വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപായമണി മുഴങ്ങുന്നുവോ?

അപായമണി മുഴങ്ങുന്നുവോ?

അപായമണി മുഴങ്ങുന്നുവോ?

“സമുദ്രനിരപ്പ്‌ ഉയരുകയാണെന്നു മനസ്സിലാക്കാൻ ടുവാലുവിലെ 73-കാരനായ വേൽലിസ എന്ന ഗ്രാമീണന്‌ ശാസ്‌ത്ര റിപ്പോർട്ടുകളുടെ ആവശ്യമില്ല,” ദ ന്യൂസിലൻഡ്‌ ഹെറാൾഡ്‌ പറയുന്നു. “അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കടൽത്തീരങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന കൃഷി ഉപ്പുവെള്ളം കയറി നശിച്ചു. അങ്ങനെയിരിക്കെ, [2007] ഏപ്രിലിൽ പാറക്കഷണങ്ങളും ചപ്പുചവറുകളുമായി വന്ന ഒരു കൂറ്റൻ വേലിയേറ്റത്തിരമാല തീരത്തേക്ക്‌ അടിച്ചുകയറി; വെള്ളം കയറിയ വീടുവിട്ട്‌ പോകേണ്ടിവന്നു അദ്ദേഹത്തിന്‌.”

സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ 13 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടുവാലു ദ്വീപസമൂഹങ്ങളിലെ ആളുകൾക്ക്‌ ആഗോളതാപനം എന്നത്‌ കേവലമൊരു ശാസ്‌ത്രവിഷയമല്ല, മറിച്ച്‌ ഒരു “ജീവിത യാഥാർഥ്യമാണ്‌,” ഹെറാൾഡ്‌ റിപ്പോർട്ടുചെയ്യുന്നു. * ആയിരങ്ങൾ ഇതിനോടകം ഇവിടംവിട്ട്‌ പോയിക്കഴിഞ്ഞു; പോകാനുള്ള തയ്യാറെടുപ്പിലാണ്‌ മറ്റനേകർ.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള റോബർട്ടിന്റെ കാര്യമെടുക്കുക. അദ്ദേഹത്തിന്‌ ചില ദിവസങ്ങളിൽ മാത്രമേ തന്റെ തോട്ടം നനയ്‌ക്കാൻ സാധിക്കുന്നുള്ളൂ—അതും ഹോസ്‌ കൊണ്ടല്ല ബക്കറ്റ്‌ ഉപയോഗിച്ച്‌. വെള്ളം ശുദ്ധീകരിച്ച്‌ വീണ്ടും ഉപയോഗിക്കുന്ന കാർ-വാഷ്‌ സെന്ററുകളിൽ പോയില്ലെങ്കിൽ കണ്ണാടികൾ, ചില്ലുകൾ, നമ്പർ പ്ലെയ്‌റ്റുകൾ തുടങ്ങി കാറിന്റെ ഏതാനും ഭാഗങ്ങൾ മാത്രം കഴുകി തൃപ്‌തിപ്പെടേണ്ടിവരും അദ്ദേഹത്തിന്‌. വെള്ളത്തിന്‌ ഇത്ര ക്ഷാമം വരാൻ കാരണം? കടുത്ത വരൾച്ചയുള്ള ഒരു പ്രദേശത്താണ്‌ റോബർട്ട്‌ താമസിക്കുന്നത്‌. നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ്‌ ഇതെന്നു പറയപ്പെടുന്നു. മറ്റു പ്രദേശങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്‌. ഓസ്‌ട്രേലിയയിലെയും ടുവാലുവിലെയും പ്രശ്‌നങ്ങൾ ആഗോളതാപനത്തിന്റെ ഫലമാണോ?

ചിലരുടെ പ്രവചനം

ആഗോളതാപനത്തിന്‌ പ്രധാനകാരണം മനുഷ്യരുടെ പ്രവർത്തനങ്ങളാണെന്ന്‌ പലരും വിശ്വസിക്കുന്നു. ഇത്‌ കാലാവസ്ഥയ്‌ക്കും അന്തരീക്ഷത്തിനും വൻഭീഷണി ഉയർത്തിയേക്കാം. ഉദാഹരണത്തിന്‌, ധ്രുവപ്രദേശത്തെ മഞ്ഞ്‌ വൻതോതിൽ ഉരുകുന്നതും ചൂടുനിമിത്തം സമുദ്രജലം വികസിക്കുന്നതും സമുദ്രനിരപ്പ്‌ കുത്തനെ ഉയരുന്നതിനു കാരണമായേക്കാം. താഴ്‌ന്ന പ്രദേശങ്ങളായ ടുവാലുവും നെതർലൻഡ്‌സിന്റെയും ഫ്‌ലോറിഡയുടെയും മറ്റും ഗണ്യമായ ഭാഗങ്ങളും അപ്രത്യക്ഷമായേക്കാം. ബംഗ്ലാദേശിന്റെ ചില ഭാഗങ്ങൾ, ഷാങ്‌ഹായ്‌, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.

അതേസമയം താപനില ഉയരുന്നത്‌ കൊടുങ്കാറ്റുകളും പ്രളയങ്ങളും വരൾച്ചകളും രൂക്ഷമാകാൻ ഇടയാക്കും. ഹിമാലയത്തിൽ, ഹിമാനികൾ ഉരുകുന്നതുനിമിത്തം ലോകജനസംഖ്യയുടെ 40 ശതമാനത്തിന്‌ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടേക്കാം. കാരണം ഈ ഹിമാനികളാണ്‌ ഏഴു നദികളെ പോഷിപ്പിക്കുന്നത്‌. ആയിരക്കണക്കിനു ജീവിവർഗങ്ങളുടെ ഭാവിയും അപകടത്തിലാണ്‌. മുഖ്യമായും മഞ്ഞിൽനിന്ന്‌ ഇരപിടിക്കുന്ന ധ്രുവക്കരടികൾ അക്കൂട്ടത്തിൽപ്പെടുന്നു. അനേകം കരടികൾക്കും തൂക്കം കുറയുന്നുവെന്നും ചിലത്‌ പട്ടിണിയിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ചൂടുകൂടുന്നത്‌ കൊതുക്‌, ചെള്ള്‌, ഫംഗസ്‌ ഉൾപ്പെടെയുള്ള രോഗവാഹകർ പെരുകാൻ കാരണമാകുന്നു; അങ്ങനെ രോഗങ്ങൾ പടർന്നുപിടിക്കുന്നു. “കാലാവസ്ഥാമാറ്റം ഉയർത്തുന്ന ഭീഷണികൾ ആണവഭീഷണിയോളംതന്നെ ഗുരുതരമാണ്‌” എന്ന്‌ ബുള്ളറ്റിൻ ഓഫ്‌ അറ്റോമിക്‌ സയന്റിസ്റ്റ്‌സ്‌ പറയുന്നു. “ഇതിന്റെ ഭവിഷ്യത്തുകൾ പെട്ടെന്ന്‌ പ്രകടമായില്ലെന്നിരിക്കും . . . പക്ഷേ അടുത്ത മൂന്നോ നാലോ പതിറ്റാണ്ടുകളിൽ കാലാവസ്ഥാവ്യതിയാനങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന്‌ ആധാരമായിരിക്കുന്ന ആവാസവ്യവസ്ഥകളുടെമേൽ പരിഹരിക്കാനാവാത്ത കെടുതികൾ വരുത്തിവെക്കും.” സാഹചര്യം കൂടുതൽ ഇരുളടഞ്ഞതാണെന്നാണ്‌ ചില ശാസ്‌ത്രജ്ഞന്മാരുടെ പക്ഷം. കാരണം ആഗോളതാപനത്തിന്റെ കെടുതികൾ അവർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിലാണ്‌ സംഭവിക്കുന്നതത്രേ.

നാം ഇത്തരം പ്രവചനങ്ങൾ വിശ്വസിക്കണമോ? ഭൂമിയിലെ ജീവജാലങ്ങൾ ശരിക്കും പ്രതിസന്ധിയിലാണോ? ഇത്തരം പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ്‌ ആഗോളതാപനത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവർ പറയുന്നത്‌. എന്തു വിശ്വസിക്കണം എന്നറിയാതെ കുഴങ്ങുന്നു മറ്റുചിലർ. അങ്ങനെയെങ്കിൽ സത്യമെന്താണ്‌? ഭൂമിയുടെയും അതുപോലെ നമ്മുടെയും ഭാവി അപകടത്തിലാണോ?

[അടിക്കുറിപ്പ്‌]

^ ഖ. 3 ഭൂമിയുടെ അന്തരീക്ഷത്തിലെയും സമുദ്രങ്ങളിലെയും താപനിലയിലുള്ള ആകമാന വർധനയെയാണ്‌ “ആഗോളതാപനം” എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌.