വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾപഠിപ്പിക്കലുകൾ​—കാലത്തെ വെല്ലുന്ന ജ്ഞാനം!

ബൈബിൾപഠിപ്പിക്കലുകൾ​—കാലത്തെ വെല്ലുന്ന ജ്ഞാനം!

ഇങ്ങനെ സങ്കല്‌പി​ക്കുക: നിങ്ങൾ ഒരു മ്യൂസി​യം സന്ദർശി​ക്കു​ക​യാണ്‌. അവി​ടെ​യുള്ള പുരാ​വ​സ്‌തു​ക്ക​ളിൽ ഭൂരി​ഭാ​ഗ​വും പൊട്ടി​പ്പൊ​ളി​ഞ്ഞ​താണ്‌. മിക്കതും നിറം മങ്ങി. വേറെ ചിലത്‌ ദ്രവി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ചിലതി​ന്‍റെ ചില ഭാഗങ്ങൾതന്നെ കാണാ​നില്ല. എന്നാൽ, അതിൽ ഒരെണ്ണ​ത്തി​നു മാത്രം കേടൊ​ന്നും സംഭവി​ച്ചി​ട്ടില്ല. അതിന്‍റെ സങ്കീർണ​മായ രൂപക​ല്‌പ​ന​യ്‌ക്ക് ഇപ്പോ​ഴും ഒട്ടും മങ്ങലേ​റ്റി​ട്ടില്ല. “ഇത്‌ ഇവിടെ ഉള്ളതിൽവെച്ച് ഏറ്റവും പുതി​യ​താ​ണോ” എന്ന് നിങ്ങൾ ഗൈഡി​നോട്‌ ചോദി​ക്കു​ന്നു. “ഹേയ്‌, അല്ല. ഇവി​ടെ​യു​ള്ള​തിൽ ഏറ്റവും പഴയതാണ്‌ ഇത്‌. ഒരിക്കൽപ്പോ​ലും അത്‌ പുതു​ക്കി​യി​ട്ടില്ല” എന്ന് അദ്ദേഹം പറയുന്നു. “ഹൊ, അപ്പോൾ അത്ര ഭദ്രമാ​യി​ട്ടാ​യി​രി​ക്കും ഇത്‌ സൂക്ഷി​ച്ച​തല്ലേ” എന്നു നിങ്ങൾ. “അല്ല, ഇതാണ്‌ ഏറ്റവും ശക്തമായ കാറ്റും മഴയും കൊണ്ടി​ട്ടു​ള്ളത്‌! പല സാമൂ​ഹ്യ​ദ്രോ​ഹി​ക​ളും ഇത്‌ നശിപ്പി​ക്കാ​നും ശ്രമി​ച്ചി​ട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി പറയുന്നു. അപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഇത്‌ അത്ഭുതം​തന്നെ!’

ഒരുത​ര​ത്തിൽ പറഞ്ഞാൽ ബൈബി​ളും നശിച്ചു​പോ​കാത്ത ആ പുരാ​വ​സ്‌തു​പോ​ലെ​യാണ്‌. മറ്റു മിക്ക പുരാ​ത​ന​ഗ്ര​ന്ഥ​ങ്ങ​ളെ​ക്കാ​ളും പഴക്കമു​ള്ള​താ​ണു ബൈബിൾ. പക്ഷേ, കാലം കടന്നു​പോ​യ​തോ​ടെ ആ ഗ്രന്ഥങ്ങ​ളിൽ മിക്കതും ദ്രവി​ച്ചു​പോയ പുരാ​വ​സ്‌തു​ക്കൾപോ​ലെ​യാ​യി. അവയ്‌ക്കു സാരമായ കേടു പറ്റിയി​രി​ക്കു​ന്നു. ഇനി, ആ പുസ്‌ത​കങ്ങൾ ശാസ്‌ത്ര​ത്തെ​ക്കു​റിച്ച് പറഞ്ഞി​രി​ക്കുന്ന പല കാര്യ​ങ്ങ​ളും ഇന്നത്തെ തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്രീ​യ​വി​വ​ര​ങ്ങ​ളു​മാ​യി ഒട്ടും യോജി​ക്കു​ന്ന​തും അല്ല. അവയുടെ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഉപദേ​ശ​ങ്ങ​ളാ​കട്ടെ, ഗുണ​ത്തെ​ക്കാ​ളേറെ ദോഷം ചെയ്യു​ന്ന​താ​യി​ട്ടാണ്‌ കണ്ടിരി​ക്കു​ന്നത്‌. കൂടാതെ, പഴയ പല കൃതി​ക​ളു​ടെ​യും പൂർണ​രൂ​പം ലഭ്യമല്ല. പലതി​ന്‍റെ​യും ശകലങ്ങൾ മാത്രമേ അവശേ​ഷി​ക്കു​ന്നു​ള്ളൂ. ബാക്കി ഭാഗങ്ങ​ളെ​ല്ലാം നഷ്ടപ്പെ​ട്ടു​പോ​കു​ക​യോ നശിച്ചു​പോ​കു​ക​യോ ചെയ്‌തി​രി​ക്കു​ന്നു.

എന്നാൽ ബൈബിൾ അതിൽനി​ന്നെ​ല്ലാം തികച്ചും വ്യത്യ​സ്‌ത​മാണ്‌. അതിന്‍റെ എഴുത്ത്‌ 3,500 വർഷത്തി​നു മുമ്പ് തുടങ്ങി​യ​താണ്‌. എങ്കിലും ബൈബി​ളിന്‌ ഒരു കോട്ട​വും സംഭവി​ച്ചി​ട്ടില്ല. നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ബൈബി​ളി​നെ​തി​രെ തുടർച്ച​യായ ആക്രമ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്. അതിനെ തീക്കി​ര​യാ​ക്കു​ക​യും നിരോ​ധി​ക്കു​ക​യും അവമതി​ക്കു​ക​യും ഒക്കെ ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ബൈബിൾ അതൊക്കെ അതിജീ​വി​ച്ചു. ബൈബി​ളി​ലെ നിർദേ​ശങ്ങൾ കാലഹ​ര​ണ​പ്പെ​ട്ട​താ​ണെന്നു തെളി​യി​ക്കാൻ ആധുനിക തലമു​റ​യു​ടെ വിജ്ഞാ​ന​ശാ​ഖ​യ്‌ക്കു കഴിഞ്ഞി​ട്ടില്ല. നേരെ മറിച്ച് ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന അളവറ്റ ജ്ഞാനം അവരെ തികച്ചും അത്ഭുത​പ്പെ​ടു​ത്തു​ക​യാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌.​—“കാലഹ​ര​ണ​പ്പെ​ട്ട​തോ കാലത്തി​നു മുമ്പേ​യു​ള്ള​തോ?” എന്ന ചതുരം കാണുക.

നമുക്ക് ഇന്നു വേണ്ട മൂല്യങ്ങൾ

‘ഈ ആധുനി​ക​നാ​ളിൽ ബൈബി​ളി​ലെ നിർദേ​ശങ്ങൾ ശരിക്കും പ്രാ​യോ​ഗി​ക​മാ​ണോ’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ, സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഇന്നു മനുഷ്യർ നേരി​ടുന്ന ഏറ്റവും മോശ​മായ പ്രശ്‌നങ്ങൾ ഏതൊ​ക്കെ​യാണ്‌? അതിൽ ഏതാണ്‌ ഏറ്റവും ഭയപ്പെ​ടു​ത്തു​ന്നത്‌?’ യുദ്ധം, മലിനീ​ക​രണം, അക്രമം, അഴിമതി ഇതൊക്കെ ഒരുപക്ഷേ നിങ്ങളു​ടെ മനസ്സിൽ വന്നേക്കാം. ഇനി ബൈബിൾ പഠിപ്പി​ക്കുന്ന ചില തത്ത്വങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം. ഇങ്ങനെ​യും​കൂ​ടി ചിന്തി​ക്കുക: ‘ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈ മൂല്യ​ങ്ങ​ള​നു​സ​രിച്ച് മനുഷ്യർ ജീവി​ച്ചാൽ ഈ ലോകം മനോ​ഹ​ര​മാ​യൊ​രു സ്ഥലമാ​യി​ത്തീ​രി​ല്ലേ?’

സമാധാ​നത്തെ സ്‌നേ​ഹി​ക്കു​ക

“സമാധാ​നം ഉണ്ടാക്കു​ന്നവർ സന്തുഷ്ടർ; കാരണം അവർ ദൈവ​ത്തി​ന്‍റെ പുത്ര​ന്മാർ എന്നു വിളി​ക്ക​പ്പെ​ടും.” (മത്തായി 5:9) “എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്‍റെ പരമാ​വധി ശ്രമി​ക്കുക.”​—റോമർ 12:18.

കരുണ​യും ക്ഷമയും

“കരുണ കാണി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം അവരോ​ടും കരുണ കാണി​ക്കും.” (മത്തായി 5:7) “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക. യഹോവ * നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ക്ഷമിക്കുക.”​—കൊ​ലോ​സ്യർ 3:13.

ജനതകൾ തമ്മിലുള്ള ഐക്യം

“ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യ​നിൽനിന്ന് എല്ലാ ജനതക​ളെ​യും ഉണ്ടാക്കി.” (പ്രവൃ​ത്തി​കൾ 17:26) ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട് ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’​—പ്രവൃ​ത്തി​കൾ 10:34, 35.

ഭൂമിയെ സ്‌നേ​ഹി​ക്കു​ക

“ഏദെൻ തോട്ട​ത്തിൽ കൃഷി ചെയ്യേ​ണ്ട​തി​നും അതിനെ പരിപാ​ലി​ക്കേ​ണ്ട​തി​നും ദൈവ​മായ യഹോവ മനുഷ്യ​നെ അവി​ടെ​യാ​ക്കി.” (ഉൽപത്തി 2:15) ദൈവം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.’​—വെളി​പാട്‌ 11:18.

അത്യാ​ഗ്ര​ഹ​വും അധാർമി​ക​ത​യും വെറു​ക്കു​ക

“എല്ലാ തരം അത്യാ​ഗ്ര​ഹ​ത്തി​നും എതിരെ ജാഗ്രത വേണം. ഒരാൾക്ക് എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌.” (ലൂക്കോസ്‌ 12:15) “ലൈം​ഗിക അധാർമി​കത, ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല. അവ വിശു​ദ്ധർക്കു യോജി​ച്ചതല്ല.”​—എഫെസ്യർ 5:3.

സത്യസ​ന്ധ​ത​യും അധ്വാ​ന​ശീ​ല​വും

“എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.” (എബ്രായർ 13:18) “മോഷ്ടി​ക്കു​ന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊണ്ട് അധ്വാ​നിച്ച് മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.”​—എഫെസ്യർ 4:28.

മറ്റുള്ള​വരെ സഹായി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം

“വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വ​രോട്‌ അവർക്ക് ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കുക. ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കുക. എല്ലാവ​രോ​ടും ക്ഷമ കാണി​ക്കുക.” (1 തെസ്സ​ലോ​നി​ക്യർ 5:14) “അനാഥർക്കും വിധവ​മാർക്കും കഷ്ടതകൾ ഉണ്ടാകു​മ്പോൾ അവരെ സംരക്ഷി​ക്കുക.”​—യാക്കോബ്‌ 1:27.

മൂല്യ​ങ്ങ​ളു​ടെ പട്ടിക വെറുതെ നിരത്തുക മാത്രമല്ല ബൈബിൾ ചെയ്‌തി​രി​ക്കു​ന്നത്‌. മറിച്ച്, അവയെ പ്രിയ​പ്പെ​ടാ​നും നിത്യ​ജീ​വി​ത​ത്തിൽ അവ പ്രയോ​ഗ​ത്തിൽ കൊണ്ടു​വ​രാ​നും ഉള്ള വഴികൾ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. ഇവിടെ പറഞ്ഞി​രി​ക്കുന്ന തത്ത്വങ്ങൾ ആളുകൾ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ ലോക​ത്തി​ലെ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ലേ? മുമ്പെ​ന്ന​ത്തെ​ക്കാ​ളും ബൈബിൾത​ത്ത്വ​ങ്ങൾ വളരെ പ്രസക്ത​വും ഇന്നത്തെ കാലത്തിന്‌ പറ്റിയ​തും ആണെന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല. എന്നാൽ ബൈബി​ളി​ലെ തത്ത്വങ്ങൾക്ക് ഇപ്പോൾ നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

ബൈബി​ളി​ലെ തത്ത്വങ്ങൾ ഇപ്പോൾ നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

മനുഷ്യ​രിൽവെച്ച് ഏറ്റവും ജ്ഞാനി​യായ ഒരാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജ്ഞാനത്തെ അതിന്‍റെ പ്രവൃ​ത്തി​കൾ സാധൂ​ക​രി​ക്കും.” (മത്തായി 11:19, അടിക്കു​റിപ്പ്.) നിങ്ങൾ അതി​നോ​ടു യോജി​ക്കി​ല്ലേ? ഒരു ബൈബിൾത​ത്ത്വം അനുസ​രി​ക്കു​മ്പോൾ അത്‌ എന്തു ഫലം ചെയ്യുന്നു എന്നതിന്‍റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അത്‌ ജ്ഞാനമാ​ണോ അല്ലയോ എന്ന് അറിയു​ന്നത്‌. അപ്പോൾ നിങ്ങൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘ഞാൻ ബൈബി​ളി​ലെ തത്ത്വങ്ങൾ അനുസ​രിച്ച് ജീവി​ച്ചാൽ എന്‍റെ ജീവി​ത​ത്തിൽ അത്‌ എന്തു ഫലങ്ങൾ കൈവ​രു​ത്തും? ഞാൻ ഇപ്പോൾ നേരി​ടുന്ന പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ എങ്ങനെ​യാ​ണു ബൈബിൾ എന്നെ സഹായി​ക്കു​ന്നത്‌?’ ഒരു ഉദാഹ​രണം നോക്കാം.

ഡെൽഫിന്‍റെ * ജീവിതം സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ​താ​യി​രു​ന്നു. എന്നാൽ പെട്ടെ​ന്നാ​ണു നഷ്ടങ്ങളു​ടെ ഒരു പരമ്പര ഡെൽഫി​നു​ണ്ടാ​യത്‌. കൗമാ​ര​ക്കാ​രി​യായ മകൾ മരിച്ചു, വിവാ​ഹ​ജീ​വി​തം തകർന്നു, സാമ്പത്തി​ക​പ്ര​തി​സ​ന്ധി​കൾ വരിഞ്ഞു​മു​റു​ക്കി. അവൾ പറയുന്നു: “എനിക്കു മകളില്ല, ഭർത്താ​വില്ല, വീടില്ല. എനിക്ക് ആരുമി​ല്ലാ​താ​യി. എനിക്ക് ഒരു എത്തും പിടി​യും കിട്ടി​യില്ല. ഞാൻ ഈ ലോകത്ത്‌ ഒറ്റയ്‌ക്കാ​യ​തു​പോ​ലെ തോന്നി. ഞാൻ ഇനി ആ പഴയ ആളല്ല. എന്‍റെ ശക്തി​യെ​ല്ലാം ചോർന്നു​പോ​യി. നാളെ​യെ​ക്കു​റിച്ച് ഒരു പ്രതീ​ക്ഷ​യും ഇല്ലാതാ​യി.”

ബൈബിൾ പറയുന്ന പിൻവ​രുന്ന വാക്കുകൾ എത്ര സത്യമാ​ണെന്ന് ഡെൽഫിൻ മുമ്പ് ചിന്തി​ച്ചി​ട്ടില്ല: “ഞങ്ങളുടെ ആയുസ്സ് 70 വർഷം; അസാധാ​ര​ണ​ക​രു​ത്തു​ണ്ടെ​ങ്കിൽ 80 വർഷവും. പക്ഷേ, അക്കാല​മ​ത്ര​യും കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌; അവ പെട്ടെന്നു കടന്നു​പോ​കു​ന്നു, ഞങ്ങൾ ദൂരേക്കു പറന്നക​ലു​ന്നു.”​—സങ്കീർത്തനം 90:10.

ബുദ്ധി​മു​ട്ടുള്ള ആ സാഹച​ര്യ​ത്തി​ലാണ്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എത്ര പ്രാ​യോ​ഗി​ക​മാ​ണെന്നു ഡെൽഫിൻ കണ്ടെത്തി​യത്‌. ആ തത്ത്വങ്ങൾ ഡെൽഫി​ന്‍റെ ജീവി​ത​ത്തിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേ​യ​മാണ്‌. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ അവ മറിക​ട​ക്കാൻ ബൈബി​ളി​ലെ തത്ത്വങ്ങൾ അനുസ​രി​ച്ചത്‌ മറ്റ്‌ അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു. അത്തരം ചിലരു​ടെ അനുഭ​വ​ങ്ങ​ളാണ്‌ തുടർന്നു​വ​രുന്ന മൂന്നു ലേഖന​ങ്ങ​ളി​ലു​ള്ളത്‌. ഈ ലേഖന​ത്തി​ന്‍റെ തുടക്ക​ത്തിൽ പറഞ്ഞ നശിച്ചു​പോ​കാത്ത പുരാ​വ​സ്‌തു​പോ​ലെ​യാണ്‌ ബൈബി​ളെന്ന് അവർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. പഴക്കം​ചെന്ന് കാലഹ​ര​ണ​പ്പെ​ട്ടു​പോ​കുന്ന എണ്ണമറ്റ പുസ്‌ത​ക​ങ്ങൾപോ​ലെയല്ല ബൈബിൾ. ബൈബി​ളി​നെ ഇത്ര വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ എന്താണ്‌? അതിൽ ദൈവ​ത്തി​ന്‍റെ ചിന്തക​ളാ​ണോ ശരിക്കു​മു​ള്ളത്‌, അതോ മനുഷ്യ​ന്‍റേ​താ​ണോ?​—1 തെസ്സ​ലോ​നി​ക്യർ 2:13.

ജീവിതം പ്രശ്‌നങ്ങൾ നിറഞ്ഞ​തും ഹ്രസ്വ​വു​മാ​ണെന്ന് നിങ്ങളും സമ്മതി​ക്കും. പ്രശ്‌നങ്ങൾ നിങ്ങളെ വീർപ്പു​മു​ട്ടി​ക്കു​മ്പോൾ ആശ്വാ​സ​ത്തി​നും പിന്തു​ണ​യ്‌ക്കും ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശ​ത്തി​നും ആയി നിങ്ങൾ എങ്ങോട്ടു തിരി​യും?

നിങ്ങളു​ടെ ജീവി​ത​ത്തിൽ ബൈബിൾ പ്രാ​യോ​ഗി​ക​മാ​ണെന്നു തെളി​യുന്ന മൂന്നു പ്രധാ​ന​വി​ധ​ങ്ങ​ളെ​ക്കു​റിച്ച് പരി​ശോ​ധി​ക്കാം. അതു നിങ്ങളെ പിൻവ​രുന്ന കാര്യങ്ങൾ പഠിപ്പി​ക്കും:

  1. പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാ​ക്കാം?

  2. പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാം?

  3. മാറ്റാ​നാ​കാത്ത സാഹച​ര്യ​ങ്ങ​ളു​മാ​യി എങ്ങനെ ഒത്തു​പോ​കാം?

തുടർന്നു​വ​രുന്ന ലേഖനങ്ങൾ ഈ മൂന്ന് കാര്യങ്ങൾ വിശദീ​ക​രി​ക്കും.

^ ഖ. 10 ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാ​ണെന്നു ബൈബിൾ പറയുന്നു.​—സങ്കീർത്തനം 83:18.

^ ഖ. 24 ഈ ലേഖന​ത്തി​ലും തുടർന്നു​വ​രുന്ന മൂന്നു ലേഖന​ങ്ങ​ളി​ലും ഉള്ള ചില പേരുകൾ യഥാർഥമല്ല.