ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
സ്റ്റോക്ക് മാർക്കറ്റ് “സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതു ബുദ്ധിയാണോ?” എന്ന ലേഖനത്തിനു നന്ദി. (നവംബർ 8, 2000) വളരെ സമനിലയോടു കൂടിയ ഒന്നായിരുന്നു അത്. ഓഹരികൾ സംബന്ധിച്ച ആശ്രയയോഗ്യമല്ലാത്ത രഹസ്യസൂചനകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട്. അവ വൻ നഷ്ടം വരുത്തിവെച്ചേക്കാം. ഓഹരി വിപണിയുടെ പൊതുവെയുള്ള നിലവാരം കണക്കിലെടുത്ത് ഓഹരികൾ വാങ്ങുന്നതായിരിക്കും ബുദ്ധി.
എൻ. ബി., ജർമനി (g01 6/8)
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത് ഒരുവൻ “ഭാഗ്യദേവ”നിൽ വിശ്വാസം അർപ്പിക്കുന്നെന്ന് അർഥമാക്കുന്നില്ല എന്ന പ്രസ്താവനയോടു ഞാൻ വിയോജിക്കുന്നു. (യെശയ്യാവു 65:11, പി.ഒ.സി. ബൈബിൾ) യാതൊരു വ്യവസ്ഥയുമില്ലാത്ത അസ്ഥിരമായ ഒരു സംരംഭത്തിൽ പണം നിക്ഷേപിക്കുന്നത് ചൂതാട്ടം തന്നെയാണ്.
പി. ബി., ഐക്യനാടുകൾ
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത് വൻ നഷ്ടത്തിൽ കലാശിച്ചേക്കാമെന്നതു ശരിയാണ്. മറ്റു പല ബിസിനസ് സംരംഭങ്ങളെയും പോലെതന്നെ സാധ്യതയുടെ പുറത്താണ് ഇതും ഓടുന്നത്. എന്നിരുന്നാലും, സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത് ചൂതാട്ടമാണെന്നു പറയുന്നത് ശരിയായിരിക്കില്ല. ചൂതാട്ടത്തിൽ, യഥാർഥ വസ്തുക്കളല്ല, പണമാണ് കൈമാറ്റം ചെയ്യുന്നത്. എന്നാൽ ഒരു സ്റ്റോക്ക് ആകട്ടെ, ഒരു ബിസിനസ്സിന്റെ ഉടമസ്ഥതയിലുള്ള യഥാർഥ ഓഹരിയെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് സ്റ്റോക്ക് ഇടപാടുകൾ നടത്തുന്നത് നിയമാനുസൃതം വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും തുല്യമായി കാണാവുന്നതാണ്.—പത്രാധിപർ (g01 6/8)
സാഹസം നിറഞ്ഞ സ്പോർട്സ് അടുത്തയിടെ ഹാങ് ഗ്ലൈഡിങ് നടത്താൻ എനിക്ക് അവസരം കിട്ടി. വളരെ ആകർഷകമായി തോന്നിയതുകൊണ്ടാണ് ഞാൻ അതിനു പോയത്. എന്നാൽ അതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു എന്നറിയാൻ എനിക്ക് ജിജ്ഞാസ തോന്നി. ഏതാനും ദിവസത്തിനു ശേഷം “സാഹസം നിറഞ്ഞ സ്പോർട്സ്—അതു നിങ്ങൾക്കുള്ളതോ?” എന്ന ലേഖനത്തിലൂടെ എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചു. (നവംബർ 8, 2000) ഹാങ് ഗ്ലൈഡിങ് ആവേശം കൊള്ളിക്കുന്ന ഒരു അനുഭവമാണ് എന്നതിനു സംശയമില്ല. എന്നാൽ യഹോവയുമായുള്ള എന്റെ ബന്ധം അതീവ പ്രാധാന്യമുള്ളതായതുകൊണ്ട് അത്തരമൊരു വിനോദത്തിൽ ഏർപ്പെടുന്നതിലൂടെ എന്റെ ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എം.എം.എസ്., ബ്രസീൽ (g01 6/8)
യേശുവിനെ സാത്താൻ പരീക്ഷിച്ചത് “സാധ്യതയനുസരിച്ച് ഒരു ദർശനത്തിൽ” ആയിരുന്നു എന്ന് നിങ്ങൾ പറഞ്ഞിരുന്നു. വാസ്തവത്തിൽ ആ പ്രലോഭനങ്ങൾ യഥാർഥ അനുഭവങ്ങൾ അല്ലായിരുന്നോ?
സി.ജി.എച്ച്., ഐക്യനാടുകൾ
അക്ഷരാർഥത്തിൽ എടുക്കുന്നപക്ഷം അതേക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന്റെ പല വശങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” യേശുവിന് കാണിച്ചുകൊടുക്കാൻ സാധിക്കത്തക്കവിധം അത്ര വലിയ ഒരു പർവതം സ്ഥിതി ചെയ്യുന്നില്ല. അതുപോലെ, അക്ഷരീയമായി തന്നെ ‘വിശുദ്ധ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ’ അല്ലെങ്കിൽ ‘ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ കൊണ്ടുപോയി നിറുത്താൻ’ യേശു സാത്താനെ അനുവദിക്കുമെന്നു തോന്നുന്നില്ല. (മത്തായി 4:5-8) തന്മൂലം, ഏതെങ്കിലും തരത്തിലുള്ള ഒരു ദർശനം ഉൾപ്പെട്ടിരിക്കാം എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. അത് എങ്ങനെയുള്ളത് ആയിരുന്നാലും, സാത്താൻ യേശുവിന്റെമേൽ കൊണ്ടുവന്ന പ്രലോഭനം വാസ്തവത്തിലുള്ള ഒന്നായിരുന്നു. അത്തരം പ്രലോഭനങ്ങൾക്കു വശംവദനാകാൻ യേശു കൂട്ടാക്കാഞ്ഞത് ദൈവത്തോടുള്ള അവന്റെ അചഞ്ചലമായ വിശ്വസ്തതയുടെ തെളിവാണ്.—പത്രാധിപർ (g01 6/8)
മെച്ചപ്പെട്ട ആരോഗ്യം ഒരു കൈറോപ്രാക്റ്റിക് ചികിത്സകൻ എന്ന നിലയിലും നിയമാംഗീകാരം നേടിയ ഫിസിക്കൽ തെറാപ്പിസ്റ്റ് എന്ന നിലയിലും ഞാൻ വൈദ്യരംഗത്ത് 21 വർഷമായി സേവനം അനുഷ്ഠിക്കുന്നു. ആയിരക്കണക്കിന് രോഗികൾക്കു സഹായം നൽകാൻ എനിക്കു സാധിച്ചിട്ടുണ്ട്. “മെച്ചപ്പെട്ട ആരോഗ്യം—എന്തെല്ലാം തിരഞ്ഞെടുപ്പുകളാണുള്ളത്?” (നവംബർ 8, 2000) എന്ന ലേഖന പരമ്പര വായിക്കുന്ന അനേകരും കൈറോപ്രാക്റ്റിക് ചികിത്സ അപകടകരമാണെന്നു ഭയന്ന് അതിനു വിധേയരാകാൻ മടിക്കുമോ എന്ന് ഞാൻ വളരെ ഉത്കണ്ഠപ്പെടുന്നു.
എ.കെ., ഐക്യനാടുകൾ (g01 6/22)
കൈറോപ്രാക്റ്റിക് ചികിത്സകൻ കഴുത്തിൽ നടത്തുന്ന തിരുമ്മൽ മൂലം പക്ഷാഘാതം ഉണ്ടായേക്കാമെന്നു നിങ്ങൾ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ 50 വർഷത്തിലധികമായി ഞാൻ ഒരു കൈറോപ്രാക്റ്റിക് ചികിത്സകനാണ്. ഇത്തരമൊരു സംഗതി ഞാൻ കാണുകയോ അതേക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടില്ല.
ബി.ഡി.ബി., ഐക്യനാടുകൾ
കൈറോപ്രാക്റ്റിക് ചികിത്സ ആഗ്രഹിക്കുന്നപക്ഷം അതിൽനിന്നു വായനക്കാരെ പിന്തിരിപ്പിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. “ഉണരുക!” ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “വിദഗ്ധനായ ഒരു കൈറോപ്രാക്റ്റിക് ചികിത്സകൻ തിരുമ്മൽ നടത്തിയശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ള കേസുകൾ നന്നേ വിരളമാണ്.” അതേസമയം “ആർക്കൈവ്സ് ഓഫ് ഇന്റേർണൽ മെഡിസിൻ,” വാല്യം 158, 1998 നവംബർ 9 ലക്കം അഭിപ്രായപ്പെടുന്നപ്രകാരം, അത്തരം രീതി മൂലം “ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്.” മാത്രമല്ല, അത്തരം പ്രശ്നങ്ങൾ “4,00,000-ൽ 1 മുതൽ ഒരു കോടിയിൽ 3-6 വരെ ആളുകൾക്കേ ഉണ്ടായിട്ടുള്ളൂ എന്ന് കണക്കുകൾ കാണിക്കുന്നു” എന്നും അത് പറയുന്നു. കൈറോപ്രാക്റ്റിക് ചികിത്സാരീതി മൂലമുള്ള പ്രശ്നങ്ങൾ—ഇതിൽ പക്ഷാഘാതം ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു—തെളിവനുസരിച്ച് അങ്ങേയറ്റം വിരളമാണെന്ന് ഞങ്ങൾ വ്യക്തമാക്കേണ്ടതായിരുന്നു.—പത്രാധിപർ(g01 6/22)