വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇലക്‌ട്രോണിക്‌ ഗെയിമുകൾ—ഞാൻ എന്തു ചെയ്യണം?

ഇലക്‌ട്രോണിക്‌ ഗെയിമുകൾ—ഞാൻ എന്തു ചെയ്യണം?

യുവജനങ്ങൾ ചോദിക്കുന്നു

ഇലക്‌ട്രോണിക്‌ ഗെയിമുകൾ​—⁠ഞാൻ എന്തു ചെയ്യണം?

ഇലക്‌ട്രോണിക്‌ ഗെയിമുകൾ കേവലമൊരു ഹൈടെക്‌ വിനോദരംഗമല്ല. വിരസത അകറ്റുകയും വൈദഗ്‌ധ്യങ്ങൾക്കു മൂർച്ചകൂട്ടുകയും ചെയ്യുന്നതിനു പുറമേ അവ, സാഹചര്യങ്ങളോടു പെട്ടെന്നു പ്രതികരിക്കാനുള്ള പ്രാപ്‌തി മെച്ചപ്പെടുത്തുന്നു. ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള കഴിവു വർധിപ്പിക്കാൻ ഈ ഗെയിമുകൾക്കാകുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. കണക്കിലും വായനയിലുമുള്ള നിങ്ങളുടെ നൈപുണ്യംപോലും മെച്ചപ്പെട്ടേക്കാം. കൂടാതെ പുതുപുത്തൻ ഇലക്‌ട്രോണിക്‌ ഗെയിമുകളാണ്‌ മിക്ക സ്‌കൂൾവിദ്യാർഥികൾക്കുമിടയിലെ ഒരു പ്രധാന സംസാരവിഷയം. അവയുമായി യാതൊരു ബന്ധവുമില്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെട്ടതുതന്നെ!

ഇക്കാര്യത്തിൽ നിങ്ങൾക്കായി തീരുമാനമെടുക്കേണ്ടത്‌ തീർച്ചയായും മാതാപിതാക്കളാണ്‌. (കൊലൊസ്സ്യർ 3:20) അവർ സമ്മതിക്കുന്നെങ്കിൽ അധാർമികമല്ലാത്തതും രസകരവുമായ പല ഗെയിമുകളും നിങ്ങൾക്കു കണ്ടെത്താനാകും. അപ്പോഴും പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഗെയിമുകളുടെ ഇരുണ്ടമുഖം!

പതിനാറുകാരൻ ബ്രയൻ പറയുന്നു: “കമ്പ്യൂട്ടർ ഗെയിമുകൾ ഹരംപിടിപ്പിക്കുന്നവയും ജനരഞ്‌ജകവുമാണ്‌.” എന്നാൽ നിങ്ങൾക്കറിയാവുന്നതുപോലെ എല്ലാ ഗെയിമുകളും നിരുപദ്രവകരമല്ല. “ഗുരുതരമായ പ്രത്യാഘാതങ്ങളുള്ളതും ജീവിതത്തിൽ ഒരിക്കലും നിങ്ങൾ ചെയ്യുകയില്ലാത്തതുമായ കാര്യങ്ങളിൽ ഏർപ്പെടാൻ ഇത്തരം ഗെയിമുകൾ ഇടയാക്കുന്നു,” ബ്രയൻ കൂട്ടിച്ചേർക്കുന്നു. കമ്പ്യൂട്ടർ ഗെയിമുകൾ ഊട്ടിവളർത്തുന്ന ചില സ്വഭാവവിശേഷതകൾ നമുക്കു പരിശോധിക്കാം.

ബൈബിൾ കുറ്റംവിധിക്കുന്ന അധാർമികതയുടെയും അസഭ്യഭാഷയുടെയും അക്രമത്തിന്റെയും വിളനിലമാണ്‌ പല ഗെയിമുകളും. (സങ്കീർത്തനം 11:5; ഗലാത്യർ 5:19-21; കൊലൊസ്സ്യർ 3:8) ഭൂതാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണു ചില ഗെയിമുകൾ. ജനപ്രീതിയാർജിച്ച ഒരു ഗെയിമിൽ “ചേരിപ്പോരുകൾ, മയക്കുമരുന്നിന്റെ ഉപയോഗം, പച്ചയായ ലൈംഗികത, അസഭ്യഭാഷ, ഘോരവും രക്തരൂക്ഷിതവുമായ അക്രമം” എന്നിവ നിറഞ്ഞുനിൽക്കുന്നതായി ഏഡ്രിയൻ (18) പറയുന്നു. ഓരോ പുതിയ ഗെയിമും പുറത്തിറങ്ങുമ്പോൾ പഴയതെല്ലാം ഒന്നുമല്ലാതായിത്തീരുന്നു. ഏറ്റവും പ്രചാരമുള്ള ചില ഗെയിമുകൾ ഇന്റർനെറ്റുവഴി മറ്റുള്ളവർക്കൊപ്പം കളിക്കാവുന്നവയാണെന്ന്‌ ജയിംസ്‌ (19) ചൂണ്ടിക്കാട്ടുന്നു. ഈ സൗകര്യം നിലവിൽവന്നതോടെ വീഡിയോ ഗെയിമുകൾക്കു പുതിയൊരു മാനം കൈവന്നു. “സ്വന്തം വീട്ടിലിരുന്ന്‌ ലോകത്തിന്റെ മറുഭാഗത്തുള്ളവരുമായി കൊമ്പുകോർക്കാൻ നിങ്ങൾക്കാകും,” ജയിംസ്‌ കൂട്ടിച്ചേർക്കുന്നു.

കഥാപാത്രങ്ങളെ കളിക്കാരുടെ പ്രതിനിധികളാക്കാൻ കഴിയുന്നതരം ഗെയിമുകൾ വൻപ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്തരം ഗെയിമുകളിൽ കളിക്കാർ മനുഷ്യനോ മൃഗമോ മനുഷ്യ-മൃഗമോ ആയ കഥാപാത്രങ്ങളായി ആയിരക്കണക്കിനു മറ്റു കളിക്കാരോടൊപ്പം, കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന ഒരു മായികലോകത്ത്‌ പ്രവേശിക്കുന്നു. കടകളും കാറുകളും വീടുകളും നൃത്തശാലകളും വേശ്യാലയങ്ങളും നിറഞ്ഞതാണ്‌ ഈ ഓൺലൈൻ ലോകം—യഥാർഥ ലോകത്തിന്റെ ഒരു തനിപ്പകർപ്പ്‌! അവതാരങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന തങ്ങളുടെ കമ്പ്യൂട്ടർ കഥാപാത്രങ്ങൾ പരസ്‌പരം ഏറ്റുമുട്ടുമ്പോൾ ഇൻസ്റ്റന്റ്‌ മെസ്സേജിങ്ങിലൂടെ അന്യോന്യം ബന്ധപ്പെടാൻ കളിക്കാർക്കു കഴിയുന്നു.

അത്തരം സാങ്കൽപ്പിക ലോകങ്ങളിൽ എന്തൊക്കെയാണു നടക്കുന്നത്‌? “ജീവിതത്തിലൊരിക്കലും ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയ കാര്യങ്ങളിൽ സാധാരണക്കാർ ഏർപ്പെടുന്നു. . . .” എന്ന്‌ ഒരു ജേർണലിസ്റ്റ്‌ പറയുന്നു. തങ്ങളുടെ അവതാരങ്ങൾ തമ്മിൽ ലൈംഗിക കേളികളിൽ ഏർപ്പെടാൻ ഇടയാക്കാനും അതേസമയം യഥാർഥ കളിക്കാർക്ക്‌ ഇൻസ്റ്റന്റ്‌ മെസ്സേജിങ്ങിലൂടെ അത്തരം കാര്യങ്ങൾ സംസാരിക്കാനും ഏതാനും ബട്ടണുകൾ അമർത്തുകയേവേണ്ടൂ. കൂടാതെ “കാൽപ്പനിക കുറ്റകൃത്യങ്ങളും മാഫിയാസംഘങ്ങളും കൂട്ടിക്കൊടുപ്പുകാരും പിടിച്ചുപറിക്കാരും ഡ്യൂപ്പുകളും കൊലപ്പുള്ളികളും നിറഞ്ഞതാണ്‌” അത്തരം ലോകങ്ങൾ എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. “വേശ്യാലയങ്ങളിൽ അരങ്ങേറുന്ന ബലാത്സംഗ സീനുകളോ കുട്ടിക്കഥാപാത്രങ്ങൾ ലൈംഗിക കേളികളിൽ ഏർപ്പെടുന്നതോപോലുള്ള, നിത്യജീവിതത്തിലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച്‌ വിമർശകർ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരിക്കുന്നു” എന്ന്‌ മറ്റൊരു മാസിക റിപ്പോർട്ടുചെയ്യുന്നു.

തിരഞ്ഞെടുപ്പു പ്രധാനമായിരിക്കുന്നതിന്റെ കാരണം

അക്രമാസക്തവും വിഷയാസക്തവുമായ അത്തരം ഗെയിമുകൾ കളിക്കുന്നവർ ഇങ്ങനെ പറഞ്ഞേക്കാം: “ഇതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല. യഥാർഥ സംഭവമല്ലല്ലോ. വെറുമൊരു കളി, അത്രമാത്രം.” എന്നാൽ വികലമായ അത്തരം ചിന്താഗതികളാൽ വഞ്ചിതരാകരുത്‌!

“ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 20:11) അക്രമം നിറഞ്ഞതും അധാർമികവുമായ ഇലക്‌ട്രോണിക്‌ ഗെയിമുകൾ കളിക്കുന്നതു ശീലമാക്കുന്നെങ്കിൽ ‘വെടിപ്പും നേരുമുള്ളവൻ’ എന്നു നിങ്ങളെ വിശേഷിപ്പിക്കാനാകുമോ? അക്രമാസക്ത വിനോദങ്ങൾ വീക്ഷിക്കുന്നവർ അധികമധികം അക്രമവാസനയുള്ളവരായിത്തീരുന്നുവെന്നു പഠനങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നു. “കാണികൾതന്നെ സജീവ പങ്കാളികളാകുന്ന വീഡിയോ ഗെയിമുകളുടെ സ്വാധീനം ടിവി-യെക്കാൾ ശക്തമാണ്‌,” ന്യൂ സയന്റിസ്റ്റ്‌ അടുത്തയിടെ പ്രസ്‌താവിച്ചു.

അക്രമാസക്തമോ അധാർമികമോ ആയ ഗെയിമുകൾ കളിക്കുന്നത്‌ റേഡിയോ ആക്ടീവ്‌ പദാർഥങ്ങളുമായി സംസർഗത്തിൽ വരുന്നതിനു തുല്യമാണ്‌—ഒളിഞ്ഞുകിടക്കുന്നതും ഒഴിവാക്കാനാകാത്തതുമായ ദൂഷ്യഫലങ്ങൾ പെട്ടെന്നു പ്രകടമായെന്നുവരില്ല. ശക്തമായ റേഡിയേഷൻ ആമാശയസ്‌തരത്തെ ദ്രവിപ്പിക്കും, കുടലുകളിൽനിന്നു ബാക്ടീരിയ രക്തത്തിൽ കടന്ന്‌ രോഗങ്ങളുണ്ടാകാൻ ഇടയാക്കുകയും ചെയ്യും. സമാനമായി, ലൈംഗികതയുടെയും അക്രമത്തിന്റെയും പച്ചയായ ആവിഷ്‌കാരം നിങ്ങളുടെ സദാചാരബോധം നശിപ്പിക്കുകയും ജഡാഭിലാഷങ്ങൾ നിങ്ങളുടെ ചിന്തയെയും പ്രവർത്തനങ്ങളെയും ഭരിക്കാൻ ഇടയാക്കുകയും ചെയ്യും.—എഫെസ്യർ 4:19; ഗലാത്യർ 6:7, 8.

ഏതു ഗെയിമുകൾ എനിക്കു കളിക്കാം?

ഇലക്‌ട്രോണിക്‌ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നെങ്കിൽ ഏതു തിരഞ്ഞെടുക്കണമെന്നും എത്ര സമയം അതിനായി ചെലവഴിക്കണമെന്നും നിങ്ങൾക്കെങ്ങനെ തീരുമാനിക്കാം? പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക:

എന്റെ തിരഞ്ഞെടുപ്പ്‌ യഹോവയ്‌ക്ക്‌ അനിഷ്ടമാകുമോ? നിങ്ങൾ ഏതുതരം ഗെയിം തിരഞ്ഞെടുക്കുന്നുവെന്നത്‌ നിങ്ങളോടുള്ള ദൈവത്തിന്റെ വീക്ഷണത്തെ സ്വാധീനിക്കും. “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമം ഇഷ്ടപ്പെടുന്നവനെ,” പി.ഒ.സി. ബൈബിൾ] അവന്റെ ഉള്ളം വെറുക്കുന്നു” എന്ന്‌ സങ്കീർത്തനം 11:5 പറയുന്നു. ഭൂതാചാരങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചു ദൈവവചനം ഇങ്ങനെ പറയുന്നു: “ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.” (ആവർത്തനപുസ്‌തകം 18:10-12) ദൈവത്തിന്റെ സ്‌നേഹിതരാകണമെങ്കിൽ “യഹോവയെ സ്‌നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” എന്ന ബുദ്ധിയുപദേശം നാം അനുസരിക്കണം.—സങ്കീർത്തനം 97:10.

ഞാൻ തിരഞ്ഞെടുക്കുന്ന ഗെയിം എന്റെ ചിന്തയെ എങ്ങനെ സ്വാധീനിക്കും? ഈ ഗെയിം കളിച്ചാൽ ‘ദുർന്നടപ്പു വിട്ട്‌ ഓടുന്നത്‌’ എനിക്ക്‌ എളുപ്പമാകുമോ അതോ ബുദ്ധിമുട്ടാകുമോ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. (1 കൊരിന്ത്യർ 6:18) ലൈംഗികമോഹങ്ങൾ ഉണർത്തുന്ന ചിത്രങ്ങളോ സംഭാഷണങ്ങളോ, നീതിയുക്തവും നിർമലവും ഉത്തമവുമായ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കില്ല. (ഫിലിപ്പിയർ 4:8) “പല ഗെയിമുകളും അക്രമം, അസഭ്യഭാഷ, അധാർമികത എന്നിവയോടുള്ള പ്രതികരണക്ഷമത മരവിപ്പിക്കാൻ പോന്നവയാണ്‌, ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലും നിങ്ങൾ ജാഗ്രത കൈവെടിയാൻ അത്‌ ഇടയാക്കും,” ആമി (22) പറയുന്നു.

എത്ര സമയം ചെലവഴിക്കണം? ദെബോര (18) പറയുന്നു: “എല്ലാ കമ്പ്യൂട്ടർ ഗെയിമുകളും മോശമാണെന്നു ഞാൻ കരുതുന്നില്ല. എന്നാൽ അവ നമ്മുടെ സമയം കവരുകയും നമ്മെ അടിമകളാക്കുകയും ചെയ്യും.” തീർത്തും നിരുപദ്രവകരമായ ഗെയിമുകൾപോലും ഒരുപാടു സമയം കവർന്നെടുത്തേക്കാം. അതുകൊണ്ട്‌ ഗെയിമുകൾക്കായി എത്ര സമയം ചെലവഴിക്കുന്നുവെന്നു കുറിച്ചിടുകയും, കൂടുതൽ പ്രധാനമായ മറ്റു കാര്യങ്ങൾക്കുവേണ്ടി ചെലവിടുന്ന സമയവുമായി അതു തട്ടിച്ചുനോക്കുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ പ്രാധാന്യമേറിയ കാര്യങ്ങൾക്കു മുൻഗണന നൽകാൻ നിങ്ങൾക്കാകും.—എഫെസ്യർ 5:15, 16.

ജീവിതകാലം മുഴുവൻ നിങ്ങൾ പഠനവും ജോലിയുമായി കഴിയണമെന്ന്‌ ബൈബിൾ പറയുന്നില്ല. ‘ചിരിക്കാൻ ഒരു കാലവും നൃത്തംചെയ്യാൻ ഒരു കാലവും’ ഉണ്ടെന്ന്‌ അതു നമ്മെ ഓർമിപ്പിക്കുന്നു. (സഭാപ്രസംഗി 3:4) ‘നൃത്തംചെയ്യുക’ എന്ന പ്രയോഗം വിനോദത്തോടൊപ്പം കായിക പ്രവർത്തനത്തെയും സൂചിപ്പിക്കുന്നു എന്നതു ശ്രദ്ധേയമാണ്‌. അതുകൊണ്ട്‌ ഒഴിവുസമയങ്ങൾ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നുതീർക്കുന്നതിനു പകരം കായികപ്രവർത്തനം ഉൾപ്പെടുന്ന കളികളിൽ ഏർപ്പെടരുതോ?

ജ്ഞാനികളായിരിക്കുക

ഇലക്‌ട്രോണിക്‌ ഗെയിമുകൾ രസകരമാണെന്നതിനു സംശയമില്ല, പ്രത്യേകിച്ച്‌ നിങ്ങളതിൽ സമർഥരാണെങ്കിൽ. അതുകൊണ്ടുതന്നെയാണ്‌ അവ ജ്ഞാനപൂർവം തിരഞ്ഞെടുക്കണമെന്നു പറയുന്നത്‌. സ്‌കൂളിൽ ഏതു വിഷയമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും എളുപ്പം? ഏറ്റവും ഇഷ്ടമുള്ള വിഷയമായിരിക്കില്ലേ അത്‌? സാധാരണഗതിയിൽ, നിങ്ങൾ എത്രയധികം ഒരു വിഷയം ഇഷ്ടപ്പെടുന്നുവോ അത്രയധികം ആകർഷകമായിരിക്കും നിങ്ങൾക്കത്‌. ഇനി നിങ്ങളോടുതന്നെ ചോദിക്കുക: ‘ഏത്‌ ഇലക്‌ട്രോണിക്‌ ഗെയിമാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടം? അതിൽനിന്ന്‌ എനിക്ക്‌ എന്തു സന്മാർഗപാഠം പഠിക്കാൻ കഴിയും?’

നിങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന ഓരോ ഗെയിമിന്റെയും ലക്ഷ്യവും അതിൽ എത്തിച്ചേരാനുള്ള മാർഗങ്ങളും കുറിച്ചുവെക്കുന്നതു സഹായകമാണ്‌. ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ബൈബിൾതത്ത്വങ്ങളുടെ വെളിച്ചത്തിൽ അതു വിലയിരുത്തുകയും ഏതൊക്കെ ഗെയിമുകൾ സ്വീകാര്യമാണെന്നു നിശ്ചയിക്കുകയും ചെയ്യുക.

സമപ്രായക്കാർ കളിക്കുന്നതുകൊണ്ടുമാത്രം ഒരു പ്രത്യേക ഗെയിം തിരഞ്ഞെടുക്കുന്നതിനുപകരം കാര്യഗൗരവത്തോടെ സ്വന്തമായി തീരുമാനമെടുക്കുക. ഏറ്റംപ്രധാനമായി, “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചു”കൊൾവിൻ എന്ന ദിവ്യബുദ്ധിയുപദേശം ബാധകമാക്കുക.—എഫെസ്യർ 5:9.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ അക്രമാസക്തമോ അധാർമികമോ ആയ ഒരു ഗെയിം കളിക്കാൻ കൂട്ടുകാരൻ ക്ഷണിച്ചാൽ നിങ്ങളെന്തു പറയും?

▪ ഇലക്‌ട്രോണിക്‌ ഗെയിമുകൾ പ്രാധാന്യമേറിയ പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നില്ലെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

[19-ാം പേജിലെ ആകർഷക വാക്യം]

അക്രമാസക്തമോ അധാർമികമോ ആയ ഗെയിമുകൾ കളിക്കുന്നത്‌ റേഡിയോ ആക്ടീവ്‌ പദാർഥങ്ങളുമായി സംസർഗത്തിൽ വരുന്നതിനു തുല്യമാണ്‌—ഒളിഞ്ഞുകിടക്കുന്നതും ഒഴിവാക്കാനാകാത്തതുമായ ദൂഷ്യഫലങ്ങൾ പെട്ടെന്നു പ്രകടമായെന്നുവരില്ല

[18-ാം പേജിലെ ചതുരം]

നിങ്ങൾ എത്ര കൂടെക്കൂടെ ഇലക്‌ട്രോണിക്‌ ഗെയിമുകൾ കളിക്കുന്നു?

❑ വല്ലപ്പോഴും

❑ ആഴ്‌ചയിലൊരിക്കൽ

❑ ദിവസവും

ഒരു ഗെയിം കളിക്കാനായി നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നു?

❑ ഏതാനും മിനിട്ടുകൾ

❑ ഒരു മണിക്കൂറോ അതിൽക്കുറവോ

❑ രണ്ടു മണിക്കൂറിലധികം

ഏതുതരം ഗെയിമുകളാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടം?

❑ കാറോട്ടമത്സരം

❑ സ്‌പോർട്‌സ്‌

❑ വെടിവെപ്പ്‌

❑ മറ്റേതെങ്കിലും

അനഭികാമ്യമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു ഇലക്‌ട്രോണിക്‌ ഗെയിമിന്റെ പേര്‌ എഴുതുക.

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

[20, 21 പേജുകളിലെ ചതുരം/ചിത്രം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

മുൻലേഖനത്തിൽനിന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞതുപോലെ ഇലക്‌ട്രോണിക്‌ ഗെയിമുകൾ നിങ്ങളുടെ കൗമാരത്തിലേതിലും വളരെയേറെ മാറിയിരിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും മക്കളെ നിങ്ങൾക്കെങ്ങനെ സഹായിക്കാനാകും?

കമ്പ്യൂട്ടർ ഗെയിമുകളെ അടച്ചാക്ഷേപിക്കുകയോ സമയം പാഴാക്കുന്ന ഒരു ഏർപ്പാടുമാത്രമാണ്‌ അതെന്നു തറപ്പിച്ചുപറയുകയോ ചെയ്യുന്നതുകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നുമില്ല. എല്ലാ ഗെയിമുകളും മോശമല്ലെന്നോർക്കുക. എന്നാൽ മക്കളെ അടിമകളാക്കാനും അവരുടെ സമയം കവർന്നെടുക്കാനും അവയ്‌ക്കാകും. അതുകൊണ്ട്‌ ഗെയിമുകൾക്കായി അവർ എത്ര നേരം ചെലവിടുന്നുവെന്നു നിരീക്ഷിക്കുക. ഏതുതരം ഗെയിമുകളാണ്‌ അവരെ പിടിച്ചിരുത്തുന്നതെന്നും ശ്രദ്ധിക്കുക. പിൻവരുന്ന ചോദ്യങ്ങൾ അവരോടു ചോദിക്കാവുന്നതാണ്‌:

മോന്റെ/മോളുടെ കൂട്ടുകാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഗെയിം ഏതാണ്‌?

▪ അത്‌ എങ്ങനെയുള്ള ഗെയിമാണ്‌?

▪ എന്തുകൊണ്ടാണ്‌ അതിനിത്ര പ്രചാരമുള്ളത്‌?

ഇലക്‌ട്രോണിക്‌ ഗെയിമുകളെക്കുറിച്ചുള്ള അവരുടെ അറിവ്‌ നിങ്ങളുടെ സങ്കൽപ്പങ്ങളെയെല്ലാം കടത്തിവെട്ടിയേക്കാം! അസ്വീകാര്യമെന്നു നിങ്ങൾ കരുതുന്ന ഗെയിമുകൾപോലും അവർ കളിച്ചിട്ടുണ്ടാകാം. അതാണു സത്യമെങ്കിൽ പൊട്ടിത്തെറിക്കരുത്‌. “ഇന്ദ്രിയ”പ്രാപ്‌തികൾ വികസിപ്പിക്കാൻ മക്കളെ സഹായിക്കാനുള്ള ഒരു അവസരമാണത്‌.—എബ്രായർ 5:14.

ചോദ്യംചെയ്യത്തക്ക ഗെയിമുകളോട്‌ ആകർഷണം തോന്നുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ മക്കളെ സഹായിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അവരോടു ചോദിക്കുക. ഉദാഹരണത്തിന്‌:

ഈ ഗെയിം കളിക്കാൻ ഞങ്ങൾ അനുവദിക്കാത്തതുകൊണ്ട്‌ കൂട്ടുകാരിൽനിന്ന്‌ ഒറ്റപ്പെടുന്നതായി നിനക്കു തോന്നുന്നുണ്ടോ?

മുൻലേഖനത്തിന്റെ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയപ്രകാരം, ചില പ്രത്യേക ഗെയിമുകൾ കളിക്കാനും അതേപ്പറ്റി പറഞ്ഞുകൊണ്ട്‌ കൂട്ടുകാർക്കിടയിൽ ‘ഷൈൻ’ചെയ്യാനും കുട്ടികൾ ആഗ്രഹിച്ചേക്കാം. രക്തരൂക്ഷിതമായ അക്രമമോ ലൈംഗിക അധാർമികതയോ നിറഞ്ഞ ഗെയിമുകളോട്‌ മക്കൾക്കു താത്‌പര്യമുണ്ടെന്നു മനസ്സിലാക്കിയാലുള്ള നിങ്ങളുടെ പ്രതികരണത്തിൽനിന്നു വ്യത്യസ്‌തമായ ഒരു വിധത്തിലായിരിക്കും ഈ സാഹചര്യം നിങ്ങൾ കൈകാര്യംചെയ്യുക.—കൊലൊസ്സ്യർ 4:6.

എന്നാൽ ഒരു ഗെയിമിന്റെ മോശമായ സവിശേഷതകളാണു മക്കളെ അതിലേക്ക്‌ ആകർഷിച്ചിരിക്കുന്നതെങ്കിലോ? സ്‌ക്രീനിലെ അക്രമമൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു ചില കുട്ടികൾ വാദിച്ചേക്കാം. ‘കമ്പ്യൂട്ടറിൽ ചെയ്യുന്നതെല്ലാം ഞാനെന്റെ ജീവിതത്തിലും ചെയ്യുമെന്ന്‌ അർഥമില്ല’ എന്ന്‌ അവർ പറഞ്ഞേക്കാം. അതാണു മക്കളുടെ ന്യായവാദമെങ്കിൽ 20-ാം പേജിൽ ഉദ്ധരിച്ചിരിക്കുന്ന സങ്കീർത്തനം 11:5-ലേക്ക്‌ അവരുടെ ശ്രദ്ധക്ഷണിക്കുക. അക്രമാസക്തർ മാത്രമല്ല, അക്രമം ഇഷ്ടപ്പെടുന്നവരും ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകുന്നുവെന്ന്‌ ആ തിരുവെഴുത്തു വ്യക്തമാക്കുന്നു. ദൈവവചനം കുറ്റംവിധിക്കുന്ന ലൈംഗിക അധാർമികതയുടെയും മറ്റേതൊരു ദുഷ്‌പ്രവൃത്തിയുടെയും കാര്യത്തിൽ ഇതേ തത്ത്വം ബാധകമാകുന്നു.—സങ്കീർത്തനം 97:10.

ചില വിദഗ്‌ധരുടെ ശുപാർശകൾ:

കിടപ്പുമുറിപോലുള്ള സ്വകാര്യസ്ഥലങ്ങളിൽ ഇലക്‌ട്രോണിക്‌ ഗെയിമുകൾ അനുവദിക്കരുത്‌.

▪ (‘ഗൃഹപാഠവും പ്രധാനപ്പെട്ട മറ്റു കാര്യങ്ങളും ചെയ്‌തുതീർക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പായി യാതൊരു ഗെയിമും പാടില്ല’ എന്നതുപോലുള്ള) കർശന നിയമങ്ങൾ വെക്കുക.

▪ കായികാധ്വാനം ആവശ്യമായിവരുന്ന ഇതരപ്രവർത്തനങ്ങളുടെ മൂല്യം ഊന്നിപ്പറയുക.

▪ മക്കൾ ഇലക്‌ട്രോണിക്‌ ഗെയിം കളിക്കുമ്പോൾ അതു നിരീക്ഷിക്കുക, കഴിയുമെങ്കിൽ അവരോടൊപ്പം കളിക്കുക.

വിനോദത്തിന്റെ കാര്യത്തിൽ മക്കളെ സഹായിക്കാൻ കഴിയണമെങ്കിൽ നിങ്ങൾതന്നെ നല്ലൊരു മാതൃകയായിരിക്കണം. അതുകൊണ്ട്‌ ‘ഏതുതരം ടിവി പരിപാടികളും സിനിമകളുമാണു ഞാൻ കാണാറുള്ളത്‌?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. ഇരട്ടജീവിതം നയിക്കാനാണു നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ സംശയിക്കേണ്ട, മക്കൾ അതു കണ്ടുപിടിച്ചിരിക്കും!