വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മാതാപിതാക്കൾ

കൗമാരക്കാരന്‌ ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

കൗമാരക്കാരന്‌ ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

വെല്ലുവിളി

നിങ്ങൾ ഭയങ്കര കർക്കശക്കാരനാണെന്നാണ്‌ കൗമാരക്കാരനായ മകന്റെ പരാതി. എന്നാൽ നിങ്ങളിലെ രക്ഷാകർത്താവിന്റെ മനസ്സു പറയുന്നു അങ്ങനെയല്ലെന്ന്‌. ‘ഞാൻ ഒന്നയഞ്ഞാൽ അവൻ വല്ല കുഴപ്പത്തിലും ചെന്നു ചാടും.’ അതാണ്‌ നിങ്ങളുടെ ആശങ്ക.

കൗമാരക്കാർക്ക്‌ ന്യായമായ നിയന്ത്രണങ്ങൾ വെക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്‌. എന്നാൽ മകൻ നിങ്ങളുടെ ചട്ടങ്ങളിൽ അസ്വസ്ഥനാകുന്നതിന്റെ കാരണം നിങ്ങൾ ആദ്യംതന്നെ മനസ്സിലാക്കേണ്ടതുണ്ട്‌. a

എന്തുകൊണ്ട്‌ അതു സംഭവിക്കുന്നു?

മിഥ്യാധാരണ: കൗമാരപ്രായത്തിലുള്ള എല്ലാ കുട്ടികളും ചട്ടങ്ങളോടു മറുതലിക്കും, ആ പ്രായത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു പ്രത്യേകതയാണത്‌ എന്നൊക്കെയാണ്‌ പൊതുവെയുള്ള മിഥ്യാധാരണ.

യാഥാർഥ്യം: മാതാപിതാക്കൾ ന്യായയുക്തമായ ചട്ടങ്ങൾ വെക്കുകയും കൗമാരക്കാരനുമായി അതേക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നെങ്കിൽ അവൻ മത്സരിക്കാനുള്ള സാധ്യത കുറവാണ്‌.

മക്കൾ മത്സരികളാകുന്നതിനു കാരണങ്ങൾ പലതുണ്ട്‌. എങ്കിലും നിങ്ങൾ വെക്കുന്ന നിയമങ്ങൾ വഴക്കമില്ലാത്തതും പ്രായത്തിനു ചേരാത്തതും ആണെങ്കിൽ അവർ മത്സരികളായിപ്പോകാൻ അറിയാതെയാണെങ്കിലും നിങ്ങളൊരു നിമിത്തമാകുകയാണ്‌. പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • വഴക്കമില്ലായ്‌മ. മാതാപിതാക്കൾ ചട്ടങ്ങൾ ഉണ്ടാക്കിയിട്ട്‌ അതേക്കുറിച്ച്‌ കുട്ടിയുമായി ചർച്ച ചെയ്യേണ്ടതുണ്ട്‌. അല്ലാത്തപക്ഷം, ആ ചട്ടങ്ങൾ സംരക്ഷണമേകുന്ന ഒരു സീറ്റ്‌ബെൽറ്റുപോലെ ആയിരിക്കുന്നതിനു പകരം ശ്വാസം മുട്ടിക്കുന്ന കൂച്ചുവിലങ്ങായി മാറും. ഫലമോ? മാതാപിതാക്കൾ വിലക്കിയ അതേ കാര്യം അവൻ രഹസ്യത്തിൽ ചെയ്‌തുതുടങ്ങിയെന്നു വരാം.

  • പ്രായത്തിനു ചേരാത്ത നിയന്ത്രണങ്ങൾ. “പറഞ്ഞതങ്ങ്‌ കേട്ടാൽ മതി” എന്ന വിശദീകരണം ഒരു കൊച്ചുകുട്ടിക്കു മതിയായതാണ്‌. എന്നാൽ കൗമാരക്കാരന്‌ അതു പോരാ; അവന്‌ കാരണങ്ങൾ അറിയണം. എന്തായാലും താമസിയാതെതന്നെ നിങ്ങളുടെ കുട്ടി സ്വന്തമായി ഒരു ജീവിതം തുടങ്ങാനുള്ളതാണ്‌, ഗൗരവമുള്ള പല തീരുമാനങ്ങളും അവൻ എടുക്കേണ്ടതായിവരും. അതുകൊണ്ട്‌, ഇപ്പോൾ നിങ്ങളുടെ ശിക്ഷണത്തിലായിരിക്കെത്തന്നെ ന്യായയുക്തമായി ചിന്തിക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും അവൻ പഠിക്കുന്നത്‌ എത്രയോ നല്ലതാണ്‌.

എന്നാൽ നിങ്ങളുടെ ചട്ടങ്ങൾ അവനെ കൂടെക്കൂടെ ദേഷ്യം പിടിപ്പിക്കുന്നതായി തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും?

ഇങ്ങനെ ചെയ്‌തുനോക്കാം

നിങ്ങളുടെ കൗമാരക്കാരനായ മകന്‌ പരിധികൾ സംബന്ധിച്ചു മാർഗനിർദേശം ആവശ്യമാണെന്ന്‌—വാസ്‌തവത്തിൽ ഉള്ളിന്റെയുള്ളിൽ അവൻ അത്‌ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന്‌—ആദ്യംതന്നെ മനസ്സിലാക്കുക. അതുകൊണ്ട്‌ ചട്ടങ്ങൾ വെക്കുക, നിങ്ങളുടെ മകൻ അതു മനസ്സിലാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക. “കൗമാരക്കാർ മാതാപിതാക്കളുടെ ന്യായമായ അളവിലുള്ള മേൽനോട്ടം പ്രതീക്ഷിക്കുകയും അതിർവരമ്പുകൾ സംബന്ധിച്ച്‌ അവർക്കു മാതാപിതാക്കളിൽനിന്ന്‌ വ്യക്തമായ മാർഗനിർദേശം ലഭിക്കുകയും ചെയ്യുമ്പോൾ അവർ വഷളായിപ്പോകാനുള്ള സാധ്യത കുറവാണ്‌” എന്ന്‌ കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചുള്ള ഒരു പുസ്‌തകം (Letting Go With Love and Confidence) പറയുന്നു. എന്നാൽ അതേസമയം ഒന്നിലും ഇടപെടാതെ മക്കളെ ‘കയറൂരി’ വിട്ടിരിക്കുന്ന മാതാപിതാക്കൾ, ‘എന്തുമാകാം’ എന്ന ഒരു സന്ദേശമാണ്‌ കുട്ടികൾക്കു നൽകുന്നത്‌. അതാകട്ടെ മത്സരത്തിനു വളംവെച്ചുകൊടുക്കലാവും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 29:15.

അങ്ങനെയെങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ സമനില കാണിക്കാനാകും? കുടുംബത്തിൽ വെച്ചിരിക്കുന്ന ചട്ടങ്ങൾ താൻ എങ്ങനെ വീക്ഷിക്കുന്നുവെന്നു നിങ്ങളുടെ കൗമാരപ്രായക്കാരനായ മകൻ പറയട്ടെ. ദൃഷ്ടാന്തത്തിന്‌, നിയന്ത്രണങ്ങളിൽ ചില അയവു വേണമെന്ന്‌ അവൻ പറയുന്നുവെന്നിരിക്കട്ടെ. അവൻ അതിന്റെ കാരണങ്ങൾ നിരത്തുമ്പോൾ ശ്രദ്ധവെച്ചു കേൾക്കുക. തനിക്കു പറയാനുള്ളതെല്ലാം മാതാപിതാക്കൾ ശ്രദ്ധിച്ചു കേട്ടെന്ന്‌ കാണുമ്പോൾ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ അവൻ മാനിക്കാനും അനുസരിക്കാനും ഉള്ള സാധ്യത കൂടുതലാണ്‌, ഒരുപക്ഷേ അവൻ അതിനോട്‌ യോജിക്കുന്നില്ലെങ്കിൽക്കൂടി.—ബൈബിൾതത്ത്വം: യാക്കോബ്‌ 1:19.

എന്നിരുന്നാലും ഒരു തീരുമാനം എടുക്കുമ്പോൾ പിൻവരുന്ന സംഗതി മനസ്സിൽപ്പിടിക്കുക: കൗമാരപ്രായക്കാർ വേണ്ടതിലധികം സ്വാതന്ത്ര്യം ആവശ്യപ്പെടാൻ ചായ്‌വു കാണിക്കുന്നു. അതേസമയം, ആകാവുന്നതിലും കുറച്ച്‌ സ്വാതന്ത്ര്യം നൽകാനാണ്‌ അച്ഛനമ്മമാരുടെ പ്രവണത. അതുകൊണ്ട്‌ കൗമാരപ്രായക്കാരനായ മകന്റെ അപേക്ഷ ഗൗരവപൂർവം പരിഗണിക്കുക. ഉത്തരവാദിത്വബോധത്തോടെ അവൻ പെരുമാറാറുണ്ടോ? സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു വിട്ടുവീഴ്‌ചയുടെ ആവശ്യം കാണുന്നുണ്ടോ? ഉചിതമായ സന്ദർഭങ്ങളിൽ അൽപ്പം വഴക്കം കാണിക്കുക.—ബൈബിൾതത്ത്വം: ഉല്‌പത്തി 19:17-22.

മകന്റെ വികാരങ്ങൾക്കു ചെവി കൊടുക്കുന്നതോടൊപ്പംതന്നെ നിങ്ങളുടെ ആശങ്കകൾ മകനെ പറഞ്ഞു മനസ്സിലാക്കാനും മറക്കരുത്‌. അങ്ങനെ ചെയ്യുമ്പോൾ സ്വന്തം ആഗ്രഹങ്ങൾ മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങൾ കൂടെ കണക്കിലെടുക്കാൻ നിങ്ങൾ അവനെ പഠിപ്പിക്കുകയായിരിക്കും.—ബൈബിൾതത്ത്വം: 1 കൊരിന്ത്യർ 10:24.

ഒടുവിൽ, ഒരു തീരുമാനമെടുത്ത്‌ അതിന്‌ ഉപോദ്‌ബലകമായ കാരണങ്ങൾ വിശദീകരിക്കുക. അതുകേട്ട്‌ നിങ്ങളുടെ മകൻ തുള്ളിച്ചാടാനൊന്നും പോകുന്നില്ലെങ്കിലും താൻ പറയുന്നത്‌ കേൾക്കാനും തന്റെ വികാരങ്ങൾ കണക്കിലെടുക്കാനും മാതാപിതാക്കൾ മനസ്സൊരുക്കം കാണിക്കുന്നതിൽ അവൻ സന്തോഷിക്കാനാണു സാധ്യത. മുതിർന്ന ഒരു വ്യക്തിയായിത്തീരാനുള്ള പരിശീലനഘട്ടത്തിലാണ്‌ കൗമാരക്കാരൻ എന്ന വസ്‌തുത മറന്നുപോകരുത്‌. ന്യായയുക്തമായ നിയമങ്ങൾ വെക്കുകയും അവ നിങ്ങളുടെ മകനോടൊത്തു പരിചിന്തിക്കുകയും ചെയ്യുകവഴി ചുമതലാബോധമുള്ള ഒരു പുരുഷനായി വളർന്നുവരാൻ നിങ്ങൾക്ക്‌ അവനെ സഹായിക്കാനാകും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 22:6. ◼ (g13-E 03)

a കൗമാരത്തിലുള്ള ആൺകുട്ടിയെ പരാമർശിച്ചുകൊണ്ടുള്ളതാണ്‌ ഈ ലേഖനമെങ്കിലും ഇതിലെ തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.