അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ പ്രാദേശികഭാഷയിൽ സുവാർത്ത പങ്കുവെക്കുന്നു
അയർലൻഡിലെയും ബ്രിട്ടനിലെയും പ്രാദേശികഭാഷ സംസാരിക്കുന്ന ആളുകളോട് സുവാർത്ത പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകശ്രമം ചെയ്യുന്നു. a അവിടത്തെ ആളുകൾ ഇംഗ്ലീഷ് കൂടാതെ, ഐറിഷ്, വെൽഷ്, സ്കോട്ടിഷ് ഗെയ്ലിക്ക് എന്നീ ഭാഷകളും സംസാരിക്കുന്നുണ്ട്.
2012 സെപ്റ്റംബറിൽ യഹോവയുടെ സാക്ഷികളുടെ പുതുക്കിയ വെബ്സൈറ്റായ jw.org പല ഭാഷകളിൽ പ്രവർത്തനം ആരംഭിച്ചു. ഈ സൈറ്റ് ഐറിഷ്, വെൽഷ്, സ്കോട്ടിഷ് ഗെയ്ലിക്ക് എന്നീ ഭാഷകളിൽ 2014 ആഗസ്റ്റ് മുതൽ ലഭ്യമായിത്തുടങ്ങി. ഈ ഭാഷകളിൽ അനേകം ബൈബിൾസാഹിത്യങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിനോട് ആളുകൾ എങ്ങനെയാണ് പ്രതികരിച്ചത്?
ഒരിക്കൽ യഹോവയുടെ സാക്ഷികൾ പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന ഒരു വ്യക്തിക്ക് സ്കോട്ടിഷ് ഗെയ്ലിക്ക് ഭാഷയിലുള്ള ഒരു ലഘുലേഖ നൽകി. അത് കിട്ടിയപ്പോൾത്തന്നെ അദ്ദേഹം ഉച്ചത്തിൽ വായിച്ചിട്ട് കരയാൻ തുടങ്ങി. എന്നിട്ട്, അത്ഭുതത്തോടെ ഇങ്ങനെ ചോദിച്ചു: “ഇത് കൊള്ളാമല്ലോ! ആരാണ് ഇത് പരിഭാഷപ്പെടുത്തിയത്?” നല്ല നിലവാരമുള്ള പരിഭാഷയാണ് അദ്ദേഹത്തെ ഇങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്.
സ്കോട്ടിഷ് ഗെയ്ലിക്ക് ഭാഷയിലുള്ള വെബ്സൈറ്റ് തുടങ്ങിയ ആദ്യമാസംതന്നെ ഏതാണ്ട് 750 ആളുകൾ jw.org വെബ്സൈറ്റ് സന്ദർശിച്ചു.
തനിക്ക് മതത്തിൽ താത്പര്യമില്ലെന്ന് അയർലൻഡിലെ ഗാൽവേയിലുള്ള നാഷണൽ സർവകലാശാലയിലെ ഒരു അധ്യാപകൻ ഒരു യഹോവയുടെ സാക്ഷിയോട് പറഞ്ഞു. എന്നാൽ, ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിക ഐറിഷ് ഭാഷയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അതിന്റെ ഒരു കോപ്പി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവർക്കും ബൈബിൾസാഹിത്യങ്ങൾ അവരവരുടെ മാതൃഭാഷയിൽത്തന്നെ ലഭിക്കേണ്ടതാണെന്നും ഈ ലക്ഷ്യം മനസ്സിൽക്കണ്ട് യഹോവയുടെ സാക്ഷികൾ ഐറിഷ് ഭാഷ സംസാരിക്കുന്നവർക്കായി ചെയ്തിരിക്കുന്ന കാര്യങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെൽഷ് ഭാഷയിലുള്ള ഒരു ബൈബിൾപ്രസിദ്ധീകരണം ലഭിച്ചപ്പോൾ പ്രായംചെന്ന ഒരു സ്ത്രീ തന്റെ സന്തോഷം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: “സത്യം പറഞ്ഞാൽ, ഇംഗ്ലീഷിലുള്ള ഒരു പുസ്തകമാണ് എനിക്കു തന്നിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ അത് സ്വീകരിക്കില്ലായിരുന്നു. എന്നാൽ, എന്റെ മാതൃഭാഷയിലുള്ള പുസ്തകമായതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമായി.”
2014 ഓഗസ്റ്റോടെ വെൽഷ് ഭാഷയിൽ കൂടുതൽ പ്രസിദ്ധീകരണങ്ങൾ jw.org വെബ്സൈറ്റിൽ ലഭ്യമാക്കാൻ തുടങ്ങി. ആ മാസത്തിൽത്തന്നെ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് വെൽഷ് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ചവരുടെ എണ്ണം ഇരട്ടിയിലധികമായി എന്നത് ശ്രദ്ധേയമാണ്.
“ഞങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നവരാണ്”
യേശു രണ്ട് ശിഷ്യന്മാർക്ക് തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുത്തശേഷം അവർ ആവേശത്തോടെ ഇങ്ങനെ പറഞ്ഞു: “അവൻ വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നില്ലയോ?” (ലൂക്കോസ് 24:32) ആളുകളുടെ സ്വന്തം ഭാഷയിൽ ബൈബിൾസത്യങ്ങൾ വ്യക്തമായി വിശദീകരിച്ചുകൊടുക്കുമ്പോൾ അത് അവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നു.
വെയ്ൽസിൽനിന്നുള്ള എമിർ എന്ന വ്യക്തി ഒരു യഹോവയുടെ സാക്ഷിയെയാണ് വിവാഹം ചെയ്തത്. എങ്കിലും, ഭാര്യയോടൊപ്പം ആത്മീയകാര്യങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. അങ്ങനെയിരിക്കെ, റസ്സൽ എന്ന് പേരുള്ള ഒരു യഹോവയുടെ സാക്ഷിയുമായി അദ്ദേഹം സൗഹൃദത്തിലായി. അത് അദ്ദേഹത്തിന്റെ മനോഭാവത്തെ മാറ്റിമറിച്ചു. അതെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? b എന്ന പുസ്തകം റസ്സൽ കൊണ്ടുവന്നപ്പോൾ ഞാൻ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ‘ഇത് വെൽഷ് ഭാഷയിലുള്ള ഒരു പുസ്തകമാണ്. ഇപ്പോൾത്തന്നെ നമ്മൾ ഇത് പഠിക്കാൻ തുടങ്ങുകയാണ്’ എന്നു പറഞ്ഞുകൊണ്ട് അതിന്റെ ഒരു കോപ്പി റസ്സൽ എനിക്കു തന്നു.” അത് തുറന്നടിച്ച ഒരു സമീപനമായിരുന്നെങ്കിലും എമിർ അതിൽ ആകൃഷ്ടനായത് എന്തുകൊണ്ടാണ്? അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: “നമ്മൾ ഒരേ ഭാഷയാണ് സംസാരിക്കുന്നത്, നമുക്ക് ഒരേ സംസ്കാരമാണ്, നമ്മൾ പരസ്പരം മനസ്സിലാക്കാൻ കഴിവുള്ളവരുമാണ്.” ഈ ചർച്ച എമിറിന്റെ ഹൃദയത്തെ ‘ജ്വലിപ്പിച്ചു.’ കാരണം, മാതൃഭാഷയിൽ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്തതുകൊണ്ട് അതിലെ വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഹൃദയത്തെ സ്വാധീനിക്കാൻ കഴിവുള്ള മാതൃഭാഷയിൽ ദൈവത്തെക്കുറിച്ച് പഠിക്കാൻ യഹോവയുടെ സാക്ഷികൾ ആളുകളെ സഹായിക്കുന്നു.