വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണമെന്ന ശത്രു പരാജ​യ​പ്പെ​ടും—എങ്ങനെ?

മരണമെന്ന ശത്രു പരാജ​യ​പ്പെ​ടും—എങ്ങനെ?

നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമും ഹവ്വയും അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ മനുഷ്യ​കു​ടും​ബ​ത്തി​ലേക്കു പാപവും മരണവും കടന്നു​വന്നു. പക്ഷേ, ഇതൊ​ന്നും മനുഷ്യ​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ തകിടം മറിച്ചില്ല. ദൈവ​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ ദൈവം അതിന്‌ ആവർത്തിച്ച്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌:

  • “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”സങ്കീർത്തനം 37:29.

  • “ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.”യശയ്യ 25:8.

  • “അവസാ​നത്തെ ശത്രു​വാ​യി മരണ​ത്തെ​യും നീക്കം ചെയ്യും.”1 കൊരി​ന്ത്യർ 15:26.

  • “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”വെളി​പാട്‌ 21:4.

ദൈവം എങ്ങനെ​യാ​ണു ‘മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കാൻ’ പോകു​ന്നത്‌? ബൈബിൾ വ്യക്തമാ​യി പറയുന്നു: “നീതി​മാ​ന്മാർ . . . എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.” എന്നാൽ അത്‌ ഇങ്ങനെ​യും പറയുന്നു, “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തി​ല്ല​ല്ലോ.” (സഭാ​പ്ര​സം​ഗകൻ 7:20) അപ്പോൾ മരണത്തെ ഇല്ലാതാ​ക്കാൻ ദൈവം തന്റെ നിലവാ​ര​ങ്ങ​ളിൽ എന്തെങ്കി​ലും മാറ്റം വരുത്തു​മെ​ന്നാ​ണോ? അങ്ങനെ ചിന്തി​ക്കാൻപോ​ലും നമുക്കു പറ്റില്ല. ദൈവം ഒരിക്ക​ലും അങ്ങനെ ചെയ്യില്ല, കാരണം ‘നുണ പറയാൻ . . . ദൈവ​ത്തി​നു കഴിയില്ല.’ (തീത്തോസ്‌ 1:2) മനുഷ്യ​രെ സൃഷ്ടി​ച്ച​തി​ന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കാൻ ദൈവം എന്തു ചെയ്യും?

“ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും.”—യശയ്യ 25:8

മരണത്തെ കീഴട​ക്കാൻ—മോച​ന​വി​ല

മനുഷ്യ​കു​ടും​ബത്തെ മരണത്തിൽനിന്ന്‌ മോചി​പ്പി​ക്കാൻ ദൈവ​മായ യഹോവ സ്‌നേ​ഹ​ത്തോ​ടെ ഒരു മോച​ന​വില നൽകി. മോച​ന​വില എന്നു പറഞ്ഞാൽ എന്താണ്‌ അതിൽ ഉൾപ്പെ​ടു​ന്നത്‌? തകരാറു സംഭവി​ച്ച​തി​നു പകരമാ​യി കൊടു​ക്കേണ്ട നഷ്ടപരി​ഹാ​ര​മോ നീതി​യ​നു​സ​രിച്ച്‌ ആർക്കെ​ങ്കി​ലും തിരികെ കൊടു​ക്കേണ്ട എന്തെങ്കി​ലു​മോ ഇതിൽ ഉൾപ്പെ​ടു​ന്നു. എല്ലാ മനുഷ്യ​രും പാപി​ക​ളും മരണത്തി​ന്റെ അടിമ​ക​ളും ആയതു​കൊണ്ട്‌ ബൈബിൾ ഇങ്ങനെ വ്യക്തമാ​യി പറയുന്നു: “സഹോ​ദരൻ കുഴി കാണാതെ എന്നും ജീവി​ക്കേ​ണ്ട​തിന്‌ അവനെ വീണ്ടെ​ടു​ക്കാ​നോ അവനു​വേണ്ടി ദൈവ​ത്തി​നു മോച​ന​വില നൽകാ​നോ ഒരിക്ക​ലും കഴിയില്ല.”—സങ്കീർത്തനം 49:7, 8.

ഒരു അപൂർണ​മ​നു​ഷ്യ​നു മരിക്കാ​തി​രി​ക്കാൻ കഴിയില്ല. ഇനി, അയാൾ മരിക്കു​മ്പോൾ സ്വന്തം പാപങ്ങൾക്കു​വേണ്ടി മാത്ര​മാ​ണു മരിക്കു​ന്നത്‌. അയാൾക്കു, മറ്റൊ​രാ​ളു​ടെ പാപങ്ങൾക്കു മോച​ന​വില കൊടു​ക്കാ​നും കഴിയില്ല. (റോമർ 6:7) പാപം ഇല്ലാത്ത, പൂർണ​ത​യുള്ള ഒരു വ്യക്തി​യു​ണ്ടെ​ങ്കിൽ അയാൾക്കു സ്വന്തം പാപങ്ങൾക്കു​വേണ്ടി മരി​ക്കേ​ണ്ടി​വ​രില്ല. അയാൾക്കു തന്റെ ജീവൻ നമ്മുടെ പാപങ്ങൾക്കു​വേണ്ടി തരാൻ കഴിയും.—എബ്രായർ 10:1-4.

അതു ചെയ്യാൻത​ന്നെ​യാ​ണു ദൈവം ക്രമീ​ക​ര​ണങ്ങൾ ചെയ്‌തത്‌. സ്വർഗ​ത്തി​ലു​ണ്ടാ​യി​രുന്ന തന്റെ മകനായ യേശു​വി​നെ പാപം ഇല്ലാത്ത പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യിൽ ജനിക്കാൻ ദൈവം ഇടയാക്കി. (1 പത്രോസ്‌ 2:22) യേശു ഇങ്ങനെ​യാ​ണു പറഞ്ഞത്‌: ‘മനുഷ്യ​പു​ത്രൻ വന്നതു ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും ആണ്‌.’ (മർക്കോസ്‌ 10:45) അങ്ങനെ മരണമെന്ന ശത്രു​വി​നെ യേശു കീഴടക്കി. നമ്മൾ ജീവി​ച്ചി​രി​ക്കാ​നാ​യി യേശു തന്റെ ജീവൻ തന്നു.—യോഹ​ന്നാൻ 3:16.

മരണം ഇല്ലാതാ​കു​ന്നത്‌ എപ്പോൾ?

ഈ ‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്ന’ ബൈബിൾപ്ര​വ​ചനം നിറ​വേ​റു​ന്നതു നമ്മൾ ഇന്നു കാണുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) ഇത്‌ ‘ദൈവ​ഭ​ക്തി​യി​ല്ലാത്ത മനുഷ്യ​രെ ന്യായം വിധിച്ച്‌ നശിപ്പി​ക്കു​ന്ന​തിൽ’ ചെന്ന്‌ അവസാ​നി​ക്കും. (2 പത്രോസ്‌ 3:3, 7) എന്നാൽ ദൈവത്തെ സ്‌നേ​ഹി​ക്കുന്ന മനുഷ്യർ നാശത്തെ അതിജീ​വിച്ച്‌ “നിത്യ​ജീ​വൻ” എന്ന അനു​ഗ്രഹം നേടും.—മത്തായി 25:46.

യേശു ഭൂമി​യിൽ വന്നത്‌ ‘അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നാണ്‌.’—മർക്കോസ്‌ 10:45

ഇനി, മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേറ്റ്‌ വരുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾക്കും നിത്യ​ജീ​വൻ നേടു​ന്ന​തി​നുള്ള അവസര​മുണ്ട്‌. മരിച്ച​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാൻ കഴിയു​മെന്നു നയിൻ പട്ടണത്തിൽവെച്ച്‌ യേശു കാണിച്ചു. അവിടെ ഒരു വിധവ​യു​ടെ ഒരേ ഒരു മകൻ മരിച്ച​പ്പോൾ “മനസ്സ്‌ അലിഞ്ഞ” യേശു ആ ചെറു​പ്പ​ക്കാ​രനെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വന്നു. (ലൂക്കോസ്‌ 7:11-15) അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞു: “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ” എന്ന്‌. ദൈവ​ത്തി​നു മനുഷ്യ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ അതിശ​ക്ത​മായ തെളി​വാണ്‌ അത്‌.—പ്രവൃ​ത്തി​കൾ 24:15.

എന്നേക്കും ജീവി​ച്ചി​രി​ക്കാ​നുള്ള പ്രത്യാശ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കുണ്ട്‌. ബൈബിൾ പറയുന്നു: “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.” (സങ്കീർത്തനം 37:29) 2,000 വർഷം മുമ്പ്‌ പൗലോസ്‌ എഴുതിയ വാക്കു​ക​ളു​ടെ സത്യത അന്ന്‌ അവർ എല്ലാവ​രും മനസ്സി​ലാ​ക്കും. “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള്‌ എവിടെ?” (1 കൊരി​ന്ത്യർ 15:55) അങ്ങനെ മനുഷ്യ​കു​ടും​ബത്തെ ഭീതി​യി​ലാ​ഴ്‌ത്തിയ മരണമെന്ന ശത്രു പരാജ​യ​പ്പെ​ടും.