വിവരങ്ങള്‍ കാണിക്കുക

Albert Wright/iStock via Getty Images

ആരുടെ കരവി​രുത്‌?

മാലി പക്ഷിയു​ടെ കൂട്‌

മാലി പക്ഷിയു​ടെ കൂട്‌

 തെക്കൻ ഉൾനാടൻ ഓസ്‌​ട്രേ​ലി​യ​യിൽ കണ്ടുവ​രുന്ന മാലി പക്ഷികൾ അവയുടെ കൂടിന്റെ താപനില ഏകദേശം 34 ഡിഗ്രി സെൽഷ്യസ്‌ ആയി നിലനി​റു​ത്തു​ന്നു. വർഷം മുഴുവൻ രാവും പകലും ഇതേ താപനില നിലനി​റു​ത്താൻ ഈ പക്ഷിക്ക്‌ എങ്ങനെ​യാ​ണു കഴിയു​ന്നത്‌?

 ഓരോ ശൈത്യ​കാ​ല​ത്തും ഈ പക്ഷികൾ ഒരു മീറ്റർ (മൂന്ന്‌ അടി) ആഴവും മൂന്നു മീറ്റർ (പത്ത്‌ അടി) വീതി​യും ഉള്ള ഒരു കുഴി​യു​ണ്ടാ​ക്കു​ന്നു. എന്നിട്ട്‌ ആൺ മാലി പക്ഷി പുല്ലും ഇലകളും മറ്റു സസ്യപ​ദാർഥ​ങ്ങ​ളും കൊണ്ട്‌ ആ കുഴി നിറയ്‌ക്കു​ന്നു. ശൈത്യ​കാ​ല​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ഈ സസ്യപ​ദാർഥങ്ങൾ മഴയിൽ നനഞ്ഞ്‌ കുതിർന്നി​ട്ടു​ണ്ടാ​കും. ആ സമയത്ത്‌ ആൺ മാലി പക്ഷി അതിൽ ഒരു ചെറിയ കുഴി​യു​ണ്ടാ​ക്കു​ന്നു. പെൺ മാലി പക്ഷിക്കു മുട്ടയി​ടു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അത്‌. എന്നിട്ട്‌ കുഴി​യിൽ മണലിട്ട്‌ ഒരു കൂന​പോ​ലെ​യാ​ക്കും. അധികം​വൈ​കാ​തെ ഈ സസ്യപ​ദാർഥങ്ങൾ ജീർണി​ക്കു​ക​യും അതു ചൂടാ​കു​ക​യും ചെയ്യും. അങ്ങനെ അത്‌ ഒരു പ്രകൃ​തി​ദ​ത്ത​മായ ഇൻകു​ബേ​റ്റർപോ​ലെ പ്രവർത്തി​ക്കും.

മുട്ട (എ) വിരി​യാ​നാ​യി സൂര്യന്റെ ചൂടും ജീർണി​ക്കുന്ന സസ്യപ​ദാർഥ​ങ്ങ​ളു​ടെ (ബി) ചൂടും മാലി പക്ഷികൾ ഉപയോ​ഗി​ക്കു​ന്നു. കൂനയാ​യി കൂട്ടി​യി​ടുന്ന മണ്ണിന്റെ (സി) അളവ്‌ ക്രമീ​ക​രി​ച്ചു​കൊണ്ട്‌ മാലി പക്ഷികൾ അതിന്റെ മുട്ടകൾ മാസങ്ങ​ളോ​ളം ഏകദേശം 34 ഡിഗ്രി താപനി​ല​യിൽ സൂക്ഷി​ക്കു​ന്നു. അതിനു​വേണ്ടി ഈ പക്ഷികൾ അവയുടെ നഖങ്ങൾ ഉപയോ​ഗിച്ച്‌ വലിയ അളവി​ലുള്ള മണ്ണ്‌ മാന്തി മാറ്റു​ക​യും അതു തിരി​ച്ചി​ടു​ക​യും ചെയ്യുന്നു. (ഡി)

 ഓരോ തവണ പെൺപക്ഷി മുട്ടയി​ടാ​റാ​കു​മ്പോ​ഴും ആൺപക്ഷി മണ്ണ്‌ മാറ്റി​ക്കൊ​ടു​ക്കും. അപ്പോൾ പെൺപക്ഷി മുട്ടയി​ടാ​നുള്ള കുഴി​യിൽ മുട്ടയി​ടും. ഉടൻതന്നെ ആൺപക്ഷി അവിടെ മണ്ണിട്ട്‌ കൂനയു​ണ്ടാ​ക്കും. സെപ്‌റ്റം​ബർമു​തൽ ഫെബ്രു​വ​രി​വ​രെ​യുള്ള കാലയ​ള​വിൽ പെൺ മാലി പക്ഷി 35 മുട്ടകൾവരെ ഇട്ടേക്കാം. a

 ഈ പക്ഷികൾ ഇടയ്‌ക്കി​ടെ മണ്ണിന്‌ ഉള്ളി​ലേക്ക്‌ ചുണ്ടു​ക​ളിട്ട്‌ താപനില പരി​ശോ​ധി​ക്കും. എന്നിട്ട്‌ കാലാ​വ​സ്ഥ​യ്‌ക്ക​നു​സ​രിച്ച്‌ കൂനയു​ടെ താപനില ക്രമീ​ക​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌:

  •   വസന്തകാ​ലത്ത്‌, സസ്യപ​ദാർഥങ്ങൾ ജീർണി​ക്കാൻ തുടങ്ങു​ന്ന​തു​കൊണ്ട്‌ കൂടിന്റെ താപനില ഉയരും. ആ സമയത്ത്‌ ചൂട്‌ പുറ​ത്തോട്ട്‌ വിടു​ന്ന​തി​നാ​യി ആൺ മാലി പക്ഷി മുട്ട ഇരിക്കുന്ന കുഴി​യു​ടെ മുകളി​ലുള്ള മണ്ണ്‌ മാന്തി മാറ്റും. പിന്നീട്‌ മണ്ണ്‌ തണുക്കു​മ്പോൾ ആ മണ്ണു​കൊണ്ട്‌ കുഴി വീണ്ടും മൂടും.

  •   വേനൽക്കാ​ലത്ത്‌, പകൽസ​മ​യത്തെ സൂര്യന്റെ ചൂടിൽനിന്ന്‌ മുട്ടകൾ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി ആൺപക്ഷി ആ കൂനയ്‌ക്കു മുകളിൽ കൂടുതൽ മണ്ണ്‌ ഇടും. എന്നാൽ എല്ലാ ദിവസ​വും അതിരാ​വി​ലെ ആൺപക്ഷി മണ്ണ്‌ മാന്തി മാറ്റും. അപ്പോൾ കൂടും മണ്ണും തണുക്കും. അതിനു​ശേഷം വീണ്ടും ആ മണ്ണിട്ട്‌ കുഴി മൂടും.

  •   ശരത്‌കാ​ല​മാ​കു​മ്പോ​ഴേ​ക്കും കുഴി​യി​ലുള്ള സസ്യപ​ദാർഥങ്ങൾ ജീർണിച്ച്‌ കഴിഞ്ഞി​ട്ടു​ണ്ടാ​കും. അപ്പോൾ ആൺ മാലി പക്ഷി മണ്ണു മുഴു​വ​നും​തന്നെ മാന്തി മാറ്റും. അതു​കൊണ്ട്‌ പകൽസ​മ​യത്തെ സൂര്യന്റെ ചൂട്‌ മുട്ടകൾക്കും മണ്ണിനും ലഭിക്കും. രാത്രി​യി​ലും ആ ചൂട്‌ കുഴി​യിൽ നിലനി​റു​ത്താൻവേണ്ടി പിന്നീട്‌ ആൺ മാലി പക്ഷി ചൂടായ മണ്ണു​കൊണ്ട്‌ വീണ്ടും കൂനയു​ണ്ടാ​ക്കും.

 ഓരോ ദിവസ​വും ആൺ മാലി പക്ഷി ശരാശരി അഞ്ചു മണിക്കൂ​റി​ല​ധി​കം പണി​യെ​ടു​ത്താണ്‌ ഏകദേശം 850 കിലോ​ഗ്രാം മണ്ണു മാറ്റു​ന്നത്‌. ഇങ്ങനെ സ്ഥിരമാ​യി മണ്ണു മാറ്റു​ന്ന​തു​കൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വും ഉണ്ട്‌. മണ്ണ്‌ അയയു​ന്ന​തു​കൊണ്ട്‌ മുട്ട വിരി​യു​മ്പോൾ കുഞ്ഞു​ങ്ങൾക്ക്‌ മണ്ണ്‌ മാറ്റി പുറ​ത്തേക്കു വരാൻ എളുപ്പ​മാ​യി​രി​ക്കും.

 മാലി പക്ഷികൾ കൂടിന്‌ മുകളിൽനിന്ന്‌ മണ്ണു മാന്തി മാറ്റു​ന്നതു കാണുക

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? കൂടിന്റെ താപനില ക്രമീ​ക​രി​ക്കാ​നുള്ള മാലി പക്ഷിയു​ടെ കഴിവ്‌ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അല്ലെങ്കിൽ അത്‌ ആരുടെ കരവി​രുത്‌?

a മുട്ടകൾ വിരി​യാൻ ഏഴുമു​തൽ എട്ട്‌ ആഴ്‌ച​കൾവരെ എടുക്കു​ന്ന​തു​കൊണ്ട്‌ ഈ കൂനയു​ടെ താപനില ക്രമീ​ക​രി​ക്കാ​നുള്ള പ്രവർത്തനം ഏപ്രിൽവരെ തുടരും.