം നിയന്ത്രിക്കാൻ ശ്രമിക്കുന്നുവോ അത്രമാത്രം അവർ നിങ്ങളെ എതിർക്കും.” അത്‌ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ഈ രീതിയിലുള്ള നിയന്ത്രണം മൃദുവായ ഒരു കഷണം റൊട്ടിയുടെമേൽ തണുത്തുറഞ്ഞ വെണ്ണ പുരട്ടാൻ ശ്രമിക്കുന്നതുപോലെയാണ്‌. അങ്ങനെ ചെയ്യുമ്പോൾ റൊട്ടി മുറിഞ്ഞുപോകാൻ ഇടയാകുന്നു. ഇത്‌ ഒഴിവാക്കാൻ വെണ്ണ ബലമായി പുരട്ടാതിരിക്കുക.”

ശരിയായ ശിക്ഷണം പലപ്പോഴും ഗുണം ചെയ്യും. “ശിക്ഷ”യിൽ വേദന ഉൾപ്പെട്ടിരിക്കുന്നു. ഇതിൽനിന്നു വ്യത്യസ്‌തമായി “ശിക്ഷണം” പ്രധാനമായും പഠിപ്പിക്കുന്നതിനെയാണ്‌ അർഥമാക്കുന്നത്‌. നിങ്ങൾ വെച്ചിരിക്കുന്ന നിയമങ്ങൾ അംഗീകരിച്ചു പ്രവർത്തിക്കാൻ കൗമാരക്കാരെ എങ്ങനെ പഠിപ്പിക്കാൻ കഴിയും?

ഇങ്ങനെ ചെയ്‌തുനോക്കാം

വ്യക്തമാക്കുക. കൗമാരപ്രായക്കാരിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നെന്നും അനുസരണക്കേടിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും അവർ വ്യക്തമായി അറിഞ്ഞിരിക്കണം.—ബൈബിൾതത്ത്വം: ഗലാത്യർ 6:7.

നിർദേശം: വീട്ടിൽ പാലിക്കേണ്ട നിയമങ്ങളുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കുക. എന്നിട്ടു നിങ്ങളോടുതന്നെ ചോദിക്കുക: ഞാൻ വളരെയധികം നിയമങ്ങൾ വെച്ചിട്ടുണ്ടോ? അതോ വളരെ കുറഞ്ഞുപോയോ? ചിലത്‌ ഇപ്പോഴും ആവശ്യമുണ്ടോ? എന്റെ മകനോ മകളോ പ്രകടമാക്കുന്ന ഉത്തരവാദിത്വബോധത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വെച്ചിരിക്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോ?

സ്ഥിരതയുള്ളവരായിരിക്കുക. ഒരേ രീതിയിലുള്ള തെറ്റ്‌ ആവർത്തിക്കുമ്പോൾ ഒരു പ്രാവശ്യം അതിനുനേരെ കണ്ണടയ്‌ക്കുകയും എന്നാൽ അടുത്ത പ്രാവശ്യം ശിക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ കൗമാരപ്രായക്കാർ ആശയക്കുഴപ്പത്തിലായേക്കാം.—ബൈബിൾതത്ത്വം: മത്തായി 5:37.

നിർദേശം: ചെയ്യുന്ന ‘തെറ്റിന്‌’ തക്കതായ ‘ശിക്ഷ’ നൽകുക. ഉദാഹരണത്തിന്‌, നിങ്ങൾ പറയുന്ന സമയത്ത്‌ മകനോ മകളോ തിരിച്ചെത്തുന്നില്ലെങ്കിൽ കുറെക്കൂടെ നേരത്തേ വരാൻ ആവശ്യപ്പെടുക.

ന്യായബോധമുള്ളവരായിരിക്കുക. കൗമാരപ്രായക്കാരനായ കുട്ടി കാര്യങ്ങൾ മെച്ചമായി ചെയ്യുന്നതു കാണുമ്പോൾ അതിനനുസരിച്ചു കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടു വഴക്കമുള്ളവരായിരിക്കുക.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:5.

നിർദേശം: നിങ്ങളുടെ മകനുമായോ മകളുമായോ നിയമങ്ങളെക്കുറിച്ചു ചർച്ച ചെയ്യുക. ചില നിയമങ്ങളുടെ കാര്യത്തിൽ, അവ ലംഘിച്ചാൽ എന്തു ‘ശിക്ഷ’യാണു വെക്കേണ്ടതെന്നു അവരോടുതന്നെ ചോദിക്കാനാകും. അവരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ നിയമങ്ങൾ അവർ അനുസരിക്കാൻ സാധ്യതയേറെയാണ്‌.

സ്വഭാവരൂപവത്‌ക്കരണം. നിങ്ങളുടെ ലക്ഷ്യം നിയമങ്ങൾ അനുസരിപ്പിക്കുക എന്നതു മാത്രമല്ല പകരം ഒരു ശുദ്ധമായ മനസ്സാക്ഷി വളർത്തിയെടുക്കാൻ, അതായത്‌ ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രാപ്‌തി വളർത്തിയെടുക്കാൻ, മകനെയോ മകളെയോ സഹായിക്കുക എന്നതാണ്‌. (“ക്രിയാത്മകഗുണങ്ങൾ ഊട്ടിവളർത്തുക” എന്ന ചതുരം കാണുക.)—ബൈബിൾതത്ത്വം: 1 പത്രോസ്‌ 3:16.

നിർദേശം: സഹായത്തിനായി ബൈബിളിലേക്കു തിരിയുക. “ഉൾക്കാഴ്‌ച തരുന്ന വാക്കുകൾ മനസ്സിലാക്കാനും . . . സരളഹൃദയർക്കു വിവേകവും യുവജനങ്ങൾക്ക്‌ അറിവും വിവേചനാശക്തിയും പ്രദാനം ചെയ്യാനും” ഉള്ള ഏറ്റവും നല്ല ഉറവിടം ബൈബിളാണ്‌.—സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 1:1-4, പി.ഒ.സി. ബൈബിൾ. ◼ (g13-E 05)