വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

പുറപ്പാട്‌ 20:12—“നിന്റെ പിതാ​വി​നെ​യും മാതാ​വി​നെ​യും ബഹുമാ​നി​ക്കുക”

പുറപ്പാട്‌ 20:12—“നിന്റെ പിതാ​വി​നെ​യും മാതാ​വി​നെ​യും ബഹുമാ​നി​ക്കുക”

 “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ നീ ദീർഘാ​യു​സ്സോ​ടി​രി​ക്കാൻ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.”—പുറപ്പാട്‌ 20:12, പുതിയ ലോക ഭാഷാ​ന്തരം.

 “നിന്റെ ദൈവ​മായ കർത്താവു തരുന്ന രാജ്യത്തു നീ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കേ​ണ്ട​തി​നു നിന്റെ പിതാ​വി​നെ​യും മാതാ​വി​നെ​യും ബഹുമാ​നി​ക്കുക.”—പുറപ്പാട്‌ 20:12, പി.ഒ.സി. ബൈബിൾ.

പുറപ്പാട്‌ 20:12-ന്റെ അർഥം

 മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക എന്ന ഒരു കല്‌പന ദൈവം പുരാതന ഇസ്രാ​യേ​ല്യർക്കു നൽകി. ആ കല്‌പ​ന​യിൽ അത്‌ അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചും പറഞ്ഞി​രി​ക്കു​ന്നു. ദൈവം മോശ​യി​ലൂ​ടെ ഇസ്രാ​യേൽ ജനത്തിനു നൽകിയ നിയമ​സം​ഹി​ത​യു​ടെ ഭാഗമാണ്‌ ഈ കല്‌പന. നിയമ​സം​ഹിത ഇപ്പോൾ പ്രാബ​ല്യ​ത്തിൽ ഇല്ലെങ്കി​ലും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക്‌ ഇപ്പോ​ഴും മാറ്റം ഒന്നും വന്നിട്ടില്ല. അതിലെ തത്ത്വങ്ങൾ ഇപ്പോ​ഴും എല്ലാവർക്കും പ്രയോ​ജനം ചെയ്യു​ന്ന​വ​യാണ്‌. അതു​കൊ​ണ്ടു​തന്നെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക എന്ന കല്‌പ​ന​യ്‌ക്കു വളരെ പ്രാധാ​ന്യ​മുണ്ട്‌.—കൊ​ലോ​സ്യർ 3:20.

 മക്കൾക്ക്‌ എങ്ങനെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാം? കുട്ടി​ക​ളാ​യാ​ലും മുതിർന്ന​വ​രാ​യാ​ലും മാതാ​പി​താ​ക്കളെ ആദരി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌. (ലേവ്യ 19:3; സുഭാ​ഷി​തങ്ങൾ 1:8) കുട്ടികൾ മുതിർന്ന്‌ സ്വന്തം കുടും​ബം ഒക്കെയാ​യി മാറി താമസി​ച്ചാ​ലും അവർ തുടർന്നും മാതാ​പി​താ​ക്കളെ സ്‌നേ​ഹി​ക്കു​ക​യും സഹായി​ക്കു​ക​യും വേണം. പ്രായ​മായ മാതാ​പി​താ​ക്ക​ളു​ടെ സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെ മറ്റെല്ലാ കാര്യ​ങ്ങ​ളും നല്ല വിധത്തിൽ പോകു​ന്നെന്നു മക്കൾ ഉറപ്പു​വ​രു​ത്തണം.—മത്തായി 15:4-6; 1 തിമൊ​ഥെ​യൊസ്‌ 5:4, 8.

 ഇസ്രാ​യേ​ല്യ കുട്ടികൾ അവരുടെ പിതാ​വി​നെ ബഹുമാ​നി​ക്കു​ന്ന​തു​പോ​ലെ​തന്നെ മാതാ​വി​നെ​യും ബഹുമാ​നി​ക്ക​ണ​മാ​യി​രു​ന്നു. അതിനർഥം കുടും​ബ​ത്തിൽ മാതാ​വിന്‌ വലി​യൊ​രു സ്ഥാനമു​ണ്ടെ​ന്നാണ്‌. (സുഭാ​ഷി​തങ്ങൾ 6:20; 19:26) ഇന്നത്തെ കുട്ടി​ക​ളും അതുത​ന്നെ​യാ​ണു ചെയ്യേ​ണ്ടത്‌.

 മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കുക എന്ന ഈ കല്‌പന അനുസ​രി​ക്കു​മ്പോൾ മനസ്സിൽപ്പി​ടി​ക്കേണ്ട മറ്റൊരു കാര്യ​മുണ്ട്‌. ഇസ്രാ​യേല്യ കുട്ടികൾ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളെ​യോ മറ്റ്‌ ആരെ​യെ​ങ്കി​ലു​മോ അനുസ​രി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. (ആവർത്തനം 13:6-8) അതു​പോ​ലെ​തന്നെ ഇന്നും ക്രിസ്‌ത്യാ​നി​കൾ “മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.”—പ്രവൃ​ത്തി​കൾ 5:29.

 മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കുന്ന കുട്ടികൾ ദൈവം കൊടു​ക്കുന്ന ദേശത്ത്‌ ‘ദീർഘാ​യു​സ്സോ​ടെ​യും അഭിവൃ​ദ്ധി​യോ​ടെ​യും’ ജീവി​ക്കു​മെന്നു ദൈവം ഇസ്രാ​യേ​ല്യ​രോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (ആവർത്തനം 5:16) ദൈവ​ക​ല്‌പന അനുസ​രി​ക്കാ​തെ മാതാ​പി​താ​ക്കളെ ധിക്കരി​ക്കുന്ന കുട്ടി​കൾക്കു ശിക്ഷ ലഭിക്കു​മാ​യി​രു​ന്നു. (ആവർത്തനം 21:18-21) കാലം കുറേ കഴി​ഞ്ഞെ​ങ്കി​ലും ആ നിയമ​ത്തി​ന്റെ അന്തഃസ​ത്ത​യ്‌ക്കു മാറ്റം വന്നിട്ടില്ല. (എഫെസ്യർ 6:1-3) മുതിർന്ന​വ​രാ​യാ​ലും ചെറു​പ്പ​ക്കാ​രാ​യാ​ലും നമ്മൾ സ്രഷ്ടാ​വി​നോ​ടു കണക്ക്‌ ബോധി​പ്പി​ക്കണം. ദൈവ​ത്തി​ന്റെ ഈ നിയമം അനുസ​രിച്ച്‌ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുന്ന കുട്ടി​കൾക്ക്‌ ദീർഘാ​യു​സ്സോ​ടെ ജീവി​ക്കാ​നാ​കും. ശരിക്കും പറഞ്ഞാൽ അവർക്ക്‌ എന്നേക്കും ജീവി​ക്കാ​നാ​കും.—1 തിമൊ​ഥെ​യൊസ്‌ 4:8; 6:18, 19.

പുറപ്പാട്‌ 20:12-ന്റെ സന്ദർഭം

 പത്ത്‌ കല്‌പ​ന​ക​ളി​ലെ ഒരു പ്രധാന കല്‌പ​ന​യാണ്‌ പുറപ്പാട്‌ 20:12-ൽ കാണു​ന്നത്‌. പത്ത്‌ കല്‌പ​ന​ക​ളിൽ, ഈ കല്‌പ​ന​യ്‌ക്കുള്ള സ്ഥാനം പ്രധാ​ന​പ്പെട്ട ഒരു കാര്യം നമ്മളെ പഠിപ്പി​ക്കു​ന്നു. (പുറപ്പാട്‌ 20:1-17) ഇതിനു മുമ്പുള്ള കല്‌പ​ന​ക​ളിൽ ഇസ്രാ​യേ​ല്യർക്കു ദൈവ​വു​മാ​യുള്ള ബന്ധത്തെ​ക്കു​റി​ച്ചാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. ദൈവത്തെ മാത്രമേ ആരാധി​ക്കാ​വൂ എന്നതു​പോ​ലുള്ള കല്‌പ​നകൾ അവിടെ കാണാം. അതു കഴിഞ്ഞുള്ള കല്‌പ​ന​ക​ളിൽ സഹമനു​ഷ്യ​രോ​ടുള്ള കടമക​ളെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. ഇണയോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കണം, മോഷ്ടി​ക്ക​രുത്‌ എന്നിങ്ങ​നെ​യുള്ള കല്‌പ​നകൾ. പുറപ്പാട്‌ 20:12-ലെ ഈ നിയമം അനുസ​രി​ക്കു​മ്പോൾ, ഒരർഥ​ത്തിൽ പറഞ്ഞാൽ നമ്മൾ ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടും ഉള്ള കടമകൾ നിറ​വേ​റ്റു​ക​യാണ്‌. അതു​കൊണ്ട്‌ ഈ കല്‌പന ആദ്യത്തെ നാലു കല്‌പ​ന​കൾക്കും അവസാ​നത്തെ അഞ്ച്‌ കല്‌പ​ന​കൾക്കും ഇടയിലെ കണ്ണിയാ​യി വർത്തി​ക്കു​ന്നു.

പുറപ്പാട്‌ 20-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.