വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ പഠിപ്പു നിറുത്തണോ?

ഞാൻ പഠിപ്പു നിറുത്തണോ?

യുവജനങ്ങൾ ചോദിക്കുന്നു

ഞാൻ പഠിപ്പു നിറുത്തണോ?

എപ്പോൾ പഠിപ്പു നിറുത്തണമെന്നാണ്‌ നിങ്ങൾ വിചാരിക്കുന്നത്‌?

....

നിങ്ങളുടെ മാതാപിതാക്കളുടെ അഭിപ്രായം എന്താണ്‌?

....

നിങ്ങൾ എപ്പോൾ പഠിപ്പു നിറുത്തണം എന്ന കാര്യത്തിൽ നിങ്ങൾക്കും മാതാപിതാക്കൾക്കും ഒരേ അഭിപ്രായമാണോ? ആണെങ്കിൽത്തന്നെയും, പഠിപ്പു മതിയാക്കിയാലോ എന്ന്‌ ചിലപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. നിങ്ങളുടെ സമപ്രായക്കാരിൽ ചിലർക്ക്‌ അങ്ങനെ തോന്നിയിട്ടുണ്ട്‌. അവരുടെ വാക്കുകളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

“ചില ദിവസങ്ങളിൽ ക്ഷീണം കാരണം കിടക്കയിൽനിന്ന്‌ എഴുന്നേൽക്കാനേ തോന്നില്ല. ‘എന്തിനാ വെറുതെ സ്‌കൂളിൽ പോകുന്നത്‌? അതും ഒരു ഉപകാരവുമില്ലാത്ത കാര്യങ്ങൾ പഠിക്കാൻ വേണ്ടി?’ ഞാൻ ചിന്തിക്കും.”—റെയ്‌ച്ചൽ.

“പഠിപ്പൊക്കെ മതിയാക്കി വല്ല ജോലിക്കും പോയാലോ എന്ന്‌ പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്‌; സ്‌കൂളിൽപ്പോയി വെറുതെ സമയം കളയുന്നതിനു പകരം പത്തുകാശ്‌ ഉണ്ടാക്കാനുള്ള വഴി നോക്കിയാലോ എന്ന്‌.”—ജോൺ.

“എന്നും വൈകുന്നേരം നാലുമണിക്കൂറെങ്കിലും വേണം ഹോംവർക്ക്‌ ചെയ്‌തുതീർക്കാൻ. അസൈൻമെന്റുകൾ, പ്രോജക്‌റ്റുകൾ, ടെസ്റ്റുകൾ. . . എല്ലാംകൂടി എനിക്കു മടുത്തു. എങ്ങനെയും പുറത്തു ചാടണം എന്നായി ചിന്ത.”—സിൻഡി.

“ഞങ്ങളുടെ സ്‌കൂളിൽ എപ്പോഴും പ്രശ്‌നങ്ങളാണ്‌. മൂന്നുപേർ ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ഒരു കുട്ടി ആത്മഹത്യചെയ്‌തു. ഇതൊന്നും പോരാഞ്ഞിട്ട്‌ കൂട്ടത്തല്ലും ഉണ്ടായിട്ടുണ്ട്‌. ഒരിക്കൽ ബോംബുഭീഷണിപോലും ഉണ്ടായി. ചിലപ്പോഴൊക്കെ വല്ലാത്ത ഭയം തോന്നും. പഠിപ്പു മതിയാക്കി പോന്നാലോ എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്‌!”—റോസ്‌.

നിങ്ങൾക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതു സന്ദർഭത്തിലായിരുന്നു?

....

പഠനം നിറുത്തുന്നതിനെപ്പറ്റി നിങ്ങൾ കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണോ? ആണെങ്കിൽ മതിയായ വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടാണോ അതോ സ്‌കൂൾ ജീവിതം മടുത്തിട്ടാണോ നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്‌ എന്നു തിരിച്ചറിയേണ്ടതുണ്ട്‌. അതു മനസ്സിലാക്കാൻ, ഇടയ്‌ക്കുവെച്ച്‌ പഠിപ്പു നിറുത്തുന്നത്‌ ബുദ്ധിയാണോ എന്നു ചിന്തിക്കണം.

അതു ബുദ്ധിയാണോ?

ചില രാജ്യങ്ങളിൽ, അഞ്ചോ എട്ടോ വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസമാണ്‌ അടിസ്ഥാന വിദ്യാഭ്യാസമായി കരുതപ്പെടുന്നത്‌. മറ്റു ചില രാജ്യങ്ങളിൽ പത്തോ പന്ത്രണ്ടോ വർഷം. അങ്ങനെ ലോകത്തിന്റെ ഓരോ ഭാഗത്തും അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഓരോ നിയമങ്ങളും നിലവാരങ്ങളുമാണ്‌.

ഇനി, പലയിടങ്ങളിലും സ്‌കൂളിൽ പോകാതെ വീട്ടിൽ ഇരുന്ന്‌ പഠിച്ച്‌ പരീക്ഷ എഴുതുന്നത്‌ അനുവദനീയമാണ്‌. വീട്ടുകാരുടെ സമ്മതത്തോടും സഹകരണത്തോടും കൂടെ ഇങ്ങനെ വീട്ടിലിരുന്നു പഠിക്കുന്ന പല കുട്ടികളുമുണ്ട്‌.

വീട്ടിലിരുന്ന്‌ പഠിക്കുന്നവരായാലും സ്‌കൂളിൽ പോയി പഠിക്കുന്നവരായാലും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പ്‌ പഠിപ്പു നിറുത്താൻ ആലോചിക്കുന്നവർ പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്‌.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിയമം അറിയുക മുമ്പു പറഞ്ഞതുപോലെ, അടിസ്ഥാന വിദ്യാഭ്യാസം എത്ര വർഷം ആയിരിക്കണം എന്നതു സംബന്ധിച്ച്‌ ഓരോ രാജ്യത്തും ഓരോ നിയമമാണ്‌. ഇതേക്കുറിച്ച്‌ നമ്മുടെ നാട്ടിലുള്ള നിയമം നിങ്ങൾക്ക്‌ അറിയാമോ? നിയമം നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസം നിങ്ങൾ നേടിയിട്ടുണ്ടോ? ആ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കാതെ പഠിപ്പു നിറുത്താൻ നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ, “ഓരോരുത്തനും ഉന്നതാധികാരങ്ങൾക്കു കീഴ്‌പെട്ടിരിക്കട്ടെ” എന്ന ബൈബിൾ കൽപ്പനയുടെ ലംഘനമായിരിക്കും അത്‌.—റോമർ 13:1.

ഞാൻ എന്റെ ലക്ഷ്യം കൈവരിച്ചോ? വിദ്യാഭ്യാസത്തിലൂടെ എന്തു ലക്ഷ്യം കൈവരിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌? എന്താ, പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണോ? വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്‌ നല്ലത്‌. അല്ലാത്തപക്ഷം, എങ്ങോട്ടു പോകണമെന്ന്‌ നിശ്ചയമില്ലാതെ യാത്ര ചെയ്‌തുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെ ആയിരിക്കും നിങ്ങൾ. അതുകൊണ്ട്‌ മാതാപിതാക്കളോടൊപ്പം ഇരുന്ന്‌ 28-ാം പേജിൽ കൊടുത്തിരിക്കുന്ന “എന്റെ ലക്ഷ്യങ്ങൾ” എന്ന വർക്ക്‌ ഷീറ്റ്‌ പൂരിപ്പിക്കുക. ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാൻ അത്‌ ഉപകരിക്കും. മാത്രമല്ല, എത്രവരെ പഠിക്കണമെന്ന്‌ തീരുമാനിക്കാൻ അത്‌ നിങ്ങളെയും മാതാപിതാക്കളെയും സഹായിക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 21:5.

അധ്യാപകരും മറ്റുള്ളവരുമൊക്കെ ഇക്കാര്യത്തിൽ ഉപദേശം നൽകിയേക്കാമെങ്കിലും ആത്യന്തികമായി അതു തീരുമാനിക്കേണ്ടത്‌ നിങ്ങളുടെ മാതാപിതാക്കളാണ്‌. (സദൃശവാക്യങ്ങൾ 1:8; കൊലോസ്യർ 3:20) നിങ്ങളും മാതാപിതാക്കളും ചേർന്ന്‌ തീരുമാനിച്ചുറച്ച സമയത്തിനുമുമ്പ്‌ പഠിപ്പു നിറുത്തുന്നത്‌ ബുദ്ധിയായിരിക്കില്ല.

പഠിപ്പു നിറുത്തിയാലോ എന്ന്‌ ചിന്തിക്കാനുള്ള കാരണങ്ങൾ എന്താണ്‌? ആത്മവഞ്ചന എന്ന കെണിയിൽപ്പെടരുത്‌. (യിരെമ്യാവു 17:9) വലിയ വലിയ കാരണങ്ങൾ നിരത്തി സ്വന്തം താത്‌പര്യങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം മനുഷ്യസഹജമാണ്‌.—യാക്കോബ്‌ 1:22.

അകാലത്തിൽ പഠിപ്പു നിറുത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ന്യായമായ കാരണങ്ങൾ എഴുതുക.

....

ന്യായമല്ലാത്ത ചില കാരണങ്ങൾ എഴുതുക.

....

ന്യായമായ കാരണങ്ങൾ ഏതൊക്കെയായിരുന്നു? കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക, ആത്മീയ പ്രവർത്തനങ്ങളിൽ കൂടുതലായി ഉൾപ്പെടുക ഇതൊക്കെയായിരിക്കാം അവയിൽ ചിലത്‌. ന്യായമല്ലാത്ത കാരണങ്ങളോ? പരീക്ഷയിൽനിന്നും ഹോംവർക്കിൽനിന്നും രക്ഷപ്പെടുക എന്നതായിരിക്കാം. ‘കാരണം’ ന്യായമാണോ അല്ലയോ? അതു തിരിച്ചറിയുക ബുദ്ധിമുട്ടാണ്‌.

നിങ്ങൾ എഴുതിയ കാരണങ്ങൾ ഒന്നുകൂടെ വിലയിരുത്തി, പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുക. ഏറ്റവും പ്രാധാന്യം കുറഞ്ഞതായിരിക്കണം ആദ്യം വരേണ്ടത്‌. പ്രശ്‌നങ്ങളിൽനിന്ന്‌ രക്ഷപ്പെടാനുള്ള എളുപ്പവഴിയെന്നനിലയിലാണ്‌ പഠിപ്പു നിറുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതു കൂടുതൽ പ്രശ്‌നങ്ങൾ വരുത്തിവെക്കും.

ഇടയ്‌ക്കുവെച്ച്‌ പഠിപ്പു നിറുത്തിയാൽ എന്താണു കുഴപ്പം?

ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിനുമുമ്പ്‌ ട്രെയിനിൽനിന്ന്‌ എടുത്തുചാടുന്നതുപോലെയായിരിക്കും അത്‌. ഒരുപക്ഷേ ട്രെയിൻയാത്ര സുഖകരമല്ലായിരിക്കാം, സഹയാത്രികരും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടാകാം. എന്നാൽ അതിന്റെപേരിൽ ഇടയ്‌ക്കുവെച്ച്‌ വണ്ടിയിൽനിന്നു ചാടിയാലോ? ലക്ഷ്യസ്ഥാനത്ത്‌ എത്തില്ലെന്നു മാത്രമല്ല, നിങ്ങൾക്ക്‌ സാരമായ പരിക്കുപറ്റുകയും ചെയ്യും. സമാനമായി, ഇടയ്‌ക്കുവെച്ച്‌ പഠിപ്പുനിറുത്തിയാൽ നിങ്ങളുടെ ലക്ഷ്യങ്ങളിലെത്താൻ നിങ്ങൾക്കു കഴിയില്ല. കൂടാതെ, അതു പലപല പ്രശ്‌നങ്ങൾ വരുത്തിവെക്കുകയും ചെയ്യും.

ഉടനെ നേരിട്ടേക്കാവുന്ന ചില പ്രശ്‌നങ്ങൾ: ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നേക്കാം. ഇനി, കഷ്ടപ്പെട്ട്‌ ഒരു ജോലി നേടിയാൽത്തന്നെ ശമ്പളം വളരെ കുറവായിരിക്കാം. ജീവിതച്ചെലവുകൾക്കു വക കണ്ടെത്താൻ, ഒരുപക്ഷേ നിങ്ങളുടെ വിദ്യാലയത്തെക്കാൾ മോശമായ ഒരു ചുറ്റുപാടിൽ ഏറെ സമയം ചെലവിടേണ്ടിവന്നെന്നുംവരാം.

ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ: അകാലത്തിൽ പഠിപ്പു നിറുത്തുന്നവർക്ക്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും നന്നേ ചെറുപ്പത്തിലേ കുട്ടികളുണ്ടാകാനും സാധ്യത ഏറെയാണെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. ഇവർ കുറ്റകൃത്യങ്ങളിൽപ്പെട്ട്‌ ജയിലിലാകാനും സാമൂഹിക ക്ഷേമപരിപാടികളെ ആശ്രയിച്ചുകഴിയാനും ഉള്ള സാധ്യതയും കൂടുതലാണത്രേ.

ഏറെ വിദ്യാഭ്യാസം നേടിയാൽ ഈവക പ്രശ്‌നങ്ങൾ ഒഴിവാക്കാനാകും എന്നല്ല പറഞ്ഞതിനർഥം. എന്നാൽ അറിഞ്ഞുകൊണ്ടെന്തിന്‌ കുഴപ്പങ്ങൾ വരുത്തിവെക്കണം?

ആവശ്യത്തിന്‌ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രയോജനങ്ങൾ

പരീക്ഷയിൽ തോറ്റതിന്റെയോ മറ്റോ നിരാശയിൽ പഠിപ്പുനിറുത്തുന്നതാണു നല്ലതെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ കണക്കിലെടുക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങൾ. എന്നാൽ അങ്ങനെയൊരു കുറുക്കുവഴി സ്വീകരിക്കുന്നതിനുമുമ്പ്‌, തുടക്കത്തിൽ പറഞ്ഞ യുവപ്രായക്കാർ, പഠിപ്പു നിറുത്താഞ്ഞതുകൊണ്ട്‌ തങ്ങൾക്കുണ്ടായ പ്രയോജനങ്ങളെക്കുറിച്ചു പറയുന്നത്‌ ശ്രദ്ധിക്കുക.

“മനക്കരുത്തു നേടാൻ അത്‌ എന്നെ സഹായിച്ചു. ഏതു സാഹചര്യത്തിലായാലും സന്തോഷം കണ്ടെത്തുക എന്നുള്ളത്‌ സ്വന്തം ഉത്തരവാദിത്വമാണെന്ന്‌ എനിക്കു മനസ്സിലായി. പഠിപ്പു തുടർന്നതുകൊണ്ട്‌, ഭാവിയിൽ ഉപകാരപ്പെട്ടേക്കാവുന്ന ഒരുപാടു കാര്യങ്ങൾ പഠിക്കാൻ എനിക്കു കഴിഞ്ഞു.”—റെയ്‌ച്ചൽ.

“നന്നായി ശ്രമിച്ചാൽ ലക്ഷ്യങ്ങളിൽ എത്താൻ കഴിയുമെന്ന്‌ ഞാൻ മനസ്സിലാക്കി. ഒരു പ്രസ്സ്‌ മെക്കാനിക്ക്‌ ആകണമെന്നാണ്‌ എന്റെ മോഹം. അതിനുള്ള പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്‌ ഞാൻ ഇപ്പോൾ.”—ജോൺ.

“സ്‌കൂളിലായാലും പുറത്തായാലും, പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള എന്റെ കഴിവ്‌ മെച്ചപ്പെട്ടിരിക്കുന്നു. അങ്ങനെ എവിടെയും പക്വതയോടെ പെരുമാറാൻ എനിക്കു കഴിയുന്നു.”—സിൻഡി.

“ഭാവിയിൽ ജോലിസ്ഥലത്ത്‌ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ നേരിടാൻ സ്‌കൂൾപഠനം എന്നെ സഹായിക്കുന്നു. എന്റെ മതവിശ്വാസങ്ങൾ ശരിയാണോ എന്നു വിലയിരുത്താനുള്ള അവസരങ്ങളും സ്‌കൂളിൽ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അത്‌ എന്റെ വിശ്വാസങ്ങളെ ഒന്നുകൂടെ കരുത്തുറ്റതാക്കിയിരിക്കുന്നു.”—റോസ്‌.

ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി: “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്‌ഠൻ.” (സഭാപ്രസംഗി 7:8) അതുകൊണ്ട്‌ സ്‌കൂൾപഠനം ഇടയ്‌ക്കുവെച്ച്‌ നിറുത്തുന്നതിനുപകരം ക്ഷമയോടെ, നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തേടുക. അങ്ങനെ ചെയ്‌താൽ വരുംകാലത്ത്‌ നിങ്ങൾക്ക്‌ ഖേദിക്കേണ്ടിവരില്ല. (g10-E 11)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

● ചെറിയ ലക്ഷ്യങ്ങൾ വെക്കുന്നത്‌ വിദ്യാഭ്യാസകാലം നന്നായി പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിച്ചേക്കാവുന്നത്‌ എങ്ങനെ?

● പഠനം പൂർത്തിയാക്കിയശേഷം ഏതുതരം ജോലി തെരഞ്ഞെടുക്കണം എന്നതിനെപ്പറ്റി നേരത്തേ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“പുസ്‌തകങ്ങളെ ഞാൻ സ്‌നേഹിച്ചു തുടങ്ങിയത്‌ സ്‌കൂൾകാലത്താണ്‌. വായനയിലൂടെ, മറ്റൊരാളുടെ വികാരങ്ങളും ഭാവങ്ങളും ഉൾക്കൊള്ളാനാകുക എന്നത്‌ ചെറിയ കാര്യമാണോ?”

“സമയത്തിന്‌ കാര്യങ്ങൾ ചെയ്യാൻ എനിക്ക്‌ വലിയ ബുദ്ധിമുട്ടായിരുന്നു. സ്‌കൂൾപഠനമാണ്‌ എന്നെ ഇക്കാര്യത്തിൽ സഹായിച്ചത്‌. ചിട്ടയോടെ കാര്യങ്ങൾ ചെയ്യാനും ഷെഡ്യൂൾ പാലിക്കാനും ചെയ്യേണ്ടത്‌ അപ്പപ്പോൾ ചെയ്യാനുമൊക്കെ ഇപ്പോൾ എനിക്ക്‌ കഴിയുന്നുണ്ട്‌.”

[ചിത്രങ്ങൾ]

എസ്‌മി

ക്രിസ്റ്റഫർ

[28-ാം പേജിലെ ചതുരം]

എന്റെ ലക്ഷ്യങ്ങൾ

ഒരു ജോലി നേടാനും ഭാവിയിൽ കുടുംബം നോക്കാനും ഒരു വ്യക്തിയെ സഹായിക്കുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യം. (2 തെസ്സലോനിക്യർ 3:10, 12) ഏതുതരം ജോലി കണ്ടെത്തണം എന്ന്‌ നിങ്ങൾ ഇതിനോടകം തീരുമാനിച്ചിട്ടുണ്ടോ? നിങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസം അതിനു നിങ്ങളെ എങ്ങനെ സഹായിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ വിദ്യാഭ്യാസം നിങ്ങളെ ലക്ഷ്യത്തിലെത്താൻ സഹായിക്കുമോ എന്നറിയാൻ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

എന്റെ കഴിവുകൾ എന്തൊക്കെയാണ്‌? (ഉദാഹരണത്തിന്‌, ആളുകളുമായി നന്നായി ഇടപെടാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? സാധനങ്ങൾ ഉണ്ടാക്കാനും റിപ്പയർ ചെയ്യാനും നിങ്ങൾക്ക്‌ ഇഷ്ടമാണോ? പ്രശ്‌നങ്ങളെ വിലയിരുത്താനും അവയ്‌ക്ക്‌ പരിഹാരം കണ്ടെത്താനുമുള്ള കഴിവ്‌ നിങ്ങൾക്കുണ്ടോ?)

....

എന്റെ കഴിവുകൾ ഉപയോഗിക്കാൻ പറ്റിയ ഏതു ജോലികൾ എനിക്കു തിരഞ്ഞെടുക്കാം?

....

എന്റെ നാട്ടിൽ ഏതെല്ലാം തൊഴിൽ അവസരങ്ങളാണ്‌ ഉള്ളത്‌?

....

ഒരു തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും പരിശീലനം ഞാൻ നേടുന്നുണ്ടോ?

....

എന്റെ ലക്ഷ്യം കൈവരിക്കാനായി എനിക്ക്‌ എന്തെങ്കിലും എക്‌സ്‌ട്രാ കോഴ്‌സുകൾ പഠിക്കാനാകുമോ?

....

ജീവിതത്തിൽ ഉപകാരപ്പെടുന്നതരം വിദ്യാഭ്യാസം നേടണം എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം എന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ട്‌ ഇടയ്‌ക്കുവെച്ച്‌ പഠിപ്പു നിറുത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കരുത്‌. അതേസമയം സ്ഥലം എത്തിയിട്ടും ഇറങ്ങാൻ മടിക്കുന്ന യാത്രക്കാരനെപ്പോലെയും ആയിരിക്കരുത്‌. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള മടികൊണ്ട്‌ ജീവിതകാലം മുഴുവൻ പഠിച്ചുകൊണ്ടിരിക്കാമെന്ന്‌ കരുതരുതെന്നു സാരം!

[29-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

“ചില ടീച്ചർമാരുടെ ക്ലാസ്‌ എന്തൊരു ബോറാണ്‌!” “ഹോംവർക്കു ചെയ്‌തു ഞാൻ മടുത്തു!” “എത്ര കഷ്ടപ്പെട്ടാലാ പാസ്‌മാർക്കെങ്കിലും കിട്ടുന്നത്‌, വെറുതെ എന്തിനീ പണിക്കുപോകണം?” ഒരു ജോലി സമ്പാദിക്കാനുള്ള പ്രാപ്‌തികൾ കൈവരിക്കുംമുമ്പേ പഠനം നിറുത്താൻ ചില കുട്ടികളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്‌ ഇവയൊക്കെ. നിങ്ങളുടെ മകനോ മകളോ ഇങ്ങനെ തീരുമാനിച്ചാൽ അവരെ എങ്ങനെ സഹായിക്കാം?

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വന്തം കാഴ്‌ചപ്പാട്‌ വിലയിരുത്തുക. നിങ്ങൾ പഠനത്തെ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നത്‌? വെറുതെ സമയം മിനക്കെടുത്തുന്ന ഏർപ്പാടായിട്ടാണോ? സ്‌കൂൾക്കാലം ഒരു ‘ജയിൽവാസം’ പോലെയായിരുന്നോ നിങ്ങൾക്ക്‌? ആണെങ്കിൽ നിങ്ങളുടെ മനോഭാവം മക്കളെയും സ്വാധീനിച്ചേക്കാം. എന്നാൽ ഒരുകാര്യം മനസ്സിൽപ്പിടിക്കുക: മതിയായ വിദ്യാഭ്യാസം ‘ജ്ഞാനവും വകതിരിവും സമ്പാദിക്കാൻ’ നിങ്ങളുടെ മക്കളെ സഹായിക്കും. ജീവിതവിജയത്തിന്‌ അനിവാര്യമായ ഗുണങ്ങളാണ്‌ അവ.—സദൃശവാക്യങ്ങൾ 3:21.

പഠനത്തിനു പറ്റിയ സാഹചര്യം ഒരുക്കുക. ചിലർക്ക്‌ പഠിക്കാൻ കഴിവുണ്ടായിരിക്കാം. പക്ഷേ എങ്ങനെ പഠിക്കണം എന്ന്‌ അറിയില്ലായിരിക്കാം. അല്ലെങ്കിൽ പഠനത്തിനു പറ്റിയ ഒരു ചുറ്റുപാട്‌ വീട്ടിൽ ഇല്ലായിരിക്കാം. നല്ല വെളിച്ചം കിട്ടുന്ന ഒരു മുറിയാണ്‌ പഠനത്തിന്‌ അനുയോജ്യം. പഠനമേശയിൽ സാധനങ്ങൾ വാരിവലിച്ചിടാൻ കുട്ടികളെ അനുവദിക്കരുത്‌. ആവശ്യമായ പഠനസഹായികൾ അവർക്ക്‌ ഉണ്ടായിരിക്കുകയും വേണം. കുട്ടിക്ക്‌ ആവശ്യമായ പരിശീലനം നൽകുകയും ഏകാഗ്രതയോടെ ഇരുന്ന്‌ പഠിക്കാൻ പറ്റിയ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്‌താൽ കുട്ടി മെച്ചപ്പെടും, സ്‌കൂൾ പഠനത്തിലായാലും ആത്മീയ പഠനത്തിലായാലും.—1 തിമൊഥെയൊസ്‌ 4:15.

കുട്ടിയുടെ പഠനത്തിൽ താത്‌പര്യമെടുക്കുക. കുട്ടിയുടെ അധ്യാപകരെയും കൗൺസിലർമാരെയും ശത്രുക്കളായി കാണാതെ മിത്രങ്ങളായി കാണുക. ഇടയ്‌ക്കൊക്ക അവരെ ചെന്നു കാണുക. അവരുടെ പേര്‌ ഓർത്തിരിക്കുക. നിങ്ങളുടെ കുട്ടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും അവന്‌ പഠനകാര്യത്തിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും അവരോടു പറയാവുന്നതാണ്‌. ഏതെങ്കിലും വിഷയത്തിൽ കുട്ടി പുറകോട്ടാണെങ്കിൽ അതിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്‌, നല്ല മാർക്കു വാങ്ങിയാൽ, മറ്റു കുട്ടികളുടെ അസൂയയ്‌ക്ക്‌ പാത്രമാകുമെന്ന്‌ അവൻ ഭയക്കുന്നുണ്ടോ? അതോ പഠിപ്പിക്കുന്ന ടീച്ചറുടെ പ്രശ്‌നമാണോ? ഓരോ ക്ലാസ്സുകൾ കഴിയുന്തോറും പാഠ്യവിഷയങ്ങളുടെ ഘനം വർധിക്കുന്നത്‌ സ്വാഭാവികമാണ്‌; അത്‌ അങ്ങനെ ആയിരിക്കുകയും വേണം. പക്ഷേ സിലബസ്‌ എടുത്താൽ പൊങ്ങാത്ത ഒരു ഭാരമായി അവന്‌ ഒരിക്കലും തോന്നരുത്‌. ഇനി, കണക്കിലെടുക്കേണ്ട മറ്റൊരു സംഗതി കുട്ടിക്ക്‌ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്നുള്ളതാണ്‌, കാഴ്‌ചക്കുറവോ പഠനവൈകല്യമോപോലെ.

കുട്ടിയുടെ പഠനകാര്യങ്ങളിൽ, അത്‌ സ്‌കൂൾ പഠനത്തിലായാലും ആത്മീയ പ്രവർത്തനത്തിലായാലും, നിങ്ങൾ കാണിക്കുന്ന താത്‌പര്യം ജീവിതത്തിൽ വിജയംവരിക്കാൻ അവനെ സഹായിക്കും.—സദൃശവാക്യങ്ങൾ 22:6.

[29-ാം പേജിലെ ചിത്രം]

ഇടയ്‌ക്കുവെച്ച്‌ പഠിപ്പുനിറുത്തുന്നത്‌ സ്റ്റേഷൻ എത്തുന്നതിനുമുമ്പ്‌ ട്രെയിനിൽനിന്ന്‌ ചാടുന്നതുപോലെയാണ്‌