വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവിരുത്‌?

ലിംപെറ്റിന്റെ പല്ല്‌!

ലിംപെറ്റിന്റെ പല്ല്‌!

 കോൺ ആകൃതിയിൽ പുറന്തോടുള്ള ഒരു കടൽ ഒച്ചാണ്‌ ലിംപെറ്റ്‌. അസാധാരണമായ കരുത്താണ്‌ അവയുടെ പല്ലുകൾക്ക്‌. എന്താണ്‌ അതിനു പിന്നിലെ രഹസ്യം? പല്ലിന്റെ താരതമ്യേന മൃദുവായ പ്രോട്ടീൻ ആവരണത്തിനുള്ളിൽ കാണപ്പെടുന്ന ജിയോതൈറ്റ്‌ എന്ന ധാതുവിന്റെ നാരുകൾ! നേർത്തതെങ്കിലും കടുപ്പമുള്ള ഈ നാരുകൾ അവയുടെ പല്ലുകൾക്കുള്ളിൽ ഇടതിങ്ങി കാണപ്പെടുന്നു. അതാണ്‌ അവയുടെ പല്ലിനു ബലമേകുന്നത്‌.

 സവിശേഷത: ലിംപെറ്റിന്റെ വായ്‌ക്കുള്ളിൽ റാഡുല എന്ന്‌ അറിയപ്പെടുന്ന നാക്കുപോലുള്ള ഒരു ഭാഗമുണ്ട്‌. അതിൽ വരിവരിയായി ചെറിയ വളവുള്ള പല്ലുകൾ നിറഞ്ഞിരിക്കുന്നു. അത്‌ ഒരു അരംപോലെ പ്രവർത്തിക്കും. ഓരോ പല്ലിനും ഒരു മില്ലിമീറ്ററിൽ താഴെ നീളമേ ഉള്ളൂ. പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആൽഗകളെ (ഒരു തരം സസ്യം) ചുരണ്ടിയെടുത്ത്‌ ആഹാരമാക്കാൻ കഴിയുന്നത്‌ ഇവയുടെ ഓരോ പല്ലിനും ഉള്ള അസാധാരണമായ ശക്തിയും ദൃഢതയും കൊണ്ടാണ്‌.

 ഒരു പ്രത്യേക തരം ഉപകരണം ഉപയോഗിച്ച്‌ ഗവേഷകർ ഇവയുടെ പല്ലിന്റെ ശക്തി അളന്നു. ആ പരിശോധനയിൽ അവയുടെ പല്ലിന്റെ വലിവുബലം (tensile strength) ജീവലോകത്തുള്ള മറ്റ്‌ ഏതൊരു പദാർഥത്തെക്കാളും കൂടുതലാണെന്ന്‌ അവർ കണ്ടെത്തി. ഇക്കാര്യത്തിൽ അവ ചിലന്തിവലയുടെ ബലത്തെപ്പോലും കടത്തിവെട്ടും! ഈ ഗവേഷണത്തിനു നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ലിംപെറ്റിന്റെ പല്ലിന്റെ ഘടന പകർത്തികൊണ്ട്‌ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ആലോചനയിലാണ്‌ ഞങ്ങൾ.”

 ലിംപെറ്റിന്റെ പല്ലുകൾ നിർമിച്ചിരിക്കുന്ന രീതി അനുകരിച്ച്‌ പദാർഥങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അവ ഉപയോഗിച്ച്‌ കാറുകളും ബോട്ടുകളും വിമാനങ്ങളും, കൃത്രിമപ്പല്ലുകൾവരെയും നിർമിക്കാനാകുമെന്ന വിശ്വാസത്തിലാണ്‌ ഗവേഷകർ.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നുന്നു? ലിംപെറ്റിന്റെ പല്ല്‌ പരിണമിച്ചുവന്നതാണോ അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?