വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവാഹം എങ്ങനെ​യാണ്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവാഹം എങ്ങനെ​യാണ്‌?

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവാഹം പൊതു​വേ ലളിത​വും ആദരണീ​യ​വും ആയ ഒരു ചടങ്ങാണ്‌. ബൈബി​ളിൽനി​ന്നുള്ള ഒരു പ്രസംഗം അതിലു​ണ്ടാ​യി​രി​ക്കും, അതിനെ തുടർന്ന്‌ പലപ്പോ​ഴും ഒരു വിവാ​ഹ​വി​രു​ന്നും മറ്റു പരിപാ​ടി​ക​ളും നടത്താ​റുണ്ട്‌. a തന്റെ ശുശ്രൂ​ഷ​യു​ടെ തുടക്ക​ത്തിൽ യേശു, കാനാ നഗരത്തിൽവെച്ച്‌ നടന്ന ഒരു വിവാ​ഹ​വി​രു​ന്നിൽ പങ്കെടു​ത്തി​ട്ടുണ്ട്‌.—യോഹ​ന്നാൻ 2:1-11.

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവാ​ഹ​ച്ച​ടങ്ങ്‌ എങ്ങനെ​യാ​ണു നടത്തു​ന്നത്‌?

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവാ​ഹ​ച്ച​ട​ങ്ങിൽ മുഖ്യ​മാ​യും ഒരു വിവാ​ഹ​പ്ര​സം​ഗം ഉണ്ടായി​രി​ക്കും. ഏതാണ്ട്‌ 30 മിനിട്ട്‌ നീളുന്ന ഈ പ്രസംഗം നടത്തു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മതശു​ശ്രൂ​ഷ​ക​നാ​യി​രി​ക്കും. സ്‌നേ​ഹ​വും സന്തോ​ഷ​വും തുളു​മ്പുന്ന, നിലനിൽക്കുന്ന ഒരു വിവാ​ഹ​ജീ​വി​തം ഉണ്ടായി​രി​ക്കാൻ ദമ്പതി​കളെ ബൈബിൾ എങ്ങനെ സഹായി​ക്കു​മെന്നു പ്രസം​ഗകൻ വിശദീ​ക​രി​ക്കും. സൗഹൃ​ദ​ഭാ​വ​ത്തോ​ടെ, പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യി​ലാ​യി​രി​ക്കും ഇതു നടത്തു​ന്നത്‌.—എഫെസ്യർ 5:33.

 പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതശു​ശ്രൂ​ഷ​കർക്കു വിവാഹം നടത്തി​ക്കൊ​ടു​ക്കാ​നുള്ള അധികാ​രം ഗവൺമെന്റ്‌ നൽകാ​റുണ്ട്‌. അത്തരം സന്ദർഭ​ങ്ങ​ളിൽ പ്രസം​ഗ​ത്തി​ന്റെ അവസാനം ദമ്പതികൾ പ്രതിജ്ഞ പറയും, മോതി​രം കൈമാ​റും, തുടർന്ന്‌ മതശു​ശ്രൂ​ഷകൻ അവർ ഭാര്യാ​ഭർത്താ​ക്ക​ന്മാർ ആണെന്നുള്ള ഒരു അറിയി​പ്പു നടത്തും.

 ഇനി, മറ്റു ചില രാജ്യ​ങ്ങ​ളി​ലെ നിയമ​മ​നു​സ​രിച്ച്‌, വിവാഹം ഒരു ഗവൺമെന്റ്‌ ഓഫീ​സിൽ പോയി രജിസ്റ്റർ ചെയ്യേ​ണ്ട​തുണ്ട്‌. അതിനു ശേഷം, അധികം താമസി​ക്കാ​തെ വിവാ​ഹ​പ്ര​സം​ഗം നടത്തും. രജിസ്‌​ട്രോ​ഫീ​സിൽവെച്ച്‌ ദമ്പതികൾ പ്രതിജ്ഞ പറഞ്ഞി​ട്ടി​ല്ലെ​ങ്കിൽ പ്രസം​ഗ​ത്തി​ന്റെ അവസാനം അവർക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. ഇനി, അവി​ടെ​വെച്ച്‌ പ്രതിജ്ഞ പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവർക്ക്‌ അതു വീണ്ടും ചെയ്യാം, പക്ഷേ വാചകങ്ങൾ ഭൂതകാ​ല​രൂ​പ​ത്തിൽ ആയിരി​ക്കും എന്നുമാ​ത്രം. നവദമ്പ​തി​ക​ളു​ടെ മേൽ ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​നു​വേണ്ടി പ്രാർഥി​ച്ചു​കൊണ്ട്‌ പ്രസംഗം അവസാ​നി​പ്പി​ക്കും.

 എവി​ടെ​വെ​ച്ചാ​ണു വിവാ​ഹ​ച്ച​ട​ങ്ങു​കൾ നടത്താ​റു​ള്ളത്‌?

 വിവാ​ഹ​ച്ച​ട​ങ്ങു രാജ്യ​ഹാ​ളിൽവെച്ച്‌ നടത്താൻ പറ്റു​മെ​ങ്കിൽ അങ്ങനെ ചെയ്യാ​നാ​ണു പല സാക്ഷി​ക​ളും ആഗ്രഹി​ക്കു​ന്നത്‌. b അതിനെ തുടർന്ന്‌ വിവാ​ഹ​വി​രു​ന്നു നടത്തു​ന്നു​ണ്ടെ​ങ്കിൽ അതു മറ്റ്‌ എവി​ടെ​യെ​ങ്കി​ലും​വെ​ച്ചാ​യി​രി​ക്കും.

 ആർക്കൊ​ക്കെ അതിൽ പങ്കെടു​ക്കാം?

 രാജ്യ​ഹാ​ളിൽവെച്ച്‌ നടക്കുന്ന വിവാ​ഹ​ച്ച​ട​ങ്ങിൽ ആർക്കു​വേ​ണ​മെ​ങ്കി​ലും—സാക്ഷി​കൾക്കും അല്ലാത്ത​വർക്കും—പങ്കെടു​ക്കാം. എന്നാൽ വിവാ​ഹ​വി​രു​ന്നു നടത്തു​ന്നു​ണ്ടെ​ങ്കിൽ ആരെ ക്ഷണിക്ക​ണ​മെന്നു ദമ്പതികൾ തീരു​മാ​നി​ക്കും.

 അതിഥി​കൾ ഏതെങ്കി​ലു​മൊ​രു പ്രത്യേ​ക​തരം വസ്‌ത്രം ധരി​ക്കേ​ണ്ട​തു​ണ്ടോ?

 രാജ്യ​ഹാ​ളിൽവെച്ച്‌ നടക്കുന്ന വിവാ​ഹ​ച്ച​ട​ങ്ങിൽ ഏതെങ്കി​ലു​മൊ​രു പ്രത്യേ​ക​തരം വസ്‌ത്രം ധരിക്ക​ണ​മെന്നു നിയമ​മൊ​ന്നും ഇല്ലെങ്കി​ലും അനാവ​ശ്യ​ശ്രദ്ധ ആകർഷി​ക്കുന്ന, മാന്യ​മ​ല്ലാത്ത വസ്‌ത്ര​ധാ​രണം യഹോ​വ​യു​ടെ സാക്ഷികൾ ഒഴിവാ​ക്കും. ചടങ്ങിൽ സംബന്ധി​ക്കുന്ന എല്ലാവ​രും അങ്ങനെ ചെയ്യാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 2:9) ഇനി, വിവാ​ഹ​വി​രു​ന്നു നടത്തു​ന്നു​ണ്ടെ​ങ്കിൽ അപ്പോ​ഴും ഇതേ തത്ത്വം​തന്നെ ബാധക​മാണ്‌.

 സമ്മാനങ്ങൾ കൊടു​ക്കു​മോ?

 ഉദാരത കാണി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 37:21) സമ്മാനങ്ങൾ കൊടു​ക്കാ​നും വാങ്ങാ​നും യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ. (ലൂക്കോസ്‌ 6:38) എന്നാൽ സമ്മാനം ചോദി​ക്കു​ക​യോ സമ്മാനങ്ങൾ നൽകി​യ​വ​രു​ടെ പേര്‌ പരസ്യ​മാ​യി വിളി​ച്ചു​പ​റ​യു​ക​യോ ചെയ്യുന്ന രീതി അവർക്കില്ല. (മത്തായി 6:3, 4; 2 കൊരി​ന്ത്യർ 9:7; 1 പത്രോസ്‌ 3:8) കാരണം അത്തരം രീതികൾ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാണ്‌. അതു മാത്രമല്ല, ചടങ്ങിൽ പങ്കെടു​ക്കുന്ന പലരെ​യും അത്‌ അസ്വസ്ഥ​രാ​ക്കു​ക​യും ചെയ്‌തേ​ക്കാം.

 ഗ്ലാസ്സുകൾ കൂട്ടി​മു​ട്ടിച്ച്‌ ‘ചിയേ​ഴ്‌സും’ മറ്റും പറയുന്ന രീതി​യു​ണ്ടോ?

 ഇല്ല. യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെ ചെയ്യില്ല. കാരണം “ചിയേ​ഴ്‌സ്‌” എന്നോ മറ്റോ പറഞ്ഞു​കൊണ്ട്‌ ഗ്ലാസ്സുകൾ ഉയർത്തി പരസ്‌പരം കൂട്ടി​മു​ട്ടി​ക്കുന്ന രീതിക്കു വ്യാജ​മ​താ​ചാ​ര​ങ്ങ​ളു​മാ​യി ബന്ധമുണ്ട്‌. c യഹോ​വ​യു​ടെ സാക്ഷികൾ നവദമ്പ​തി​കൾക്കു ശുഭാ​ശം​സകൾ നേരു​ന്നതു മറ്റു വിധങ്ങ​ളി​ലാണ്‌.

 അരിയോ വർണക്ക​ട​ലാ​സു​ക​ളോ നവദമ്പ​തി​ക​ളു​ടെ മേൽ വിതറു​മോ?

 ഇല്ല. ചില സ്ഥലങ്ങളിൽ അരിയോ വർണക്ക​ട​ലാ​സു​ക​ളോ അതു​പോ​ലുള്ള മറ്റെ​ന്തെ​ങ്കി​ലു​മോ ആളുകൾ വധൂവ​ര​ന്മാ​രു​ടെ മേൽ വിതറാ​റുണ്ട്‌. ഇത്‌ അവർക്കു ഭാഗ്യ​വും സന്തോ​ഷ​വും ദീർഘാ​യു​സ്സും നൽകു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. എന്നാൽ ഇത്തരം അന്ധവി​ശ്വാ​സ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ ഒഴിവാ​ക്കു​ന്നു. ഇതിൽ ഭാഗ്യം കൊണ്ടു​വ​രാ​നാ​യി ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും ഉൾപ്പെ​ടും. ഇതൊക്കെ ബൈബിൾത​ത്ത്വ​ങ്ങൾക്കു വിരു​ദ്ധ​മാണ്‌.—യശയ്യ 65:11.

 വിവാ​ഹ​വി​രു​ന്നിൽ ഭക്ഷണവും മദ്യവും വിളമ്പു​മോ?

 വിവാ​ഹ​ച്ച​ട​ങ്ങു രാജ്യ​ഹാ​ളിൽവെച്ച്‌ നടത്തു​മ്പോൾ അവിടെ ഭക്ഷണവും മദ്യവും വിളമ്പില്ല. എന്നാൽ പിന്നീട്‌ ഒരു വിവാ​ഹ​വി​രു​ന്നു നടത്താ​നോ ലഘുഭ​ക്ഷണം വിതരണം ചെയ്യാ​നോ ദമ്പതികൾ തീരു​മാ​നി​ച്ചേ​ക്കാം. (സഭാ​പ്ര​സം​ഗകൻ 9:7) ഇനി മദ്യം വിളമ്പു​ന്നു​ണ്ടെ​ങ്കിൽ അതു മിതമായ അളവിൽ, നിയമ​പ​ര​മാ​യി അതു കഴിക്കാൻ പ്രായ​മാ​യ​വർക്കു മാത്രമേ നൽകു​ന്നു​ള്ളൂ എന്ന്‌ അവർ ഉറപ്പു​വ​രു​ത്തും.—ലൂക്കോസ്‌ 21:34; റോമർ 13:1, 13.

 പാട്ടും ഡാൻസും ഒക്കെ ഉണ്ടായി​രി​ക്കു​മോ?

 ഒരു വിവാ​ഹ​വി​രു​ന്നു നടത്തു​ന്നു​ണ്ടെ​ങ്കിൽ അതി​ന്റെ​കൂ​ടെ പാട്ടും ഡാൻസും ഒക്കെ ഉണ്ടായി​രി​ക്കാൻ ചില ദമ്പതികൾ ആഗ്രഹി​ച്ചേ​ക്കാം. (സഭാ​പ്ര​സം​ഗകൻ 3:4) അവർക്കും അതിഥി​കൾക്കും ഇഷ്ടപ്പെ​ടുന്ന തരത്തി​ലുള്ള സംഗീ​ത​മാ​യി​രി​ക്കും അവർ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. എന്നാൽ രാജ്യ​ഹാ​ളിൽവെച്ച്‌ നടക്കുന്ന വിവാ​ഹ​ച്ച​ട​ങ്ങിൽ തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പാട്ടു​ക​ളാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക.

 യഹോ​വ​യു​ടെ സാക്ഷികൾ വിവാ​ഹ​വാർഷി​കം ആഘോ​ഷി​ക്കു​മോ?

 വിവാ​ഹ​വാർഷി​കം ആഘോ​ഷി​ക്കാ​മെ​ന്നോ വേണ്ടെ​ന്നോ പറയുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളൊ​ന്നും ഇല്ല. അതു​കൊ​ണ്ടു​തന്നെ അത്‌ ആഘോ​ഷി​ക്ക​ണോ വേണ്ടയോ എന്ന്‌ ഓരോ ദമ്പതി​ക​ളും തീരു​മാ​നി​ക്കും. ഇനി ആഘോ​ഷി​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ അതു സ്വകാ​ര്യ​മാ​യോ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും വീട്ടു​കാ​രു​ടെ​യും ഒപ്പമോ ആഘോ​ഷി​ച്ചേ​ക്കാം.

a ഇതിനോടു ബന്ധപ്പെട്ട ആചാര​ങ്ങ​ളും ചടങ്ങു​ക​ളും ഗവൺമെന്റ്‌ നിയമ​ങ്ങ​ളും എല്ലാം ഓരോ പ്രദേ​ശ​ത്തി​ന​നു​സ​രിച്ച്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

b രാജ്യഹാൾ ഉപയോ​ഗി​ക്കു​ന്ന​തി​നോ മതശു​ശ്രൂ​ഷകൻ പ്രസംഗം നടത്തു​ന്ന​തി​നോ ഫീസ്‌ കൊടു​ക്കേ​ണ്ട​തില്ല.

c ഗ്ലാസ്സുകൾ കൂട്ടി​മു​ട്ടിച്ച്‌ “ചിയേ​ഴ്‌സ്‌” എന്നോ മറ്റോ പറയുന്ന രീതി​യു​ടെ വ്യാജമത ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ 2007 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്ന ഭാഗം കാണുക.