വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ എങ്ങനെ സഹായി​ക്കാം?

മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ എങ്ങനെ സഹായി​ക്കാം?

ബൈബിൾ പറയു​ന്നത്‌: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:

നമ്മുടെ സുഹൃ​ത്തിന്‌ മാനസി​കാ​രോ​ഗ്യ പ്രശ്‌ന​മു​ണ്ടെ​ങ്കിൽ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ നമ്മൾ നിന്നേ​ക്കാം. എങ്കിലും സഹായം കൊടു​ത്തു​കൊണ്ട്‌ ആ സുഹൃ​ത്തി​നെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്കു കാണി​ക്കാം.

ഇത്‌ എങ്ങനെ സഹായി​ക്കും?

“കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം.”—യാക്കോബ്‌ 1:19.

ഏറ്റവും നല്ല വഴി അവർ പറയു​ന്നത്‌ ശ്രദ്ധി​ച്ചു​കേൾക്കു​ന്ന​താണ്‌. അവർ പറയു​ന്ന​തി​നെ​ല്ലാം പരിഹാ​രം നിർദേ​ശി​ക്ക​ണ​മെന്നു ചിന്തി​ക്കേണ്ടാ. അവരുടെ ഓരോ വാക്കും നിങ്ങൾ ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ആ വേദന മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും അവർക്കു തോന്നണം. അവർ പറയു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ അവരെ വിലയി​രു​ത്താ​നോ വിധി​ക്കാ​നോ ഒന്നും ശ്രമി​ക്ക​രുത്‌. ഒന്നും ഉദ്ദേശി​ച്ച​ല്ലാ​യി​രി​ക്കാം അവർ പറയു​ന്നത്‌. പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ പിന്നെ ഖേദി​ക്കു​ക​യും ചെയ്‌തേ​ക്കാം.—ഇയ്യോബ്‌ 6:2, 3.

“ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കുക.”—1 തെസ്സ​ലോ​നി​ക്യർ 5:14.

ചില​പ്പോൾ സുഹൃത്ത്‌ കടുത്ത ഉത്‌ക​ണ്‌ഠ​യി​ലാ​യി​രി​ക്കും. അല്ലെങ്കിൽ, തന്നെ ഒന്നിനും കൊള്ളി​ല്ലെന്നു ചിന്തി​ക്കു​ന്നു​ണ്ടാ​കും. ആ സമയത്ത്‌ കൃത്യ​മാ​യി എന്താണ്‌ പറയേ​ണ്ട​തെന്ന്‌ അറിയി​ല്ലെ​ങ്കി​ലും അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു കൊടു​ത്തു​കൊണ്ട്‌ ആശ്വസി​പ്പി​ക്കാൻ കഴിയും.

“യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

വേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കുക. നമ്മൾ വിചാ​രി​ക്കു​ന്ന​താ​യി​രി​ക്കില്ല അവരുടെ ആവശ്യങ്ങൾ. അതു​കൊണ്ട്‌ അവരോ​ടു​തന്നെ ചോദി​ക്കുക. എന്നാൽ, എന്താണ്‌ വേണ്ട​തെന്ന്‌ അവർക്കു പറയാ​നാ​കു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ ഒരുമിച്ച്‌ നടക്കാൻ പോകാ​മെ​ന്നോ മറ്റോ അവരോട്‌ പറയാം. അല്ലെങ്കിൽ സാധനങ്ങൾ വാങ്ങാ​നോ വീടു വൃത്തി​യാ​ക്കാ​നോ സഹായി​ക്കാം.—ഗലാത്യർ 6:2.

“ക്ഷമ കാണി​ക്കുക.”—1 തെസ്സ​ലോ​നി​ക്യർ 5:14.

എപ്പോ​ഴും നിങ്ങളു​ടെ സുഹൃത്ത്‌ സംസാ​രി​ക്കാൻ മനസ്സു കാണി​ക്ക​ണ​മെ​ന്നില്ല. എങ്കിലും, സംസാ​രി​ക്കാൻ തോന്നു​ന്നത്‌ എപ്പോ​ഴാ​ണെ​ങ്കി​ലും കേൾക്കാൻ തയ്യാറാ​ണെന്ന്‌ ഉറപ്പു​കൊ​ടു​ക്കുക. അസുഖം കാരണം അവർ നിങ്ങളെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും പറയാ​നോ ചെയ്യാ​നോ സാധ്യ​ത​യു​ണ്ടെന്ന്‌ ഓർക്കുക. ചില​പ്പോൾ ഒന്നിച്ച്‌ ചെയ്യാൻ പ്ലാൻ ചെയ്‌ത കാര്യങ്ങൾ അവർ വേണ്ടെ​ന്നു​വെ​ച്ചേ​ക്കാം, അല്ലെങ്കിൽ പെട്ടെന്ന്‌ ദേഷ്യ​പ്പെ​ട്ടേ​ക്കാം. അതു​കൊണ്ട്‌ ക്ഷമയോ​ടെ മനസ്സി​ലാ​ക്കി പ്രവർത്തി​ക്കുക.—സുഭാ​ഷി​തങ്ങൾ 18:24.

നിങ്ങളു​ടെ പിന്തുണ വലി​യൊ​രു സഹായ​മാ​യി​രി​ക്കും

“എപ്പോ​ഴും കൂടെ നിൽക്കുന്ന അവളുടെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ ഞാൻ ശ്രമി​ക്കും. അവളുടെ പ്രശ്‌ന​ങ്ങൾക്ക്‌ എന്റെ കൈയിൽ പരിഹാ​രം ഒന്നുമി​ല്ലെ​ങ്കി​ലും അവൾക്ക്‌ എപ്പോൾ സംസാ​രി​ക്ക​ണ​മെന്നു തോന്നി​യാ​ലും ഞാൻ അതു ശ്രദ്ധി​ക്കും. ചില​പ്പോൾ അത്രയും മതി അവൾക്ക്‌!”—ഫേറ, a ഫേറയു​ടെ കൂട്ടു​കാ​രിക്ക്‌ കടുത്ത വിഷാ​ദ​രോ​ഗ​വും ഉത്‌ക​ണ്‌ഠ​യും കാരണം ആഹാര​ത്തോ​ടു വിരക്തി​യാണ്‌.

“എന്നോടു ദയയോ​ടെ ഇടപെ​ടുന്ന നല്ലൊരു കൂട്ടു​കാ​രി എനിക്കുണ്ട്‌. ഒരു ദിവസം അവൾ എന്നെ ഭക്ഷണത്തി​നു വിളിച്ചു. ശാന്തമായ ആ അന്തരീ​ക്ഷ​ത്തിൽ ഇരുന്ന്‌ എന്റെ വിഷമ​ങ്ങ​ളെ​ല്ലാം എനിക്കു തുറന്ന്‌ പറയാ​നാ​യി. അപ്പോൾ നല്ല ആശ്വാസം തോന്നി.”—ഹാ യൂൺ, കടുത്ത വിഷാ​ദ​രോ​ഗം അനുഭ​വി​ക്കു​ന്നു.

“ക്ഷമയാണ്‌ ഏറ്റവും ആവശ്യം. എന്നെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും എന്റെ ഭാര്യ ചെയ്‌താൽ അത്‌ അവളുടെ അസുഖം​കൊ​ണ്ടാണ്‌, ഒന്നും മനഃപൂർവമല്ല എന്ന്‌ ഞാൻ ഓർക്കും. ദേഷ്യ​പ്പെ​ടാ​തി​രി​ക്കാ​നും പരിഗ​ണ​ന​യോ​ടെ ഇടപെ​ടാ​നും അത്‌ എന്നെ സഹായി​ക്കു​ന്നു.”—ജേക്കബ്‌, ഭാര്യ കടുത്ത വിഷാ​ദ​രോ​ഗം അനുഭ​വി​ക്കു​ന്നു.

“എന്റെ ഭാര്യ വലി​യൊ​രു സഹായ​മാണ്‌. എനിക്ക്‌ കടുത്ത ഉത്‌കണ്‌ഠ തോന്നു​മ്പോൾ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവൾ എന്നെ നിർബ​ന്ധി​ക്കാ​റില്ല. അവൾക്കു താത്‌പ​ര്യ​മുള്ള കാര്യ​ങ്ങൾപോ​ലും ചില സമയത്ത്‌ എനിക്കു​വേണ്ടി വേണ്ടന്നു​വെ​ക്കാ​റുണ്ട്‌. അവളുടെ ആ നല്ല മനസ്സിനു പകരം​വെ​ക്കാൻ മറ്റൊ​ന്നില്ല.”—എൻറി​ക്കോ, അമിത​മായ ഉത്‌കണ്‌ഠ അനുഭ​വി​ക്കു​ന്നു.

a ചില പേരു​കൾക്കു മാറ്റമുണ്ട്‌.