വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

വാർത്തകൾ ടെൻഷൻ കൂട്ടു​മ്പോൾ; നിങ്ങളു​ടെ മക്കളെ എങ്ങനെ സഹായി​ക്കാം?

വാർത്തകൾ ടെൻഷൻ കൂട്ടു​മ്പോൾ; നിങ്ങളു​ടെ മക്കളെ എങ്ങനെ സഹായി​ക്കാം?

 നെഞ്ച്‌ തകർക്കുന്ന വാർത്തകൾ. അതും വിശദ​മായ വീഡി​യോ ക്ലിപ്പോ​ടു​കൂ​ടി. ഇന്ന്‌ ടിവി​യി​ലും ഫോണി​ലും ടാബി​ലും കമ്പ്യൂ​ട്ട​റി​ലും 24 മണിക്കൂ​റും വന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

 ഇതെല്ലാം കുട്ടി​ക​ളും കാണു​ന്നുണ്ട്‌.

 പേടി​പ്പെ​ടു​ത്തു​ന്ന വാർത്തകൾ മക്കളെ ബാധി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാം?

 വാർത്തകൾ കുട്ടി​കളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

  •   വാർത്ത​ക​ളിൽ കാണുന്ന ദാരു​ണ​മായ രംഗങ്ങൾ പല കുട്ടി​ക​ളി​ലും ടെൻഷൻ ഉണ്ടാക്കി​യേ​ക്കാം. ചില കുട്ടികൾ അവരുടെ വിഷമങ്ങൾ തുറന്ന്‌ പറഞ്ഞി​ല്ലെന്നു വരും. പക്ഷേ ഇത്തരം വാർത്തകൾ അവരെ ആഴത്തിൽ ബാധി​ച്ചേ​ക്കാം. a ഇനി മാതാ​പി​താ​ക്കൾക്ക്‌ അകാര​ണ​മാ​യി ആശങ്ക​പ്പെ​ടുന്ന രീതി​യു​ണ്ടെ​ങ്കിൽ അതു മക്കളുടെ ഉത്‌കണ്‌ഠ കൂട്ടാൻ ഇടയുണ്ട്‌.

  •   വാർത്ത​ക​ളെ​ക്കു​റിച്ച്‌ കുട്ടികൾ തെറ്റായ വിധത്തിൽ ചിന്തി​ച്ചു​കൂ​ട്ടി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഈ കാണുന്ന കാര്യങ്ങൾ അവരുടെ കുടും​ബ​ത്തിൽത്തന്നെ സംഭവി​ക്കു​മെ​ന്നാണ്‌ ചില കുട്ടികൾ വിചാ​രി​ക്കു​ന്നത്‌. ഇനി ഒരേ സംഭവ​ത്തി​ന്റെ വീഡി​യോ തന്നെ വീണ്ടും​വീ​ണ്ടും കാണുന്ന ചെറിയ കുട്ടികൾ ചിന്തി​ക്കു​ന്നത്‌ ആ കാര്യം പല പ്രാവ​ശ്യം സംഭവി​ക്കു​ന്നു എന്നായി​രി​ക്കാം.

  •   വാർത്ത​ക​ളി​ലെ സത്യാവസ്ഥ തിരി​ച്ച​റി​യാൻ കുട്ടി​കൾക്ക്‌ പലപ്പോ​ഴും ബുദ്ധി​മു​ട്ടാണ്‌. വാർത്താ​മാ​ധ്യ​മങ്ങൾ ബിസി​നെ​സ്സാ​ണു നടത്തു​ന്ന​തെ​ന്നും കൂടുതൽ ആളുകൾ കാണു​മ്പോ​ഴാണ്‌ അവർക്ക്‌ ലാഭം കിട്ടു​ന്ന​തെ​ന്നും കുട്ടികൾ തിരി​ച്ച​റി​യ​ണ​മെ​ന്നില്ല. ആളുകളെ ആകാം​ക്ഷ​യു​ടെ മുൾമു​ന​യിൽ നിറു​ത്താൻ അവർ വാർത്തകൾ ഊതി​പ്പെ​രു​പ്പി​ച്ചേ​ക്കാം.

 വാർത്തകൾ കാണു​ന്ന​തിൽനിന്ന്‌ ഉണ്ടാകുന്ന ടെൻഷൻ കുറയ്‌ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?

  •   പേടി​പ്പെ​ടു​ത്തുന്ന വാർത്തകൾ കാണാ​നുള്ള അവസരങ്ങൾ കുറയ്‌ക്കുക. ലോക​ത്തിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങളു​ടെ മക്കൾ അറിയു​ന്ന​തിൽ കുഴപ്പ​മില്ല. എന്നാൽ ഭയം ജനിപ്പി​ക്കുന്ന വാർത്തകൾ അവർ കൂടെ​ക്കൂ​ടെ കാണു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.

     “ഇങ്ങനെ​യുള്ള വാർത്ത​ക​ളെ​ക്കു​റിച്ച്‌ ചില​പ്പോൾ ഞാനും എന്റെ ഭർത്താ​വും ഒരുമി​ച്ചി​രുന്ന്‌ കുറെ സംസാ​രി​ക്കാ​റുണ്ട്‌. എന്നാൽ ഇതു കേൾക്കുന്ന കുട്ടി​കളെ അത്‌ എങ്ങനെ ബാധി​ക്കു​മെന്ന്‌ ഞങ്ങൾ ചിന്തി​ക്കാ​റില്ല.”—മരിയ.

     ബൈബിൾ തത്ത്വം: “മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു.”—സുഭാ​ഷി​തങ്ങൾ 12:25, സത്യ​വേ​ദ​പു​സ്‌തകം.

  •   ക്ഷമയോ​ടെ കേൾക്കുക, ആശ്വസി​പ്പി​ക്കുന്ന വിധത്തിൽ ഇടപെ​ടുക. വിഷമി​പ്പിച്ച സംഭവ​ത്തെ​ക്കു​റിച്ച്‌ നിങ്ങളു​ടെ കുട്ടിക്ക്‌ വാക്കു​ക​ളി​ലൂ​ടെ വിവരി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ മനസ്സിൽ തോന്നുന്ന കാര്യം വരച്ചു​കാ​ണി​ക്കാൻ വേണ​മെ​ങ്കിൽ അവനോ​ടു പറയാ​വു​ന്ന​താണ്‌. അങ്ങനെ കുട്ടിയെ ആശ്വസി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ അവനു മനസ്സി​ലാ​കുന്ന വാക്കുകൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കുക. എന്നാൽ സംഭവ​ത്തി​ന്റെ അനാവ​ശ്യ​മായ വിശദാം​ശ​ങ്ങ​ളി​ലേക്കു കടക്കേ​ണ്ട​തില്ല.

     “മകളോ​ടൊ​പ്പം ഇരുന്ന്‌ അവൾക്കു പറയാ​നു​ള്ള​തെ​ല്ലാം കേട്ടത്‌ അവളെ ആശ്വസി​പ്പി​ച്ചെന്നു തോന്നി. എന്നാൽ ‘ഇന്ന്‌ ലോക​ത്തിൽ ഇതൊക്കെ സാധാ​ര​ണ​മാണ്‌. നമ്മൾ ഇത്‌ കാര്യ​മാ​ക്കാ​തി​രു​ന്നാൽ മതി’ എന്ന്‌ അവളോ​ടു പറയു​ന്ന​തു​കൊണ്ട്‌ പ്രത്യേ​കിച്ച്‌ പ്രയോ​ജ​ന​മില്ല.”—സാറായി.

     ബൈബിൾ തത്ത്വം: “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.”—യാക്കോബ്‌ 1:19.

  •   വാർത്ത​കൾക്കു പിന്നിലെ യാഥാർഥ്യം കാണാൻ കുട്ടിയെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, തട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ കുറി​ച്ചുള്ള ഒരു വാർത്ത കേൾക്കുന്ന കുട്ടിക്ക്‌ തോന്നു​ന്നത്‌ ഇത്‌ യഥാർഥ​ത്തിൽ ഉള്ളതി​നെ​ക്കാൾ കൂടുതൽ വ്യാപ​ക​മാ​യി സംഭവി​ക്കു​ന്നുണ്ട്‌ എന്നായി​രി​ക്കാം. കുട്ടി​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി നിങ്ങൾ എന്തെല്ലാ​മാണ്‌ ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ അവരോട്‌ പറയുക. മിക്ക​പ്പോ​ഴും കാര്യ​ങ്ങൾക്ക്‌ വാർത്താ​പ്രാ​ധാ​ന്യം കിട്ടു​ന്നത്‌ അവ നിത്യ​സം​ഭ​വങ്ങൾ ആയതു​കൊ​ണ്ടല്ല, പകരം വല്ലപ്പോ​ഴും മാത്രം സംഭവി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സിൽപ്പി​ടി​ക്കണം.

     “പേടി​യും ടെൻഷ​നും കുറയ്‌ക്കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കുക. മിക്ക​പ്പോ​ഴും ചിന്തക​ളിൽനി​ന്നാണ്‌ ഇങ്ങനെ​യുള്ള വികാ​രങ്ങൾ ഉണ്ടാകു​ന്നത്‌. അതു​കൊണ്ട്‌ നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ അവരുടെ ടെൻഷൻ കുറയും.”—ലൂർദെസ്‌.

     ബൈബിൾ തത്ത്വം: “ബുദ്ധി​യു​ള്ള​വന്റെ ഹൃദയം അവന്റെ വായ്‌ക്ക്‌ ഉൾക്കാ​ഴ്‌ച​യേ​കു​ന്നു; അത്‌ അവന്റെ വാക്കു​കൾക്കു സ്വാധീ​ന​ശക്തി നൽകുന്നു.”—സുഭാ​ഷി​തങ്ങൾ 16:23.

a കൊച്ചുകുട്ടികളിലെ ടെൻഷന്റെ ചില ലക്ഷണങ്ങ​ളാണ്‌ മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​നിന്ന്‌ മാറാ​നും സ്‌കൂ​ളിൽ പോകാ​നും പേടി തോന്നു​ന്ന​തോ കിടന്ന്‌ മുള്ളു​ന്ന​തോ ഒക്കെ.