വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ

അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ

പുരാവസ്‌തു കണ്ടുപിടിത്തങ്ങൾ ബൈബിൾകഥാപാത്രങ്ങളുടെ അസ്‌തിത്വം നേരിട്ടോ അല്ലാതെയോ സ്ഥിരീകരിക്കാറുണ്ട്‌. 2011-ൽ അത്തരമൊരു കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വാർത്ത ഇസ്രായേലിലെ പണ്ഡിതന്മാർ പ്രസിദ്ധീകരിച്ചു. 2,000 വർഷം പഴക്കമുള്ള ഒരു അസ്ഥിപേടകത്തെ—മൃതശരീരം അഴുകിക്കഴിഞ്ഞ്‌ അവശേഷിക്കുന്ന അസ്ഥികൾ ശേഖരിച്ചു സൂക്ഷിക്കുന്ന, ചുണ്ണാമ്പുകല്ലിൽ തീർത്ത ഒരു അലങ്കൃതപേടകം—സംബന്ധിച്ചായിരുന്നു അത്‌.

ഈ അസ്ഥിപേടകത്തിൽ, “ബെത്‌ ഇമ്രിയിൽനിന്നുള്ള മയസ്യാപുരോഹിതഗണത്തിലുള്ള കയ്യഫാവിന്റെ മകനായ യേഷ്വായുടെ മകൾ മിര്യാം” എന്ന്‌ ആലേഖനം ചെയ്‌തിരുന്നു. കയ്യഫാവായിരുന്നു യേശുവിന്റെ വിസ്‌താരത്തിലും വധനിർവഹണത്തിലും ഉൾപ്പെട്ട യഹൂദമഹാപുരോഹിതൻ. (യോഹ. 11:48-50) ചരിത്രകാരനായ ഫ്‌ളേവിയസ്‌ ജോസീഫസ്‌ അവനെ “കയ്യഫാവ്‌ എന്നു വിളിക്കപ്പെട്ടിരുന്ന യോസേഫ്‌” എന്നു പരാമർശിച്ചു. തെളിവനുസരിച്ച്‌ ഈ അസ്ഥിപേടകം അവന്റെ ഒരു ബന്ധുവിന്റേതാണ്‌. എന്താണ്‌ കാരണം? ആ മഹാപുരോഹിതന്റേതെന്നു കരുതപ്പെടുന്ന ഒരു അസ്ഥിപേടകം മുമ്പു കണ്ടെത്തിയിരുന്നു; അതിലെ ആലേഖനത്തിൽ അവനെ “യെഹോസെഫ്‌ ബാർ കയ്യഫാ” അഥവാ കയ്യഫാവിന്റെ മകനായ യോസേഫ്‌ a എന്ന്‌ പരാമർശിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ മിര്യാം ഏതോ വിധത്തിൽ യോസേഫിന്റെ ഒരു ബന്ധുവായിരുന്നു.

ഇസ്രായേലിലെ പുരാവസ്‌തുവകുപ്പു നൽകിയ വിവരം അനുസരിച്ച്‌ ഒരു പുരാതന ശവകുടീരം കൊള്ളയടിച്ച കവർച്ചക്കാരുടെ കയ്യിൽനിന്നു പിടിച്ചെടുത്തതാണ്‌ മിര്യാമിന്റെ അസ്ഥിപേടകം. ഈ അസ്ഥിപേടകത്തിന്റെയും അതിലെ ആലേഖനത്തിന്റെയും അപഗ്രഥനം അതിന്റെ ആധികാരികത സ്ഥിരീകരിക്കുന്നു.

ഈ അസ്ഥിപേടകം ഒരു പുതിയ വിവരവും നൽകുന്നുണ്ട്‌. അതിൽ യെരുശലേമിലെ ആലയത്തിൽ ഊഴമനുസരിച്ച്‌ സേവിച്ചിരുന്ന 24 പൗരോഹിത്യ വിഭാഗങ്ങൾ അഥവാ കൂറുകളിൽ അവസാനത്തേതായിരുന്ന “മയസ്യാ” കൂറിനെക്കുറിച്ചുള്ള പരാമർശമുണ്ട്‌. (1 ദിന. 24:18) “കയ്യഫാവിന്റെ കുടുംബത്തിന്‌ മയസ്യാകൂറുമായി ബന്ധമുണ്ട്‌” എന്ന്‌ അസ്ഥിപേടകത്തിലെ ആലേഖനം വെളിവാക്കുന്നതായി ഇസ്രായേലിലെ പുരാവസ്‌തുവകുപ്പ്‌ അഭിപ്രായപ്പെടുന്നു.

ആലേഖനത്തിൽ ബെത്‌ ഇമ്രിയെക്കുറിച്ചുള്ള പരാമർശവുമുണ്ട്‌. ഇതിനെ രണ്ടു വിധത്തിൽ വ്യാഖ്യാനിക്കാം. “ബെത്‌ ഇമ്രി ഒരു പൗരോഹിത്യകുടുംബത്തെ—അതായത്‌ മയസ്യാകൂറിലുള്ളവർ പിന്തുടർച്ചക്കാരായുള്ള, ഇമ്മേരിന്റെ മക്കളെ (എസ്രാ 2:36, 37; നെഹെ. 7:39-42)—കുറിക്കാനാണ്‌ ഒരു സാധ്യത” എന്ന്‌ ഇസ്രായേല്യ പുരാവസ്‌തുവകുപ്പു പറയുന്നു. “രണ്ടാമത്തെ സാധ്യത (ബെത്‌ ഇമ്രി), മരിച്ചവളുടെയോ അവളുടെ മുഴുകുടുംബത്തിന്റെയോ ജന്മസ്ഥലം ആയിരിക്കാനാണ്‌.” എന്തുതന്നെയായാലും, ബൈബിളിൽ പറയുന്ന ആളുകളും കുടുംബങ്ങളും യഥാർഥമാണ്‌ എന്നതിനു തെളിവാണ്‌ മിര്യാമിന്റെ അസ്ഥിപേടകം.

a കയ്യഫാവിന്റെ അസ്ഥിപേടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2006 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-13 പേജുകളിൽ കാണുന്ന “യേശുവിനെ കുറ്റംവിധിച്ച മഹാപുരോഹിതൻ” എന്ന ലേഖനം കാണുക.