ഭൂമിയിൽ സമാധാനം—അത് എങ്ങനെ സാധ്യമാകും?
ബൈബിളിന്റെ ഉത്തരം
ഭൂമിയിൽ സമാധാനം വരും. അത് മനുഷ്യരുടെ ശ്രമംകൊണ്ടായിരിക്കില്ല പകരം യേശുക്രിസ്തു രാജാവായി ഭരിക്കുന്ന ഒരു സ്വർഗീയഗവണ്മെന്റ് മുഖാന്തരമായിരിക്കും. ഈ മഹത്തായ പ്രത്യാശയെക്കുറിച്ച് ബൈബിളിനു പറയാനുള്ളത് എന്താണെന്ന് ശ്രദ്ധിക്കുക.
ദൈവം “ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു” എന്നു ബൈബിൾ പറയുന്നു. “ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” ഉണ്ടാകും എന്ന വാഗ്ദാനം ദൈവം നിറവേറ്റും.—സങ്കീർത്തനം 46:9; ലൂക്കോസ് 2:14.
ദൈവരാജ്യം സ്വർഗത്തിൽനിന്ന് ഭൂമിയുടെ മേൽ ഭരണം നടത്തും. (ദാനിയേൽ 7:14) അത് ഒരു ലോകഗവണ്മെന്റ് ആയതുകൊണ്ട് പല ഏറ്റുമുട്ടലുകളുടെയും അടിസ്ഥാനകാരണമായ ദേശീയവാദം തുടച്ചുനീക്കും.
ദൈവരാജ്യത്തിന്റെ രാജാവായ യേശുവിനെ “സമാധാനപ്രഭു” എന്നു വിളിച്ചിരിക്കുന്നു. ഭൂമിയിൽ ‘സമാധാനത്തിന് അവസാനം ഉണ്ടാകയില്ല’ എന്ന് യേശു ഉറപ്പുവരുത്തും.—യശയ്യ 9:6, 7.
“അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നതിനാൽ പരസ്പരം പോരടിക്കുന്ന ആളുകളെ ആ രാജ്യത്തിൽ ജീവിക്കാൻ അനുവദിക്കില്ല.—സങ്കീർത്തനം 11:5; സുഭാഷിതങ്ങൾ 2:22.
എങ്ങനെ സമാധാനത്തിൽ ജീവിക്കാമെന്ന് രാജ്യത്തിന്റെ പ്രജകളെ ദൈവം പഠിപ്പിക്കുന്നു. ഈ പഠിപ്പിക്കലിന്റെ ഫലത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവർ അവരുടെ വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും. ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—യശയ്യ 2:3, 4.
ഇപ്പോൾത്തന്നെ എങ്ങനെ സമാധാനത്തിൽ ജീവിക്കാമെന്ന് ലോകത്ത് എല്ലായിടത്തുമുള്ള ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളെ ദൈവം പഠിപ്പിക്കുന്നു. (മത്തായി 5:9) വ്യത്യസ്ത വംശപശ്ചാത്തലമുള്ളവരും 230-ലധികം രാജ്യങ്ങളിൽ താമസിക്കുന്നവരും ആണെങ്കിലും സഹമനുഷ്യർക്കെതിരെ ആയുധമെടുക്കാൻ യഹോവയുടെ സാക്ഷികൾ തയ്യാറല്ല.
ഇന്ന് യഹോവയുടെ സാക്ഷികൾ സമാധാനവഴികളിൽ നടക്കാൻ പഠിക്കുന്നു.