വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ മുമ്പ്‌ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?

നിങ്ങൾ മുമ്പ്‌ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?

നിങ്ങൾ മുമ്പ്‌ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?

ക്രിസ്‌തീയ സഭയിൽ മുമ്പ്‌ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? ഒരു മൂപ്പൻ, അല്ലെങ്കിൽ ശുശ്രൂഷാദാസൻ? അതുമല്ലെങ്കിൽ മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ സേവിച്ചിരുന്ന ആൾ? നിങ്ങളുടെ ആ നിയമനങ്ങളിൽ നിങ്ങൾ സന്തോഷവും സംതൃപ്‌തിയും കണ്ടെത്തിയിരുന്നു എന്നതിനു സംശയമില്ല, എന്നാൽ ചില കാരണങ്ങളാൽ നിങ്ങൾക്ക്‌ അത്‌ ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു.

കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തമായിരിക്കാം പദവികൾ നിങ്ങൾക്കു വിട്ടുകളയേണ്ടിവന്നത്‌, അല്ലെങ്കിൽ പ്രായാധിക്യമോ ആരോഗ്യപ്രശ്‌നമോ ആയിരിക്കാം കാരണം. എന്നാൽ നിങ്ങളുടെ ആ തീരുമാനത്തെ പരാജയത്തിന്റെ ലക്ഷണമായി കാണേണ്ടതില്ല. (1 തിമൊ. 5:8) ഒന്നാം നൂറ്റാണ്ടിൽ, ഫിലിപ്പോസ്‌ ഒരു മിഷനറിയായി സേവിച്ചിരുന്നു, എന്നാൽ പിന്നീട്‌ കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തം അദ്ദേഹത്തിന്‌ കൈസര്യയിൽ താമസമാക്കേണ്ടിവന്നു. (പ്രവൃ. 21:8, 9) പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ്‌ വാർധക്യകാലത്ത്‌ പുത്രനായ ശലോമോന്‌ രാജ്യഭാരം ഏൽപ്പിച്ചുകൊടുത്തു. (1 രാജാ. 1:1, 32-35) എന്നിരുന്നാലും ഫിലിപ്പോസും ദാവീദും യഹോവയ്‌ക്കു പ്രിയപ്പെട്ടവരായിരുന്നു, അവൻ അവരെ വിലമതിക്കുകയും ചെയ്‌തു. ഇന്നും ആളുകൾ അവരെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.

ഇനിയൊരുപക്ഷേ ബുദ്ധിശൂന്യമായ പെരുമാറ്റമോ, കുടുംബപ്രശ്‌നങ്ങളോ കാരണമായിരിക്കാം സേവനപദവികളിൽനിന്നു നിങ്ങളെ നീക്കം ചെയ്‌തത്‌. (1 തിമൊ. 3:2, 4, 10, 12) അന്നു നിങ്ങൾക്കു തോന്നിയ വിയോജിപ്പും നീരസവും ഇപ്പോഴും നിങ്ങളുടെയുള്ളിൽ ഉണ്ടായിരുന്നേക്കാം.

നിങ്ങൾക്ക്‌ ഇനിയും അതിനു കഴിയും

നഷ്ടപ്പെട്ട സേവനപദവികൾ തിരികെലഭിക്കുക സാധ്യമാണോ? മിക്ക കേസിലും സാധ്യമാണ്‌. എന്നാൽ നിങ്ങൾ അതിനുവേണ്ടി ആഗ്രഹിക്കുകയും ശ്രമിക്കുകയും വേണം. (1 തിമൊ. 3:1) പക്ഷേ, എന്തായിരിക്കണം നിങ്ങളെ അതിനു പ്രേരിപ്പിക്കേണ്ടത്‌? നിങ്ങൾ ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിച്ച അതേകാരണംതന്നെ ആയിരിക്കണം പ്രേരകഘടകം—യഹോവയോടും അവനെ സേവിക്കുന്നവരോടുമുള്ള സ്‌നേഹം. വീണ്ടും സേവനപദവികളിലേക്കുവരാൻ ആ സ്‌നേഹം നിങ്ങൾക്കൊരു പ്രചോദനമാകട്ടെ. അങ്ങനെയാകുമ്പോൾ നിങ്ങൾ നേടിയ അനുഭവപരിചയം—സേവനപദവികൾ നഷ്ടമായതിനുമുമ്പും അതിനുശേഷവുമുള്ളത്‌—ഉപയോഗപ്പെടുത്താൻ യഹോവയ്‌ക്കാകും.

ഇസ്രായേൽജനതയ്‌ക്ക്‌ യഹോവയുമായുള്ള സവിശേഷബന്ധം നഷ്ടപ്പെട്ടതിനുശേഷം യഹോവ അവർക്കു നൽകുന്ന ഉറപ്പ്‌ ശ്രദ്ധിക്കുക: “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു.” (മലാ. 3:6) യഹോവ അവരെ സ്‌നേഹിച്ചിരുന്നു, വീണ്ടും അവരെ ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. അതേ താത്‌പര്യം അവനു നിങ്ങളോടുമുണ്ട്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ദിവ്യാധിപത്യ മേഖലകളിൽ സേവിക്കുന്നതിന്‌ സ്വാഭാവിക പ്രാപ്‌തികളെക്കാൾ ആവശ്യം ആത്മീയ ആരോഗ്യമാണ്‌. അതുകൊണ്ട്‌ സഭയിൽ അധികം ഉത്തരവാദിത്വങ്ങളൊന്നും ഇല്ലാത്ത ഈ സമയത്ത്‌ ആത്മീയബലം ആർജിക്കാൻ യത്‌നിക്കുക.

വിശ്വാസത്തിൽ ‘കരുത്ത്‌ ആർജിക്കുന്നതിന്‌’ ‘യഹോവയെയും അവന്റെ ബലത്തെയും തിരയേണ്ടതുണ്ട്‌.’ (1 കൊരി. 16:13; സങ്കീ. 105:4) ഇതു ചെയ്യാനാകുന്ന ഒരു മാർഗം ഹൃദയംഗമമായ പ്രാർഥനയാണ്‌. പ്രാർഥിക്കുമ്പോൾ നിങ്ങളുടെ സാഹചര്യവും മാനസികാവസ്ഥയും യഹോവയെ അറിയിക്കുക, പരിശുദ്ധാത്മാവിനായി അപേക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പൂർവാധികം യഹോവയോട്‌ അടുക്കും, നിങ്ങൾ ആത്മീയമായി കരുത്താർജിക്കുകയും ചെയ്യും. (സങ്കീ. 62:8; ഫിലി. 4:6, 13) മറ്റൊരു മാർഗം ദൈവവചനം സജീവമായി പഠിക്കുകയെന്നതാണ്‌. ഉത്തരവാദിത്വങ്ങൾ കുറഞ്ഞിരിക്കുന്ന ഈ സമയത്ത്‌, വ്യക്തിപരമായ പഠനവും കുടുംബാധ്യയനവുമൊക്കെ മെച്ചപ്പെടുത്താൻ നിങ്ങൾക്കായേക്കും, അങ്ങനെയൊരു ചര്യ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?

യഹോവയുടെ ഒരു സാക്ഷിയായിരിക്കുകയെന്ന പദവി നിങ്ങൾക്ക്‌ ഇപ്പോഴുമുണ്ട്‌. (യെശ. 43:10-12) “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുകയെന്നത്‌ അനുപമമായ ഒരു പദവിയല്ലേ? (1 കൊരി. 3:9) അതുകൊണ്ട്‌ വയൽസേവനത്തിൽ സജീവമായി പങ്കുപറ്റുക! അത്‌ നിങ്ങളുടെയും ശുശ്രൂഷയിൽ നിങ്ങളോടൊപ്പം പങ്കുപറ്റുന്നവരുടെയും ആത്മീയതയ്‌ക്കു കരുത്തേകും.

വ്രണിതവികാരങ്ങളെ സുഖപ്പെടുത്തുക

ഒരു സേവനപദവി നഷ്ടമാകുമ്പോൾ നാണക്കേടും സങ്കടവുമൊക്കെ ആർക്കും തോന്നിയേക്കാം, സ്വയം നീതീകരിക്കാനുള്ള ചായ്‌വും കാണിച്ചേക്കാം. എന്നാൽ നിങ്ങൾക്കു പറയാനുള്ളതെല്ലാം കേട്ടതിനുശേഷം, നിങ്ങൾ ഒരു പദവിയിൽ തുടരുന്നത്‌ ഉചിതമല്ല എന്ന അഭിപ്രായമാണ്‌ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർക്ക്‌ ഉള്ളതെങ്കിലെന്ത്‌? ചിലപ്പോൾ സഹോദരന്മാരോട്‌ ഈർഷ്യയും ദേഷ്യവുമൊക്കെ തോന്നാനിടയുണ്ട്‌. വ്രണിതമായ ഹൃദയം പുരോഗതിയുടെ പാതയിൽ നിങ്ങളെ പിന്നോട്ടുവലിച്ചേക്കാം, അല്ലെങ്കിൽ അനുഭവത്തിൽനിന്നും പാഠം പഠിക്കാൻ ഒരു തടസ്സമായി നിന്നേക്കാം. ഇങ്ങനെയൊരു സാഹചര്യവുമായി പൊരുത്തപ്പെടാൻ ഒരുവന്‌ എങ്ങനെ സാധിക്കും? ഇയ്യോബും മനശ്ശെയും യോസേഫും കടന്നുപോയ ചില സാഹചര്യങ്ങൾ പരിശോധിക്കുന്നത്‌ ഇത്തരുണത്തിൽ നന്നായിരിക്കും.

ഇയ്യോബ്‌ മറ്റുള്ളവർക്കുവേണ്ടി യഹോവയുടെ മുമ്പാകെ ‘ഹോമയാഗങ്ങൾ’ കഴിക്കുകയും പട്ടണത്തിലെ ഒരു മൂപ്പനായും ന്യായാധിപനായും വർത്തിക്കുകയും ചെയ്‌തിരുന്നു. (ഇയ്യോ. 1:5; 29:7-17, 21-25) അങ്ങനെയിരിക്കെ അവന്റെ ജീവിതത്തിൽ വിപത്തുകൾ ആഞ്ഞടിച്ചു—സമ്പത്തും മക്കളും ആരോഗ്യവും അവനു നഷ്ടമായി. എന്തിന്‌ മറ്റുള്ളവരുടെ മുമ്പിൽ അവൻ പരിഹാസപാത്രവുമായി. ഇയ്യോബ്‌ പറഞ്ഞു: “എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു.”—ഇയ്യോ. 30:1.

താൻ തികച്ചും നിഷ്‌കളങ്കനാണെന്നു വിചാരിച്ച ഇയ്യോബ്‌ ദൈവത്തിന്റെ മുമ്പാകെ സ്വയം നീതീകരിക്കാനും തുനിഞ്ഞു. (ഇയ്യോ. 13:15) എന്നിരുന്നാലും ഇയ്യോബ്‌ യഹോവയ്‌ക്കുവേണ്ടി കാത്തിരിക്കാൻ തയ്യാറായിരുന്നു, അതിന്റെ പേരിൽ അവൻ അനുഗ്രഹിക്കപ്പെടുകയും ചെയ്‌തു. തനിക്കു തിരുത്തൽ ആവശ്യമാണെന്ന്‌ അവൻ അംഗീകരിച്ചു. വിശേഷിച്ചും പരിശോധനകൾ നേരിട്ടപ്പോൾ താൻ പുലർത്തിയിരുന്ന മനോഭാവം തെറ്റായിരുന്നുവെന്ന്‌ അവൻ മനസ്സിലാക്കി. (ഇയ്യോ. 40:6-8; 42:3, 6) ഇയ്യോബിന്റെ താഴ്‌മയ്‌ക്ക്‌ ഫലമുണ്ടായോ? യഹോവ അവനെ സമൃദ്ധമായി അനുഗ്രഹിച്ചു.—ഇയ്യോ. 42:10-13.

നിങ്ങളുടെ തെറ്റുകൊണ്ടാണ്‌ നിങ്ങൾക്ക്‌ ഒരു പദവി നഷ്ടമായതെങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യഹോവയും ക്രിസ്‌തീയ സഹോദരങ്ങളും എന്നോട്‌ എന്നെങ്കിലും മുഴുവനായി ക്ഷമിക്കുകയും മറക്കുകയും ചെയ്യുമോ?’ യെഹൂദയിലെ രാജാവായിരുന്ന മനശ്ശെയുടെ കാര്യം പരിഗണിക്കാം. അവൻ “യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്‌തു.” (2 രാജാ. 21:6) എങ്കിലും മരിക്കുമ്പോൾ മനശ്ശെ വിശ്വസ്‌തനായ രാജാവായിരുന്നു. ഇത്‌ സാധ്യമായത്‌ എങ്ങനെ?

യഹോവ നൽകിയ ശിക്ഷണം ഒടുവിൽ അവൻ സ്വീകരിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ചപ്പോൾ യഹോവ അസ്സീറിയക്കാരെ അവന്‌ എതിരെ വരുത്തി, അവർ അവനെ ചങ്ങലയ്‌ക്കിട്ട്‌ ബാബിലോണിലേക്കു നാടുകടത്തി. അപ്പോൾ അവൻ തന്റെ “ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്‌ത്തി അവനോടു പ്രാർത്ഥിച്ചു.” ഹൃദയത്തിൽനിന്നുള്ള അനുതാപം അവന്റെ പ്രവൃത്തികളിൽ പ്രതിഫലിച്ചു, അങ്ങനെ അവനു ക്ഷമ ലഭിക്കുകയും ചെയ്‌തു.—2 ദിന. 33:12, 13.

നഷ്ടപ്പെട്ട പദവികൾ ഒറ്റയടിക്ക്‌ തിരികെ ലഭിക്കുക അത്യപൂർവമാണ്‌. എന്നാൽ ക്രമേണ നിങ്ങൾക്ക്‌ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ ലഭിച്ചു തുടങ്ങിയേക്കാം. ലഭിക്കുന്ന ഈ ഉത്തരവാദിത്വങ്ങൾ ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും മനസ്സോടെ അതു നിർവഹിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ചുമതലകൾ നിങ്ങൾക്കു ലഭിച്ചേക്കാം. എന്നാൽ കാര്യങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നത്ര എളുപ്പമായെന്നുവരില്ല. ചിലപ്പോൾ നിരാശയ്‌ക്കിടയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ സന്നദ്ധതയും സ്ഥിരോത്സാഹവും സത്‌ഫലങ്ങൾ കൈവരുത്തും.

യാക്കോബിന്റെ പുത്രനായ യോസേഫിന്റെ ദൃഷ്ടാന്തം പരിചിന്തിക്കാം. 17-ാമത്തെ വയസ്സിൽ അന്യായമായി സഹോദരന്മാർ അവനെ അടിമയായി വിറ്റു. (ഉല്‌പ. 37:2, 26-28) ഇങ്ങനെയൊരു പെരുമാറ്റം അവൻ അവരിൽനിന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും സാഹചര്യങ്ങളോട്‌ അവൻ മനസ്സോടെ പൊരുത്തപ്പെട്ടു. യഹോവയുടെ അനുഗ്രഹത്താൽ അവൻ “മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ” പാർക്കാനിടയായി. (ഉല്‌പ. 39:2) പിന്നീട്‌ യോസേഫ്‌ കാരാഗൃഹത്തിലായി. എന്നാൽ അവൻ വിശ്വസ്‌തനായിരുന്നു, യഹോവ അവനോടൊപ്പമുണ്ടായിരുന്നു. ഒടുവിൽ കാരാഗൃഹത്തിലെ ഉത്തരവാദിത്വങ്ങളും അവനു ലഭിച്ചു.—ഉല്‌പ. 39:21-23.

ഇതിനെല്ലാം പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന്‌ യോസേഫിന്‌ അറിയില്ലായിരുന്നു. ഓരോ സാഹചര്യത്തിലും തനിക്കു ചെയ്യാനാകുന്നതൊക്കെ അവൻ ചെയ്‌തുകൊണ്ടിരുന്നു. അങ്ങനെ, വാഗ്‌ദത്ത സന്തതിയിലേക്കുള്ള വംശാവലി സംരക്ഷിക്കാൻ യഹോവയ്‌ക്ക്‌ യോസേഫിനെ ഉപയോഗിക്കാനായി. (ഉല്‌പ. 3:15; 45:5-8) യോസേഫ്‌ നിർവഹിച്ചതുപോലുള്ള നിർണായകമായൊരു ഉത്തരവാദിത്വം നിർവഹിക്കാനാകുമെന്ന്‌ നമുക്കാർക്കും പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഈ വിവരണത്തിൽനിന്നും, ദൈവദാസന്മാർക്കു പദവികൾ ലഭിക്കുമ്പോൾ യഹോവയും അതിൽ ഉൾപ്പെടുന്നുണ്ടെന്ന്‌ നമുക്കു മനസ്സിലാക്കാനാകും. യോസേഫിനെ അനുകരിക്കുക, യഹോവയാൽ ഉപയോഗിക്കപ്പെടാനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുക.

തിക്താനുഭവങ്ങളിൽനിന്നു പഠിക്കുക

ഇയ്യോബ്‌, മനശ്ശെ, യോസേഫ്‌ എന്നിവർ ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ കടന്നുപോയി. എന്നിരുന്നാലും, യഹോവ അനുവദിച്ച സാഹചര്യങ്ങളോട്‌ അവർ മൂവരും പൊരുത്തപ്പെടുകയും വിലയേറിയ അനുഭവപാഠങ്ങൾ പഠിക്കുകയും ചെയ്‌തു. നിങ്ങൾക്ക്‌ ഇതിൽ എന്തു പാഠമാണ്‌ ഉള്ളത്‌?

യഹോവ എന്തെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കുകയാണോ എന്നു ചിന്തിക്കുക. നിരാശയിലാഴ്‌ന്നുപോയ സാഹചര്യത്തിൽ ഇയ്യോബ്‌ തന്റെകാര്യം മാത്രമാണു ചിന്തിച്ചത്‌, അതുകൊണ്ടുതന്നെ ഉൾപ്പെട്ടിരുന്ന പ്രധാനപ്പെട്ട മറ്റുകാര്യങ്ങൾ അവനു കാണാനായില്ല. എന്നാൽ യഹോവ സ്‌നേഹപുരസ്സരം തിരുത്തൽ കൊടുത്തപ്പോൾ അവൻ സുബോധത്തിലേക്കു തിരിച്ചുവന്നു. “ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി” എന്നവൻ സമ്മതിച്ചു. (ഇയ്യോ. 42:3) ഒരു സേവനപദവി നഷ്ടമായത്‌ നിങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നെങ്കിൽ, “നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം” ചിന്തിക്കരുത്‌. ‘മറിച്ച്‌ . . . സുബോധത്തോടെ സ്വയം വിലയിരുത്തുക.’ (റോമ. 12:3) നിങ്ങൾക്കു പൂർണമായി മനസ്സിലാകാത്ത ഒരു വിധത്തിൽ യഹോവ നിങ്ങളെ പരുവപ്പെടുത്തുകയാകാം.

ശിക്ഷണം സ്വീകരിക്കുക. ഇത്ര വലിയൊരു ശിക്ഷയുടെ ആവശ്യമുണ്ടായിരുന്നോ എന്ന്‌ മനശ്ശെ ആദ്യം ചിന്തിച്ചുകാണും. എന്നിരുന്നാലും അവൻ അതു സ്വീകരിച്ചു, അനുതപിക്കുകയും തന്റെ ദുഷിച്ച ഗതി വിട്ടുതിരിയുകയും ചെയ്‌തു. ലഭിച്ച ശിക്ഷണത്തെക്കുറിച്ച്‌ നിങ്ങൾ എന്തുതന്നെ ചിന്തിച്ചാലും, “യഹോവയുടെ സന്നിധിയിൽ നിങ്ങളെത്തന്നെ താഴ്‌ത്തുവിൻ. എന്നാൽ അവൻ നിങ്ങളെ ഉയർത്തും.”—യാക്കോ. 4:10; 1 പത്രോ. 5:6.

ക്ഷമയോടിരിക്കുക, മനസ്സോടെ സ്വീകരിക്കുക. സൂക്ഷിച്ചില്ലായിരുന്നെങ്കിൽ വെറുപ്പും പ്രതികാരവും യോസേഫിന്റെയുള്ളിൽ വളർന്നേനെ, അത്രയ്‌ക്കും ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ്‌ അവൻ കടന്നുപോയത്‌. എന്നാൽ അവൻ ഉൾക്കാഴ്‌ചയോടെ പ്രവർത്തിച്ചു, കരുണ കാണിക്കുകയും ചെയ്‌തു. (ഉല്‌പ. 50:15-21) എപ്പോഴെങ്കിലും നിരാശ തോന്നുന്നെങ്കിൽ ക്ഷമയോടിരിക്കുക, യഹോവയിൽനിന്നുള്ള പരിശീലനം സ്വീകരിക്കാൻ മനസ്സുകാട്ടുക.

ക്രിസ്‌തീയ സഭയിൽ ഒരിക്കൽ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുള്ള ഒരാളാണു നിങ്ങളെങ്കിൽ, ഭാവിയിലും ചുമതലകൾ നിങ്ങളെ ഭരമേൽപ്പിക്കാൻ യഹോവയ്‌ക്ക്‌ അവസരം കൊടുക്കുക. ആത്മീയമായി കരുത്താർജിക്കുക. ക്ഷമയും താഴ്‌മയുംകൊണ്ട്‌ നിങ്ങളുടെ വ്രണിതവികാരങ്ങളെ മയപ്പെടുത്തുക. ലഭിച്ചേക്കാവുന്ന ഓരോ നിയമനങ്ങളും മനസ്സോടെ സ്വീകരിക്കുക. “നേരോടെ നടക്കുന്നവർക്കു അവൻ [യഹോവ] ഒരു നന്മയും മുടക്കുകയില്ല” എന്ന ഉറപ്പ്‌ എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കട്ടെ!—സങ്കീ. 84:11.

[30 പേജിൽ ആകർഷക വാക്യം]

ഹൃദയംഗമമായ പ്രാർഥനയിലൂടെ വിശ്വാസത്തിൽ കരുത്താർജിക്കുക

[31-ാം പേജിലെ ചിത്രം]

വയൽസേവനത്തിൽ സജീവമായി ഉൾപ്പെടുന്നത്‌ ആത്മീയമായി ബലപ്പെടാൻ നിങ്ങളെ സഹായിക്കും

[32-ാം പേജിലെ ചിത്രം]

ഭാവിയിൽ, ചുമതലകൾ നിങ്ങളെ ഭരമേൽപ്പിക്കാൻ യഹോവയ്‌ക്ക്‌ അവസരം കൊടുക്കുക