വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“തെരു​വു​കൾ എനിക്കു വീടായി”

“തെരു​വു​കൾ എനിക്കു വീടായി”
  • ജനനം: 1955

  • രാജ്യം: സ്‌പെയിൻ

  • ചരിത്രം: അക്രമം, മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ദുരു​പ​യോ​ഗം

മുൻകാലജീവിതം

 ചിലയാ​ളു​കൾക്കു തങ്ങളുടെ കയ്‌പേ​റി​യ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ പാഠം പഠിക്കാൻ ഒരുപാ​ടു സമയം വേണം. ഞാൻ അങ്ങനെ​യാ​യി​രു​ന്നു. സ്‌പെ​യി​നി​ലെ രണ്ടാമത്തെ വലിയ നഗരമായ ബാർസി​ലോ​ന​യി​ലാ​ണു ഞാൻ ജനിച്ച​തും വളർന്ന​തും. സൊ​മൊ​റൊ​സ്‌ട്രോ എന്ന സ്ഥലത്താണു ഞങ്ങളുടെ കുടും​ബം താമസി​ച്ചി​രു​ന്നത്‌. കടൽത്തീ​ര​ത്തി​നു മുന്നി​ലു​ള്ള ഒരു വലിയ പ്രദേ​ശ​മാ​യി​രു​ന്നു അത്‌. അക്രമ​ത്തി​നും മയക്കു​മ​രുന്ന്‌ ഇടപാ​ടു​കൾക്കും കുപ്ര​സി​ദ്ധി നേടിയ സ്ഥലമാണ്‌ ഇത്‌.

 ഞങ്ങൾ ഒൻപതു മക്കളാണ്‌. ഞാനാണ്‌ ഏറ്റവും മൂത്തത്‌. വളരെ പാവപ്പെട്ട ഒരു കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. അതു​കൊണ്ട്‌ നാട്ടിലെ ടെന്നിസ്‌ ക്ലബിൽ കളിക്കി​ടെ പന്തു പെറു​ക്കി​ക്കൊ​ടു​ക്കു​ന്ന ജോലി​ക്കു​വേ​ണ്ടി അച്ഛൻ എന്നെ അയച്ചു. പത്തു വയസ്സു​ള്ള​പ്പോൾ ദിവസ​വും പത്തു മണിക്കൂർ ഞാൻ ജോലി ചെയ്യു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എന്റെ പ്രായ​ത്തി​ലു​ള്ള കുട്ടികൾ സ്‌കൂ​ളിൽ പോകു​ന്ന​തു​പോ​ലെ എനിക്കു പോകാ​നാ​യി​ല്ല. 14 വയസ്സു​ള്ള​പ്പോൾ ഒരു വർക്‌ഷോ​പ്പിൽ ഒരു മെക്കാ​നി​ക്കാ​യി ഞാൻ ജോലി ആരംഭി​ച്ചു.

1975-ൽ ഞാൻ വടക്കേ ആഫ്രി​ക്ക​യി​ലെ സ്‌പാ​നിഷ്‌ വിദേ​ശ​സൈ​ന്യ​ത്തിൽ ചേർന്നു, അവരുടെ യൂണി​ഫോം ധരിച്ചി​രി​ക്കു​ന്നു

 1975-ൽ എന്നെ സൈനി​ക​സേ​വ​ന​ത്തി​നു വിളിച്ചു. സ്‌പെ​യി​നിൽ അതു നിർബ​ന്ധ​മാ​യി​രു​ന്നു. ജീവി​ത​ത്തിൽ എന്തെങ്കി​ലും സാഹസി​ക​മാ​യി ചെയ്യണ​മെന്ന്‌ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ വടക്കേ ആഫ്രി​ക്ക​യി​ലെ സ്‌പെ​യി​നി​ന്റെ ഭൂപ്ര​ദേ​ശ​മാ​യ മെലി​ല്യ​യിൽ സ്‌പാ​നിഷ്‌ വിദേ​ശ​സൈ​ന്യ​ത്തിൽ ചേരാൻ തീരു​മാ​നി​ച്ചു. ആ സമയത്താ​ണു ഞാൻ മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ലോക​ത്തി​ലേ​ക്കു ചെന്നു​പെ​ട്ടത്‌.

 സൈന്യ​ത്തിൽനിന്ന്‌ പോന്ന ഞാൻ ബാർസി​ലോ​ന​യിൽ തിരി​ച്ചെ​ത്തി ഒരു ഗുണ്ടാ​സം​ഘം രൂപീ​ക​രി​ച്ചു. കൈയിൽ കിട്ടു​ന്നത്‌ എന്തും ഞങ്ങൾ മോഷ്ടി​ക്കു​മാ​യി​രു​ന്നു. എന്നിട്ട്‌ മോഷ്ടിച്ച സാധനങ്ങൾ വിറ്റ പണം​കൊണ്ട്‌ മയക്കു​മ​രു​ന്നു വാങ്ങും. LSD, ആംഫറ്റ​മീൻ എന്നീ മയക്കു​മ​രു​ന്നു​കൾ ഞാൻ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി. ലൈം​ഗി​ക​ത​യു​ടെ​യും മദ്യത്തി​ന്റെ​യും ചൂതാ​ട്ട​ത്തി​ന്റെ​യും ലോക​ത്തിൽ മുഴു​കി​യ​താ​യി​രു​ന്നു എന്റെ ജീവിതം. ആ നശിച്ച ജീവി​ത​രീ​തി എന്നെ കൂടു​തൽക്കൂ​ടു​തൽ അക്രമാ​സ​ക്ത​നാ​ക്കി. എപ്പോ​ഴും എന്റെ കൈയിൽ ഒരു കത്തിയോ കോടാ​ലി​യോ വടിവാ​ളോ കാണും. ആവശ്യം വന്നാൽ അത്‌ ഉപയോ​ഗി​ക്കാൻ എനിക്ക്‌ ഒരു മടിയു​മു​ണ്ടാ​യി​രു​ന്നില്ല.

 ഒരു ദിവസം ഞാനും എന്റെ ഗുണ്ടാ​സം​ഘ​വും കൂടെ ഒരു കാർ മോഷ്ടി​ച്ചു. പോലീസ്‌ ഞങ്ങളെ പിന്തു​ടർന്നു. ഒരു സിനി​മാ​രം​ഗം​പോ​ലെ ആയിരു​ന്നു അത്‌. പോലീ​സി​നെ വെട്ടിച്ച്‌ ഞങ്ങൾ ആ കാർ ഏകദേശം 30 കിലോ​മീ​റ്റർവ​രെ ഓടിച്ചു. അപ്പോൾ പോലീസ്‌ ഞങ്ങളെ വെടി​വെ​ക്കാൻ തുടങ്ങി. അവസാനം ഞങ്ങളുടെ കാർ​ഡ്രൈ​വർ വണ്ടി ഒരു സ്ഥലത്ത്‌ ഇടിച്ചു​ക​യ​റ്റി. ഞങ്ങൾ എല്ലാവ​രും കാറിൽനിന്ന്‌ ഇറങ്ങി​യോ​ടി. ഈ വിവര​ങ്ങ​ളൊ​ക്കെ അച്ഛൻ അറിഞ്ഞു, എന്നെ വീട്ടിൽനിന്ന്‌ ഇറക്കി​വി​ട്ടു.

 അടുത്ത അഞ്ചു വർഷം തെരു​വു​ക​ളാ​യി എന്റെ വീട്‌. കടത്തി​ണ്ണ​ക​ളി​ലും ട്രക്കു​ക​ളി​ലും പാർക്കി​ലെ ബഞ്ചുക​ളി​ലും ശവക്കല്ല​റ​ക​ളി​ലും ഒക്കെയാ​യി ഞാൻ കിടന്നു​റ​ങ്ങി. കുറച്ചു​നാൾ ഒരു ഗുഹയിൽപ്പോ​ലും ഞാൻ കഴിഞ്ഞി​ട്ടുണ്ട്‌. എന്റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നില്ല. ജീവി​ച്ചാ​ലെ​ന്താ, മരിച്ചാ​ലെ​ന്താ അതൊ​ന്നും എന്നെ ബാധി​ച്ച​തേ ഇല്ല. എന്റെ കൈയും കൈത്ത​ണ്ട​യും മയക്കു​മ​രു​ന്നു​ല​ഹ​രി​യിൽ മുറി​ക്കു​ന്ന​തു ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു. അതിന്റെ പാടുകൾ ഇതുവരെ മാഞ്ഞി​ട്ടി​ല്ല.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

 28 വയസ്സു​ള്ള​പ്പോൾ അമ്മ എന്നെ അന്വേ​ഷിച്ച്‌ വന്നു. വീട്ടി​ലേ​ക്കു തിരി​ച്ചു​വ​രാൻ അമ്മ പറഞ്ഞ​പ്പോൾ ഞാൻ അതു സമ്മതിച്ചു. ജീവിതം നേരെ​യാ​ക്കി​ക്കൊ​ള്ളാ​മെന്ന്‌ അമ്മയ്‌ക്കു വാക്കു കൊടു​ത്തെ​ങ്കി​ലും അതു പാലി​ക്കാൻ കുറച്ച്‌ സമയം വേണ്ടി​വ​ന്നു.

 ഒരു ദിവസം ഉച്ച കഴിഞ്ഞ്‌ രണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വന്നു. അവർ പറയു​ന്ന​തു ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ വീട്ടി​നു​ള്ളിൽനിന്ന്‌ അച്ഛൻ അവരെ പറഞ്ഞയ​യ്‌ക്കാൻ പറഞ്ഞ്‌ വലിയ ബഹളം​വെ​ച്ചു. മറ്റുള്ളവർ എന്നോട്‌ ആജ്ഞാപി​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ അച്ഛൻ പറയു​ന്ന​തു ഞാൻ ശ്രദ്ധി​ച്ചി​ല്ല. സാക്ഷികൾ എനിക്കു മൂന്നു ചെറു​പു​സ്‌ത​ക​ങ്ങൾ തന്നു. ഞാൻ അതു സന്തോ​ഷ​ത്തോ​ടെ വാങ്ങി. അവർ കൂടി​വ​രു​ന്ന സ്ഥലം ഏതാ​ണെ​ന്നു ചോദിച്ച്‌ മനസ്സി​ലാ​ക്കി. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ഞാൻ രാജ്യ​ഹാ​ളി​ലേ​ക്കു പോയി.

 അവിടെ ചെന്ന​പ്പോൾ ആദ്യം എന്റെ ശ്രദ്ധയിൽപ്പെ​ട്ടത്‌ എല്ലാവ​രും നന്നായി വസ്‌ത്രം ധരിച്ചി​രി​ക്കു​ന്ന​താ​യി​രു​ന്നു. എന്നാൽ എനിക്കോ? നീണ്ട മുടി, വൃത്തി​കെട്ട താടി, മുഷിഞ്ഞ വസ്‌ത്രം. എനിക്കു ഹാളിന്‌ ഉള്ളിൽ കയറാനേ തോന്നി​യി​ല്ല. അതു​കൊണ്ട്‌ ഞാൻ പുറത്തു​ത​ന്നെ നിന്നു. ഗുണ്ടാ​സം​ഘ​ത്തിൽ മുമ്പു​ണ്ടാ​യി​രു​ന്ന ജുവാൻ നല്ല കോട്ടും സ്യൂട്ടും ധരിച്ച്‌ അവിടെ വന്നതു കണ്ടപ്പോൾ ഞാൻ ഞെട്ടി​പ്പോ​യി. ഒരു വർഷം മുമ്പാണ്‌ അവൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ​തെന്ന കാര്യം പിന്നീ​ടാ​ണു ഞാൻ അറിഞ്ഞത്‌. അവനു​ള്ള​തു​കൊണ്ട്‌ ഹാളിന്‌ അകത്ത്‌ കയറാ​നും അവിടെ നടന്ന യോഗ​ത്തിൽ സംബന്ധി​ക്കാ​നും ഉള്ള ആത്മവി​ശ്വാ​സം എനിക്കു കിട്ടി. അവിടം​തൊട്ട്‌ കാര്യ​ങ്ങ​ളൊ​ക്കെ നേരെ​യാ​കാൻ തുടങ്ങി.

 ബൈബിൾ പഠിക്കാൻ എന്നോടു പറഞ്ഞ​പ്പോൾ ഞാൻ അതിനു സമ്മതിച്ചു. ദൈവം എന്നിൽ പ്രസാ​ദി​ക്ക​ണ​മെ​ങ്കിൽ എന്റെ ഇപ്പോ​ഴ​ത്തെ അക്രമാ​സ​ക്ത​വും അധാർമി​ക​വും ആയ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്ത​ണ​മെന്ന്‌ എനിക്കു പെട്ടെന്നു മനസ്സി​ലാ​യി. അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നി​ല്ല. ദൈവ​മാ​യ യഹോ​വ​യെ പ്രസാ​ദി​പ്പി​ക്കാൻ ഞാൻ ‘മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ട​ണ​മെ​ന്നു’ പഠിച്ചു. (റോമർ 12:2) ദൈവ​ത്തി​ന്റെ കരുണ എന്ന ഗുണം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. ഞാൻ ഒരുപാ​ടു തെറ്റുകൾ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും വീണ്ടും ഒരു പുതിയ ജീവിതം തുടങ്ങു​ന്ന​തി​നു​ള്ള അവസരം ദൈവം എനിക്കു തരുന്ന​താ​യി ഞാൻ മനസ്സി​ലാ​ക്കി. ദൈവ​മാ​യ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചത്‌ എന്റെ ഹൃദയ​ത്തിൽ ആഴത്തിൽ പതിഞ്ഞു. എനിക്കാ​യി കരുതുന്ന ഒരു സ്രഷ്ടാ​വു​ണ്ടെന്ന കാര്യം വ്യക്തമാ​കാൻതു​ട​ങ്ങി.—1 പത്രോസ്‌ 5:6, 7.

 ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ഇത്‌ എന്നെ പ്രേരി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾപ​ഠ​ന​ത്തി​ന്റെ ഇടയിൽ പുകവ​ലി​യെ​ക്കു​റി​ച്ചുള്ള വിഷയം പഠിച്ച​പ്പോൾ ഞാൻ എന്നോ​ടു​ത​ന്നെ പറഞ്ഞു: ‘ഞാൻ എല്ലാ അർഥത്തി​ലും ശുദ്ധനും കളങ്കമി​ല്ലാ​ത്ത​വ​നും ആയിരി​ക്കാൻ ദൈവ​മാ​യ യഹോവ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഇനി ഈ സിഗര​റ്റു​കൾക്ക്‌ എന്റെ ജീവി​ത​ത്തിൽ ഒരു സ്ഥാനവു​മു​ണ്ടാ​കി​ല്ല.’ (2 കൊരി​ന്ത്യർ 7:1) അങ്ങനെ ആ സിഗര​റ്റു​ക​ളു​ടെ സ്ഥാനം ചവറ്റു​കു​ട്ട​യാ​യി!

 മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗ​വും അതിന്റെ കച്ചവട​വും ഞാൻ നിറു​ത്ത​ണ​മാ​യി​രു​ന്നു. ഇതിന്‌ എന്റെ പഴയ പല സൗഹൃ​ദ​ങ്ങ​ളും ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നു. അതി​നൊ​ക്കെ കുറച്ച്‌ സമയവും ശ്രമവും എടുത്തു. ദൈവ​വു​മാ​യു​ള്ള ബന്ധത്തിന്‌ ആ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ ഒരു വിലങ്ങു​ത​ടി​യാ​യി​രു​ന്നു. പതു​ക്കെ​പ്പ​തു​ക്കെ ഞാൻ ദൈവ​ത്തിൽ കൂടു​ത​ലാ​യി ആശ്രയി​ക്കാൻതു​ട​ങ്ങി. സഭയിലെ എന്റെ പുതിയ സുഹൃ​ത്തു​ക്ക​ളും എന്നെ ഒരുപാ​ടു സഹായി​ച്ചു. അവർ എന്നോടു കാണിച്ച സ്‌നേ​ഹ​വും താത്‌പ​ര്യ​വും ഞാൻ ഇതിനു മുമ്പ്‌ ഒരിക്ക​ലും അനുഭ​വി​ച്ചി​ട്ടി​ല്ല. മാസങ്ങൾ കടന്നു​പോ​യ​പ്പോൾ മയക്കു​മ​രു​ന്നി​ന്റെ പിടി​യിൽനിന്ന്‌ എനിക്കു മോചനം ലഭിച്ചു. ഞാൻ ‘പുതിയ വ്യക്തി​ത്വം ധരിച്ചു.’ അതു ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാൻ എന്നെ സഹായി​ക്കു​മാ​യി​രു​ന്നു. (എഫെസ്യർ 4:24) 1985 ആഗസ്റ്റിൽ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി ഞാൻ സ്‌നാ​ന​മേ​റ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 എന്റെ ജീവി​ത​ത്തിന്‌ ഒരു പുതിയ തുടക്കം തരാൻ ബൈബി​ളി​നു കഴിഞ്ഞു. ശരീര​ത്തെ​യും ആത്മാഭി​മാ​ന​ത്തെ​യും നശിപ്പി​ക്കു​ന്ന ജീവി​ത​രീ​തി ഉപേക്ഷി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. എന്റെ പഴയ സുഹൃ​ത്തു​ക്ക​ളിൽ 30-ലേറെ പേർ ചെറു​പ്രാ​യ​ത്തിൽത്ത​ന്നെ മരിച്ചത്‌ എയ്‌ഡ്‌സും മയക്കു​മ​രുന്ന്‌ ഉപയോ​ഗം​മൂ​ലം വന്ന മറ്റു രോഗ​ങ്ങ​ളും കാരണ​മാണ്‌. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കാൻ കഴിഞ്ഞതു വലിയ അനു​ഗ്ര​ഹ​മാ​യെ​ന്നു ഞാൻ കരുതു​ന്നു. കാരണം എനിക്ക്‌ ഇതു​പോ​ലു​ള്ള പല ദുരന്ത​ങ്ങ​ളും ഒഴിവാ​ക്കാ​നാ​യ​ല്ലോ!

 കത്തിക​ളും കോടാ​ലി​ക​ളും ആയി അക്രമാ​സ​ക്ത​നാ​യി നടന്ന എന്റെ ചെറു​പ്പ​കാ​ലം ഇന്നു വെറും ഓർമകൾ മാത്രം. ആ ഞാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി അതിനു​പ​ക​രം ബൈബിൾ കൈയിൽ പിടിച്ച്‌ നടക്കു​മെ​ന്നു സ്വപ്‌ന​ത്തിൽപ്പോ​ലും ചിന്തി​ച്ചി​രു​ന്ന​തല്ല. ഇന്നു ഞാനും ഭാര്യ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​ക​രാ​യി പ്രവർത്തി​ക്കു​ന്നു.

 എന്റെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ല്ല. എന്നാൽ ഞാൻ ബൈബിൾ പഠിച്ച​തു​കൊണ്ട്‌ എനിക്കു​ണ്ടാ​യ പ്രയോ​ജ​ന​ങ്ങ​ളെ അവർ അഭിന​ന്ദി​ക്കു​ന്നു. സാക്ഷി​ക​ളെ അനുകൂ​ലി​ച്ചു​വ​രെ അച്ഛൻ സഹപ്ര​വർത്ത​ക​രോ​ടു സംസാ​രി​ച്ചു. ഞാൻ കണ്ടെത്തിയ പുതിയ വിശ്വാ​സം നല്ല ഒരു മാറ്റത്തി​ലേ​ക്കാ​ണു നയിച്ച​തെന്ന്‌ അച്ഛനു മനസ്സി​ലാ​യി. ഞാൻ നേര​ത്തേ​ത​ന്നെ ബൈബിൾ പഠി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നാണ്‌ അമ്മ കൂടെ​ക്കൂ​ടെ പറയാ​റു​ള്ളത്‌. ആ പറഞ്ഞതു വളരെ ശരിയാണ്‌!

 സംതൃ​പ്‌തി​ക്കാ​യി മയക്കു​മ​രു​ന്നി​ലും മറ്റു മോശ​മാ​യ പ്രവൃ​ത്തി​ക​ളി​ലും അഭയം തേടു​ന്ന​തു ശുദ്ധമ​ണ്ട​ത്ത​ര​മാ​ണെന്ന്‌ എന്റെ അനുഭ​വ​ങ്ങൾ എന്നെ പഠിപ്പി​ച്ചു. ദൈവ​വ​ച​നം പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ മറ്റുള്ള​വർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന്റെ യഥാർഥ​സം​തൃ​പ്‌തി ഞാൻ ഇപ്പോൾ അനുഭ​വി​ച്ച​റി​യു​ന്നു. ആ പഠിപ്പി​ക്ക​ലു​ക​ളാണ്‌ എന്റെ ജീവൻ രക്ഷിച്ചത്‌!